പാകിസ്ഥാന് വായ്പ നല്‍കാന്‍ ചൈനീസ് ബാങ്കുകള്‍ക്ക് വിമുഖത

Sun,Aug 26,2018


പാകിസ്ഥാന് വായ്പ നല്‍കാന്‍ ചൈനയിലെ ബാങ്കുകള്‍ വിമുഖത കാട്ടുകയാണ്. വിപണികളില്‍ കറന്‍സിയുടെ അസ്ഥിരത ശക്തിപ്പെടുന്ന സാഹചര്യത്തില്‍ വിദേശ വായ്പകള്‍ ലഭിക്കുന്നതിലുള്ള വിടവ് നികത്താന്‍ പാകിസ്ഥാനിലെ പുതിയ കൂട്ടുകക്ഷി ഗവണ്മെന്റ് ശ്രമിക്കുമ്പോള്‍ത്തന്നെയാണ് ഇത് സംഭവിക്കുന്നത്. അതേ സമയം, പാകിസ്ഥാന് ഐഎംഎഫ് രക്ഷാപദ്ധതി നടപ്പാക്കുന്നതിനെ യുഎസ് എതിര്‍ക്കുകയുമാണ്. ചൈനയുടെ ബെല്‍റ്റ്, റോഡ് പദ്ധതിയിലെ പ്രധാന ഭാഗമെന്ന് വിശേഷിപ്പിക്കാവുന്ന, 57 ബില്യണ്‍ ഡോളറിന്റെ ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി(സിപിഇസി)യുടെ അടിസ്ഥാന സൗകര്യ നിര്‍മ്മാണ പദ്ധതികള്‍ക്കായി ബില്യണ്‍ കണക്കിന് ഡോളര്‍ ചൈനീസ് ബാങ്കുകള്‍ വായ്പ നല്‍കിയിരുന്നു. മേഖലയില്‍ രാഷ്ട്രീയ സ്വാധീനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണത്. പാകിസ്ഥാന്റെ വിദേശനാണയ ശേഖരം ചുരുങ്ങിവരുകയാണ്. ഐഎംഎഫിന്റെ 10 ബില്യണ്‍ ഡോളറിലധികം വരുന്ന രക്ഷാപദ്ധതി നേടുന്നതിനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍. കറന്‍സി പ്രതിസന്ധി ഒഴിവാക്കുന്നതിനായി സൗദി അറേബ്യ, ചൈന എന്നീ സഖ്യരാഷ്ട്രങ്ങളുടെ ധനസഹായവും തേടുന്നുണ്ട്. എന്നാല്‍ പാര്‍ലമെന്റില്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള പുതിയ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയും രാജ്യത്തിനുള്ളില്‍നിന്നും വിദേശത്തുനിന്നും ശക്തമായ എതിര്‍പ്പുകള്‍ നേരിടുകയാണ്. പുതിയ വായ്പകള്‍ നല്‍കുന്നതിന് കര്‍ശനമായ ഉപാധികളായിരിക്കും ഐഎംഎഫ് ഉന്നയിക്കുക. ഐഎംഎഫ് വായ്പ നല്‍കുന്ന കാര്യത്തില്‍ ശക്തമായ എതിര്‍പ്പും ആശങ്കയും പ്രകടിപ്പിച്ച യുഎസ് അത് ചൈനയുടെ കടം തിരിച്ചടക്കുന്നതിനായി ഉപയോഗിക്കില്ല എന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നു.
