കേന്ദ്രത്തിന്റേത് പ്രകടമായ അവഗണന

Thu,Aug 23,2018


പ്രളയ ദുരന്തത്തില്‍പെട്ട കേരളത്തെ സഹായിക്കുന്ന കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കേന്ദ്ര ഗവണ്മെന്റ് സ്വീകരിച്ചത് എന്നതില്‍ രണ്ടു പക്ഷമില്ല. അതുകൊണ്ടുതന്നെ ബിജെപി ഗവണ്മന്റിന്റെ നടപടിയ ന്യായീകരിച്ച് രംഗത്തുവരേണ്ട ഗതികേട് ബിജെപി നേതാക്കള്‍ക്കും സംഘ്പരിവാര്‍ സംഘടനാ നേതാക്കള്‍ക്കും ഉണ്ടായി. പ്രാഥമിക കണക്കനുസരിച്ച് ഇരുപതിനായിരം കോടി രൂപയുടെ നഷ്ടംവന്ന കേരളത്തിന് കേന്ദ്രം അനുവദിച്ചത് 500 കോടി. അത് നേരത്തെ പ്രഖ്യാപിച്ച 80 കോടിയും രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ച 100 കോടിയും ചേര്‍ത്താണോ എന്നു വ്യക്തമല്ല. അല്ലെങ്കില്‍ ലഭിക്കുന്നത് 680 കോടി. കേരളത്തില്‍ അഭൂതപൂര്‍വ്വമായി ഉണ്ടായ വെള്ളപ്പൊക്കം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രം വിമുഖത കാട്ടുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ വകുപ്പില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. എങ്കില്‍പ്പിനെ എങ്ങിനെയാണ് പിഡിപിയുമായി അധികാരം പങ്കിട്ട കാശ്മീറില്‍ പ്രളയദുരന്തമുണ്ടായപ്പോള്‍ മോദി നേരിട്ടെഴുന്നള്ളി അത് ദേശീയ ദൂരന്തമായി പ്രഖ്യാപിച്ചത്? കേരളത്തിന് അടിയന്തര സഹായമായി യുഎഇ ഗവണ്മെന്റ് പ്രഖ്യാപിച്ച 700 കോടിയും ഖത്തര്‍ അനുവദിച്ച 35 കോടിയും അടക്കമുള്ള സഹായധനം കേരളത്തിനു കിട്ടാതിരിക്കാന്‍ മുട്ടുന്യായങ്ങള്‍ നിരത്തുകയാണ് കേന്ദ്ര ഗവണ്മെന്റ് ഇപ്പോള്‍. പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ വിദേശ സഹായം സ്വീകരിക്കുന്ന രിതി ഇന്ത്യയ്ക്കില്ലെന്നാണ് ന്യായീകരണം. ഇതിനൊക്കെ പുറമെ ഇന്ത്യയുടെ മറ്റു ഭാഗത്തുനിന്നുമുള്ള സഹായം മുഖ്യമന്ത്രിയുടെ ദൂരിതാശ്വാസ നിധിയിലേക്ക് നല്‍കരുതെന്ന് സംഘ്പരിവാറുകാര്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്യുന്നു. കാരണം എന്തെന്നല്ലേ? കേരളീയര്‍ ബീഫ് കഴിക്കുന്നവരാണ്, പ്രളയത്തില്‍ അകപ്പെട്ട ആളുകള്‍ എല്ലാം വളരെ വളരെ സമ്പന്നരാണ്, വസ്ത്രങ്ങളും ഭക്ഷണവും അടക്കമുള്ള സാധനസാമഗ്രികള്‍ അവര്‍ക്ക് ആവശ്യമില്ല, അതെല്ലാം ആര്‍ക്കും വേണ്ടാതെ കെട്ടിക്കിടക്കുകയാണ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപോയോഗം ചെയ്യപ്പെടും; അങ്ങനെ ചെയ്ത ചരിത്രമുണ്ട്. അതുകൊണ്ട് സേവാ ഭാരതി പോലുള്ള സംഘ്പരിവാര്‍ സംഘടനകള്‍ക്കേ സഹായം നല്‍കാവൂ എന്നാണ് ആഹ്വാനം. അങ്ങനെ പ്രചരിപ്പിക്കുന്നവരില്‍ മലയാളികളായ സംഘികളും ഉണ്ടെന്നതാണ് മനസിലാക്കാന്‍ പറ്റാത്ത കാര്യം. ഇതിനൊക്കെ പുറമെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏഴയലത്തെങ്ങും കാണാതിരുന്ന ബിജെപിയുടെ ഔദ്യോഗിക നേതൃത്വം മുഖ്യമന്ത്രിയെ കുറ്റം പറയാന്‍ മാത്രമാണ് ടിവികളിലും സോഷ്യല്‍ മീഡിയകളിലും പ്രത്യക്ഷപ്പെട്ടത്.
