വൈറ്റ്ഹൗസ് ഇന്റേണ്‍ഷിപ്പിന് മിടുക്കരായ മലയാളി ഇരട്ടകള്‍; അപൂര്‍വം ഈ നേട്ടം

Thu,Aug 30,2018


ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവിന്റെ ഓഫീസില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുക എന്നത് അമേരിക്കയിലെ സമര്‍ഥരായ യുവജനങ്ങളുടെ സ്വപ്നമാണ്. അവിടെ ഒരേസമയം രണ്ടു സഹോദരങ്ങള്‍ക്ക് ഇന്റേണ്‍ഷിപ് കിട്ടുക എന്നത് അത്യപൂര്‍വമായ കാര്യമാണ്. എന്നാല്‍, അത് സംഭവിച്ചിരിക്കുന്നു. മലയാളികളായ ഇരട്ടകളാണ് ഈ ബഹുമതിക്ക് അര്‍ഹരായത് എന്നത് അതിലേറെ കൗതുകമുണര്‍ത്തുന്നു. ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ബ്രൂണ്‍സിവിക് ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന വാഴൂര്‍ ഊലമാക്കല്‍ മാത്യു ചെറിയന്‍ - റെജി (ഉഴവൂര്‍ കൊരട്ടിയേലാട്ട് കുടുംബാംഗം) ദമ്പതികളുടെ മക്കളായ ഡെന്നിസ്, ഡെയ്‌സി എന്നിവരാണ് മലയാളി സമൂഹത്തിനും ഇന്ത്യന്‍ കമ്യൂണിറ്റിക്കും അഭിമാനമായി മാറിയിരിക്കുന്നത്.
രണ്ടര മാസത്തോളം നീണ്ട ഇന്റേണ്‍ഷിപ് വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ത്രില്ലിലാണ് ഇരുവരും സംഗമത്തോട് സംസാരിച്ചത്. പെന്‍സില്‍വേനിയയിലെ വില്ലനോവ യൂണിവേഴ്‌സിറ്റിയില്‍ രണ്ടാം വര്‍ഷ ഫിനാന്‍സ് മേജര്‍ വിദ്യാര്‍ഥിയായ ഡെന്നിസും, ബോസ്റ്റണ്‍ കോളജിലെ രണ്ടാം വര്‍ഷ അക്കൗണ്ടിംഗ് വിദ്യാര്‍ഥിനിയായ ഡെയ്‌സിയും തങ്ങളുടെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ സുവര്‍ണാസരമായിരുന്നു ഇതെന്ന് വിലയിരുത്തുന്നു. വൈറ്റ്ഹൗസ് ഇന്റേണ്‍ഷിപ്പിനെപ്പറ്റി കോളജില്‍ എത്തിയതിനു ശേഷമാണ് ചിന്തിച്ചു തുടങ്ങിയതെങ്കിലും ഹൈസ്‌കൂള്‍ കാലഘട്ടം മുതല്‍ ഈ ഇരട്ടകള്‍ സാമൂഹ്യ - പൊതുപ്രവര്‍ത്തന മേഖലയില്‍ നടത്തിയിരുന്ന ഇടപെടലുകള്‍ അതിനുള്ള ചവുട്ടിപടിയായി മാറുകയായിരുന്നു.
ചെറുപ്പം മുതല്‍ക്കേ രാഷ്ട്രീയത്തോട് തങ്ങള്‍ക്ക് വലിയ താല്‍പര്യമുണ്ടായിരുന്നുവെന്ന് ഇരുവരും പറഞ്ഞു. ഈസ്റ്റ് ബ്രൂണ്‍സ്‌വിക് ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായിരിക്കെ ഇരുവരും ചേര്‍ന്ന് അവിടെ ഒരു പൊളിറ്റിക്കല്‍ ക്ലബ്ബിന് തുടക്കമിട്ടു. സ്‌കൂള്‍ അധികൃതര്‍ ഇതിനു പച്ചക്കൊടി നല്‍കിയെന്നു മാത്രമല്ല രണ്ട് അധ്യാപകരെ അഡൈ്വസര്‍മാരായി നിയോഗിക്കുകയും ചെയ്തു. കക്ഷി രാഷ്ട്രീയഭേദമെന്യേ ആര്‍ക്കും ഇതില്‍ അംഗങ്ങളാകാമായിരുന്നു. ഡിബേറ്റ്, സെമിനാര്‍ ഉള്‍പ്പെടെ പല പരിപാടികളും പൊളിറ്റിക്കല്‍ ക്ലബ് ആസൂത്രണം ചെയ്ത് നടപ്പാക്കി. പല രാഷ്ട്രീയ നേതാക്കളെയും പരിചയപ്പെടാനുള്ള അവസരം ഇതുവഴി ലഭിച്ചു.
