ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുമെന്ന് സൗദി

Sun,Aug 26,2018


വിഷന്‍ 2030 ന്റെ ഭാഗമായി സൗദി അറേബ്യ നടപ്പാക്കുന്ന നിയോം സാമ്പത്തിക മേഖല, ക്വിഡിയ എന്റര്‍ടൈന്‍മെന്റ് സിറ്റി എന്നിവയെല്ലാം ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപ അവസരങ്ങളും ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും നല്‍കുമെന്നും, സൗദി അറേബ്യയില്‍ ഇന്ത്യക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ കുറയുമെന്ന ആശങ്കകള്‍ വേണ്ടെന്നും സൗദി അറേബ്യയുടെ ഇന്ത്യന്‍ അംബാസിഡര്‍ സൗദ് ബിന്‍ മുഹമ്മദ് അല്‍ സതി. എണ്ണയിതര മേഖലകളില്‍ നിന്നുമുള്ള വരുമാനം വര്‍ദ്ധിപ്പിക്കുംവിധം ഘടനപരമായുള്ള വലിയ മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്ന ഒന്നാണ് കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ വിഭാവനം ചെയ്യുന്ന ഈ ദീര്‍ഘകാല പദ്ധതി. ഇതുവരെയും വിദേശ തൊഴിലാളികള്‍ കൂടുതലായി ആശ്രയിച്ചിരുന്ന സൗദിയില്‍ നാട്ടുകാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും പദ്ധതി വിഭാവനം ചെയ്യുന്നു. ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്ന ആശങ്കകള്‍ക്ക് ഇതും കാരണമായി. എന്നാല്‍ അത്തരം ആശങ്കകള്‍ വേണ്ടെന്നും ഹോസ്പിറ്റാലിറ്റി, ടൂറിസം, ഐടി, വിനോദം തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായിരിക്കും വിഷന്‍ 2030 എന്നും സൗദി അംബാസിഡര്‍ പറയുന്നു. നിയോം സാമ്പത്തിക മേഖല, പുതിയ റെയില്‍ പാതകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ക്വിഡിയ എന്റര്‍ടൈന്‍മെന്റ് സിറ്റി തുടങ്ങിയ വന്‍ പദ്ധതികള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അത് സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പംതന്നെ സൗദിയുടെ ഉറച്ച പങ്കാളിയായി ഇന്ത്യ തുടരുകയും ചെയ്യും. ഇന്ത്യയില്‍നിന്നുമുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഐടി പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് ജോലി നല്‍കുന്നത് സൗദി തുടരും.
സമീപ വര്‍ഷങ്ങളായി സൗദിയില്‍ തൊഴില്‍ നഷ്ടപ്പടുകയാണെന്ന ആശങ്കകള്‍ ഉണ്ടായിരുന്നുവെങ്കിലും എല്ലാ മേഖലകളിലും ഇന്ത്യന്‍ തൊഴിലാളികളുടെയും പ്രൊഫഷനലുകളുടെയും പങ്കാളിത്തം വര്‍ദ്ധിക്കുകയാണുണ്ടായതെന്ന് അംബാസിഡര്‍ പറഞ്ഞു. സൗദിയില്‍ ജോലി തേടുന്നവര്‍ക്ക് 2017ല്‍ നല്‍കിയത് 78,000 എമിഗ്രേഷന്‍ ക്ലിയറന്‍സ് ആയിരുന്നു. 2015ല്‍ 300,000 ത്തോളം ആയിരുന്നു നല്‍കിയിരുന്നത്. പുതുതായി ജോലി തേടുന്നവര്‍ക്കാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുന്നത്. പുനഃസംഘടനാ നടപടികളുടെ ഭാഗമായി പല പ്രധാന കമ്പനികളും ലേ ഓഫ് പ്രഖ്യാപിച്ചിരുന്നു എന്നു പറഞ്ഞ അംബാസിഡര്‍ അത് സൗദി തൊഴിലാളികള്‍ക്കും ബാധകമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി. അത് എവിടെയും സംഭവിക്കാവുന്ന സ്വാഭാവികമായ കാര്യം മാത്രമാണ്. ക്വിഡിയ എന്റര്‍ടൈന്‍മെന്റ് സിറ്റിയുടെ ഭാഗമായി 334 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് അമ്യൂസ്‌മെന്റ് പാര്‍ക്ക്, തീം പാര്‍ക്ക്, റേസ് ട്രാക്ക് എന്നിവ സ്ഥാപിക്കുന്നതിനായി ഒരു ഇന്ത്യന്‍ സ്ഥാപനവുമായി ചര്‍ച്ച നടത്തിയെന്നും അവര്‍ സൗദി സന്ദര്‍ശിച്ചിരുന്നെന്നും അംബാസിഡര്‍ വെളിപ്പെടുത്തി. എന്നാല്‍ ഏതു സ്ഥാപനമാണിതെന്നു വെളിപ്പെടുത്തിയില്ല.
