യുഎസ്-ചൈന വ്യാപാരയുദ്ധം ഇന്ത്യയ്ക്ക് സഹായകമാകും

Sun,Aug 26,2018


യുഎസും ചൈനയും തമ്മില്‍ തുടരുന്ന വ്യാപാരയുദ്ധം ഇറാനെതിരെ വാഷിങ്ടണ്‍ പ്രഖ്യാപിച്ചിട്ടുളള ഉപരോധങ്ങളുടെ ചൂട് അധികം ഏല്‍ക്കാതെ ഇന്ത്യയെ രക്ഷിക്കുമെന്ന് വിദഗ്ദ്ധര്‍. അന്ത്യശാസനം നല്‍കിയിട്ടുള്ള നവംബര്‍ 4നുശേഷവും ഇറാനില്‍നിന്നും കുറെ എണ്ണ ഇറക്കുമതി ചെയ്യാന്‍ അത് ഇന്ത്യയെ സഹായിക്കും. ശേഷിയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധീകരണ ശാലയായ സിനോപെക്കിന്റെ വ്യാപാര വിഭാഗമായ സീനോപെക് (ചൈനയില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി നടത്തുന്ന സ്ഥാപനമാണിത്) ഈ മാസം ആദ്യംതന്നെ യുഎസില്‍നിന്നുമുള്ള ഇറക്കുമതി നിര്‍ത്തിവച്ചു.
ചൈനയില്‍നിന്നുള്ള കയറ്റുമതിക്ക് തീരുവ ഏര്‍പ്പെടുത്തിയതിനുള്ള തിരിച്ചടി എന്ന നിലയില്‍ യുഎസില്‍നിന്നുള്ള ക്രൂഡ് ഓയിലിന് നികുതി ഏര്‍പ്പെടുത്താന്‍ ബെയ്ജിങ് ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ ഇതോടെ ശക്തമായി. അമേരിക്കന്‍ എണ്ണ വാങ്ങാതിരിക്കാന്‍ ഇത് ശുദ്ധീകരണശാലകളെ പ്രേരിപ്പിക്കും. യുഎസില്‍നിന്നും ഇറക്കുമതിചെയ്യുന്ന സാധനങ്ങള്‍ക്ക് 16 ബില്യണ്‍ ഡോളര്‍ തീരുവ ചുമത്തിക്കൊണ്ട് പ്രസിദ്ധീകരിച്ച പട്ടികയില്‍ ക്രൂഡ് ഓയില്‍ ഇല്ലായിരുന്നു. എങ്കിലും യുഎസ് ക്രൂഡ് ഓയിലിനോടുള്ള സമീപനം മാറാനിടയില്ല. എണ്ണ ഇറക്കുമതി നിര്‍ത്തിവച്ചതിന് രണ്ടു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചൈനീസ് എണ്ണശുദ്ധീകരണശാലകള്‍ ഓര്‍ഡര്‍ ചെയ്തതും ഇപ്പോള്‍ കപ്പലില്‍ കയറ്റി അയച്ചിട്ടുള്ളതുമായ എണ്ണയെ ബാധിക്കരുതെന്ന് ചൈന ആഗ്രഹിക്കുന്നു എന്നതാണ് ഒന്ന്. യുഎസില്‍ നിന്നും എണ്ണ കയറ്റി അയക്കുന്ന ടാങ്കറുകള്‍ ചൈനയിലെത്താന്‍ രണ്ടു മാസമെടുക്കും. രണ്ടാമതായി, യുഎസുമായി വിലപേശുന്നതിനുള്ള ഉപാധിയായി എണ്ണയെ മാറ്റുന്നതിന് ചൈന ആഗ്രഹിക്കുന്നു. എന്തായിരുന്നാലും ഇത് ഇന്ത്യക്കു ഗുണകരമായി മാറുമെന്നാണ് വ്യവസായ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന്റെ സാഹചര്യത്തില്‍ യുഎസില്‍നിന്നും എണ്ണ വാങ്ങുന്നത് ഉടനടിയൊന്നും പുനരാരംഭിക്കില്ലെന്ന് ചൈനയിലെ പൊതു ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികളുടെ എക്‌സിക്യൂട്ടീവുമാര്‍ പറയുന്നു. ഏഷ്യയില്‍ യുഎസ് എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാഷ്ട്രമാണ് ചൈന. ഇറാനില്‍നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാഷ്ട്രവും ചൈനതന്നെ. ഇറാനില്‍നിന്നും കൂടുതല്‍ എണ്ണ വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസില്‍നിന്നും കൂടുതല്‍ എണ്ണ വാങ്ങുന്ന കാര്യം ഇന്ത്യ ആലോചിക്കുന്നുണ്ട്. യുഎസില്‍നിന്നും എണ്ണ വാങ്ങുന്നത് ചൈന അവസാനിപ്പിച്ചാല്‍ അത് ഇന്ത്യക്കു അവസരമായിരിക്കും തുറന്നുനല്‍കുന്നത്. എണ്ണയുടെ ആവശ്യത്തില്‍ പ്രതിവര്‍ഷം അഞ്ചോ ആറോ ശതമാനം വര്‍ദ്ധനവ് ഇന്ത്യയില്‍ ഉണ്ടാകുന്നുണ്ട്. വിവിധ ഇനം ക്രൂഡ് ഓയിലുകള്‍ ശുദ്ധീകരിക്കാനുള്ള ശേഷിയും ഇന്ത്യയ്ക്കുണ്ട്.
