മന്‍മോഹന്‍ സിംഗിന്റെ കാലത്ത് ഇന്ത്യ കൈവരിച്ചത് 10.8% വളര്‍ച്ച

Mon,Aug 27,2018


പ്രതിപക്ഷത്തിന് വലിയൊരു സമ്മാനമാണ് നരേന്ദ്ര മോദി ഗവണ്മെന്റ് നല്‍കിയിരിക്കുന്നത്. യുപിഎ ഭരണത്തിന്റെ കളങ്കിതമായ പ്രതിച്ഛായ വീണ്ടെടുക്കാന്‍ അത് സഹായിക്കും. സമ്പദ്ഘടനയെ ആകെ കുഴപ്പത്തിലാക്കി എന്നായിരുന്നു യുപിഎ ഭരണത്തിനെതിരായ ആക്ഷേപം. എന്നാല്‍ മന്‍മോഹന്‍ സിംഗ് ഗവണ്മെന്റ് മുമ്പ് വിചാരിച്ചിരുന്നതിനേക്കാള്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നു എന്നാണ് പരിഷ്‌ക്കരിച്ച ജിഡിപി കണക്കുകള്‍ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ കാലത്ത് ജിഡിപി രണ്ടക്ക സംഖ്യയിലുള്ള വളര്‍ച്ചയാണ് കൈവരിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ രണ്ടാംതവണയാണ് ഇത്തരത്തിലുള്ള വളര്‍ച്ച കൈവരിക്കുന്നത്. 2011-12 സാമ്പത്തികവര്‍ഷം അടിസ്ഥാനമാക്കി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ജിഡിപി കണക്കു കൂട്ടിയപ്പോഴാണ് ഇത് കണ്ടെത്തിയത്. നേരത്തെ 2004-05 ആയിരുന്നു അടിസ്ഥാന വര്‍ഷമായി കണക്കാക്കിയിരുന്നത്.
1994 മുതല്‍ 2014 വരെയുള്ള കാലത്തെ കണക്കുകളാണ് പരിഷ്‌ക്കരിച്ചത്. ഓരോ വര്‍ഷവും 0.3% മുതല്‍ 0.5% വരെ അധികവളര്‍ച്ചയാണ് പരിഷ്‌ക്കരിച്ച കണക്കുകള്‍ കാണിക്കുന്നത്. യുപിഎ ഭരണത്തില്‍ കൈവരിച്ച മെച്ചപ്പെട്ട വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നതാണ് പരിഷ്‌ക്കരിച്ച കണക്കുകളെന്നു കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞു. യുപിഎയുടെ 10 വര്‍ഷത്തെ ഭരണത്തില്‍ കൈവരിച്ച ശരാശരി ജിഡിപി വളര്‍ച്ച 8.1% ആയിരുന്നു. മോഡി ഗവണ്മെന്റിന്റെ ശരാശരി 7.3% മാത്രമാണ്. 2015 ജനുവരി മുതലാണ് നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് ജിഡിപി കണക്കാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷം 2004-05ല്‍നിന്നും 2011-12 ആയി മാറ്റിയത്. 2009-10 അടിസ്ഥാനവര്‍ഷമായി സ്വീകരിക്കുന്നതിനാണ് ആദ്യം ശുപാര്‍ശ ചെയ്തത്. എന്നാല്‍ 2008ലെ ആഗോള ധനപ്രതിസന്ധിയില്‍നിന്നും കരകയറി വരുന്നതേയുള്ളു എന്നതിനാല്‍ അസാധാരണമായ ഒരു വര്‍ഷമായി കണക്കാക്കി അത് മാറ്റുകയായിരുന്നു. ഈ മാറ്റം കണക്കുകള്‍ കൃത്യമായി കൂട്ടുന്നതിന് സഹായിച്ചു. പ്രത്യേകിച്ചും, ജിഡിപിയുടെ 60%ത്തോളംവരുന്ന സേവനമേഖലയുടെ കണക്കുകള്‍ കൃത്യമായി.
കണക്കുകള്‍ കൃത്യമായി കൂട്ടുന്നതിന് ആഗോളതലത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് അനുസൃതമായിരുന്നു ഇത്. സമ്പദ്ഘടനയുടെ മാറ്റം മനസ്സിലാക്കുന്നതിന് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ അടിസ്ഥാന വര്‍ഷത്തില്‍ മാറ്റം വരുത്തുന്നതാണ് നല്ലത്. 