2016 സമ്മറില്‍ ന്യൂജേഴ്‌സിയിലെ സ്റ്റേറ്റ് സെനറ്ററായ സാം തോംസന്റെ ഓഫീസില്‍ രണ്ടു മാസം ഇന്റേണ്‍ഷിപ് ചെയ്യാന്‍ ഡെന്നിസിന് അവസരം ലഭിച്ചു. സെനറ്ററിന്റെ ഓഫീസില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുക, ഇ മെയില്‍ നോക്കുക തുടങ്ങിയ ചുമതലകളാണ് ഡെന്നിസിന് ചെയ്യേണ്ടിയിരുന്നത്. സെനറ്റര്‍ പോകുന്നിടത്തൊക്കെ ഡെന്നിസിനെയും കൂട്ടുമായിരുന്നു. എണ്‍പത്തിരണ്ടാം വയസിലും ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന സെനറ്റര്‍ തന്നെ ഒരു കൊച്ചുമകനെപ്പോലെയാണ് കണ്ടിരുന്നതെന്ന് ഡെന്നിസ് അനുസ്മരിച്ചു. സ്‌കൂള്‍ മാഗസിന്‍ എഡിറ്ററായിരുന്ന ഡെയ്‌സി, സ്‌പെഷല്‍ നീഡ്‌സ് വേണ്ട കുട്ടികള്‍ക്കു വേണ്ടിയുള്ള 'ബെസ്റ്റ് ബഡീസ്' പ്രോഗ്രാമിന്റെ ടൗണ്‍ഷിപ് ചെയര്‍പേഴ്‌സണായി രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. ഇത്തരം കുട്ടികളെ പാര്‍ക്കില്‍ കൊണ്ടുപോവുക, സിനിമയ്ക്ക് കൊണ്ടുപോവുക തുടങ്ങി ഒരുപിടി പ്രവര്‍ത്തനങ്ങളാണ് സംഘടന ചെയ്തിരുന്നത്. 2017 ല്‍ ഡെന്നിസിനും ഡെയ്‌സിക്കും ന്യൂജേഴ്‌സിയിലെ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ലഭിച്ചു. ഓണ്‍ലൈനില്‍ ഇതിനു വേണ്ടി അപേക്ഷിക്കുകയായിരുന്നു. സമ്മറില്‍ രണ്ടു മാസത്തോളം ഇരുവരും ന്യൂജേഴ്‌സിയുടെ തലസ്ഥാനമായ ട്രെന്റണിലെ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം ചെയ്തു.