ചൈന യുഎസില്‍നിന്നും വാങ്ങാതാകുന്ന അത്രയും അളവിലുള്ള എണ്ണ വാങ്ങാന്‍ ശേഷിയുള്ള ഏക ഏഷ്യന്‍ രാഷ്ട്രമാണ് ഇന്ത്യ. യുഎസില്‍നിന്നും എണ്ണ വാങ്ങുന്ന മറ്റു രാജ്യങ്ങളായ ദക്ഷിണ കൊറിയ, തായ്‌വാന്‍, തായ്‌ലന്‍ഡ് എന്നിവയ്‌ക്കൊന്നും കൂടുതല്‍ അളവില്‍ വാങ്ങാന്‍ കഴിയില്ല. ഇതെല്ലാംതന്നെ യുഎസുമായി വിലപേശുന്നതിനും ഉപരോധങ്ങളുടെ കാര്യത്തില്‍ ഇളവ് നേടുന്നതിനും ഇന്ത്യക്ക് അവസരമൊരുക്കും. യുഎസില്‍നിന്നുള്ള ക്രൂഡ് ഓയില്‍ വിലപേശല്‍ ഉപാധിയാക്കി ഉപയോഗപ്പെടുത്താനാണ് ചൈനയുടെയും നീക്കം. ഇറാനില്‍നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഇറാനില്‍നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൈന വര്‍ദ്ധിപ്പിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനര്‍ത്ഥം ഇറാനില്‍നിന്നുമുള്ള എണ്ണ വിപണിയിലുണ്ടാകുമെന്നും അത് എണ്ണവിലയെ നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായിക്കുമെന്നുമാണ്. വിപണിയില്‍ ഇറാനിലെ എണ്ണയുടെ സാന്നിധ്യം, യുഎസിന്റെ ഉപരോധങ്ങള്‍ ഫലിച്ചില്ല എന്നത് പ്രകടമാക്കുമെന്നും അത് ഉപരോധങ്ങളില്‍നിന്ന് ഇളവ് നേടുന്നതിനോ, അല്ലെങ്കില്‍ മുമ്പ് ഒബാമ ഭരണകൂടം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ കാലത്ത് ചെയ്തിരുന്നതുപോലെ രൂപയുടെ അടിസ്ഥാനത്തില്‍ വ്യാപാരം ചെയ്യുന്നതിനോ, ഇന്ത്യക്കു അവസരമൊരുക്കുമെന്നും കരുതപ്പെടുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ത്തന്നെ ഇന്ത്യയ്ക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്യുന്ന രണ്ടാമത്തെ രാഷ്ട്രമെന്ന പദവി സൗദി അറേബ്യയെ പിന്തള്ളി ഇറാന്‍ തിരിച്ചുപിടിച്ചിരുന്നു. 7 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇറാന് ആ പദവി നഷ്ടമായത്. 2010-11 വരെയും സൗദി അറേബ്യ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്ത രണ്ടാമത്തെ രാഷ്ട്രമായിരുന്നു ഇറാന്‍. എന്നാല്‍ ആണവായുധ പരിപാടിയുടെ പേരില്‍ ഒബാമ ഭരണകൂടം ഇറാനെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ സമയത്ത് ആ സ്ഥാനം ഇറാന് നഷ്ടമായി. ഇപ്പോള്‍ ഇറാക്കില്‍നിന്നുമാണ് ഇന്ത്യ കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്.

Write A Comment

 
Reload Image
Add code here