2004-05 അടിസ്ഥാനവര്‍ഷമാക്കിയുള്ള കണക്കുകള്‍ നിലവിലെ സാമ്പത്തിക ചിത്രത്തെ ശരിക്കും പ്രതിഫലിപ്പിക്കുന്നതായിരുന്നില്ല. യുഎന്‍ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചുള്ള 'സിസ്റ്റം ഓഫ് നാഷണല്‍ അക്കൗണ്ട്‌സ് 2008'നും അനുരോധമായ വിധമായിരുന്നു പുതിയ രീതി. കോര്‍പ്പറേറ്റ് മേഖലയുടെയും അസംഘടിത മേഖലയുടെയും 2010-11 ലെ ദേശീയ സാമ്പിള്‍ സര്‍വേ പ്രകാരം കോര്‍പ്പറേറ്റ് അല്ലാത്ത സ്ഥാപനങ്ങളുടെയും വില്‍പ്പന, സേവന നികുതികളെല്ലാം മെച്ചപ്പെട്ട രീതിയില്‍ കണക്കുകൂട്ടുന്ന രീതിയായിരുന്നു അത്. അസംഘടിത മേഖലയും കൃഷിയും കോര്‍പ്പറേറ്റ് മേഖലയുമെല്ലാം ഉള്‍പ്പെടുത്തി ജിഡിപിയില്‍ സമൂലമായ അഴിച്ചുപണി നടത്തിയപ്പോള്‍ സമ്പദ്ഘടന കൂടുതല്‍ വിപുലമായതായി കാണപ്പെട്ടു. പരിഷ്‌ക്കരിച്ച കണക്കുകള്‍ പ്രകാരം യുപിഎ ഭരണത്തിന്റെ ആദ്യത്തെ 5 വര്‍ഷക്കാലത്ത് (2005-2009 സാമ്പത്തികവര്‍ഷം) ശരാശരി ജിഡിപി വളര്‍ച്ച വിപണി വിലയുടെ അടിസ്ഥാനത്തില്‍ 8.03 ല്‍നിന്നും 8.37% ആയി ഉയര്‍ന്നു. ചിലവിന്റെ അടിസ്ഥാനത്തില്‍ 8.43%ത്തില്‍ നിന്നും 8.87% ആയും മാറി. അതിനുമുമ്പ് ബിജെപിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന എന്‍ഡിഎ ഭരണത്തില്‍ 5.89%ത്തില്‍ നിന്നും 5.73% മായി കുറയുകയാണുണ്ടായത്. അതേ സമയം ചിലവിന്റെ അടിസ്ഥാനത്തില്‍ 6.01%ത്തില്‍നിന്നും 5.83%മായും കുറഞ്ഞു. രണ്ടാം യുപിഎ ഭരണത്തിന്റെ ആദ്യത്തെ മൂന്നുവര്‍ഷങ്ങളില്‍ (2010-12) ശരാശരി വളര്‍ച്ചാനിരക്ക് 8.46%ത്തില്‍നിന്നും 8.86%മായി വര്‍ദ്ധിച്ചു. ചിലവിന്റെ കാര്യത്തില്‍ 8.06%ത്തില്‍ നിന്നും 8.49%മായി വര്‍ദ്ധിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ 2006-07ല്‍ ഇന്ത്യന്‍ സമ്പദ്ഘടന കൈവരിച്ചത് 10.08% വളര്‍ച്ചയാണ്. 1991ല്‍ സാമ്പത്തിക ഉദാരവല്‍ക്കരണ നടപടികള്‍ സ്വീകരിച്ചതിനു ശേഷം കൈവരിച്ച ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണത്. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ 1988-89ല്‍ കൈവരിച്ച 10.2% ആയിരുന്നു സ്വാതന്ത്ര്യത്തിനുശേഷം അതുവരെയും കൈവരിച്ച ഏറ്റവുമുയര്‍ന്ന വളര്‍ച്ച. 2011-12ലെ വിലയുടെ അടിസ്ഥാനത്തില്‍ പരിഷ്‌ക്കരിച്ച പുതിയ കണക്കുകളും 2004-05ലെ നിരക്കിനെ അടിസ്ഥാനമാക്കിയുള്ള പഴയ കണക്കുകളും തമ്മിലുള്ള താരതമ്യവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഴയ കണക്കുകള്‍ പ്രകാരം മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന 2006-07ല്‍ 9.57% ആയിരുന്നു വളര്‍ച്ച. അതാണ് 10.8% ആയി മാറിയത്. പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് സാമ്പത്തിക ഉദാരവല്‍ക്കരണ നയം നടപ്പാക്കിയ ശേഷം കൈവരിച്ച ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് അതാണ്. ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ രണ്ടക്ക സംഖ്യയിലുള്ള വര്‍ദ്ധനവ് രേഖപ്പെടുത്താന്‍ കഴിഞ്ഞത് കോണ്‍ഗ്രസിനും യുപിഎക്കും മാത്രമാണ്.

Other News

 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
 • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
 • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
 • വാട്ട്‌സാപ്പിലൂടെ ദമ്പതികളെ എന്‍ഐഎ ചോദ്യം ചെയ്തു
 • റഷ്യ - യുഎസ് ആണവായുധ ഉടമ്പടി ഇല്ലാതാകുന്നു
 • മൂന്ന് ലോക മഹാമാരികളില്‍ പൊണ്ണത്തടിയും പട്ടിണിയും
 • അമേരിക്കയുടെ പടിവാതില്‍ക്കല്‍ പുതിയ ശീതയുദ്ധഭീഷണിയുമായി പുടിന്‍
 • യുഎസ്‌ - ചൈന വ്യാപാര ചര്‍ച്ചകള്‍ ബെയ്ജിങ്ങില്‍ തുടരും
 • വരുമാന ഉറപ്പ് പദ്ധതിയുമായി കോണ്‍ഗ്രസ്
 • Write A Comment

   
  Reload Image
  Add code here