വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ചട്ടങ്ങളില്‍ യുഎസ് ഇളവു വരുത്തി

Mon,Aug 27,2018


യുഎസില്‍ ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ് (ഒപിടി) നേടുന്ന വിദേശ സ്റ്റെം (സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്‌സ്) വിദ്യാര്‍ത്ഥികളെ കസ്റ്റമര്‍മാരുടെ തൊഴില്‍ സ്ഥലങ്ങളില്‍ നിയമിക്കരുതെന്ന മുന്‍ നിലപാടില്‍നിന്ന് യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) പിന്മാറി. അതനുസരിച്ചുള്ള മാറ്റങ്ങള്‍ സ്വന്തം വെബ്‌സൈറ്റില്‍ വരുത്തിയ യുഎസ്‌സിഐഎസ്, പരിശീലനം നല്‍കുന്നതിനുള്ള ഉത്തരവാദിത്വം തൊഴിലുടമകള്‍ നിറവേറ്റുണമെന്ന കാര്യം ആവര്‍ത്തിച്ചുറപ്പിച്ചു. കൂടാതെ, 2016ലെ സ്റ്റെം-ഒപിടി റഗുലേഷന് അനുസൃതമായി, തൊഴിലാളികളെ ഹയര്‍ ചെയ്യുന്ന സംവിധാനത്തെ നിരാകരിക്കുകയും ചെയ്യുന്നു. യുഎസിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 12 മാസം നീണ്ടുനില്‍ക്കുന്ന ഒപിടി തെരഞ്ഞെടുക്കുന്നതിന് അവകാശമുണ്ടായിരുന്നു. അവര്‍ക്ക് യുഎസില്‍ ജോലി ചെയ്യുന്നതിനുള്ള അവകാശമാണ് അതിലൂടെ ലഭിക്കുന്നത്. എസ്ടിഇഎം വിഷയങ്ങളില്‍ ബിരുദം നേടുന്നവര്‍ക്ക് ഒപിടി 24 മാസങ്ങള്‍കൂടി ദീര്‍ഘിപ്പിക്കുന്നതിനു അപേക്ഷ നല്‍കാന്‍ അര്‍ഹതയുണ്ട്.
2017ലെ ഓപ്പണ്‍ ഡോര്‍ സര്‍വെ റിപ്പോര്‍ട്ട് പ്രകാരം യുഎസില്‍ 1.9 ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. അവരില്‍ ബഹുഭൂരിപക്ഷവും എസ്ടിഇഎം വിഷയങ്ങള്‍ പഠിക്കുന്നവരാണ്. ചട്ടങ്ങളില്‍ ഔപചാരികമായ മാറ്റങ്ങളൊന്നും വരുത്താതെയാണ് മൂന്നാം കക്ഷികളുടെ തൊഴിലിടങ്ങളില്‍ ഒപിടി നേടുന്ന വിദേശ വിദ്യാര്‍ത്ഥികളെ നിയമിക്കുന്നത് വിലക്കിക്കൊണ്ടുള്ള മാറ്റം യുഎസ്‌ഐസിഎസ് വെബ്‌സൈറ്റില്‍ വരുത്തിയത്. കഴിഞ്ഞ ഏപ്രിലില്‍ പുറത്തുവന്ന മാറ്റമനുസരിച്ച് തൊഴിലുടമയുടെ സ്വന്തമായ തൊഴില്‍സ്ഥലത്തല്ലാതെ ഒപിടി നടത്താന്‍ കഴിയില്ലായിരുന്നു. കസ്റ്റമര്‍മാരുമായി ഇടപഴകുന്ന തൊഴിലിടങ്ങളില്‍ നേരത്തെ വിദേശ എസ്ടിഇഎം വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലവസരങ്ങള്‍ നല്‍കിയിരുന്ന ഐടി സേവന, കണ്‍സള്‍ട്ടിങ്, സ്റ്റാഫിങ് കമ്പനികള്‍ക്ക് ഈ മാറ്റത്തിന്റെ ഫലമായി അവരെ നിയമിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. നേരത്തെ പരിശീലനം നേടുന്ന വിദ്യാര്‍ത്ഥികളും തൊഴിലുടമയും തമ്മില്‍ ഒരു തൊഴിലാളി-തൊഴിലുടമ ബന്ധമാണ് നിലനിന്നിരുന്നത്. യുഎസ്‌ഐസിഎസ് വരുത്തിയ ഈ മാറ്റത്തിനെതിരെ ഐടി സര്‍വീസ്, സ്റ്റാഫിങ്, കണ്‍സള്‍ട്ടിങ് കമ്പനികളുടെ സംഘടനയായ ഐടി സെര്‍വ് അലയന്‍സ് ജൂലൈയില്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നിരോധനത്തിലൂടെ ഈ രംഗത്തുള്ള കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിക്കപ്പെടുന്നു. ചട്ട ലംഘനത്തിന് പിടികൂടപ്പെട്ടാല്‍ യുഎസില്‍ കടക്കുന്നതിനു ദീര്‍ഘകാലത്തേക്ക് അയോഗ്യത ഉണ്ടാകുമെന്നതിനാല്‍ ഭാവിയില്‍ തൊഴിലിനായുള്ള എച്ച്1 ബി വിസ നേടുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് തടസ്സമായി മാറുന്നു തുടങ്ങിയ കാരണങ്ങളാണ് സംഘടന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. സത്യസന്ധമായ തൊഴിലാളിതൊഴിലുടമാ ബന്ധത്തിന് വിദ്യാര്‍ത്ഥിയുടെ 'പേരിനു മാത്രമുള്ള' തൊഴിലുടമ ആയിരിക്കരുതെന്നും വിദ്യാര്‍ത്ഥി അവിടെ ജോലി ചെയ്യുന്നത് 'സന്നദ്ധ പ്രവര്‍ത്തനമായിരിക്കരുതെന്നും' യുഎസ്‌സിഐസിഎസ് വെബ്‌സൈറ്റില്‍ പറയുന്നു. ഒപിടി പരിശീലന പദ്ധതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊള്ളാമെന്നു സമ്മതിച്ച് തൊഴിലുടമ ഒപ്പിട്ടു നല്‍കുന്ന ക983 ഫോമില്‍ സൂചിപ്പിച്ചിട്ടുള്ള അതേ സ്ഥാപനത്തില്‍ത്തന്നെ ആയിരിക്കണം പ്രായോഗിക പരിശീലനം നല്‍കേണ്ടതെന്നും അതില്‍ പറയുന്നുണ്ട്. തൊഴിലാളി-തൊഴിലുടമാ ബന്ധത്തിന്റെ പ്രധാന സൂചകമെന്ന നിലയില്‍ തൊഴിലാളിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം സ്ഥാപിക്കുന്നതിന് യുഎസ്‌സിഐസിഎസ് വലിയ ഊന്നല്‍ നല്‍കിയിരുന്നു. മതിയായ മുന്‍കരുതലുകളില്ലാതെ ഒരു കണ്‍സള്‍ട്ടിങ് കമ്പനി ഒരു തൊഴിലാളിയെ മറ്റേതെങ്കിലും സ്ഥാപനത്തിലേക്ക് മാറ്റിയാല്‍ ഈ നിയന്ത്രണം ഇല്ലാതെയാകും.
ഇപ്പോഴും വലിയൊരു ഭീഷണി വിദ്യാര്‍ത്ഥികളെ നേരിടുന്നുണ്ട്. തൊഴിലാളി-തൊഴിലുടമാ ബന്ധം നിലനിന്നിരുന്നില്ല എന്ന് യുഎസ്‌സിഐസിഎസ് തീരുമാനിച്ചാല്‍ നിരവധി വര്‍ഷക്കാലത്തേക്ക് ആ വിദ്യാര്‍ത്ഥിക്ക് യുഎസിലേക്ക് തിരിച്ചുചെല്ലുന്നതിനുള്ള വിലക്ക് നേരിടേണ്ടിവരും.

Write A Comment

 
Reload Image
Add code here