ചങ്കുറപ്പോടെ കേരളം

Thu,Aug 23,2018


'നമ്മള്‍ മലയാളികള്‍ക്ക് ഒരുപാട് കുറവുകളുണ്ട്; പക്ഷേ, അതിലേറെ നന്മകള്‍ ജനിതകമായിത്തന്നെ നമുക്കുണ്ട്'. ഇതു പറഞ്ഞത് ആരായാലും അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ് എന്ന് തെളിയിച്ച ആഴ്ചയാണ് കടന്നുപോയത്. 1924ലെ മഹാ പ്രളയത്തിന്റെ ദുരനുഭവങ്ങള്‍ നേരിട്ടവരില്‍ അധികമാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. സംഘര്‍ഷവും യുദ്ധവും പ്രകൃതി ദുരന്തങ്ങളും തീണ്ടാത്ത തലമുറകള്‍ കടന്നു പോയി. പഴയ പ്രളയം അമ്മൂമ്മ കഥകളിലും നാടന്‍ പാട്ടുകളിലും ഉറങ്ങി. പ്രളയമൊഴുകിയ വഴികളിലൂടെ കഥയറിയാത്ത പുതിയ തലമുറ ജീവിതങ്ങള്‍ കെട്ടിപ്പടുത്തു. മലയാളിക്ക് മഴ ഒഴിയാത്ത ഗൃഹാതുരത്വമാണ്. ഈ മഴക്കാലവും വ്യത്യസ്തമായിരുന്നില്ല. തുള്ളി മുറിയാതെ പെയ്തപ്പോള്‍ അതൊരു കൗതുകമായി. മരുഭൂമിയുടെ ഊഷരതയില്‍നിന്ന് മഴ കാണാന്‍ കൊതിച്ച് നാട്ടിലേക്ക് പറന്നവര്‍ ആസ്വദിച്ചു. വരാനിരിക്കുന്ന മഹാ പ്രളയത്തെക്കുറിച്ച് തെല്ലും അറിയാതെ നാം മഴ ആഘോഷിച്ചു. ചിത്രം മാറിയത് വളരെ പെട്ടന്നാണ്. ഡാമുകള്‍ നിറഞ്ഞൊന്ന് തുളുമ്പിയപ്പോള്‍ ആവേശം ആശങ്കയ്ക്ക് വഴിമാറി. ആഘോഷങ്ങള്‍ നിലച്ചു. എത്ര പെട്ടന്നാണ് മലയാളികളും മാറിയത്. നിസ്സഹായത പറഞ്ഞ് കൈമലര്‍ത്തി വാവിട്ടു കരയുകയല്ല മലയാളി ചെയ്തത്. എല്ലാവരും ഒരുമിച്ചു. വിനോദ ഗ്രൂപ്പുകള്‍ രക്ഷാ ഗ്രൂപ്പുകളായി. രാഷ്ട്രീയം മറന്ന്, മതം മറന്ന്, ജാതി മറന്ന് വെറും മനുഷ്യരായി. ജീവന്‍ പണയംവച്ച് സഹജീവികളെ രക്ഷിക്കാന്‍ എടുത്തു ചാടി. അസാധ്യമെന്ന് വിലയിരുത്തിയ രക്ഷാദൗത്യം, സേനയുടെ പോലും ഭാഗികമായ പിന്തുണ മാത്രം കൊണ്ട് നമ്മള്‍ പൂര്‍ത്തിയാക്കി. പട്ടിണിക്ക് മതമില്ലെന്ന് തെളിഞ്ഞു. പള്ളികളും മോസ്‌കുകളും ആരാധനാലയങ്ങളും സ്‌കൂളുകളും അന്തിപ്പാര്‍പ്പിനുള്ള ഇടങ്ങളായി. മനുഷ്യര്‍ തൊട്ടു തീണ്ടായ്മ കൂടാതെ കിടന്നു. സോഷ്യല്‍ മീഡിയ രക്ഷാ ദൗത്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടു. വെറുപ്പിന്റെ രാഷ്ട്രീയത്തെ സഹ്യസാനുവിനപ്പുറം ഓടിച്ചു. മലയാളിയെന്ന ഉണ്മയിലേക്ക് ഓരോരുത്തരും മടങ്ങിയ കാഴ്ച. വെറുപ്പിന്റെ രാഷ്ട്രീയം കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചു ഈ പ്രളയം.
