മുല്ലപ്പെരിയാറിന്റെ സുരക്ഷിതത്വം; ജസ്റ്റീസ് കെ.ടി തോമസിന്റെ വാദം പൊളിയുന്നു

Sun,Aug 26,2018


മുല്ലപ്പെരിയാര്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ അണക്കെട്ടാണെന്ന് വാദിച്ച് തമിഴ്‌നാടിന് ശക്തിപകര്‍ന്ന മലയാളിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി അംഗം ജസ്റ്റീസ് കെ.ടി തോമസ്. 116 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണി നടത്തുന്നതിനാല്‍ ഇനി ഒരു ആയിരം വര്‍ഷം കൂടി സുരക്ഷിതമായിരിക്കുമെന്നാണ് ജസ്റ്റീസ് കെ.ടി തോമസ് പറഞ്ഞത്.
2017 ജൂണിലും ജസ്റ്റീസ് തന്റെ വാദം ആവര്‍ത്തിച്ചിരുന്നു. മഴക്കാലത്ത് മുല്ലപ്പെരിയാര്‍ പൊട്ടുമെന്ന പതിവ് അഭ്യൂഹത്തിന് തിരികൊളുത്തരുതെന്നും അദ്ദേഹം പറഞ്ഞു. അണപൊട്ടി മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം ഒഴുകിയാല്‍ എറണാകുളം, തൃശൂര്‍ അടക്കമുള്ള ജില്ലകളില്‍ കനത്ത നാശം ഉണ്ടാകുമെന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം പറയുകയുണ്ടായി. ജസ്റ്റീസ് തോമസ് ഉള്‍പ്പെട്ട മുല്ലപ്പെരിയാര്‍ വിദഗ്ദ്ധ സമിതിയുടെയും തമിഴ് നാടിന്റെയും വാദങ്ങളെല്ലാം തെറ്റായിരുന്നു എന്നു തെളിയിക്കുന്നതാണ് കേരളം ഈ നൂറ്റാണ്ടില്‍ നേരിട്ട ഏറ്റവും ശക്തമായ പ്രളയം. മുല്ലപ്പെരിയാര്‍ അടക്കമുള്ള കേരളത്തിലെ എല്ലാ ഡാമുകളിലും സംഭരണശേഷിയിലധികം വെള്ളം നിറഞ്ഞതോടെ തുറന്നുവിടേണ്ടിവരികയും ആ വെള്ളം സൃഷ്ടിച്ച കുത്തൊഴുക്കില്‍ സംസ്ഥാനത്തിന്റെ 13 ജില്ലകളും പൂര്‍ണമായോ ഭാഗകമായോ മുങ്ങിപ്പോവുകയും ചെയ്തതിന്റെ കെടുതികള്‍ കേരള ജനത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 44 ഓളം ഡാമുകളാണ് സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് തുറന്നുവിടേണ്ടിവന്നത്. അതില്‍ ഏറ്റവും സുരക്ഷാ ഭീഷണി ഉയര്‍ത്തിയത് നൂറ്റാണ്ടു പിന്നിട്ട മുല്ലപ്പെരിയാര്‍ അണക്കെട്ട് തന്നെയായിരുന്നു. ജലനിരപ്പ് കുത്തനെ ഉയര്‍ന്ന് 140 അടി പിന്നിട്ടതിനെതുടര്‍ന്നാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 11 ഷട്ടറുകള്‍ ഒരടി വീതം തുറക്കേണ്ടി വന്നത്. ജലനിരപ്പ് ഓഗസ്റ്റ് 14 ചൊവ്വാഴ്ച രാത്രിയാണ് 140 അടിയിലേക്ക് എത്തിയത്.
പിന്നാലെ ബുധനാഴ്ച പുലര്‍ച്ച 2.30 ഓടെയാണ് ഷട്ടറുകള്‍ തമിഴ്‌നാട് തുറന്ന് സെക്കന്റില്‍ 4490 ഘനയടി വെള്ളം സ്പില്‍ വേയിലൂടെ പുറത്തേക്കൊഴുക്കിയത്. ഇതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയരുകയും ചെയ്തു. വെള്ളം ഒഴുക്കി വിട്ടിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂടി പുലര്‍ച്ച നാലിന് 140.25 അടിയിലേക്ക് എത്തി. ഇതനുസരിച്ച് ബുധനാഴ്ച പുലര്‍ച്ച മുതല്‍ സെക്കന്റില്‍ ഏഴര ലക്ഷം ലിറ്റര്‍ വെള്ളമാണ് ചെറുതോണിയില്‍ പുറത്തേക്കൊഴുക്കിയത്. ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിപ്പ് ഉയര്‍ന്ന് 2398.28 അടിയിലെത്തുകയും ചെയ്തു. മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കിയിലേക്ക് എത്തുന്നതോടെ ചെറുതോണി അണക്കെട്ടില്‍ വീണ്ടും വെള്ളം ഉയര്‍ന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതാണ് കേരളം അനുഭവിച്ച അസാധാരണമായ പ്രളയത്തിന് ഒരു പ്രധാന കാരണമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. നേരത്തെ കേരളം ആവശ്യപ്പെട്ടതു പ്രകാരം തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോയിരുന്നുവെങ്കില്‍ ഈ ദുസ്ഥിതി ഉണ്ടാകുമായിരുന്നില്ല എന്നും ഉറപ്പാണ്. പ്രളയശേഷവും മുല്ലപ്പെരിയാര്‍ സുരക്ഷിതമോ? മഴക്കാലത്തിനുമുമ്പ് അണക്കെട്ട് സന്ദര്‍ശിച്ച് വെള്ളപ്പൊക്ക മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശമുണ്ടായിട്ടും ഇപ്രാവശ്യം ഉന്നതാധികാര സമിതി മണ്‍സൂണ്‍ കടുത്തിട്ടും അണക്കെട്ട് സന്ദര്‍ശിച്ചിരുന്നില്ല. ജലനിരപ്പ് 136ല്‍നിന്ന് കുയ്‌റക്കണമെന്ന് കേരളം ശക്തമായി ആവശ്യപ്പെടുന്നതിനിടെയാണ് 2014 മേയ് ഏഴിന് 142 അടിയാക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കി കോടതി ഉത്തരവുണ്ടായത്. ഈ ഉത്തരവിനൊപ്പം പുതിയ മൂന്നംഗ ഉന്നതാധികാര സമിതിയെയും കോടതി നിയോഗിച്ചു. സമിതിക്കായി കുമളിയില്‍ ഓഫിസ് തുറന്നെങ്കിലും നാലുവര്‍ഷം പിന്നിടുമ്പോഴും ഇവിടേക്ക് ഒരു ജീവനക്കാരനെപ്പോലും നിയോഗിച്ചിട്ടില്ല. ഉന്നതാധികാര സമിതിയെ സഹായിക്കാന്‍ അഞ്ചംഗ ഉപസമിതിയെയും പിന്നീട് നിയോഗിച്ചു. ഇവര്‍ ആഴ്ചതോറും അണക്കെട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കണമെന്നായിരുന്നു നിര്‍ദേശം. ഇതും ഉണ്ടായില്ല. വര്‍ഷത്തില്‍ രണ്ടുതവണ നടക്കുന്ന ഉന്നതാധികാര സമിതിയുടെ മുല്ലപ്പെരിയാര്‍ സന്ദര്‍ശനവേളയിലും എപ്പോഴെങ്കിലും നടക്കുന്ന ഉപസമിതി സന്ദര്‍ശന ഘട്ടത്തിലും മാത്രമാണ് ഓഫിസിലേക്ക് ഉദ്യോഗസ്ഥര്‍ വരുന്നത്. മഴ ശക്തിയായപ്പോള്‍ അണക്കെട്ടില്‍ തമിഴ്‌നാട് അവശ്യപ്പെട്ടിുരുന്ന 142 അടിയിലും മുകളിലായി ജലനിരപ്പ് ഉയര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് 2473 ഘന അടി ജലമാണ് സെക്കന്‍ഡ് തോറും ഒഴുകിയെത്തുന്നത്. കേരളത്തിന്റെ ഭീതി വകവയ്ക്കാതെ ജലനിരപ്പ് 142 ലേക്ക് ഉയര്‍ത്തുമെന്ന കടുംപിടിത്തത്തില്‍ തന്നെയായിരുന്നു തമിഴ്‌നാട്. മഴക്കാലം തുടങ്ങുംമുമ്പ് അണക്കെട്ട് സന്ദര്‍ശിച്ച് അടിയന്തര ഘട്ടത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിക്കുകയും