കയറ്റുമതി നിരോധനത്തിലൂടെ കാലിവളര്‍ത്തല്‍ ബിസിനസ് നശിപ്പിക്കുന്നു

Mon,Aug 27,2018


ഇന്ത്യയുടെ വ്യാപാര കമ്മി റെക്കോഡ് നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. 2013-14 കാലത്ത് ഉച്ചാവസ്ഥയിലേക്കെത്തിയ കയറ്റുമതി കുറഞ്ഞുകൊണ്ടിരിക്കുന്നു. അതേ അവസരത്തില്‍ത്തന്നെയാണ് ഇന്ത്യക്കു വലിയ കയറ്റുമതി ശേഷിയുള്ള കന്നുകാലികള്‍, ഇറച്ചി എന്നിവ കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം ഉണ്ടായിരിക്കുന്നത്. എല്ലാ തുറമുഖങ്ങളില്‍നിന്നും കന്നുകാലികളെ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ് ഷിപ്പിംഗ് മന്ത്രാലയം. ഹിന്ദുത്വ ശക്തികളുടെയും അവര്‍ക്കൊപ്പംതന്നെ മൃഗ സംരക്ഷണ പ്രസ്ഥാനക്കാരുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് ഈ തീരുമാനം. ചെമ്മരിയാടുകളെയും ആടുകളെയും ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കു ദശകങ്ങളായി കയറ്റുമതി ചെയ്തുവന്നിരുന്നതാണ്. ബക്രീദിന്റെ ബലിദാന ചടങ്ങിനായി അവക്ക് വലിയ ആവശ്യവും ഉണ്ടാകാറുണ്ട്. ജന്തുക്കളുടെ ജീവിതം പരിപാവനമായിട്ടാണ് ജൈനന്മാരും മൃഗസ്‌നേഹികളും കരുതുന്നത്. എന്നാല്‍ സ്വന്തം വീക്ഷണം മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനോ ഇറച്ചി ഭക്ഷിക്കുന്നത് വിലക്കുന്നതിനോ ആര്‍ക്കും അവകാശമില്ല. ചെമ്മരിയാടിന്റെയും ആടിന്റേയും ഇറച്ചി ഹിന്ദുക്കള്‍ ഭക്ഷിക്കാറുണ്ട്. കന്നുകാലി വ്യാപാരത്തില്‍ മേധാവിത്വമുള്ള മുസ്ലിം വ്യാപാരികളുടെ ജീവിതം പ്രയാസത്തിലാക്കാന്‍ ചില ഹിന്ദുത്വവാദികള്‍ കണ്ടെത്തിയ മാര്‍ഗമാണിത്. ഇന്ത്യയില്‍ മൃഗങ്ങളെ കൊല്ലുകളെയും അവയുടെ ഇറച്ചി ഭക്ഷിക്കുകയും ചെയ്യാമെങ്കില്‍ കശാപ്പു ചെയ്യുന്നതിനായി അവയെ കയറ്റുമതി ചെയ്യാന്‍ അനുവദിക്കാത്തത് ധാര്‍മ്മികമായും സാമ്പത്തികമായും അര്‍ത്ഥശൂന്യമായ കാര്യമാണ്. സമീപ വര്‍ഷങ്ങളില്‍ കന്നുകാലി (പ്രധാനമായും ആടും ചെമ്മരിയാടും) കയറ്റുമതി വര്‍ദ്ധിച്ചുവരുകയായിരുന്നു. 2016-17ല്‍ 527 കോടി രൂപയെന്ന ഏറ്റവുമുയര്‍ന്ന നിലവാരത്തിലെത്തുകയും ചെയ്തു. എന്നാല്‍ 2017-18ല്‍ അത് 411 കോടി രൂപയായി കുറഞ്ഞു. അവയെ പ്രധാനമായും കയറ്റുമതി ചെയ്യുന്നത് തദ്ദേശവാസികളേക്കാള്‍ ജനസംഖ്യയില്‍ ഇന്ത്യക്കാര്‍ മുന്നില്‍ നില്‍ക്കുന്ന യുഎഇയിലേക്കും നേപ്പാളിലേക്കുമാണ്.