മറ്റുള്ളവര്‍ പറയുന്നത് മലയാളി ഇങ്ങനെയൊക്കെയാണ്. ഒരു തമിഴ് സുഹൃത്ത് എഴുതിയത് പോലെ, എങ്ങനെയാണ് നമുക്ക് ഇങ്ങനെ മാറാന്‍ കഴിയുന്നത്? 'ചെന്നെയില്‍ പ്രളയം വന്നപ്പോള്‍ വാവിട്ടു കരയുന്ന ജനങ്ങളെയാണ് കണ്ടതെങ്കില്‍ കേരളം കണ്ടത് പതറാതെ പൊരുതിനില്‍ക്കുന്ന ജനതയെയാണ്' കൊച്ചിയിലെ ദുരിതനിവാരണ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന നേവല്‍ ഓഫീസര്‍ രാജീവ് ത്യാഗി എഴുതിയിത് ഇങ്ങനെ: ''ഞാന്‍ കൊച്ചിയിലെ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. സായുധ സേനകള്‍ മഹത്തായ രീതിയില്‍ സേവനം ചെയ്തു എന്ന് അംഗീകരിക്കപ്പെടുമ്പോഴും ഈ ദൗത്യവും ശ്രീനഗര്‍, ചെന്നൈ, ഉത്തരാഞ്ചല്‍, മുംബെ എന്നിവിടങ്ങളില്‍ നടത്തിയ ദൗത്യങ്ങളും തമ്മില്‍ എനിക്ക് അനുഭവപ്പെട്ട വ്യത്യാതം ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒന്നാമത് സിവില്‍ ഭരണകുടം മുന്‍നിരിയില്‍ത്തന്നെ ഉണ്ടായിരുന്നു എന്നതിലും അവര്‍ ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു എന്നതിലും ക്രെഡിറ്റ് അര്‍ഹിക്കുന്നു. മറ്റു സ്ഥലങ്ങലില്‍ അധികാരികള്‍ പുറത്തുവരാതെ ഒളിച്ചിരിക്കുകുയും പൊതുജനസമക്ഷം പ്രത്യക്ഷപ്പെടാന്‍ മടികാണിക്കുകയും ചെയ്തു. ഇവിടെ അവര്‍ ദുരിതം അനുഭവിക്കുന്ന ആളുകളുടെ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രണ്ടാമത് ചെറുപ്പക്കാരുടെ കാര്യമാണ്. അവര്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ സ്വയമേവ ഏറ്റെടുത്ത് നടത്തുന്ന കാഴ്ചയാണ് കണ്ടത്. ദൂരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കാന്‍ ഐടി കമ്പനികള്‍ സ്റ്റാഫിന് ഓഫ് നല്‍കി. ശ്രമങ്ങല്‍ ഏകീകരിക്കാന്‍ അവര്‍ പലവിധത്തിലുള്ള സോഫ്റ്റ്‌വെയര്‍ പ്രാഗ്രാമുകള്‍ ഉണ്ടാക്കി. അവര്‍ കോര്‍ഡിനേറ്റ് ചെയ്തിരുന്ന സ്ഥലങ്ങളില്‍ അവശ്യസാധനങ്ങള്‍ ഏത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും മറ്റു ചെറുപ്പക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. എന്റെ ഫ്‌ളാറ്റ് കേംപ്ലക്‌സില്‍നിന്നുതന്നെ യുവതികള്‍ 3 ലക്ഷത്തോളം രൂപ സമാഹരിക്കുകയും ഭക്ഷണ പോതികള്‍ വിതരണം ചെയ്യുകയും ചെയ്തു. മൂന്നാതമത് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ കാര്യമാണ്. അവര്‍ സ്വന്തം വള്ളങ്ങളിലും ബോട്ടുകളിലും എത്തി കുടുങ്ങിക്കിടന്നവരെ റക്ഷപ്പെടുത്തിക്കൊണ്ടിരുന്നു. അതുപോലെ ചെറു സംഘടനകളും അവരുടേതായ രീതിയില്‍ ആളുകളെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചു. ചുരുക്കത്തില്‍ ജനങ്ങള്‍ മൊത്തത്തില്‍ മറ്റു സ്ഥലങ്ങളിലേതുപോലെ ഗവണ്മെന്റ് സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നതിനായി കാത്തുനില്‍ക്കാതെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വിവിധ ഗ്രൂപ്പുകള്‍ സഹകരിച്ച്, മതമോ ജാതിയോ മറ്റു വിഭാഗീയതകളോ കൂടാതെ സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് കണ്ട് എനിക്ക് വളിയ സന്തോഷം തോന്നി. സാധനങ്ങളുമായി ഞാന്‍ ഒരു പള്ളിയില്‍ ചെന്നപ്പോള്‍ അടുത്ത അമ്പലത്തിലാണ് കൂടുതല്‍ ആളുകളുള്ളതെന്നു പറഞ്ഞ് അവര്‍ എന്നെ അങ്ങോട്ടേക്ക് അയക്കുകയാണ് ചെയ്തത്. ഇത്തരം മനോഭാവമുള്ള ഈ സംസ്ഥാനത്തിന് നല്ല ഭാവിയുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്'' ഇതാണ് മലയാളി. മോദിയും ബിജെപിയും സംഘ്പരിവാറുകാരും തോല്പിക്കാന്‍ ശ്രമിച്ചാലും മലയാളി അതിജീവിക്കും. അത്തരം അതിജീവനത്തിന്റെ ബാലപാഠമായിരുന്നു ഈ ജലപ്രളയം.
മലയാളി നേടിയ ഗുഡ്‌വില്‍
പക്ഷേ, നമ്മെ തോലിപിച്ച ചിലരുണ്ട്. ആദ്യം ബീഹാറില്‍നിന്നു വന്ന ആ തെരുവോരത്തെ കരിമ്പടം വില്പനക്കാരന്‍. വില്‍ക്കാന്‍ കൊണ്ടുവന്ന സ്റ്റോക്കെല്ലാം സൗജന്യമായി നല്‍കി അയാള്‍ നമ്മെ നിരായുധരാക്കി. കര്‍ക്കടകത്തില്‍ അവസാനനാളില്‍ വന്ന്, വെറും കൈയ്യോടെ മടങ്ങിപ്പോയ ആ ദരിദ്ര പരദേശിയാണ് നമ്മുടെ ഈ വര്‍ഷത്തെ മാവേലി. സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ പണം കുടുക്ക പൊട്ടിച്ച്, ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ തമിഴ്‌നാട്ടിലെ കുഞ്ഞുമിടുക്കിയും നമ്മെ സ്‌നേഹംകൊണ്ട് തോല്പിച്ചുകളഞ്ഞു. പിന്നെ, അച്ഛന്‍ തനിക്കും കുഞ്ഞനുജനുമായി നല്‍കിയ 50 ലക്ഷം രൂപ വിലവരുന്ന സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത സ്വാഹ.