സിനിമാ തീയേറ്ററുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ സൗദി നീക്കം ചെയ്തുവെങ്കിലും കൂടുതല്‍ സിനിമാ തീയേറ്ററുകള്‍ തുറക്കുന്നതിനുള്ള സാദ്ധ്യതകള്‍ ഇന്ത്യന്‍ സ്ഥാപനം ആരായുകയുണ്ടായി. മെക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന 450 കിലോമീറ്റര്‍ അതിവേഗ റെയില്‍പാത, ജിദ്ദയിലെ പുതിയ വിമാനത്താവളം എന്നിവ പോലെ, ചരിത്രപരവും സാംസ്‌കാരികവുമായ കേന്ദ്രങ്ങളെ കൂട്ടി യോജിപ്പിക്കുന്ന ഗതാഗത സൗകര്യങ്ങള്‍ വികസിപ്പിച്ച് ടൂറിസം മേഖല ശക്തമാക്കുന്നതിനും സൗദി ഉദ്ദേശിക്കുന്നു. ഈ പദ്ധതികളിലെല്ലാം ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാന്‍ കഴിയും. ഒരു വര്‍ഷത്തിന്റെ ഏതു സമയത്തും ചെയ്യാവുന്നതും നിര്‍ബ്ബന്ധിതമല്ലാത്തതുമായ ഉംറക്കു പോകുന്ന ഇന്ത്യക്കാരുടെ എണ്ണം 2016ല്‍ 350,000 ആയിരുന്നത് 2017ല്‍ 520,000 ആയി വര്‍ദ്ധിച്ചു. അത് ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്തരം സന്ദര്‍ശകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ക്ക് പങ്കു വഹിക്കാന്‍ കഴിയും. മെക്കയിലെ ഗ്രാന്‍ഡ് മോസ്‌കിന് സമീപം താജ് ഹോട്ടല്‍ പണിയുന്നതിന് ഐഎച്ച്‌സി സൗദിയിലെ ഒരു സ്ഥാപനവുമായി പങ്കാളിത്തം ഉറപ്പിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണം, ഔഷധങ്ങള്‍ എന്നിവയില്‍ ഇന്ത്യന്‍ കയറ്റുമതി സ്ഥാപനങ്ങള്‍ക്ക് ജിദ്ദയിലെ തന്ത്രപ്രധാനമായ കിങ് അബ്ദുല്ല തുറമുഖം വഴി നേട്ടമുണ്ടാക്കാന്‍ കഴിയും. വിദേശ തൊഴിലാളികളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി ലേബര്‍ കോടതികള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സൗദി സ്ഥാപിക്കും. പരാതികള്‍ പരിശോധിക്കുന്നതിനായി ലേബര്‍ മന്ത്രാലയം സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. കോണ്‍സുലാര്‍ സംബന്ധമായ വിഷയങ്ങള്‍ക്കായി ഇരു രാജ്യങ്ങളും ഒരു വര്‍ക്കിംഗ് ഗ്രൂപ്പിനും രൂപം നല്‍കി. സൗദിയിലുള്ള ഇന്ത്യക്കാരുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ പരാതികള്‍ ഉന്നയിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം കുറവാണ്. പലപ്പോഴും തൊഴിലിനെ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന ബ്രോക്കര്‍മാരാണ് കുഴപ്പമുണ്ടാക്കുന്നത്. സൗദിയില്‍ 3.2 മില്യണ്‍ ഇന്ത്യക്കാര്‍ താമസിക്കുന്നു. സൗദിയിലെ ഏറ്റവും വലിയ വിദേശ സമൂഹമാണവര്‍. അവിടെനിന്നും അവര്‍ ഒരു വര്‍ഷം ഇന്ത്യയിലേക്ക് 10 ബില്യണ്‍ ഡോളര്‍ അയക്കുന്നുണ്ട്. ഇന്ത്യക്കു ഊര്‍ജ്ജം കയറ്റുമതി ചെയ്യുന്ന വലിയ മൂന്നു രാജ്യങ്ങളിലൊന്നാണ് സൗദി. ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാരപങ്കാളിയുമാണ്. 2016-17ല്‍ 25 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് നടന്നത്.

Other News

 • മള്ളര്‍ റിപ്പോര്‍ട്ട് ; പ്രസിഡന്റും കോണ്‍ഗ്രസും ഏറ്റുമുട്ടലിലേക്ക്
 • ലോക് സഭാ തെരഞ്ഞെടുപ്പ് ; ഫലം നിര്‍ണ്ണയിക്കുക ന്യൂനപക്ഷ വോട്ടുകള്‍
 • ശ്രീലങ്കയ്ക്ക് പുതിയ ഭീഷണിയായി ഭീകരാക്രമണം
 • ചൈന കനിഞ്ഞാല്‍ അസര്‍ കരിമ്പട്ടികയില്‍
 • ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നത് റെക്കോഡ് വേഗതയില്‍
 • പത്തനംതിട്ട ഇന്ത്യയിലെ മികച്ച മണ്ഡലം
 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • Write A Comment

   
  Reload Image
  Add code here