വിവാദങ്ങളില്ലാതെ മലയാളിക്ക് ജീവിതമില്ല

Thu,Aug 30,2018


കേരളം ഈ നൂറ്റാണ്ടില്‍ അനുഭവിച്ച ഏറ്റവും വലിയ പ്രളയത്തിന്റെ അവസാന നീര്‍ത്തുള്ളിയും ഒഴിഞ്ഞുപോകുമ്പോള്‍ പ്രളയാനന്തര ദുരിതങ്ങളുടെ മറ്റൊരു വേലിയേറ്റം ശക്തിപ്രാപിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ നീണ്ട പ്രളയകാലത്തെ മുഴുവന്‍ വിഭാഗീയതവും മാറ്റിവെച്ച് ഒറ്റക്കെട്ടായി നേരിട്ട മലയാളി വെള്ളം ഇറങ്ങിയപ്പോള്‍ പഴയതുപോലെ ടിപ്പിക്കല്‍ വിവാദങ്ങളും പരസ്പരം ചെളിവാരിയെറിയുന്ന ആരോപണങ്ങളും രാഷ്ട്രീയക്കളികളുമായി വീണ്ടും സജീവമായിരിക്കുന്നു. നഷ്ടങ്ങളുടെയും ആഘാതങ്ങളുടേയും നടുവില്‍ ലക്ഷക്കണക്കിനുപേര്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് സാഹചര്യത്തിന്റെ പ്രാധാന്യമോ ഔചിത്യമോ കണക്കിലെടുക്കാതെ രാഷ്ട്രീയ വിവാദങ്ങള്‍ സജീവമാക്കി ഒരു വിഭാഗം സാമൂഹിക സമാധാനം തകര്‍ക്കുകയും വിഭാഗീയത സൃഷ്ടിക്കുകയും ചെയ്യുന്നത്. പ്രളയവും പ്രകൃതി ദുരന്തവും എങ്ങനെ വോട്ടാക്കി മാറ്റാം എന്നു തെളിയിക്കാനുള്ള പരീക്ഷണ ശാലയായി കേരളം മാറിയത് വളരെ പെട്ടെന്നാണ്. കേന്ദ്ര സഹായം വൈകുന്നതുമുതല്‍ പ്രകൃതി ദുരന്തം സര്‍ക്കാരിന്റെ സൃഷ്ടിയാണ് എന്നു വരുത്തിത്തീര്‍ക്കുന്നതില്‍ വരെ വിവാദങ്ങള്‍ വളര്‍ന്നിരിക്കുന്നു. വിവാദങ്ങളില്ലാതെ മലയാളിക്ക് ജീവിതമില്ല എന്നു വീണ്ടും തെളിയിക്കുന്നതാണ് പ്രളയ ശേഷമുള്ള കേരളക്കാഴ്ചകള്‍.
കൊള്ള, പിടിച്ചുപറി
പ്രളയക്കെടുതികള്‍ അപാരമായ നെഞ്ചുറപ്പോടെ നേരിടുമ്പോളും മലയാളികളുടെ ആത്മാഭിമാനത്തിനും സല്‍പ്പേരിനും കളങ്കമുണ്ടാക്കുന്ന ഒട്ടേറെ ദുരനുഭവങ്ങളും പലര്‍ക്കുമുണ്ടായി. കലാപകാലത്ത് സാമൂഹിക വിരുദ്ധര്‍ അന്യന്റെ മുതല്‍ കവര്‍ന്നെടുക്കാന്‍ കൊള്ളകള്‍ക്കും കൊള്ളിവയ്പ്പിനും നേതൃത്വം കൊടുക്കുന്നതുപോലെ ഈ പ്രളയകാലത്തും നിരവധിപേരുടെ കടകളും വീടുകളും കൊള്ളയടിക്കപ്പെട്ടു. തുണിക്കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടു. പച്ചക്കറി പലവ്യഞ്ജന കടകളില്‍ കൂട്ടമായെത്തിയവര്‍ സാധനങ്ങള്‍ ബലമായി എടുത്തുകൊണ്ടുപോയി. പ്രളയ ജലത്തില്‍ ഒഴുകി വന്ന പശുവിന്റെയും ആടുമാടുകളുടേയും ഉടമസ്ഥത അവകാശപ്പെട്ട് നിരവധി വ്യാജ ഉടമകള്‍ രംഗത്തുവന്നു. മത്സ്യത്തൊഴിലാളികള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു കൊണ്ടുവന്ന ബോട്ടുകളും വള്ളങ്ങളും അവയില്‍ ഘടിപ്പിക്കുന്ന എന്‍ജിനുകളും മോഷ്ടിക്കപ്പെട്ടു. പ്രളയം മലയാളികള്‍ക്ക് സമാനതകളില്ലാത്ത ദുരിതവും കണ്ണീരും നല്‍കിയ ഘട്ടത്തിലും മോഷണവും കൊള്ളയും നടത്തി ഈ ദുരവസ്ഥയെ മുതലെടുപ്പിനുള്ള അവസരമാക്കിയവരെന്നു കൂടി മലയാളികള്‍ വിശേഷിപ്പിക്കപ്പെടുകയാണ്. ചെങ്ങന്നൂരില്‍ വ്യാപാരം നടത്തുന്ന ശശികുമാറിന്റെ പച്ചക്കറിക്കട ഇത്തരത്തില്‍ കൊള്ളയടിക്കപ്പെട്ടതായി അദ്ദേഹം തന്നെ ഒരു വീഡിയോ സന്ദേശത്തില്‍ ആരോപിക്കുന്നുണ്ട്. 40 ചാക്ക് സവാള, നാല് ചാക്ക് വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ പ്രളയത്തിന്റെ മറവില്‍ പ്രദേശത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ബലമായി കൊണ്ടുപോയി. ഓണക്കച്ചവടം മുന്നില്‍ കണ്ട് സംഭരിച്ച സാധനങ്ങളാണ് ബലമായി അപഹരിക്കപ്പെട്ടത്. കട കാലിയായതോടെ 90,000 രൂപ പലിശക്കെടുത്ത് വീണ്ടും കടയില്‍ സാധനങ്ങള്‍ സംഭരിച്ച ശശികുമാറിന് വീണ്ടും അതേ അനുഭവം ഉണ്ടായി. രാത്രി സി.പി.എം കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സംഘം ചാക്കുകളുമായി വന്ന് കടയില്‍ബാക്കിയുണ്ടായിരുന്ന സാധനങ്ങളും പെട്ടിയിലുണ്ടായിരുന്ന 19,000 രൂപയും എടുക്കുകൊണ്ടുപോയെന്നാണ് ശശികുമാര്‍ പറയുന്നത്. ചെങ്ങന്നൂരില്‍ നിരവധി കടക്കാര്‍ക്ക് സാമനമായ ദുരനുഭവമുണ്ടായത്രെ ദുരിതാശ്വാസ ക്യാമ്പിലേക്കാണെന്ന് പറഞ്ഞാണ് സാധനങ്ങള്‍ എടുത്തുകൊണ്ടുപോയത്. ക്യാമ്പ് ഓഫീസറോട് പരാതി പറഞ്ഞപ്പോള്‍ കൊള്ള നടത്തിയവര്‍ തല്ലാന്‍ വന്നു. മുന്‍സിപ്പല്‍ ചെയര്‍മാനോട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. ചെങ്ങന്നൂരില്‍ ദുരിതാശ്വാസത്തിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നുവെന്നും ഇങ്ങനെ ശേഖരിക്കുന്ന സാധനങ്ങള്‍ മറ്റുകടകളില്‍ വില്‍പന നടത്തി പണം സമ്പാദിക്കുകയാണെന്നും ശശികുമാര്‍ ആരോപിക്കുന്നു. ആലുവയില്‍ ഒരിടത്ത് വെള്ളത്തില്‍ മുങ്ങിയ വസ്ത്രവ്യാപാര ശാലയില്‍ നിന്ന് ആളുകള്‍ തുണിത്തരങ്ങള്‍ വാരിക്കൊണ്ടുപോകുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.