വി.എസ്. കോളജ് യൂണിഫോമില്‍ മീന്‍ വിറ്റ് വിവാദനായികയായ ഹനാന്‍ തനിക്കു കിട്ടിയ ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നമ്മെ തോല്പിച്ചു. പട്ടാളവും നേവിയും വായുസേനയും എത്തുംമുമ്പ് എത്തി പതിനായിരങ്ങളെ തുരുത്തുകളില്‍നിന്ന് രക്ഷപ്പെടുത്തിയ മത്സ്യതൊഴിലാളികള്‍, സ്ത്രീകള്‍ക്ക് റബ്ബര്‍ ബോട്ടില്‍ കയറാന്‍ കമഴ്ന്നു കിടന്നു ചവിട്ടുപടിയായി മാറിയ ജൈസല്‍ കെ പി എന്ന മലപ്പുറം ജില്ലയിലെ താനൂര്‍ സ്വദേശി മത്സ്യത്തൊഴിലാളി, ആര്യന്‍ ക്ലബിനെതിരായ മൂന്ന് ഗോള്‍ ജയത്തിനു ശേഷം ആഘോഷിക്കുന്നതിനു പകരം ഈസ്റ്റ് ബംഗാള്‍ ഗ്രൗണ്ടിലെ ഗാലറിയില്‍ പോയി പിരിവെടുത്ത ഈസ്റ്റ് ബംഗാളിന്റെ മലയാളി താരങ്ങളായ ജോബി ജസ്റ്റിനും ഉബൈദ് സികെയും മിര്‍ഷാദും, കേരളത്തിലെ മുഴുവന്‍ പള്ളികളും സ്ഥാപങ്ങളും സേവനകേന്ദ്രങ്ങള്‍ ആക്കി മാറ്റിയ കെസിബിസി, കേരളം ആവശ്യപ്പെടാതെതന്നെ സഹായഹസ്തം നീട്ടിയ യുണൈറ്റഡ് നേഷന്‍സ്, കേന്ദ്ര സര്‍ക്കാര്‍ 500 കോടി നല്‍കിയപ്പോള്‍ 700 കോടി വാഗ്ദാനം ചെയ്ത യുഎഇ ഭരണാധികാരി, 35 കോടിയും ഒരു ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് നിറയെ മരുന്നുകളടക്കമുള്ള സാധനങ്ങളും തന്ന ഖത്തര്‍ അമീര്‍, പ്രാര്‍ത്ഥനാപൂര്‍വ്വം ആഗോള കത്തോലിക്കാ സഭയുടെ സഹായഹസ്തം നീട്ടിയ മാര്‍പാപ്പ, ഇപ്പോള്‍ത്തന്നെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞ ബ്രിട്ടനില്‍നിന്നുള്ള ദുരന്തനിവാരണ ഏജന്‍സികള്‍, ഓണാഘോഷം റദ്ദാക്കിയും പിരിവെടുത്തും ദുരിതാശ്വാസത്തിനു സംഭാവന ചെയ്യാന്‍ തീരുമാനിച്ച വിദേശ മലയാളി സംഘടനകള്‍... പട്ടികയ്ക്ക് ദിവസവും നീളം വയ്ക്കുകയാണ്. ഇതെല്ലാം മലയാളി നേടിയ ഗുഡ്‌വില്ലിന്റെ പ്രതിഫലനമാണ്.
നമുക്കു ചുറ്റും കാണുന്നത്