അവഗണന എന്തുകൊണ്ട്
ബിജെപിക്ക് ഭരണമില്ലാത്ത സംസ്ഥാനമാണ് കേരളം എന്നത് ഒരു കാര്യം. പക്ഷേ, ബിജെപിക്ക് ഭരണമില്ലാത്ത തമിഴ്‌നാട്ടിലോ ആന്ധ്രയിലോ ആയിരുന്നു ഈ ദുരന്തമെങ്കില്‍ ബിജെപി ഗവണ്മെന്റ് ഈ നയം സ്വീകരിക്കുമായിരുന്നോ? ഇല്ലെന്നതാണ് സത്യം. കേരളത്തില്‍ ബിജെപിക്ക് ഭരണമില്ലെന്നു മാത്രമല്ല ഭരണം ലഭിക്കാനുള്ള സാഹചര്യങ്ങള്‍ പോലുമില്ല. സംസ്ഥാന അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാന്‍പോലും കഴിയാത്ത വിധത്തില്‍ ഗ്രൂപ്പുകളിക്കുന്ന സംസ്ഥാന ഘടകത്തതിന് പേരെടുത്തു പറയാന്‍ തക്ക സഖ്യകക്ഷികളുമില്ല. ഉള്ളവര്‍തന്നെ ഇടഞ്ഞുനില്‍ക്കുന്നവരും മറ്റ് പോക്കിടമില്ലാത്തതിനാല്‍ സഖ്യം വിടാത്തവരുമാണ്. സംഘ് ആശയങ്ങള്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടുന്ന ജനങ്ങളുള്ള സംസ്ഥാനത്തിന് എന്തിനു സഹായം നല്‍കണം? സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയുണ്ടാക്കാന്‍ 3,000 കോടി രൂപയും, കുംഭമേളയ്ക്ക് 4,200 കോടി രൂപയും നല്‍കിയ സര്‍ക്കാര്‍ കേരളത്തിലെ പതിനായിരങ്ങള്‍ പ്രളയദുരിതത്തില്‍ അകപ്പെട്ടപ്പോള്‍ മടിശീല തുറക്കാന്‍ മടിക്കുന്നതിലെ വിരോധാഭാസം പറഞ്ഞറിയിക്കേണ്ട കാര്യമില്ല. അയ്യായിരം കോടിയാണ് സെല്‍ഫ് പ്രൊമോഷനും പബ്ലിസിറ്റിക്കുംവേണ്ടി മോദി ചെലവഴിക്കുന്നത്. കേരളത്തിന്റെ ദുരിതനിവാരണത്തിന് 500 കോടി.