സൈമണും ശോഭനയും
പ്രളയക്കെടുതിയില്‍പെട്ട ചെങ്ങന്നൂരിലെ ആല പഞ്ചായത്തില്‍ സന്നദ്ധ സേവനത്തിനായി വന്ന മലപ്പുറം സ്വദേശികള്‍ സാമൂഹികമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ട ഒരു വോയ്സ് ക്ലിപ്പ് വഴിയുള്ള പരാതി കേള്‍ക്കാനിടയായി. മലപ്പുറത്തുനിന്ന് ആലയിലേക്കുള്ള 25 അംഗ സന്നദ്ധ സംഘത്തിന്റെ യാത്രക്കിടയില്‍ മാവേലിക്കരയില്‍ വാഹനം പോലീസ് തടഞ്ഞുനിര്‍ത്തി പോകുന്ന വഴി ആയതിനാല്‍ സൈമണ്‍ എന്ന പോലീസുകാരനെക്കൂടി വാഹനത്തില്‍ കയറ്റി. വാഹനത്തില്‍ തീരെ സ്ഥലം ഇല്ലാതിരുന്നിട്ടും മലപ്പുറത്തുകാരുടെ നല്ല മനസുകൊണ്ടാണ് സൈമണെ വാഹനത്തില്‍ കയറ്റിയത്. ആല പഞ്ചായത്ത് എവിടെയാണെന്ന് അറിയാത്ത സംഘം വഴിനീളെ പോലീസുകാരനോട് സ്ഥലം അന്വേഷിച്ചെങ്കിലും ആയിട്ടില്ല, ആവുമ്പോള്‍ പറയാം എന്നാണ് അറിയിച്ചത്. ഇടയ്ക്ക് വഴിയോരങ്ങളില്‍ ആല എന്ന ബോര്‍ഡുകള്‍ കണ്ടെങ്കിലും അതൊന്നുമല്ല സ്ഥലം എന്ന് തെറ്റിദ്ധരിപ്പിച്ച് പോലീസുകാരന്‍ വാഹനം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഒടുവില്‍ തനിക്ക് ഇറങ്ങേണ്ട സ്ഥലം ആയപ്പോള്‍ സൈമണ്‍ ഇറങ്ങിപ്പോവുകയും അഞ്ചാറുകിലോമീറ്റര്‍ പിന്നോട്ടു പോയാല്‍ ആല പഞ്ചായത്തില്‍ എത്താമെന്നു പറയുകയും ചെയ്തെന്നാണ് സന്നദ്ധ സേവകരുടെ പരാതി. ഇത് സത്യമാണെങ്കില്‍ ഈ പ്രളയകാലത്ത് കേരള പോലീസ് സേന ചെയ്ത സേവന-രക്ഷാ പ്രവര്‍ത്തനങ്ങളുടെ പ്രഭ കെടുത്തുന്ന പണിയാണ് പോലീസുകാരനായ സൈമണ്‍ ചെയ്തത്. ഇതിന് എന്താണ് ഈ പോലീസുകാരന് പാരിതോഷികമായി ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രിയോ പോലീസ് മേധാവിയോ ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ടോ തീരുമാനിക്കട്ടെ... യു.ഡി.എഫ് ഭരണത്തിലുള്ള ആല പഞ്ചായത്ത് പ്രസിഡന്റ് വി.കെ ശോഭനയുടെ പെരുമാറ്റത്തെക്കുറിച്ചും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പഞ്ചായത്തിലെത്തിയ മലപ്പുറത്തെ സന്നദ്ധ സേവകര്‍ക്ക് പ്രസിഡന്റ് ആദ്യം വൃത്തിയാക്കാനായി പ്രസിഡന്റ് കാണിച്ചുകൊടുത്തത് സ്വന്തം വീടു തന്നെയാണ്. ആ വീട് വൃത്തിയാക്കി കഴിഞ്ഞപ്പോള്‍ ഒരു നന്ദിവാക്കുപോലും പറയാതെ 'ബംഗാളികളോട് കങ്കാണി' എന്നതുപോലെ പെരുമാറി എന്നാണ് ആരോപണം. മാത്രമല്ല, ഫോണ്‍ ചെയ്ത് മറ്റുള്ളവരോട് പറഞ്ഞത് വീടുകള്‍ ക്ലീന്‍ ചെയ്യാന്‍ പഞ്ചായത്ത് പുറത്തുനിന്ന് പണിക്കാരെ കൊണ്ടുവന്നിട്ടുണ്ട് ആവശ്യമുള്ള സ്ഥലങ്ങള്‍ കാണിച്ചുകൊടുക്കൂ എന്നാണ്. തങ്ങള്‍ പോയ നൂറുകണക്കിന് വീടുകളില്‍ സമാനമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നുവെന്നും ഭൂരിപക്ഷം പേരില്‍ നിന്നും നന്ദികെട്ട പെരുമാറ്റമാണ് ഉണ്ടായതെന്നും ഇവര്‍ പറയുന്നു.
