ജനാധിപത്യത്തിലൂടെ സാമ്പത്തിക ശക്തിയാകുന്ന ആദ്യ രാഷ്ട്രമായി ഇന്ത്യ

Sun,Aug 26,2018


ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയിട്ട് 7 ദശകങ്ങള്‍ പിന്നിടുന്നു. എന്നാല്‍ ഉടന്‍തന്നെ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയായി മാറുന്ന ഇന്ത്യ പഴയ കൊളോണിയല്‍ ശക്തിയെ പിന്തള്ളുമെന്നാണ് വളര്‍ച്ചയുടെ പ്രവണത കാണിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ലോക ബാങ്ക് പുറത്തുവിട്ട സ്ഥിതിവിവര കണക്കുകള്‍ പ്രകാരം 2017ല്‍ ഇന്ത്യ ഫ്രഞ്ച് സമ്പദ്ഘടനയെ മറികടന്നുകഴിഞ്ഞു. ഇന്നത്തെ വേഗതയില്‍ പോകുന്നപക്ഷം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന സമയം ആകുമ്പോഴേക്കും, കഴിഞ്ഞ 2000 വര്‍ഷങ്ങളില്‍ ഏറെക്കാലവും നിലനിന്നിരുന്ന സാമ്പത്തിക ശാക്തിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കപ്പെടുകയാകും ചെയ്യുക. അന്ന് യുറോപ്പിനെയും അമേരിക്കയെയുംകാള്‍ വലിയ സമ്പദ്ഘടനകളായിരുന്നു ഇന്ത്യയും ചൈനയും. സ്വാതന്ത്ര്യത്തിനു ശേഷം 71 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യ വളരെ മുന്നേറിയിരിക്കുന്നു. ഒരു സാധാരണ ഇന്ത്യക്കാരന്‍ 1947നെ അപേക്ഷിച്ച് ഇന്ന് 7 മടങ്ങ് സമ്പന്നനാണ്. 1951ല്‍ ജനസംഖ്യയുടെ 18% മാത്രമായിരുന്നു സാക്ഷരര്‍ ഉണ്ടായിരുന്നത്. ഇന്നിപ്പോള്‍ അത് നാലില്‍ മൂന്നു ഭാഗത്തോളമായി ഉയര്‍ന്നിരിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമായിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ സ്വാതന്ത്ര്യംനേടുന്ന കാലത്ത് ശരാശരി ആയുര്‍ദൈര്‍ഘ്യം 32 വയസായിരുന്നത് ഇപ്പോള്‍ 68 ആയി ഉയര്‍ന്നു. ശിശുമരണനിരക്ക് 1951ല്‍ 1000ത്തിനു 146ആയിരുന്നത് ഇപ്പോള്‍ 34 ആയി കുറയുകയും ചെയ്തു.
എന്നാല്‍ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതെല്ലാം കുറവാണ്. മനുഷ്യ വികസന സൂചിക പല സാമൂഹ്യഘടകങ്ങളെയും സൂചിപ്പിക്കുമ്പോള്‍ 188 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 133-ാം സ്ഥാനത്തു മാത്രമാണ്. സാമ്പത്തിക മേഖലയില്‍ ഒരു ശരാശരി ഇന്ത്യക്കാരന്റെ വാര്‍ഷിക വരുമാനം 1940 ഡോളറാണ്. ലോകബാങ്ക് ഇന്ത്യയെ 'താഴ്ന്ന ഇടത്തരം വരുമാന' സമ്പദ്ഘടനകളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതേ സമയം സ്വാതന്ത്ര്യാനന്തരം 1980വരെയും പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യയ്ക്ക് ഒപ്പമായിരുന്ന