പ്രകൃതി ദേവോ ഭവ!

Thu,Aug 23,2018


കേരളം അതിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തില്‍ നിന്നും സാവധാനം വിമുക്തമായിക്കൊണ്ടിരിക്കുന്നു. ഹൃദയഭേദകമങ്ങളായ ഒട്ടുവളരെ മുഹൂര്‍ത്തങ്ങളെ അവശേഷിപ്പിച്ചുകൊണ്ട് പ്രളയജലം വിടവാങ്ങിത്തുടങ്ങി. പേമാരി ശമിച്ച് പ്രകാശം പരന്നുതുടങ്ങിയെങ്കിലും പഴയ കേരളത്തിലേക്ക് ഒരു മടങ്ങിപ്പോക്ക് സാധ്യമാവുമോ എന്ന ആശങ്ക എവിടെയും നിഴലിക്കന്നു. 'ഠവല ണീൃേെ ശ െീ്‌ലൃ' എന്നു സമാശ്വസിക്കുവാന്‍ ശ്രമിക്കുമ്പോഴും ദുരിതങ്ങളുടെ ശാപനാളുകള്‍ ഇനിയുമുറേ എന്നു നാം തിരിച്ചറിയുന്നു.
ഒരിക്കലും പ്രതീക്ഷിക്കാതെ, ഒരു വെള്ളിടിപോലെയാണ് 'ദൈവത്തിന്റെ സ്വന്തം നാടി'നെ പ്രളയജലം എല്ലാ അര്‍ത്ഥത്തിലും വിറപ്പിച്ചത്. പ്രകൃതിയുടെ മഹാശക്തിക്കുമുമ്പില്‍ നിസ്സഹായരായി മനുഷ്യാത്മാക്കളുടെ വിങ്ങലുകളും തേങ്ങലുകളും നാം ഏറെ കാണുകയും കേള്‍ക്കുകയും ചെയ്തു. അതോടൊപ്പം മലയാളി മറന്നു തുടങ്ങിയ നന്മകളുടെ വീണ്ടെടുപ്പിന്റെ പുണ്യം നിറഞ്ഞ ഒത്തിരി കാഴ്ചകളും കഴിഞ്ഞ ദിനങ്ങളില്‍ നാം കണ്ടു. നഷ്ടങ്ങളും കഷ്ടങ്ങളും ഏറെയുണ്ടെങ്കിലും മഹാപ്രകൃതിയുടെ ഉള്ളറിഞ്ഞു ജീവിക്കുവാനുള്ള പ്രേരണകള്‍ ഈ പ്രളയകാലം മലയാളിക്കു നല്‍കിയിരിക്കുന്നു.
മനുഷ്യവിജയത്തിന്റെ പരിധികള്‍ ഈ പ്രളയം നമ്മെ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു. എവിടെയോ വിസ്മരിക്കപ്പെടുകയോ കൈമോശം വരികയോ ചെയ്ത മൂല്യങ്ങളിലേക്ക് ഒരു മടങ്ങിപ്പോക്കാണ് ഈ പ്രളയം നമ്മോടാവശ്യപ്പെടുന്നത്.
നമ്മുടെ കോണ്‍ക്രീറ്റ് മണി മന്ദിരങ്ങളും അവയ്ക്കു ചുറ്റും കെട്ടിയുയര്‍ത്തിയ വന്മതിലുകളും ഇരുമ്പു വാതിലുകളും അറകളില്‍ കൂട്ടി വച്ച സമ്പത്തിനും ജീവിത സുരക്ഷിതത്വം നല്‍കുന്നതിനുള്ള പരിധിയും പരിമിതിയും മലയാളിക്കു ബോധ്യപ്പെടാന്‍ ഒരു മഹാപ്രളയം തന്നെ വേണ്ടി വന്നു.
ഈ കുറിപ്പെഴുതുമ്പോള്‍ ഇന്ത്യയെ ഭീതിപ്പെടുത്തിയ മറ്റൊരു മഹാപ്രളയത്തിന്റെ സ്മരണകളാണ് എന്റെ ഉള്ളുനിറയെ. 2013 ജൂണിലെ ഹിമാലയന്‍ പ്രളയത്തില്‍ നിന്നും ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ട ഒരാളെന്ന നിലയില്‍ പ്രളയത്തില്‍പ്പെട്ടുപോയവരുടെ മനോനില നന്നായറിയുന്നു.