യുഎഇയിലേക്കു കടല്‍മാര്‍ഗം കയറ്റുമതി ചെയ്യുന്നത് നിരോധിച്ച ഗവണ്മെന്റ് കരമാര്‍ഗം അവയെ നേപ്പാളിലേക്ക് കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിട്ടില്ല എന്നതാണ് പരിഹാസ്യമായ കാര്യം. മൃഗ സംരക്ഷണത്തില്‍ വര്‍ഗീയ വിവേചനമാണ് പ്രകടമാകുന്നത്. നേപ്പാളിലെ ഹിന്ദുക്കള്‍ അവയെ ഭക്ഷിച്ചാല്‍ ധാര്‍മ്മികതക്ക് കുഴപ്പമൊന്നുമില്ല. അപ്പോള്‍ ദുബൈയിലെ മുസ്ലിങ്ങള്‍ അവയെ ഭക്ഷിക്കുന്നത് ധാര്‍മ്മികതക്ക് നിരക്കാത്തതാകുന്നതെങ്ങനെ? മറ്റൊരു നടപടിയിലൂടെ, ചെറിയ നാടന്‍ വള്ളങ്ങളില്‍ ഗുജറാത്തിലെ തീരങ്ങളില്‍നിന്നും കന്നുകാലികളെ കടത്തുന്നതും ഷിപ്പിംഗ് മന്ത്രാലയം നിരോധിച്ചിരിക്കുകയാണ്. 1500-2000 ആടുകളായിരിക്കും ഒരു തവണ കടത്തപ്പെടുക. വളരെ ചെറിയൊരു ചരക്കാണെന്നതിനാല്‍ വലിയ കപ്പലുകളൊന്നും അവ സ്വീകരിക്കാറില്ല. പരമ്പരാഗതമായി അവയെ നാടന്‍ വള്ളങ്ങളിലാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇപ്പോഴത്തെ നിരോധനം ഗുജറാത്തില്‍മാത്രം കന്നുകാലി വ്യാപാരവുമായി ബന്ധപ്പെട്ട 40,000 കുടുംബങ്ങളെയാണ് ബാധിക്കുക. വളരെ മോശപ്പെട്ട സാഹചര്യങ്ങളിലാണ് അവയെ കടത്തിക്കൊണ്ടു പോകുന്നതെന്നാണ് മൃഗസ്‌നേഹികള്‍ പറയുന്നത്. ദിവസങ്ങളോളം കുടിക്കാന്‍ വെള്ളംപോലുമില്ലാതെ സ്വന്തം മൂത്രത്തിനും വിസര്‍ജ്ജ്യങ്ങള്‍ക്കും മുകളിലാണ് അവയ്ക്ക് കഴിയേണ്ടിവരുന്നതെന്ന് അവര്‍ പറയുന്നു. അവര്‍ പറയുന്നത് ന്യായവുമാണ്. അവയ്ക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. നിരോധനമില്ല അതിനുള്ള പരിഹാരം.