തിരുവനന്തപുരത്തെ ഒരു പത്ര പ്രവര്‍ത്തകന്‍ കുറിച്ചതിങ്ങനെ: കഴിഞ്ഞ നാലഞ്ചുദിവസമായി പല സമയത്തായി ഞങ്ങളൊക്കെ ഇതിന്റെ ഭാഗമാണ്. പക്ഷെ ഞങ്ങളാരുമില്ലെങ്കിലും ഇത് നന്നായി നടക്കും. ഒരു പക്ഷെ ഇതിലും മെച്ചമായി നടക്കും. അങ്ങനെയാണ് ചെറുപ്പക്കാരുടെ, എന്റെ അടുത്ത തലമുറയുടെ, പരിശ്രമം, സമര്‍പ്പണം. ചില മുഖങ്ങളെ എപ്പോള്‍ വന്നാലും കുറച്ചുദിവസമായി ഇവിടെ കാണാം. അവരുടെ മുഖത്തൊന്നും ഒരു മടുപ്പുമില്ല. ഇനിയും എന്തൊക്കെയോ ചെയ്യാനുണ്ട്, അല്ലെങ്കില്‍ ഇപ്പോള്‍ ഒന്നും ചെയ്യാനില്ലല്ലോ എന്ന ഭാവമേയുള്ളൂ. നാളത്തെ തലമുറയെക്കുറിച്ചോര്‍ത്ത്, നിങ്ങളാരും വേവലാതിപ്പെടേണ്ട, ആകുലരാകേണ്ട. ചുറ്റും വലിയ ഒച്ചപ്പാടുകള്‍ കേള്‍ക്കാം: 'കോര്‍ഡിനേഷന്‍ ചെയ്യാത്തതെന്താ... നിങ്ങള്‍ രണ്ടു ടീമായി ചെയ്യണം, നോ പ്രോബ്‌ളം, സാരമില്ലെന്നേ, മറ്റേ നമ്പരില്‍ വിളിച്ചോ, ഇനി പാക്കറ്റ് ഇന്ന് എത്തുമോ, റിക്വയര്‍മെന്റ് കൊടുത്തിട്ടുണ്ട്, അത് ആലപ്പുഴയ്ക്കു കൊണ്ടുപോകാനാണ്, സോപ്പ് ആ ബോക്‌സില്‍ വയ്ക്കൂ, ആ പെട്ടിയില്‍ ഇനിയൊന്നും കയറുമെന്നു തോന്നുന്നില്ല, അവലു പാക്ക് ചെയ്തില്ലല്ലോ, ഡെറ്റോള്‍ പത്ത് വലിയ ബോട്ടില്‍, 20 ചെറിയ ബോട്ടില്‍, വലിയ പത്തു കാര്‍ട്ടന്‍ കൂടി വേണം....' ഇതൊക്കെ ഇതു കുറിക്കുന്നതിനിടയില്‍ കേട്ട ചില കാര്യങ്ങള്‍ മാത്രമാണ്. കേരളം കാട്ടുന്ന അനുതാപത്തിന്റെ ആയിരക്കണക്കിനു ദൃശ്യങ്ങളില്‍ ഒന്നു മാത്രമാണ് ഇത്. ഇതുപോലെ എത്രയെത്ര ടീമുകള്‍ തലസ്ഥാനത്തു തന്നെയുണ്ട്. കേരളമാകെയെടുത്താല്‍ എത്രയോ പേര്‍ കൈകോര്‍ത്തുനില്‍ക്കുന്നു. പ്രളയക്കെടുതിയില്‍പ്പെട്ട ഓരോരുത്തരും അതുവഴി ഞങ്ങളുടെ ഹൃദയത്തിന്റെ ഭാഗമാണ്, അല്ല ഞങ്ങള്‍ തന്നെയാണെന്നാണ് പറയുകയാണ് ഇവര്‍. വാട്‌സാപ്പില്‍ ഒരു ഗ്രൂപ്പ് തുടങ്ങിയപ്പോള്‍ ഇത്രയും വലിയ ഒരു ദൗത്യത്തിന്റെ ഭാഗമാകുകയാണെന്ന് മുന്‍കൈയെടുത്തവര്‍ അറിഞ്ഞിരുന്നില്ല. ഇത് നേതൃത്വം കൊടുത്ത ആരുടെയും നേട്ടമല്ല, മിടുക്കല്ല. നമ്മുടെ നാടിന്റെ സന്മനോഭാവമാണ്. മറ്റുള്ളവരെ സഹായിക്കുന്നവരല്ല, മുകളിലേയ്ക്കു കയറാന്‍ ശ്രമിക്കുന്നവരെ താഴെ വലിച്ചു വീഴ്ത്തുന്നവരാണ് മലയാളികള്‍ എന്നതിനുള്ള മറുപടിയാണ്. മറ്റൊരു അനുഭവസ്ഥന്‍ കുറിച്ചു: ദയയ്ക്ക്, അലിവിന്, പരസ്പരമുള്ള കൈത്താങ്ങിന് ആരും ഒരു പാഠവും ഇനി മലയാളിയെ പഠിപ്പിക്കേണ്ടതില്ല. ഞങ്ങളെല്ലാവരും, ഈ നാട് അതാണ് ചെയ്തു കൊണ്ടിരിക്കുന്നത്. തുടര്‍ന്നും ചെയ്യാന്‍ പോകുന്നതും.