ഹിമാലയത്തിലെ ചതുര്‍ധാമ തീര്‍ത്ഥാടനത്തിനു വേണ്ടി 2013 ജൂണില്‍ കേരളത്തില്‍ നിന്നും വിമാനം കയറുമ്പോള്‍ ഏറെ പ്രതീക്ഷകളായിരുന്നു. നിര്‍ഭാഗ്യവശാല്‍, ഹിമാലയത്തിന്റെ പടികള്‍ കയറിത്തുടങ്ങിയപ്പോഴാണ് ഹൃദയം നൊന്തുപോയത്. പര്‍വ്വത തടങ്ങളെയും താഴ്‌വാരങ്ങളൈയും വെട്ടിപ്പിടിച്ച് സ്വാര്‍ത്ഥതയോടെ കേദാരങ്ങള്‍ പണിതുവച്ച ആര്‍ത്തിപണ്ടാരങ്ങളായ മനുഷ്യന്റെ ചെയ്തികള്‍ ഒന്നൊന്നായി കണ്‍മുമ്പില്‍ തെളിഞ്ഞപ്പോള്‍ ശപിച്ചുകൊണ്ടാണ് അന്നു ഞാന്‍ ഹിമാലയം കയറിയത്. ഹൈമവത ഭൂമിയുടെ ശുദ്ധിയും പവിത്രതയും കാപാലികര്‍ കശക്കിയെറിയുന്ന ചിത്രം ഏറെ വേദനിപ്പിച്ചു.
രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ പിതാവിന്റെ ആലയം അശുദ്ധമാക്കിയ കള്ളക്കമ്മട്ടക്കാരെ ചാട്ടവാറിനടിക്കുവാന്‍ മനുഷ്യപുത്രന്‍ തന്നെ അവതരിക്കേണ്ടിവന്നതിന്റെ സ്മരണകള്‍ എന്റെ സ്മൃതി മണ്ഡലത്തില്‍ അലയടിച്ചു. പര്‍വ്വതം തുരന്നും ഗംഗയെയും യമുനയെയും മന്ദാകിനിയെയും ഭോഗിച്ചും സ്വാര്‍ത്ഥമതികള്‍ പണിതുയര്‍ത്തിയ കൂറ്റന്‍ ലോഡ്ജുകളും കച്ചവടസ്ഥാപനങ്ങളും ഹിമാലയ ഭൂമിയുടെ സമതുലിതാവസ്ഥയെ തകിം മറിക്കുന്നതു മനസിലാക്കുവാന്‍ ഒരു സാധാരണ ഹൃദയം മതിയാവോളമായിരുന്നു. അവയെല്ലാം കൂടി വിസര്‍ജ്ജിക്കുന്ന മാലിന്യക്കൂമ്പാരങ്ങള്‍ മനസ്സാക്ഷിയേതുമില്ലാതെ പുണ്യനദികളിലേക്കു തന്നെ ഒഴുക്കി വിടുമല്ലോ എന്നോര്‍ത്തുപ്പോള്‍ മനസ്സുവീണ്ടും വിങ്ങി. 'ഭഗവാനേ ഇതിനൊരറുതിയില്ലേ' എന്നു മനസ്സുനൊന്തു പലതവണ പറഞ്ഞുപോയി എന്നതാണ് സത്യം.
കേദാര്‍നാഥന്റെ പടികളിറങ്ങി ബദരീനാഥിലെത്തിയപ്പോഴേക്കും വന്ന വാര്‍ത്ത ഭയാനകമായിരുന്നു. നോവുന്ന പ്രകൃതി മനസ്സിന്റെ രൗദ്രഭാവം പെരുമഴയായി പെയ്തിറങ്ങിയതു പെട്ടെന്നായിരുന്നു.