സീപ്പേജ് ജലത്തിന്റെ അളവും മറ്റ കാര്യങ്ങളും നേരിട്ട് വിലയിരുത്തി അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ടിയിരുന്നെങ്കിലും അതുണ്ടായില്ല. പ്രവര്‍ത്തനം തുടങ്ങി നാലുവര്‍ഷം പിന്നിടുമ്പോഴും അണക്കെട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കാനോ സ്പില്‍വേ ഓപറേറ്റിങ് മാന്വല്‍ തമിഴ്‌നാട്ടില്‍നിന്ന് തയാറാക്കി വാങ്ങാനോ ഉന്നതാധികാര സമിതിക്ക് കഴിഞ്ഞില്ല. കാലവര്‍ഷക്കെടുതിയുടെ നടുവില്‍ സംസ്ഥാനം നില്‍ക്കുമ്പോള്‍ ജലനിരപ്പ് ഉയര്‍ന്ന മുല്ലപ്പെരിയാറും ഉന്നതാധികാര സമിതിയുടെ വീഴ്ചകളും കേരളത്തിന്റെ ഭീതി ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് കുറച്ചുകൊണ്ടുവരുന്നതിന് ഇടപെടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിന്റെ സുരക്ഷിതത്വം കണക്കിലെടുത്ത് വെള്ളത്തിന്റെ അളവ് നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്ര നിര്‍ണായകമായ ഒരു സാഹചര്യത്തെ സ്വന്തം നിലപാട് ശരിയാണെന്ന് തെളിയിക്കാനുള്ള അവസരമായി ഉപയോഗിക്കുകയായിരുന്നു തമിഴ്‌നാടെന്നാണ് സൂചന. മുല്ലപ്പെരിയാര്‍ ഡാം എത്ര വെള്ളം നിറഞ്ഞാലും സുരക്ഷിതമാണെന്ന് തെളിയിക്കാനായിരുന്നു തമിഴ്‌നാടിന്റെ ശ്രമം. എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതിലുണ്ടായ കാലതാമസത്തിന് കടുത്ത വില കൊടുക്കേണ്ടിവന്നത് കേരളത്തിലെ ജനങ്ങളാണ്. ഈ സ്ഥിതിയില്‍ പ്രളയം രൂക്ഷമായപ്പോളാണ് ഇടുക്കി സ്വദേശി സുപ്രീംകോടതി സമീപിച്ച് ജലനിരപ്പ് 139 അടിയായി കുറക്കാനുള്ള നിയമ പോരാട്ടം നടത്തി കേരളത്തിന് അനുകൂലമായ വിധി നേടിയത്. അതേ സമയം സുപ്രീംകോടതി ഇടപെടല്‍ ഉണ്ടാകാതിരിക്കുകയും തമിഴ്‌നാടിന്റെ താല്‍പര്യം പോലെ ജലനിരപ്പ് 142 അടിയിലേക്കോ അതിനും മുകളിലേക്കോ പോയിരുന്നുവെങ്കില്‍ ഒരു പക്ഷെ സര്‍വ നാശത്തിനുതന്നെയാകും ലോകം സാക്ഷ്യം വഹിക്കുക. ഇതിനിടയില്‍ കനത്ത മഴയും നീരൊഴുക്കും മൂലം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഓരങ്ങളിലെ മണ്ണ് കുത്തിയൊലിച്ച് ആറിലേക്ക് വീണത് കനത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രളയത്തിനുശേഷമുള്ള അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചും നിലനില്‍പ്പിനെക്കുറിച്ചും ഗൗരവമേറിയതും സൂക്ഷ്മവുമായ വിദഗ്ദ്ധ പരിശോധന അത്യന്താപേക്ഷിതമായിരിക്കുകയാണ്.

Other News

 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
 • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
 • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
 • Write A Comment

   
  Reload Image
  Add code here