പ്രതിരോധിക്കാന്‍ ട്രോളര്‍സംഘം
അപ്പോഴാണ് 35കോടി വാഗ്ദാനം ചെയ്ത് കൊച്ചു രാജ്യമായ ഖത്തറും 700 കോടി വാഗ്ദാനം ചെയ്ത് യുഎഇയും കേന്ദ്ര ഗവണ്മെന്റിനെ നാണം കെടുത്തിയത്. അത് ചൂണ്ടിക്കാട്ടിയ ആള്‍ക്കാര്‍ക്കെതിരെ സംഘ്പരിവാര്‍ ട്രേളര്‍മാര്‍ ആഞ്ഞടിച്ചത് 'പണമുള്ളവനെ കാണുമ്പോള്‍ അപ്പാ എന്നു വിളിക്കുന്നവരാ'ണ് അവരെന്ന് പറഞ്ഞുകൊണ്ടായിരുന്നു. പിന്നാലെ, കേന്ദ്രം കനിഞ്ഞരുളിയ ഔദാര്യങ്ങളുടെ ലിസ്റ്റുമായി മറ്റു ചിലരുമെത്തി: 100 മെട്രിക് ടണ്‍ പരിപ്പുവര്‍ഗ്ഗങ്ങള്‍, 52 മെട്രിക് ടണ്‍ അവശ്യ മരുന്നുകള്‍, 20 മെട്രിക് ടണ്‍ ബ്ലീച്ചിങ് പൗഡര്‍, ഒരു കോടിയുടെ ക്ലോറിന്‍ ഗുളികകള്‍, ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് സാധന സാമഗ്രികള്‍ എത്തിക്കാന്‍ 3 ഹെലികോപ്റ്ററുകള്‍, പെട്രോളിയം മന്ത്രാലയം വകയായി 12,000 കിലോ ലിറ്റര്‍ മണ്ണണ്ണ എന്നിവ അനുവദിച്ചു. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 77,000 മൊബൈല്‍ ടവറുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കി. പിന്നീട് എത്തിക്കാന്‍ പോകുന്നതിന്റെ ലിസ്റ്റാണ്: സംസ്ഥാനത്ത് ആവശ്യമായത്ര കുടിവെള്ളം റെയില്‍വേ എത്തിക്കും, വൈദ്യുതി മന്ത്രാലയം ഇലക്ട്രിക്ക് വയറുകള്‍, കോയിലുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍ തുടങ്ങിയവ എത്തിക്കും, മൃഗസംരക്ഷണ വകുപ്പിന്റെ വകയായി സംസ്ഥാനത്ത് ആവശ്യമുള്ളത്ര പാലും പാലുത്പന്നങ്ങളും എത്തിക്കും, 450 മെട്രിക് ടണ്‍ കാലിത്തീറ്റ അനുവദിച്ചു. 2 ലോട്ട് വെറ്റിനറി മെഡിസിനുകളും അനുവദിച്ചു... ഇതൊക്കെ ആരു പ്രഖ്യാപിച്ചു എന്നോ എപ്പോള്‍ ലഭിക്കുമെന്നോ ആര്‍ക്കും അറിയില്ല. മറ്റു ചിലരുടെ കണക്ക് ഇങ്ങനെ: കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു വന്നപ്പോള്‍ അനുവദിച്ചത് 80 കോടി. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അനുവദിച്ചത് 100 കോടി. മോദിജി അനുവദിച്ച ആദ്യ ഗഡു 500 കോടി. അതു തന്നെ ആകെ 680 കോടി. അതിനു പുറമെ മരണമടഞ്ഞവര്‍ക്ക് 2 ലക്ഷം വീതം. പരിക്കേറ്റവര്‍ക്ക് 50,000 വീതം. 67 ഹെലികോപ്ടറുകള്‍, 24 വിമാനങ്ങള്‍, 548 മോട്ടോര്‍ ബോട്ടുകള്‍, 6900 ലൈഫ് ജാക്കെറ്റുകള്‍, 3600 ലൈഫ് ബെല്‍റ്റുകള്‍, 2100 മഴക്കോട്ടുകള്‍, 13000 ബൂട്ട്‌സ്, 167 ലൈറ്റ് ടവറുകളള്‍, 3 ലക്ഷം ഭക്ഷണപ്പൊതികള്‍, 6 ലക്ഷം ലിറ്റര്‍ പാല്‍, 14 ലക്ഷം ലിറ്റര്‍ വെള്ളം, 150 ജല ശുദ്ധീകരണി, പ്രത്യേകം മരുന്ന്/ഭക്ഷണം ട്രെയിന്‍, ഇതിന് പുറമെ തകര്‍ന്ന വീടുകളുടെ നിര്‍മാണം, തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണം, വിളകള്‍ക്കുള്ള നഷ്ട പരിഹാരം... ഇതും ആരു പ്രഖ്യാപിച്ചു എന്നറിയില്ല. '15,000 കിലോമീറ്റര്‍ റോഡുകളെങ്കിലും പുനര്‍ നിര്‍മിക്കേണ്ടതായിട്ടുണ്ട്. അതിന് മാത്രം 7500 കോടി വരും. ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം വീടുകളുടെ പുനര്‍ നിര്‍മാണത്തതിനായി 3000 കോടി. വിളകളുടെ നാശനഷ്ട കണക്ക് വച്ച് പരിഹാരം നിശ്ചയിക്കുമ്പോള്‍ 10 കോടിയെങ്കിലും മരങ്ങളും മറ്റ് കൃഷി നാശവും വന്നിട്ടുണ്ട്. ഈ ഇനത്തില്‍ മാത്രം പതിനായിരം കോടി രൂപയുടെ നഷ്ടപരിഹാരം എങ്കിലും കേന്ദ്രത്തില്‍ നിന്ന് വരും...' ഇതൊക്കെ കേന്ദ്രം തരുമെന്നാണ് അവര്‍ പറയുന്നത്. തീര്‍ന്നില്ല, ഇനിയുമുണ്ട് തന്നതിന്റെയും തരാന്‍ പോകുന്നതിന്റെയും കണക്കുകള്‍: 1. സമയബന്ധിതമായി ഇന്‍ഷുറന്‍സ് നഷ്ടപരിഹാരങ്ങള്‍ നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളോട് പ്രത്യേക ക്യാമ്പുകളും മറ്റും നടത്തി അതിവേഗ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കമ്പനികളോട് നിര്‍ദ്ദേശിച്ചു. 2. കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയായ ഫസല്‍ ബീമാ യോജനയില്‍ അംഗങ്ങളായ കര്‍ഷകര്‍ക്ക് കാര്‍ഷിക സഹായം എത്രയും വേഗം നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശംനല്‍കി. കെരളത്തിനു ആവശ്യമായ മരുന്നുകളും, ഭക്ഷണസാധനങ്ങളും ആവശ്യാനുസരണം കേന്ദ്രത്തില്‍ നിന്നും സൗജന്യമായി വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കി. 3. ദേശീയ പാതകള്‍ അറ്റകുറ്റപ്പണി എത്രയും വേഗം ചെയ്യാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു. 4. വൈദ്യുതി വിതരണ സംവിധാനങ്ങള്‍ പുനസ്ഥാപിക്കാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ എന്‍ടിപിസി, പിജിസിഐഎല്‍ തുടങ്ങിയവയോട് സംസ്ഥാന സര്‍ക്കാരിന് നല്‍കാവുന്ന പരമാവധി സഹായങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. 5. ഗ്രാമങ്ങളിലെ തകര്‍ന്ന താല്‍ക്കാലിക വീടുകള്‍ പുനര്‍ നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രിയുടെ പാര്‍പ്പിട പദ്ധതിയില്‍ മുന്‍ഗണന കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. 6. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ പെടുത്തി കേരള പുനര്‍ നിര്‍മാണത്തിന് അഞ്ചരക്കോടി തൊഴില്‍ ദിനങ്ങള്‍ക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചു. 7. ഹോര്‍ട്ടി കള്‍ചര്‍ സംയേജിത വികസന പദ്ധതിയില്‍ പെടുത്തി കര്‍ഷകര്‍ക്ക് നശിച്ചുപോയ വിളകളുടെ പുനഃകൃഷിക്ക് ധന സഹായം നല്‍കും. ഇതൊന്നും കൂടാതെ പ്രധാനമന്ത്രി ദല്‍ഹിയില്‍ ചെന്നശേഷം കേരളക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്‍പ്പെടെ ആഭ്യന്തരമന്ത്രിയുമായി യോഗം നിശ്ചയിച്ചിട്ടുണ്ട്. മതിയില്ലോ? വാല്‍ക്കഷണമായി ഒരു അഭ്യര്‍ത്ഥനയും: ഇതൊന്നും പോരാ പൈസതന്നെ വേണം എന്ന് വാശി പിടിക്കുന്നത് പണം വാങ്ങി പുട്ടിടിക്കാനാണ്. 'ഇതിനു മുമ്പ് ഓഖി ദുരന്തത്തിന്റെ കേന്ദ്രം തന്ന പൈസ എങ്ങിനെ പോയി എന്ന് മോദിക്ക് നന്നായി മനസ്സിലായിട്ടുണ്ട്. അതിനാല്‍ ആ പരിപ്പ് ഇനിയും വേവാന്‍ ബുദ്ധിമുട്ടാണ്.......ഒരു ദുരന്തം വരുമ്പോള്‍ ദയവായി അതു രാഷ്ട്രീയ മുതലെടുപ്പിനും, പുട്ടടിക്കുവാനും ഉപയോഗിക്കാതിരിക്കുക..... ഒരു അഭ്യര്‍ത്ഥനയാണ്....' ഇതെല്ലാം പറയുന്നത് മലയാളികള്‍തന്നെ. പക്ഷേ മോദി തരുന്ന മട്ടൊന്നും കാണുന്നില്ല. അഥവാ എന്തെങ്കിലുംകൂടെ ചെയ്താല്‍ത്തന്നെ അത് മുഖംരക്ഷിക്കാന്‍ വേണ്ടിയാകും. കാരണം അത്രയേറെ നാണക്കേട് ഇപ്പോള്‍ത്തന്നെ ഉണ്ടായി.