പ്രകൃതിയുടെ താണ്ഡവനൃത്തത്തില്‍ ഹിമാലയമാകവെ ഉറഞ്ഞാടി. തലേദിനം ഞങ്ങളുറങ്ങിയ വൃത്തിഹീമായ ലോഡ്ജുമാത്രമല്ല, ഞങ്ങള്‍ നടന്നുകയറിയ പതിന്നാലു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മലമ്പാതയും തീര്‍ത്ഥാടകരെ കയറ്റാന്‍ ഉപയോഗിച്ചു വന്ന നൂറുകണക്കിന് കോവര്‍കഴുതകളും സ്വസ്ഥമായി മലമൂത്ര വിസര്‍ജ്ജനം പോലും നടത്താന്‍ ആ പാവം ജീവികളെ അനുവദിക്കാതെ പീഡിപ്പിച്ച കാരുണ്യം ലവലേശം തൊട്ടുതീണ്ടാത്ത അവയുടെ യജമാനന്മാരും ഒക്കെ ആറായിരത്തില്‍പ്പരം അടി താഴ്ചയിലൂടെ ഒഴുകിയ മന്ദാകിനി നദിയുടെ ഒഴുക്കിലേക്ക് ഊര്‍ന്നു വീണുപോയത് നിമിഷങ്ങള്‍ക്കകമായിരുന്നു. തീര്‍ത്ഥാടകര്‍ കൂട്ടമായി തമ്പടിച്ചിരുന്ന സീതാപ്പൂര്‍ എന്ന കൊച്ചുപട്ടണം തന്നെ ഒലിച്ചുവന്ന മണ്ണില്‍ പാടെ മൂടിപ്പോയിരുന്നു. പതിനായിരക്കണക്കിനു തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളും ഹിമവാന്റെ ക്രൗര്യത്തിന് അന്നു കീഴടങ്ങിയിരുന്നു.
അന്നവും വെള്ളവും പോലും ലഭിക്കാതെയായ അവസ്ഥയിലേക്കു വഴുതിമാറിയ മൂന്നാഴ്ചകള്‍ ഹിമാലയത്തില്‍ കഴിയേണ്ടിവന്നത് നടുക്കത്തോടെ ഇപ്പോഴും ഓര്‍മ്മിക്കുന്നു. ഒടുവില്‍ ഏറെ കാത്തിരിപ്പുകള്‍ക്കു ശേഷം ഉത്തരാഖണ്ഡിലെ മുന്‍ രാജകുടുംബാംഗവും എം.പി യുമായിരുന്ന ഒരു ഉദാരമതി കാരുണ്യപൂര്‍വം അനുവദിച്ചു തന്ന ഹെലികോപ്ടരില്‍ കയറി ബദരീനാഥില്‍ നിന്നും ജോഷിമഠ് എന്ന സുരക്ഷിത സ്ഥാനത്തേക്ക് രക്ഷപ്പെടുത്തിയതു കൊണ്ടാണ് ഈ വരികള്‍ കുത്തിക്കുറിക്കുവാന്‍ കഴിയുന്നത്. അവിടെ നിന്നും ദീര്‍ഘദൂരം യാത്ര ചെയ്താണ് ഹിമാലയത്തിന്റെ താഴ്വാരമായ ഋഷികേശില്‍ എത്തിയത്. ആ യാത്ര അങ്ങയറ്റം സാഹസികമായിരുന്നു. പ്രളയ പ്രവാഹത്തില്‍ ഒലിച്ചു പോയ റോഡുകള്‍ക്കു പകരം പട്ടാളക്കാര്‍ താത്കാലികമായി നിര്‍മിച്ച പാതയിലൂടെയായിരുന്നു യാത്ര. പലയിടങ്ങളിലും ബസ് കടന്നുപോയതോടെ പിന്നില്‍ പാതകള്‍ ഇടിയുന്നത് ഭീതിയോടെ നോക്കിക്കണ്ടിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപരിചിതമായിരുന്ന ഒരു പ്രതിഭാസമായിരുന്നല്ലോ ഈ മഹാപ്രളയം. ജീവന്‍ മാത്രം രക്ഷിക്കുവാനുള്ള ശ്രമത്തില്‍ സര്‍വവും ഉപേക്ഷിച്ച് പലായനം ചെയ്തവരും, അവസാന ശ്വാസം വരെയും സ്വന്തമെന്നു കരുതിയവയെ വിട്ടുപോകാന്‍ മടിച്ചവരും ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇത്തരമൊരു അനുഭവം. ഏതായായും സ്ഥാനഭേദമോ വലിപ്പച്ചെറുപ്പമോ ഇല്ലാതെ അന്നത്തിനും വെള്ളത്തിനും ജീവനുംവേണ്ടി യാചിച്ചുകൊണ്ട് അനേകായിരങ്ങള്‍ക്ക് സ്വയം തിരിച്ചറിവിനുള്ള ഒരു മഹാവേദി ഈശ്വരനും പ്രകൃതിയും ഒരുക്കിയ ദൃശ്യം ചിന്തോദകം തന്നെ.