ഇതിനു ശേഷമാണ് വൈറ്റ്ഹൗസ് ഇന്റേണ്‍ഷിപ്പിനെപ്പറ്റി ഇരുവരും ചിന്തിച്ചത്. ഈ വര്‍ഷം ആദ്യം സ്‌കൂള്‍ കാലഘട്ടം മുതല്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ വിശദമാക്കി ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുകയായിരുന്നു. ഓരോ അപേക്ഷകനും രണ്ട് റെക്കമന്റേഷന്‍ ലെറ്റര്‍ വേണമെന്നുണ്ട്. ഡെന്നിസിന് സെനറ്റര്‍ സാം തോംസണും, ന്യൂജേഴ്‌സി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിം ഗുഡാനോയും കത്തു നല്‍കിയപ്പോള്‍ ഡെയ്‌സിക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ രണ്ടു പ്രാദേശിക നേതാക്കള്‍ കത്തു നല്‍കി. പൊതുരംഗത്തെ പ്രവര്‍ത്തനം വഴി നിരവധി രാഷ്ട്രീയ നേതാക്കളെ പരിചയപ്പെടാനും ബന്ധങ്ങള്‍ സ്ഥാപിക്കാനും ഇരുവര്‍ക്കും അവസരം ലഭിച്ചിരുന്നു. അപേക്ഷ നല്‍കി കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നു പറഞ്ഞ് ഇരുവര്‍ക്കും അറിയിപ്പ് ലഭിച്ചു. തുടര്‍ന്ന് വിശദമായ സെക്യൂരിറ്റി വേരിഫിക്കേഷനും ബാക്ക് ഗ്രൗണ്ട് ചെക്കിംഗും കഴിഞ്ഞ് ഇന്റേണ്‍ഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടു എന്ന് അറിയിപ്പ് ലഭിച്ചപ്പോള്‍ എവറസ്റ്റ് കീഴടക്കിയ സന്തോഷമായിരുന്നു ഇരുവര്‍ക്കുമെന്ന് മാത്യു ചെറിയാന്‍ പറഞ്ഞു. ഇന്റേണ്‍ഷിപ്പിന് പ്രത്യേക പ്രായപരിധിയില്ലെങ്കിലും കോളജ് പഠനം കഴിഞ്ഞ് രണ്ടു വര്‍ഷം വരെ മാത്രമേ അപേക്ഷ നല്‍കാന്‍ അവസരമുള്ളൂ. പൊതുവേ 18 - 25 പ്രായപരിധിയിലുള്ളവരാണ് കൂടുതലും ഉണ്ടാവുക. 128 പേരാണ് സമ്മര്‍ ബാച്ചില്‍ ഉണ്ടായിരുന്നത്. വര്‍ഷത്തില്‍ മൂന്നു തവണ ഇന്റേണ്‍ഷിപ്പിനുള്ള അവസരമുണ്ട്.
വാഷിംഗ്ടണില്‍ ഇന്റേണ്‍ഷിപ്പിനു വരുന്നവര്‍ പൊതുവേ താമസിക്കുന്ന ഒരുഅപ്പാര്‍ട്ട്‌മെന്റിലാണ് ഇരുവരും താമസിച്ചിരുന്നത്. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയായിരുന്നു സാധാരണ ഓഫീസ് പ്രവര്‍ത്തന സമയം. ലോകഗതിയെ ഒരു പരിധി വരെ സ്വാധീനിക്കുന്ന വൈറ്റ്ഹൗസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞുവെന്നത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി ഡെന്നിസും ഡെയ്‌സിയും വിലിയിരുത്തുന്നു. പ്രസിഡന്റിന്റെ കറസ്‌പോണ്ടന്‍സ് വിഭാഗത്തിലാണ് ഡെന്നിസ് നിയോഗിക്കപ്പെട്ടിരുന്നത്. പ്രസിഡന്റിനു വരുന്ന ഫോണ്‍, ഇ മെയില്‍, കത്തുകള്‍, ഗിഫ്റ്റുകള്‍ തുടങ്ങി കമ്യൂണിക്കേഷന്‍ ചുമതല പൂര്‍ണമായും ഈ വിഭാഗത്തിനാണ്. നാഷണല്‍ ഇക്കണോമിക് കൗണ്‍സില്‍ വിഭാഗത്തിലാണ് ഡെയ്‌സിക്ക് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത്. പ്രസിഡന്റ് ട്രമ്പിന്റെ ചീഫ് ഇക്കണോമിക് അഡൈ്വസര്‍ ലാറി കഡ്‌ലോയുടെ കീഴിലാണ് ഡെയ്‌സി നിയോഗിക്കപ്പെട്ടിരുന്നത്. ഇന്റേണ്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ക്കായി ഒരുക്കിയ ക്ലാസുകളില്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് ഉള്‍പ്പെടെയുള്ളവര്‍ ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ എത്തിയിരുന്നു. ടെലിവഷനില്‍ മാത്രം കണ്ടിട്ടുള്ള ദേശീയ നേതാക്കളെ നേരില്‍ കാണാനുള്ള അസുലഭ അവസരമാണ് വൈറ്റ്ഹൗസില്‍ ലഭിച്ചതെന്നും, അമേരിക്കയുടെ പല ഭാഗങ്ങളില്‍ നിന്നായി ഇന്റേണ്‍ഷിപ്പില്‍ പങ്കെടുക്കാന്‍ വന്നവരെല്ലാം അതീവ സമര്‍ഥരായിരുന്നുവെന്നും ഇത്തരമൊരു ഗ്രൂപ്പിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും ഡെന്നിസും ഡെയ്‌സിയും ഒരേ സ്വരത്തില്‍ പറഞ്ഞു. കഴിവുള്ളവരെ നേതൃത്വത്തിലേക്ക് വളര്‍ത്തിക്കൊണ്ടു വരിക എന്ന നയത്തിന്റെ ഭാഗമായാണ് ഇന്റേണ്‍ഷിപ് ഒരുക്കുന്നത്. ഇന്റേണ്‍ഷിപ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കോളജ് പഠനത്തിനു ശേഷം വൈറ്റ്ഹൗസില്‍ ജോലിക്ക് വലിയ സാധ്യതകളാണുള്ളത്.