തുരങ്കം വയ്ക്കാന്‍ മറ്റ് വഴികളും
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടിവരുന്നത് എത്ര കോടി രൂപയാണെന്ന കാര്യത്തില്‍ ഇനിയും തിട്ടമില്ല. അതിനായി അന്താരാഷ്ട്ര സമൂഹം വാഗ്ദാനം ചെയ്തിട്ടുള്ള തുക കൈപ്പറ്റാന്‍ തടസ്സം നില്‍ക്കുകയാണ് കേന്ദ്ര ഗവണ്മന്റ്. ദുരിതാശ്വാസത്തിന് വിദേശസഹായം സ്വീകരിക്കാന്‍ വകുപ്പില്ലെന്നാണ് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നത്. സുനാമി ദുരന്തത്തിനു ശേഷം അന്താരാഷ്ട്ര സമൂഹം നല്‍കിയ സംഭാവന മന്‍മോഹന്‍സിംഗ് ഗവണ്മെന്റ് നിഷേധിച്ചത്രെ. അന്ന് ഇന്ത്യയേക്കാള്‍ ദൂരിതം നേരിട്ടത് താരതമ്യേന ചെറിയ ദരിദ്രരാജ്യങ്ങള്‍ക്കായിരുന്നു. അതിനാല്‍ അത് അവരെ സഹായിച്ചോട്ടെ, ഇന്ത്യയ്ക്ക് സ്വന്തം സ്ഥിതി കൈകാര്യം ചെയ്യാനാകും എന്ന നിലപാട് എടുക്കുകയായിരുന്നു മന്‍മോഹന്‍സിംഗ് ഗവണ്മെന്റ് ചെയ്തത്. അത് മറയാക്കി കേരളത്തിന് വാഗ്ദാനം ചെയ്ത തുകകള്‍ തടയുന്നതിന്റെ സാംഗത്യം മനസിലാകുന്നില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ പുനരുദ്ധാരണത്തിന് ചെലവാകുന്ന തുകയുടെ നാലില്‍മൂന്ന് കേന്ദവും നാലിലൊന്ന് സ്റ്റേറ്റും വഹിക്കണമെന്നാണ് വകുപ്പ്. കേരളത്തിലുണ്ടായ ദുരന്തവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുജറാത്തിലും അസമിലും ഉണ്ടായത് ചെറിയ ദൂരന്തങ്ങളാണ്. പക്ഷേ, രണ്ടിടത്തും വാരിക്കോരി കൊടുക്കാന്‍ മടി കാണിക്കാത്ത മോദി കേരളത്തിന്റെ കാര്യത്തില്‍ പിശുക്കു കാണിക്കുന്നു. നുണ ഫാക്ടറികള്‍ ഇതിനൊക്കെ പുറമെയാണ് നുണ ഫാക്ടറികളിലിരുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെ ദുഷ്പ്രചാരണങ്ങള്‍. ''പിപ്പിള്‍ ഷുഡ് സ്റ്റോപ് ഡൊണേറ്റിംഗ് ടു കേരള. ലെറ്റ് ദ ഫക്കിംഗ് ലഫ്റ്റിസ്റ്റ് ഡൈ. ബീഫ് പാര്‍ട്ടി, ഹിറ്റ് ബാക്ക്'' എന്നാണ് ഒരു പോസ്റ്റ്. 'നിങ്ങളുടെ സ്റ്റേറ്റ് ശുദ്ധമാക്കാന്‍ നിങ്ങള്‍ പട്ടികളെ കൊന്നു. 'കര്‍മ്മം' അതിന്റെ ജോലി ചെയ്യുകയാണ്', എന്ന് മറ്റൊന്ന്. കേരളത്തിലെ പ്രളയവും ശബരിമലയിലെ സ്ത്രീ പ്രവേശന ആവശ്യവും തമ്മിലുള്ള ബന്ധം സുപ്രീം കോടതി ജഡിജിമാര്‍ കാണമെന്നാണ് സംഘ് ആചാര്യനായ എസ് ഗുരുമൂര്‍ത്തി പോസ്റ്റ് ചെയ്തത്. കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിനില്‍ക്കുന്ന ആളുകളുടെ പടം കൊടുത്തിട്ട് 'ബീഫ് കഴിക്കുന്നവര്‍ക്ക് സഹായം നല്‍കരുതെ'ന്നാണ് മറ്റൊരു പോസ്റ്റ്. 