സര്‍വ്വം സഹയെങ്കിലും സഹനത്തിനും പരിധിയുണ്ട് എന്നു പ്രകൃതി നമ്മെ ഓര്‍മ്മിപ്പിക്കുകയാണ്. പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും നീര്‍ച്ചാലുകളും മണ്ണിട്ട് നികത്തി മാളികകള്‍ തീര്‍ക്കുമ്പോഴും നദികളെ ഊറ്റി മണ്ണുമാറ്റിത്തീര്‍ക്കുമ്പോഴും മലനിരത്തിയും കുന്നിടിച്ചും കരിമ്പാറകള്‍ തച്ചുടക്കുമ്പോഴും വനങ്ങള്‍ വെട്ടിനിരത്തുമ്പോഴും നാം നിരീച്ചിട്ടില്ല പ്രകൃതിക്കും ജീവനില്‍ പേടിയുണ്ട് എന്ന്.
ഒരു കൊച്ചു ചെടിക്കുപോലും ചേതനയുണ്ട് എന്നു തെളിയിച്ചത് നമ്മുടെ ജഗദീഷ് ചന്ദ്രബോസായിരുന്നു. അദ്ദേഹത്തിനും സഹസ്രബ്ദങ്ങള്‍ക്കു മുമ്പായിരുന്നു പൗരാണികരായ ഋഷിശ്വരന്മാര്‍ പ്രകൃതിക്കും ഭൂമിക്കും കാറ്റിനും വെള്ളത്തിനും ഒക്കെ ജീവനുണ്ട് എന്നു പഠിപ്പിച്ചത്. സര്‍വ്വചരാചരങ്ങളെയും ചൈതന്യവത്താക്കുന്ന ജഗത്പിതാവിന്റെ കരങ്ങളായി പ്രകൃതിയെ അവര്‍ കണ്ടിരുന്നു. നാം അതൊക്കെ വിസ്മരിച്ചു.
1960 കളില്‍ തന്റെ ഏമശമ ഠവലീൃ്യ എന്ന ശാസ്ത്ര സത്യത്തിന്റെ പ്രഖ്യാപനത്തിലൂടെ ഡോ. ജയിംസ് ലവ്‌ലോക്ക് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനും ആവര്‍ത്തിച്ചു. പ്രകൃതിക്ക് ജീവനുണ്ട്. അതുകേട്ട ആധുനിക ശാസ്ത്രജ്ഞര്‍ ഒന്നടങ്കം അന്നദ്ദേഹത്തെ പരിഹസിച്ചു. എന്നാല്‍ ഇന്നവരും പറയുന്നു നമ്മുടെ ലോലമായ ഈ ഭൂമിയെ അതിരുവിട്ട് നോവിക്കരുതേ എന്ന്. ആമസോണ്‍ വനത്തിലെ ഈയ്യാംപാറ്റയുടെ ചിറകടിക്കുപോലും അങ്ങകലെ കാലാവസ്ഥയെ സ്വാധീനിക്കുവാനുള്ള കരുത്ത് ഡോ. ലവ്‌ലോക്ക് അദ്ദേഹത്തിന്റെ പഠനത്തില്‍ ഉദാഹരിക്കുന്നുണ്ട്.
1960 കളില്‍ അമേരിക്കയെ പിടിച്ചുണര്‍ത്തിയ റേച്ചല്‍ കാഴ്‌സണിന്റെ 'സൈലന്റ് സ്പ്രിങ്ങ്', 1980 കളില്‍ ചര്‍ച്ചാ വിഷയമായ അല്‍ഗോറിന്റെ 'എര്‍ത്ത് ഇന്‍ ബാലന്‍സ്' എന്നീ പുസ്തകങ്ങള്‍ ഭൂമിയോടുള്ള മനുഷ്യന്റെ കടപ്പാടും വിധേയത്വവും ഉത്തരവാദിത്വവും ഓര്‍മ്മിക്കുവാനുള്ള ഉണര്‍ത്തുപാട്ടുകളായിരുന്നു. തകഴിയുടെ 'വെള്ളപ്പൊക്ക'വും ഒ.എന്‍.വിയുടെ 'ഭൂമിക്കൊരു ചരമഗീത'വും നാം വെറുതെ വായിച്ചും പാടിയും ആഘോഷിക്കുകമാത്രം ചെയ്തു. ഹൃദയാന്തരാളങ്ങളില്‍ എന്നേ അവയൊന്നും ചലനങ്ങള്‍ സൃഷ്ടിക്കാതിരുന്നത്? നമ്മുടെ ഭൂമിയെ പ്രകൃതിയെ ഇനിയും നോവിക്കരുതേ! നമ്മുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കാം. പ്രകൃതിദേവോ ഭവ!
അശോകന്‍ വേങ്ങശേരി, ഫിലാഡല്‍ഫിയ

Write A Comment

 
Reload Image
Add code here