മലയാളി സമൂഹത്തിലും ഇന്ത്യന്‍ കമ്യൂണിറ്റിയിലും പഠനത്തിലും പാഠ്യേതര കാര്യങ്ങളിലും സമര്‍ഥരായ കുട്ടികള്‍ ധാരാളമുണ്ടെന്നും മാതാപിതാക്കള്‍ അവരെ പൊതുപ്രവര്‍ത്തനത്തിനു കൂടി പ്രോത്സാഹിക്കണമെന്നും ഇരുവരും പറഞ്ഞു. ഹൈസ്‌കൂള്‍ പഠന കാലം മുതല്‍ നേതൃത്വ ശേഷി വളര്‍ത്താന്‍ ശ്രമിക്കണമെന്നും, പ്രാദേശിക തലത്തില്‍ മേയര്‍, സ്റ്റേറ്റ് റെപ്രസെന്റേറ്റീവ്, സെനറ്റര്‍, കോണ്‍ഗ്രസ് അംഗങ്ങള്‍ തുടങ്ങിയ ഏതെങ്കിലും ഓഫീസില്‍ ഇന്റേണ്‍ഷിപ്പിന് പരിശ്രമിക്കണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ അറിവുകള്‍ ആരുമായി പങ്കുവയ്ക്കാന്‍ തയാറാണെന്നും ഇതിനായി ബന്ധപ്പെട്ടാല്‍ മതിയാകുമെന്നും ഡെന്നിസും ഡെയ്‌സിയും വ്യക്തമാക്കി.
ഇന്റേണ്‍ഷിപ് കഴിഞ്ഞെത്തിയ ഡെന്നിസിനും, ഡെയ്‌സിക്കും ഈസ്റ്റ് ബ്രൂണ്‍സിവിക് ടൗണ്‍ഷിപ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുകയും, പ്രശംസാപത്രം സമ്മാനിക്കുകയും ചെയ്തു. കോട്ടയത്ത് അഭിഭാഷകനായിരുന്ന മാത്യു ചെറിയാന്‍ രണ്ടര പതിറ്റാണ്ട് മുമ്പാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഇപ്പോള്‍ ഷെയര്‍ ട്രേഡറായി പ്രവര്‍ത്തിക്കുന്നു. റെജി യു.എന്‍ ഓഫീസിലെ ഉദ്യോഗസ്ഥയാണ്.

Other News

 • മള്ളര്‍ റിപ്പോര്‍ട്ട് ; പ്രസിഡന്റും കോണ്‍ഗ്രസും ഏറ്റുമുട്ടലിലേക്ക്
 • ലോക് സഭാ തെരഞ്ഞെടുപ്പ് ; ഫലം നിര്‍ണ്ണയിക്കുക ന്യൂനപക്ഷ വോട്ടുകള്‍
 • ശ്രീലങ്കയ്ക്ക് പുതിയ ഭീഷണിയായി ഭീകരാക്രമണം
 • ചൈന കനിഞ്ഞാല്‍ അസര്‍ കരിമ്പട്ടികയില്‍
 • ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നത് റെക്കോഡ് വേഗതയില്‍
 • പത്തനംതിട്ട ഇന്ത്യയിലെ മികച്ച മണ്ഡലം
 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • Write A Comment

   
  Reload Image
  Add code here