'മല്ലൂസ് ബീഫ് കഴിക്കുന്നത് നിറുത്തിയാല്‍ 150 വര്‍ഷത്തേക്ക് വെള്ളപ്പൊക്കം ഉണ്ടാകില്ലെ'ന്ന് മറ്റൊരു പോസ്റ്റ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന കൊടുക്കരുതെന്ന് ആവശ്യപ്പെടുന്നു പോസ്റ്റുകള്‍ നിരവധി. ഈ തുക കമ്യൂണിസ്റ്റുകാരുടെ പോക്കറ്റുകളിലേക്കാണ് പോകുന്നതെന്നാണ് ആരോപണം. അത് 'പശുക്കളെ വാങ്ങാനും കൊല്ലാനും' ഉപയോഗിക്കുമെന്ന് മറ്റൊരു പ്രചാരണം. അതുകൊണ്ട് കേരളത്തിന് ഒരു പൈസപോലും കൊടുക്കരുത്. കേരളം മുങ്ങുന്നത് മാറിനിന്ന് കണ്ടവര്‍ തങ്ങള്‍ രംഗത്തുണ്ടായിരുന്നു എന്നു വരുത്താന്‍ 2001ലെ ഗുജറാത്തിലെ ഭൂകമ്പ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ആര്‍എസ്എസിന്റെ ഔദ്യോഗിക പേജില്‍ പോലും ഈ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. നിരന്തരം ട്വീറ്റ് ചെയ്യുന്ന അമിത് ഷാ അടക്കം സംഘ്പരിവാര്‍ നേതാക്കള്‍ ആരും കേരളത്തിലെ പ്രളയത്തെപ്പറ്റി ഒരു വരിപോലും ട്വീറ്റ് ചെയ്തില്ല. യുഎന്‍ സഹായ നിരസിച്ച ഗവണ്മെന്റിന് 'കുഡോസ്' അയച്ചവരുമുണ്ട്. എന്തുകൊണ്ടാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതിരുന്നത്, എന്തിനാണ് യുഎന്‍ സഹായം നിരസിച്ചത്, എന്തിനാണ് വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറയുന്നത് എന്നൊക്കെ കാണാന്‍ കൂടുതല്‍ എന്തുവേണം. ആര്‍ക്കാണ് ഇന്ത്യയെ ഒന്നായി കാണാന്‍ കഴിയാത്തതെന്ന് ഈ പ്രളയം കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു. ഭൂരിപക്ഷം ജനങ്ങളും സ്വജനങ്ങളുടെ ദുരിതം അകറ്റാന്‍ ഒന്നിച്ചതില്‍ ഹതാശരായവര്‍, മാനുഷിക മൂല്യങ്ങള്‍ സ്വന്തം പടിക്ക് പുറത്തുനിറുത്തി വിദ്വേഷവും ഭിന്നിപ്പും കൊണ്ട് പ്രളയം തീര്‍ക്കുകയാണ്.

Other News

 • മള്ളര്‍ റിപ്പോര്‍ട്ട് ; പ്രസിഡന്റും കോണ്‍ഗ്രസും ഏറ്റുമുട്ടലിലേക്ക്
 • ലോക് സഭാ തെരഞ്ഞെടുപ്പ് ; ഫലം നിര്‍ണ്ണയിക്കുക ന്യൂനപക്ഷ വോട്ടുകള്‍
 • ശ്രീലങ്കയ്ക്ക് പുതിയ ഭീഷണിയായി ഭീകരാക്രമണം
 • ചൈന കനിഞ്ഞാല്‍ അസര്‍ കരിമ്പട്ടികയില്‍
 • ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നത് റെക്കോഡ് വേഗതയില്‍
 • പത്തനംതിട്ട ഇന്ത്യയിലെ മികച്ച മണ്ഡലം
 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • Write A Comment

   
  Reload Image
  Add code here