ആകെ മൂന്നു വീട്ടുകാര്‍ മാത്രമാണ് നന്നായി പെരുമാറിയത്. തെക്കന്‍ ജില്ലക്കാര്‍ നന്നായി പെരുമാറാന്‍ അറിയാത്തവരാണെന്നും സൗജന്യമായി ചെയ്തുകൊടുത്ത ഈ സേവനങ്ങള്‍ എന്തോ അവകാശം പോലെയാണ് ഇവിടെയുള്ളവര്‍ കരുതുന്നതെന്നുമാണ് സ്വന്തം അനുഭവം വിവരിച്ച് ഈ സന്നദ്ധ സേവകര്‍ ആരോപിക്കുന്നത്. കേരളത്തിനാകെ അപമാനമുണ്ടാക്കുന്ന ഈ നടപടികളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. പ്രളയബാധിത മേഖലകളില്‍ സന്നദ്ധ സേവനത്തിനെത്തുന്നവരെ ഇത്തരത്തില്‍ നിരവധി കേന്ദ്രങ്ങളില്‍ ചൂഷണം ചെയ്യുന്നതായും അപമാനകരമായ പെരുമാറ്റം നടത്തുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വേറൊരു കൂട്ടര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെന്ന പേരില്‍ പ്രളയ മേഖലകളിലെത്തി ക്ലീനിംഗ് പ്രഹസനം നടത്തി സെല്‍ഫിയെടുത്ത് പ്രചരിപ്പിക്കുന്ന പ്രകടനത്തിലാണ് മുഴുകിയിട്ടുള്ളത്. കുട്ടനാട്ടില്‍ ഒരു വീടിന്റെ ചെറിയ ചവിട്ടുപടിയില്‍ നാല് ഖദര്‍ധാരികള്‍ ഒരുമിച്ച് നിന്ന് വൃത്തിയാക്കുന്ന ചിത്രം ആരിലും ചിരി പടര്‍ത്തുന്നതാണ്. ആരെ ബോധിപ്പിക്കുവാനാണ് ഇതെന്ന് ചോദിച്ചുപോകുന്ന 'സാമൂഹിക സേവനമാണ്'' ഇവരെ പോലുള്ളവര്‍ ചെയ്യുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും കഴിയുന്ന ദുരന്ത ബാധിതര്‍ക്ക് അന്യനാടുകളില്‍നിന്ന് കരുണ വറ്റാത്തവര്‍ അയച്ചുകൊടുക്കുന്ന സഹായങ്ങള്‍ അടിച്ചു മാറ്റുന്ന സംഘങ്ങളും ഈ പ്രളയകാലത്തെ കേരളക്കാഴ്ചയാണ്. ഏതാണ്ട് ഒരുവിധം രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഇത്തരം പകല്‍ക്കൊള്ളയില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നു.
അന്യരുടെ സഹായം, പാര്‍ട്ടിയുടെ പാക്കില്‍ തമിഴ്‌നാട്ടില്‍ നിന്ന് തൃശൂരിലെ ദുരിത ബാധിതര്‍ക്കായി കൊണ്ടുവന്ന മൂന്ന് ലോറി സാധനങ്ങളില്‍ ഒന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണ സംഘത്തിന്റെ ഗോഡൗണില്‍ എത്തിച്ചതും, ഇടുക്കിയിലും വയനാട്ടിലും ദുരിതാശ്വാസ വസ്തുക്കള്‍ സിപിഎം ലോക്കല്‍ നേതാക്കള്‍ കടത്തിക്കൊണ്ടുപോയതും, കോഴിക്കോട്ട് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വില്ലേജ് ഓഫീസറും അസിസ്റ്റന്റും ചേര്‍ന്ന് സാധനങ്ങള്‍ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയതും, വിദേശത്തുനിന്ന് ദുരിതബാധിതര്‍ക്കായി എത്തിയ വസ്ത്രങ്ങള്‍ എറണാകുളത്ത് വനിതാ പോലീസുകാര്‍ വീട്ടിലേക്ക് കൊണ്ടുപോയതുമെല്ലാം പ്രളയത്തെക്കാള്‍ വലിയ ദുരന്തങ്ങളായി. ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിക്കുന്ന സഹായമാവട്ടെ, പുനരധിവാസ പ്രവര്‍ത്തനങ്ങളാകട്ടെ കക്ഷി രാഷ്ട്രീയത്തിന്റെ നിറം കലര്‍ത്തിയും കൊടികെട്ടിയുമല്ലാതെ നല്‍കാന്‍ ഉത്തരവാദപ്പെട്ട ആരും തയ്യാറാകുന്നില്ല. സഹായങ്ങളത്രയും ഭാവിയിലെ ഒരു നിക്ഷേപമായി മാറ്റാന്‍ എല്ലാവരും മത്സരിക്കുകയാണ്.
വിവരംകെട്ട ഗോസ്വാമിമാര്‍
ഇതിനിടയില്‍ മലയാളികളിലെ ഒരു വിഭാഗം ലോകത്തിലെ ഏറ്റവും നാണംകെട്ടവരാണ് എന്ന് റിപ്പബ്ലിക് ടെലിവിഷനിലെ വാര്‍ത്താ അവതാരകന്‍ അര്‍ണബ് ഗോസ്വാമി പറഞ്ഞത് വലിയ ചര്‍ച്ചയും വിവാദവുമായി. അര്‍ണബ് പറഞ്ഞത് ആരെ ഉദ്ദേശിച്ചാണെങ്കിലും അതിനെതിരെ അതിശക്തമായ പ്രതികരണമാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ നടത്തിയത്. വിശേഷിച്ച് റിപ്പബ്ലിക് ടെലിവിഷന്‍ ചാനലിന്റെ ഉടമസ്ഥത ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റേത് ആണെന്ന് കൂടി മനസിലാക്കുമ്പോള്‍. പ്രളയം കേരളത്തിലെ മനുഷ്യരെയൊന്നാകെ ഒരുമിപ്പിച്ച സാഹചര്യത്തിലായിരുന്നു രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള അര്‍ണബിന്റെ വംശീയ അധിക്ഷേപം. അതുകൊണ്ടുതന്നെയാകണം അര്‍ണബിന്റെ പ്രസ്താവനക്കെതിരെ ഭൂരിപക്ഷം മലയാളികളും ഒറ്റക്കെട്ടായി രംഗത്തുവന്നത്. ജാതി മതം രാഷ്ട്രീയം ഒന്നും നോക്കാതെ അന്യോന്യം സ്‌നേഹിക്കാന്‍ അറിയുന്നവരാണ് മലയാളികളെന്നും ആപത്തില്‍ പരസ്പരം കൈകോര്‍ക്കുന്നവരാണെന്നും ഗോസ്വാമിമാരുടെ മുഖത്ത് നോക്കി വിളിച്ചുപറയാനും മലയാളിക്ക് കഴിഞ്ഞു. അതേ സമയം സോഷ്യല്‍ മീഡിയ വഴി മലയാളികള്‍ നടത്തിയ പ്രതിരോധവും പ്രതിഷേധവും ഒരുഘട്ടത്തില്‍ അതിരുകള്‍ ലംഘിച്ചതായും കാണുന്നു. അര്‍ണബ് ഗോസ്വാമിയുടെയും മറ്റും സോഷ്യല്‍ മീഡിയ പേജുകളില്‍ മലയാളികള്‍ കൂട്ടത്തോടെ നടത്തിയ പൊങ്കാല സഭ്യതയുടെ സകല സീമകളും ലംഘിക്കുന്നതായിരുന്നു. യുക്തിപൂര്‍വം അര്‍ണബിനോട് സംവദിക്കാന്‍ ശ്രമിച്ചവരും ഉണ്ട്. ദുരന്ത ബാധിതരെ സഹായിക്കാനും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനും സാധ്യമാകുന്ന എല്ലാവഴികളും തേടുകയാണ് കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങള്‍. എത്ര ശ്രമിച്ചാലും കൂട്ടായ ശ്രമങ്ങളും സഹായവും ഇല്ലെങ്കില്‍ ഈ വലിയ ദൗത്യം പൂര്‍ത്തീകരിക്കാനാവില്ല. ജോലിയുള്ളവര്‍ ഒരുമാസത്തെ വേതനം ഗഡുക്കളായെങ്കിലും നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ പക്ഷേകള്‍ നിരത്തി എതിര്‍ത്തവര്‍ മുതല്‍ കേന്ദ്ര-വിദേശ സഹായങ്ങള്‍ കേരളത്തിനു ലഭിക്കാത്ത സാഹചര്യങ്ങള്‍ നിരത്തി അതില്‍ അത്യാനന്ദം കണ്ടെത്തുന്ന മാനസിക രോഗികളെ വരെ ഈ പ്രളയ കാലം കാണിച്ചു തന്നു.