ചൈന ഇപ്പോള്‍ 8827 ഡോളര്‍ വരുമാനത്തോടെ 'മദ്ധ്യ വരുമാന' വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രാഷ്ട്രമായി. ചൈന ഇപ്പോഴുള്ള സ്ഥാനത്തേക്ക് അടുത്ത ഒരു ദശകത്തിനുള്ളിലോ മറ്റോ എത്താന്‍ ഇന്ത്യക്കു കഴിഞ്ഞേക്കും. അതേ വേഗതയില്‍ത്തന്നെ മുന്നേറിയാല്‍ മാത്രമേ ഈ നൂറ്റാണ്ടിന്റെ പകുതി ആകുമ്പോഴേക്കും യുറോപ്പിനെയും അമേരിക്കയേയുംകാള്‍ വലുതാകാന്‍ ഇന്ത്യക്കു കഴിയുകയുള്ളു. അത്തരമൊരു പുരോഗതി കൈവരിക്കുമെന്ന പ്രതീക്ഷയാണ് ഇന്ത്യയെക്കുറിച്ച് ലോകത്തെ ആവേശംകൊള്ളിക്കുന്നത്. അതിനു കഴിയണമെങ്കില്‍ ചൈന ഓഴികെ മറ്റൊരു രാജ്യത്തിനും കഴിഞ്ഞിട്ടില്ലാത്ത രീതിയില്‍ സുസ്ഥിരമായ വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യക്കു കഴിയണം. 1960കളുടെ അന്ത്യം മുതല്‍ 1970കളുടെ തുടക്കം വരെ ബ്രസീല്‍ 8 ശതമാനത്തോളം വളര്‍ച്ച നേടിയിരുന്നു. 1985 മുതലുള്ള ഒരു ദശകക്കാലം ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയായി തായ്‌ലന്‍ഡ് മാറിയിരുന്നു. ഏഷ്യന്‍ ധനപ്രതിസന്ധിയാണ് അതിനു തടസ്സമുണ്ടാക്കിയത്. ഒരു ദശകത്തിലേറെ കാലം ആ നിരക്കിലുള്ള വളര്‍ച്ച നേടാന്‍ കഴിഞ്ഞത് ചൈനയ്ക്ക് മാത്രമാണ്. അതിനെ അനുകരിക്കാന്‍ കഴിഞ്ഞെന്നിരിക്കില്ല. അനുകരിക്കാനും പാടില്ല. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ത്യയില്‍ 1.7 ബില്യണ്‍ ജനങ്ങളുണ്ടാകുമെന്ന് കണക്കാക്കിയാല്‍ ചരിത്രത്തില്‍ മറ്റൊരു രാജ്യത്തിനും കഴിയാത്ത രീതിയില്‍ കൂടുതല്‍ പേരെ സമൃദ്ധിയിലേക്കു നയിച്ച രാഷ്ട്രമെന്ന ഖ്യാതി ഇന്ത്യ നേടും. അങ്ങനെ ചെയ്യുന്ന ലോകത്തിലെ ആദ്യ ജനാധിപത്യ രാഷ്ട്രവുമായിരിക്കും ഇന്ത്യ. അമേരിക്കയും ബ്രിട്ടനുമൊക്കെ സമൃദ്ധി കൈവരിച്ച ശേഷമാണ് ജനാധിപത്യ രാഷ്ട്രങ്ങളായത്. ഇതായിരിക്കും ലോകത്തിലെ മറ്റു സമ്പദ്ഘടനകളില്‍നിന്നും ഇന്ത്യയെ വ്യത്യസ്തമാക്കുന്ന ഘടകം. പോരായ്മകള്‍ ഏറെയുണ്ടെങ്കിലും ഇന്ത്യയുടെ നേട്ടങ്ങള്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്നതും അതാണ്.
ജനസംഖ്യയില്‍ വലിയൊരു വിഭാഗത്തിന് ജനാധിപത്യം എന്താണെന്ന് ഒരു ധാരണയും ഇല്ലാതിരുന്ന അവസരത്തിലാണ് സ്വതന്ത്ര ഇന്ത്യയുടെ സ്ഥാപകര്‍ ജനാധിപത്യ പാത തെരെഞ്ഞെടുത്തത്. വികസിത പാശ്ചാത്യ രാഷ്ട്രങ്ങളില്‍പ്പോലും ഇല്ലാതിരുന്ന അവസരത്തിലാണ് സാര്‍വത്രികമായ പ്രായപൂര്‍ത്തി വോട്ടവകാശം ഇന്ത്യ നല്‍കിയത്. ചരിത്രത്തില്‍ അത്രയും വിപുലമായ തോതില്‍ മറ്റാരും അത് നല്‍കിയിട്ടില്ല. ചുരുക്കത്തില്‍ ജനാധിപത്യം എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ഭൂരിപക്ഷം പേര്‍ക്കും അറിവില്ലാതിരുന്ന സാഹചര്യത്തിലാണ് ജനാധിപത്യത്തിന്റെ സത്ത ഉള്‍ക്കൊണ്ട്, വിവിധ ജനവിഭാഗങ്ങള്‍ ഇടകലര്‍ന്നതും താല്‍പ്പര്യ സംഘര്‍ഷങ്ങള്‍ ഉള്ളതുകാരണം വേഗം തകര്‍ന്നുപോകുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നതായ, ഇന്ത്യ നിലനിന്നതും പുരോഗതി നേടിയതും. എന്നാല്‍ എല്ലാവരുടെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുക്കുകയും ചര്‍ച്ചകളും സംവാദങ്ങളും നടക്കുകയും ചെയ്തതു കാരണം ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലായിട്ടുണ്ട്. സമ്പദ്ഘടനകള്‍ വളരുന്നതിന് ഏകാധിപത്യ ഭരണമാണ് തുടക്കത്തില്‍ നല്ലതെന്നും, ജനങ്ങള്‍ സമൃദ്ധി കൈവരിക്കുകയും അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയും ചെയ്യുമ്പോള്‍ ക്രമേണ ജനാധിപത്യത്തിലേക്ക് മാറുകയാണ് വേണ്ടതെന്നും പറയാറുണ്ട്. എന്നാല്‍ ഇന്ത്യ വേഗംതന്നെ ജനാധിപത്യ രാഷ്ട്രമായി മാറുകയാണുണ്ടായത്. എല്ലാ ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് ഇന്ത്യ സാമ്പത്തികമായ പുരോഗതി നേടിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏതെങ്കിലുമൊരു നേതാവ് വ്യതിചലനം നടത്തിയിട്ടുണ്ടെങ്കില്‍ ആ നേതാവിനെ വോട്ടുചെയ്തു പുറത്താക്കിയിട്ടുമുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള 71 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ജനാധിപത്യം അത്ഭുതമാണ് കാട്ടിയത്. വര്‍ത്തമാന കാലത്തിലായാലും ഭാവിയിലായാലും ജനാധിപത്യത്തിന്റെ ചക്രങ്ങള്‍തന്നെ ആയിരിക്കും നമ്മുടെ മാര്‍ഗം തെളിക്കുക.

Other News

 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
 • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
 • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
 • വാട്ട്‌സാപ്പിലൂടെ ദമ്പതികളെ എന്‍ഐഎ ചോദ്യം ചെയ്തു
 • റഷ്യ - യുഎസ് ആണവായുധ ഉടമ്പടി ഇല്ലാതാകുന്നു
 • മൂന്ന് ലോക മഹാമാരികളില്‍ പൊണ്ണത്തടിയും പട്ടിണിയും
 • അമേരിക്കയുടെ പടിവാതില്‍ക്കല്‍ പുതിയ ശീതയുദ്ധഭീഷണിയുമായി പുടിന്‍
 • യുഎസ്‌ - ചൈന വ്യാപാര ചര്‍ച്ചകള്‍ ബെയ്ജിങ്ങില്‍ തുടരും
 • വരുമാന ഉറപ്പ് പദ്ധതിയുമായി കോണ്‍ഗ്രസ്
 • Write A Comment

   
  Reload Image
  Add code here