ജന്തുസ്‌നേഹികള്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നു പറഞ്ഞാണ് നിരോധനത്തെ ഔദ്യോഗിക വക്താക്കള്‍ ന്യായീകരിക്കുന്നത്. നാളെ ആട്ടിടയന്മാരും കയറ്റുമതി ചെയ്യുന്ന ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും നിരോധനത്തിനെതിരെ അക്രമാസക്തമായ സമരം തുടങ്ങിയാല്‍ നിരോധനം പിന്‍വലിക്കുമോ? വ്യാപാര നയങ്ങള്‍ എന്തായിരിക്കണമെന്നു തീരുമാനിക്കേണ്ടത്, ജനക്കൂട്ടങ്ങളല്ല, പൊതു താല്‍പ്പര്യമാണ്. പശുക്കളെ കടത്തിക്കൊണ്ടുപോകുന്നവരെ ആള്‍ക്കൂട്ടങ്ങള്‍ കൊലപ്പെടുത്തുന്നത് വലിയൊരു മാനവിക ദുരന്തമാണ്. സാമ്പത്തികമായി ഏറ്റവും വലിയ വിഡ്ഢിത്തവുമാണത്. പശുക്കളെ കൊല്ലുന്നതിനെക്കുറിച്ചു ഭരണഘടന എന്തുതന്നെ പറഞ്ഞിരുന്നാലും പോത്തിറച്ചിയും തുകല്‍ വ്യവസായവും ഇല്ലാതെയാക്കുന്നതിനെ ഹിന്ദു ധാര്‍മ്മികതയോ നിയമങ്ങളോ ന്യായീകരിക്കുന്നില്ല. ഇന്ത്യയുടെ ഏറ്റവും വലിയ കാര്‍ഷിക കയറ്റുമതിയെന്ന സ്ഥാനം ബസുമതി അരിയെ കടത്തിവെട്ടി പോത്തിറച്ചി നേടിയിരിക്കുകയാണ്. ഒരു വര്‍ഷം 25,000ത്തില്‍പ്പരം കോടി രൂപയാണ് പ്രതിവര്‍ഷം നേടുന്നത്. ചുരുക്കം ചില കാര്യങ്ങളില്‍ മാത്രമാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ യുപി ഒന്നാം സ്ഥാനത്തുള്ളത്. അതിലൊന്ന് പോത്തിറച്ചിയാണ്. അതില്‍ കൂടുതലായി ശ്രദ്ധിച്ചാല്‍ ഇന്ത്യയുടെ ജിഡിപിവളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും 8-10% നേടുന്നതിലേക്കു എത്താനും കഴിയും. പശുക്കളെ കശാപ്പു ചെയ്യുന്നത് നിരോധിച്ചതിനാല്‍ കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണുണ്ടാകുന്നത്. പശുക്കള്‍ക്ക് പ്രായമായാല്‍ ഒരു വിലയും കിട്ടില്ല. അതേസമയം പോത്തുകള്‍ക്കും എരുമകള്‍ക്കും 25,000 രൂപ വീതം ലഭിക്കും. ഇപ്പോള്‍ പശുക്കളെ വളര്‍ത്തുന്നതിനേക്കാള്‍ എരുമകളെ വളര്‍ത്തുന്നതിനാണ് കര്‍ഷകര്‍ ശ്രദ്ധിക്കുന്നത്. പശുവിന്‍ പാലിനേക്കാള്‍ അവയില്‍ കൊഴുപ്പിന്റെ അംശം രണ്ടിരട്ടി കൂടുതലാണ്. ക്ഷീരവ്യവസായം, ഇറച്ചി, തുകല്‍ എന്നീ മൂന്നു കാര്യങ്ങള്‍ക്കുംകൂടി യുപിഎ ഇന്ത്യയിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിനുള്ള ശേഷിയുണ്ട്. കന്നുകുട്ടികളെ വളര്‍ത്തുന്നതിന് ചെറിയൊരു സബ്‌സിഡികൂടി നല്‍കിയാല്‍ യുപിയിലെ പോത്തുകളുടെ എണ്ണം നാലിരട്ടിയായി വര്‍ദ്ധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതിനുപകരം ഗോസംരക്ഷണ പ്രസ്ഥാനക്കാരുടെ കാവലാളന്മാര്‍ തെരുവുകളില്‍ ചുറ്റിത്തിരിയുകയും കാലികളെ കടത്തിക്കൊണ്ടുപോകുന്നവരെ തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കുകയും ഒരു പോത്തിന് 500 രൂപയെന്ന നിരക്കില്‍ ഈടാക്കുകയും ചെയ്യുന്നു. നിയമവിരുദ്ധമായ കശാപ്പുശാലകള്‍ മാത്രമാണ് താന്‍ അടച്ചുപൂട്ടിയതെന്നും നിയമവിധേയമായവ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. ശുദ്ധമായ ഇറച്ചി നല്‍കുന്നതിന് ഓരോ മുനിസിപ്പല്‍ പ്രദേശത്തും ഓരോ കശാപ്പുശാലയ്ക്ക് ലൈസന്‍സ് നല്‍കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ അങ്ങനെ ചെയ്യുന്നില്ല.
ഇന്ത്യയിലെ പോത്തിറച്ചി കയറ്റുമതിക്കാര്‍ക്ക് വലിയ ശുചിത്വം പാലിക്കേണ്ടതുണ്ട്. ഇറച്ചി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ നിലവിലുള്ള അന്താരാഷ്ട്ര ശുചിത്വ മാനദണ്ഡങ്ങള്‍ അവര്‍ക്കും ബാധകമാണ്. അത് കണക്കാക്കി ഓരോ മുനിസിപ്പാലിറ്റിയിലും കശാപ്പു ശാലകള്‍ക്കു ലൈസന്‍സ് നല്‍കുകയാണ് വേണ്ടത്. എന്നാല്‍ അതിനുപകരം അവരെ ഉപദ്രവിക്കുകയാണ്. കന്നുകാലികളില്‍ മാത്രമായി ഒതുക്കാതെ ഓപ്പറേഷന്‍ ഫ്‌ളഡ് പദ്ധതി പാലും ഇറച്ചിയും തുകയും നല്‍കുന്ന ആടുകളിലേക്കും വ്യാപിപ്പിക്കേണ്ടതാണ്. കന്നുകാലികള്‍ വയലിലെ വൈക്കോല്‍ തിന്നുകയില്ല. ആടുകള്‍ തിന്നും. കര്‍ഷകര്‍ അവ കത്തിച്ചു കളയുകയാണ് പതിവ്. അപ്പോള്‍ ഉയരുന്ന പുക ഉത്തരേന്ത്യയില്‍ അന്തരീക്ഷമാകെ ശ്വാസംമുട്ടിക്കുന്ന വിധത്തില്‍ പടരും. അതിനാല്‍ വൈക്കോലും ശര്‍ക്കരയും ചേര്‍ന്ന മിശ്രിതം ആടുകള്‍ക്കായി തയ്യാറാക്കാന്‍ കാലിത്തീറ്റ കമ്പനികളെ പ്രോത്സാഹിപ്പിക്കണം.അപൂര്‍വമായ പച്ചപ്പുല്ല് നശിപ്പിക്കുംവിധം പരമ്പരാഗതമായുള്ള ആട് മേയ്ക്കലിന് പകരം ഈ രീതി സ്വീകരിക്കാവുന്നതാണ്. വിളവെടുക്കുന്ന കൃഷികളെപ്പോലെതന്നെ കാലിവളര്‍ത്തലും വിപുലമാകുകയാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിനുള്ള മോദിയുടെ പദ്ധതിയില്‍ അതിനു പ്രധാന പങ്കുണ്ട്. എന്നാല്‍ ഇത്തരം നിരോധനങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും മറ്റും കന്നുകാലി വളര്‍ത്തലിനും ഇറച്ചി വ്യവസായത്തിനും ഭീഷണിയായി മാറുകയാണ്.

Other News

 • മള്ളര്‍ റിപ്പോര്‍ട്ട് ; പ്രസിഡന്റും കോണ്‍ഗ്രസും ഏറ്റുമുട്ടലിലേക്ക്
 • ലോക് സഭാ തെരഞ്ഞെടുപ്പ് ; ഫലം നിര്‍ണ്ണയിക്കുക ന്യൂനപക്ഷ വോട്ടുകള്‍
 • ശ്രീലങ്കയ്ക്ക് പുതിയ ഭീഷണിയായി ഭീകരാക്രമണം
 • ചൈന കനിഞ്ഞാല്‍ അസര്‍ കരിമ്പട്ടികയില്‍
 • ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നത് റെക്കോഡ് വേഗതയില്‍
 • പത്തനംതിട്ട ഇന്ത്യയിലെ മികച്ച മണ്ഡലം
 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • Write A Comment

   
  Reload Image
  Add code here