പാകിസ്ഥാന് വായ്പകള്‍ നല്‍കുന്ന കാര്യത്തില്‍ ഒരു വാണിജ്യ ബാങ്കെന്ന നിലയില്‍ അതീവ ജാഗ്രത പുലര്‍ത്തുമെന്നാണ് ബെയ്ജിങ് ആസ്ഥാനമായുളള ഒരു ബാങ്കിന്റെ മേധാവി പറഞ്ഞത്. ടര്‍ക്കിഷ് കറന്‍സിയായ ലിറയുടെ മൂല്യത്തില്‍ ഈ വര്‍ഷം 45% ഇടിവാണ് സംഭവിച്ചത്. ഓഗസ്റ്റ് ആദ്യം മുതല്‍ റഷ്യന്‍ കറന്‍സിയായ റൂബിളും സമ്മര്‍ദ്ദത്തിലാണ്. ഇതെല്ലാംതന്നെ പാകിസ്ഥാന്റെ സുരക്ഷിതത്വം സംബന്ധിച്ച് ചൈനയുടെ ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. യുഎസുമായുമുള്ള വ്യാപാര യുദ്ധത്തില്‍ റെന്‍മിന്‍ബിയുടെ (യുവാന്‍) മൂല്യം സംരക്ഷിക്കാന്‍ ചൈന ആയാസപ്പെടുമ്പോള്‍ത്തന്നെയാണ് ഇതും. വികസിതമല്ലാത്ത എല്ലാ രാഷ്ട്രങ്ങള്‍ക്കും വായ്പകള്‍ നല്‍കുന്ന നടപടി ചൈന കര്‍ക്കശമാക്കിയിരിക്കുകയാണ്. സെപ്റ്റംബര്‍ അവസാനമാകുമ്പോഴേക്കും 225 മില്യണ്‍ ഡോളറിന്റെ വായ്പ തിരിച്ചടയ്‌ക്കേണ്ട ബാധ്യത പാകിസ്ഥാനിലെ പുതിയ ഗവണ്മെന്റിനുണ്ട്. 2017 സെപ്റ്റംബറില്‍ ക്രെഡിറ്റ് സ്വിസ്സ്, രണ്ടു ചൈനീസ് ബാങ്കുകള്‍, എന്നിവയില്‍നിന്ന് ഉള്‍പ്പടെ നാല് ബാങ്കുകളില്‍നിന്നുമായി എടുത്ത ബുള്ളറ്റ് വായ്പയാണത്. സമീപ വര്‍ഷങ്ങളില്‍ ചൈനീസ് ബാങ്കുകള്‍ പാകിസ്ഥാന് വായ്പകള്‍ ധാരാളമായി നല്‍കിയിരുന്നു. സിപിഇസി പദ്ധതികളുടെ ഭാഗമായുള്ള തുറമുഖങ്ങള്‍, വൈദ്യുതിനിലയങ്ങള്‍, റോഡുകള്‍ എന്നിവയുടെ നിര്‍മ്മാണങ്ങള്‍ക്കായി വായ്പകള്‍ നല്‍കുന്നതില്‍ വായ്പനയം ആവിഷ്‌കരിക്കുന്ന ചൈനീസ് ഡെവലപ്‌മെന്റ് ബാങ്ക്, എക്‌സ്‌പോര്‍ട് ഇമ്പോര്‍ട് ബാങ്ക് ഓഫ് ചൈന (ചെക്‌സിം) എന്നിവ നേതൃത്വപരമായ പങ്കുതന്നെ വഹിച്ചു.
അഞ്ചു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണ സഹായത്തിനായി പാകിസ്ഥാന്‍ ഐഎംഎഫിനെ സമീപിക്കുമ്പോള്‍ ഈ വായ്പകള്‍ വിവാദമാകുകയാണ്. മറ്റു മാര്‍ഗങ്ങളില്‍നിന്നും വായ്പകള്‍ നേടാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ട്. സൗദി പിന്തുണയുള്ള ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കില്‍നിന്നും 4 ബില്യണ്‍ ഡോളറിന്റെ സഹായം തേടിയിട്ടുണ്ട്. ഐഎംഎഫ് സഹായത്തില്‍ യുഎസ് പ്രകടിപ്പിച്ചിട്ടുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നു. സിപിഇസി പദ്ധതികള്‍ക്കായി ചൈന നല്‍കിയിട്ടുള്ള വായ്പകള്‍ മടക്കിനല്‍കാന്‍ അത് ഉപയോഗിക്കില്ലെന്ന് അവര്‍ ഉറപ്പുനല്‍കുന്നുണ്ട്. ചൈനയുടെ കടം മടക്കിനല്‍കേണ്ടതും ചൈനീസ് കമ്പനികള്‍ക്കുള്ള ലാഭവുംകൂടി 2023 വരെ ഒരു വര്‍ഷം ഒരു ബില്യണ്‍ ഡോളര്‍ വരുമെന്ന് പാകിസ്ഥാന്റെ മുന്‍ ധനമന്ത്രി മിഫ്താ ഇസ്മായില്‍ പറയുന്നു. 