വര്‍ഗ്ഗീയത ഒലിച്ചുപോയി
മനുഷ്യന്റെ വര്‍ഗീയതക്കും അഹന്തക്കും താന്‍പോരിമക്കും പരിസ്ഥിതിയോടുള്ള അവഗണനയ്ക്കും എതിരെയുള്ള മുന്നറിയിപ്പായിരുന്നു ഈ ദുരന്തം എന്ന് പറയുന്നവരുണ്ട്. അതില്‍ കുറേ ശരികളുമുണ്ട്. പ്രകൃതി ഒന്ന് വട്ടം നിന്നപ്പോള്‍ തഴച്ചുവളരാന്‍ ആരംഭിച്ച വര്‍ഗ്ഗീയത ഒലിച്ചുപോയി. മുസല്‍മാല്‍ മരിച്ചാല്‍ മുഖം അന്യജാതിക്കാര്‍ കാണരുത്; സ്വര്‍ഗം കിട്ടുകയില്ല, മുസ്ലിം സ്ത്രീകളുടെ വിരല്‍ത്തുമ്പ് പോലും പുറത്ത് കാണരുത്; ദൈവം ജന്നത്തില്‍ ഇടം കൊടുക്കില്ല, അമ്പലത്തില്‍ പൂജിച്ച നിവേദ്യം കഴിക്കരുത്; അത് ബൈബിള്‍ പഠനങ്ങള്‍ക്ക് വിരുദ്ധമാണ്, അമ്പലങ്ങളില്‍ അന്യജാതിക്കാര്‍ കറിയാല്‍ ശുദ്ധികലശം നടത്തണം.... എല്ലാം പോയി ഈ മലവെള്ളപ്പാച്ചിലില്‍. അമ്പലക്കെട്ടില്‍ മുസ്ലീമും, പള്ളിക്കകത്ത് ഹിന്ദുവും താമസിച്ചു. ആരുടെ കൈപിടിച്ചാണ് പ്രളയജലത്തില്‍നിന്ന് കരയറിയതെന്ന് ആരും നോക്കിയില്ല. പ്രസാദം എറിഞ്ഞു തരുന്ന നമ്പൂരിക്കിപ്പോള്‍ ആരു തൊട്ടാലും അശുദ്ധിയില്ല. എല്ലാവരും ഒരുമിച്ച് ഉണ്ടു, ഒരുമിച്ച് ഉറങ്ങി. വിശന്നിട്ട് കട്ടവനെ തല്ലിക്കൊന്നവര്‍ അന്യന്റെ ദാനം വാങ്ങി ഉണ്ണാന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ വരിനിന്നു. ഇതെല്ലാം ഒരു തിരിച്ചറിവായിരുന്നു. ആകണം. കേരളത്തിന്റെ കാലാകാലമായുള്ള സഹവര്‍ത്തിത്വത്തെ പൊളിക്കുക അസാധ്യമാണ് എന്ന് ലോകം കണ്ടുകഴിഞ്ഞു. തകര്‍ന്ന ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സംവിധാനങ്ങള്‍ പഴയപടിയാക്കാന്‍ നമുക്ക് ആയിരക്കണക്കിന് കോടി രൂപ ആവശ്യമായി വരും. 'വീടുകളൊക്കെ വാസയോഗ്യമാക്കാന്‍ വലിയ പ്രയാസമല്ലേ?' എന്ന ചോദ്യത്തിന് 'എന്ത് പ്രയാസം? നാളെ മുതല്‍ നമ്മളെല്ലാരുംകൂടെയങ്ങ് ഇറങ്ങല്ലേ... പിന്നെന്ത് പ്രയാസം?' എന്ന് മുഖ്യമന്ത്രി പറഞ്ഞതുപോലെ, കേരളം ഒത്തുനിന്നാല്‍ അതൊക്കെ നടക്കും; ആര്‍ക്കും തോല്പിക്കാനാവില്ല.

Write A Comment

 
Reload Image
Add code here