ചുവപ്പുനാട മാത്രം പ്രളയമെടുത്തില്ല
പ്രളയ ബാധിതര്‍ക്കായി വിദേശ രാജ്യങ്ങളില്‍ നിന്നടക്കം അയച്ച അവശ്യവസ്തുക്കള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കെട്ടിക്കിടക്കുകയാണ്. കസ്റ്റംസ് ക്ലിയറന്‍സ് ലഭിച്ചിട്ട് പോലും ദുരിതബാധിതരിലേക്ക് എത്തേണ്ട അവശ്യ സാധനങ്ങള്‍ ഉദ്യോഗസ്ഥര്‍ വിട്ടു നല്‍കുന്നില്ലെന്നാണ് പരാതി. സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ഇവ വിട്ടു നല്‍കാത്തതെന്നാണ് ആരോപണം. അധികൃതരുടെ കടുംപിടിത്തം മൂലം ടണ്‍കണക്കിന് സാധനങ്ങളാണ് വിമാനത്താവളത്തിലെ കാര്‍ഗോ സെന്ററില്‍ കെട്ടിക്കിടക്കുന്നത്. സാധനങ്ങള്‍ ഏറ്റെടുക്കാന്‍ വടക്കന്‍ ജില്ലകളില്‍ നിന്നടക്കം ദിവസങ്ങളായി ആളുകള്‍ വന്ന് കാത്തിരിക്കുന്നുണ്ടെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. നിരവധി പേരാണ് സമാന അവസ്ഥയില്‍ കാര്‍ഗോ സെന്ററിന് മുന്നില്‍ കാത്തുനില്‍ക്കുന്നത്. പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഗോ സെന്ററില്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് തുടങ്ങിയെങ്കിലും അതും ഫലപ്രദമല്ല. സാങ്കേതികത ചൂണ്ടിക്കാട്ടി സാധനങ്ങള്‍ വിട്ടുനല്‍കാന്‍ വൈകുന്നതോടെ വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന ആഹാരസാധനങ്ങള്‍ പലതും കേടായി നശിക്കുകയാണ്. ദുരിതബാധിതര്‍ക്കായെത്തിയ സാധനങ്ങള്‍ റെയില്‍വെ സ്റ്റേഷനുകളിലും കെട്ടിക്കിടക്കുന്നതായി കഴിഞ്ഞ ദിവസം പരാതി ഉയര്‍ന്നിരുന്നു. യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമെ ഇവ വിട്ടുനല്‍കു എന്ന ഉറച്ച നിലപാടിലാണ് റെയില്‍വെ. രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ കാണിച്ചിട്ടും അധികൃതര്‍ വഴങ്ങിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അരി, ബിസ്‌കറ്റ്, പാല്‍പ്പൊടി അടക്കമുള്ള സാധനങ്ങളാണ് ഇത്തരത്തില്‍ റെയില്‍വെ സ്റ്റേഷനില്‍ കെട്ടിക്കിടക്കുന്നത്. പ്രളയം സമാനതകളില്ലാത്ത ദുരന്തമായി നിലനില്‍ക്കുമ്പോളും അത് കേരളീയര്‍ക്ക് സമ്മാനിച്ച അനുഗ്രഹമായിരുന്നു ഒത്തൊരുമയും പരസ്പര സഹായ മനസ്ഥിതിയും. ദൈവത്തിന്റെ സ്വന്തം നാട് തന്നെ നമ്മുടേത് എന്ന് ഉറപ്പിക്കുന്നതായിരുന്നു ആ ഒത്തൊരുമ. പക്ഷെ അതെല്ലാം താല്‍ക്കാലികമായ ഒരു ദിവസ്വപ്‌നമാണെന്ന് തോന്നിപ്പിക്കുന്നതാണ് പിന്നീട് മലയാളികള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന വിവാദ പ്രളയം.

Other News

Write A Comment

 
Reload Image
Add code here