30വര്‍ഷത്തെ കാലാവധിക്കാണ് വായ്പകള്‍ നല്‍കിയിട്ടുള്ളത്. ചില സൗജന്യങ്ങള്‍ തട്ടിക്കഴിച്ചാലും ഒരു വര്‍ഷം 2%ത്തോളം പലിശ നല്‍കേണ്ടിവരും. പാകിസ്ഥാന് ചൈന എത്രത്തോളം വായ്പ നല്‍കിയിട്ടുണ്ടെന്നുള്ളതിന്റെ ഔദ്യോഗിക കണക്കുകളൊന്നുമില്ല. 2015 മാര്‍ച്ചുവരെ 10 പദ്ധതികള്‍ക്കായി 1.3 ബില്യണ്‍ ഡോളറിന്റെ വായ്പയാണ് ചൈനീസ് ഡെവലപ്‌മെന്റ് ബാങ്ക് അംഗീകരിച്ചത്. 2016 ജൂണ്‍ ആയപ്പോഴേക്കും പദ്ധതികളുടെ എണ്ണം 16 ആകുകയും വായ്പത്തുക 4.6 ബില്യണ്‍ ഡോളര്‍ ആയി ഉയരുകയും ചെയ്തു.
എന്നാല്‍ സമീപകാലത്തായി സിഡിബി കൂടുതല്‍ പ്രായോഗികമായ സമീപനം സ്വീകരിക്കുകയും ചില വായ്പകള്‍ നിരസിക്കുകയും ചെയ്തതായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നുണ്ട്. ചൈനയുടെ വായ്പാനയം തീരുമാനിക്കുന്ന ബാങ്കിന് പാകിസ്ഥാനില്‍ സാന്നിദ്ധ്യമില്ലെങ്കിലും, വായ്പ നല്‍കിയിട്ടുള്ള ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള വാണിജ്യ ബാങ്കുകളുടെ സാന്നിധ്യം വര്‍ദ്ധിക്കുകയാണ്. ബാങ്ക് ഓഫ് ചൈന കറാച്ചിയില്‍ കഴിഞ്ഞ നവംബറില്‍ ശാഖ തുറന്നു. പാകിസ്ഥാനില്‍ 2011ല്‍ ആദ്യം പ്രവര്‍ത്തനം തുടങ്ങിയത് ഐസിബിസിയാണ്. കറാച്ചി, ലാഹോര്‍, ഇസ്ലാമബാദ് എന്നിവടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്. പാകിസ്ഥാന് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയിട്ടുള്ളത് ഐസിബിസിയാണ്. ബാങ്ക് ഓഫ് ചൈന, ബാങ്ക് ഓഫ് ഷെങ്ഷു, മിന്‍ഷെങ് ബാങ്കിങ് ഗ്രൂപ്പ്, ചെക്‌സിം, പോസ്റ്റല്‍ സേവിങ്‌സ് ബാങ്ക് ഓഫ് ചൈന എന്നിവയും പാകിസ്ഥാന് വായ്പകള്‍ നല്‍കിയിട്ടുണ്ട്.

Other News

 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
 • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
 • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
 • Write A Comment

   
  Reload Image
  Add code here