ഈ പ്രളയം മനുഷ്യനിര്‍മിതമോ ?

Thu,Aug 23,2018


1924 ലെ, അതായത് കൊല്ലവര്‍ഷം 1099 കര്‍ക്കടകത്തിലെ വെള്ളപ്പൊക്കത്തോടാണ് ഇപ്പോഴത്തെ പ്രളയത്തെ പലരും ഉപമിക്കുന്നത്. 99ലെ വെള്ളപ്പൊക്കം പ്രകൃതിയുടെ സൃഷ്ടിയായിരുന്നു. എന്നാല്‍ അധിവൃഷ്ടിമൂലം ഡാമുകളില്‍ സംഭരിക്കപ്പെട്ട അധിക ജലം തുറന്നുവിടേണ്ടിവന്നതാണ് ഇപ്പോഴത്തെ വെളളപ്പൊക്കത്തിന് ആക്കം കൂട്ടിയത്. 1924ലെ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ കെടുതികള്‍ രൂക്ഷമായതിന് നിരവധി കാരണങ്ങളുണ്ട്. അതില്‍ പ്രധാനം ഇന്നത്തെ പോലെ പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള സംവിധാനങ്ങള്‍ ഇല്ലാതിരുന്നു എന്നതാണ്. പെട്ടെന്ന് കനത്ത തോതില്‍ മഴ പെയ്യുകയും നാടും വീടും പ്രളയ ജലത്തില്‍ മുങ്ങുകയും ചെയ്തു. ഇപ്പോളുണ്ടായ മഴയും ജലപ്പെരുപ്പവും ഓരോ മണിക്കൂറിലും കൃത്യമായി അറിയുവാനും അത് മാദ്ധ്യമങ്ങള്‍ വഴി ജനങ്ങളില്‍ എത്തിക്കുവാനും കൃത്യമായ രക്ഷാ നടപടികള്‍ കൈക്കൊള്ളുവാനും കഴിഞ്ഞു. എന്നാല്‍ 99ലെ വെള്ളപ്പൊക്കവും അതിന്റെ അപകട സാഹചര്യവും ജനങ്ങളെ അറിയിക്കുവാനോ നാശ നഷ്ടങ്ങള്‍ ഒഴിവാക്കുവാനോ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്നത്തെ പോലെ ഇലക്‌ട്രോണിക് മാധ്യമങ്ങളോ ഇന്റനെറ്റോ സാമൂഹിക മാദ്ധ്യമങ്ങളുടെ സാന്നിധ്യമോ ഇല്ലായിരുന്നു എന്നതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. പ്രളയം കയറി വലിയ തോതില്‍ ആളപായങ്ങളും നാശഷ്ടങ്ങളും ഉണ്ടായി അഞ്ചു ആറും ദിവസങ്ങള്‍ കഴിഞ്ഞപ്പോളാണ് അതിന്റെ വാര്‍ത്തകളും ചിത്രങ്ങളും പത്രങ്ങളിലൂടെ പുറം ലോകം അറിഞ്ഞത്. അന്ന് ഇന്നത്തെ പോലെ ഗ്രാമങ്ങളിലോ പട്ടണങ്ങളിലോ സംഭവിക്കുന്ന ദുരന്തങ്ങളും വിശേഷങ്ങളും ജനങ്ങള്‍ നിമിഷവേഗത്തില്‍ മറ്റുള്ളവര്‍ അറിയുന്ന സംവിധാനങ്ങളില്ല. അപകടങ്ങള്‍ മുന്‍കൂട്ടി അറിയാനും രക്ഷപ്പെടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ കഴിയാതെ പോയതും 99ലെ പ്രളയത്തിന്റെ ആഘാതം വര്‍ധിക്കാനിടയായി. രക്ഷാപ്രവര്‍ത്തനങ്ങളോ ദുരിതാശ്വാസ ക്യാമ്പുകളോ അന്ന് വ്യാപകമാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് ദുരന്തമുഖത്തേക്ക് യന്ത്രവല്‍കൃത ബോട്ടുകളിലോ, ഹെലികോപ്ടറുകളിലോ ഒക്കെ എത്തി ഏറ്റവും വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനും രക്ഷപ്പെടുത്തുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുവാനും ഫലപ്രദമായ സംവിധാനങ്ങളുണ്ട്. ഈ സൗകര്യങ്ങള്‍ 99ല്‍ ഉണ്ടാകാതിരുന്നതും ദുരന്തം വലുതാക്കി. അന്നത്തെ വീടുകള്‍ ഇന്നത്തെ പോലെ ഉറപ്പുള്ളവയോ ബഹുനില മന്ദിരങ്ങളോ ആയിരുന്നില്ല എന്നതും ഓര്‍ക്കണം. എളുപ്പത്തില്‍ തകര്‍ന്നുപോകാവുന്ന മണ്‍വീടുകളും ഓലമേഞ്ഞ കെട്ടിടങ്ങളിലും താമസിച്ചിരുന്നവരാണ് വെള്ളത്തില്‍ കുത്തയൊലിച്ച് ദുരന്തത്തിനിരയായത്.
ഇപ്പോഴത്തെ പ്രളയം
അതേ സമയം പ്രകൃതിയില്‍ മനുഷ്യര്‍ ഉണ്ടാക്കിയ മാറ്റങ്ങളാണ് ഇപ്പോളത്തെ വെള്ളപ്പൊക്കം രൂക്ഷമാക്കുന്നതിന് പ്രധാനകാരണമെന്ന് കാണാം. അതില്‍ പ്രധാനം പുഴകളും നദികളും കൈയേറ്റങ്ങളാല്‍ ശോഷിക്കുകയോ ഇല്ലാതാവുകയോ ചെയ്തതാണ്. മലകളില്‍ വര്‍ഷകാലത്തെ ജലസംഭരണത്തിന് പ്രകൃതി ദത്തമായ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. ഇവയില്‍ ശേഖരിച്ചുവയ്ക്കുന്ന വെള്ളം വേനല്‍കാലത്തും താഴേക്കൊഴുകി നാടിനെ ഫലസമ്പുഷ്ടമാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി നാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തുന്ന പ്രകൃതി ചൂഷണവും, മലകളില്‍ ക്വാറികള്‍ സ്ഥാപിച്ച് വ്യാപകമായി തുടരുന്ന ഇടിച്ചുനിരത്തലും പ്രകൃതി ദത്ത ജലസംഭരണികള്‍ ഇല്ലാതാക്കി. ഇത് മലകളില്‍ വെള്ളം സംഭരിക്കപ്പെടുന്നതിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയും പെയ്യുന്ന വെള്ളം അതേ അളവില്‍ താഴേക്ക് ഒഴുകിവരുന്നതിനും മനുഷ്യരുടെ യന്ത്രവല്‍കൃത ആക്രമണങ്ങളില്‍ ശക്തിക്ഷയിച്ച മലയില്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകുന്നതിനും കാരണമായി. ഡാമിലെ വെള്ളം കൊണ്ടുമാത്രമല്ല വെള്ളപ്പൊക്കമുണ്ടാകുന്നത്. 1924ല്‍ വന്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ കേരളത്തില്‍ ഒരു ഡാം മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് 82 ഡാമുകളുണ്ട്. ഇത്തവണ ഓഗസ്റ്റ് ഒന്നു മുതല്‍ 19 വരെ 758.6 മില്ലിമീറ്റര്‍ മഴയാണു ലഭിച്ചത്. സാധാരണ ഈ ഘട്ടത്തില്‍ 287.5 മില്ലിമീറ്റര്‍ മഴയാണു ലഭിക്കുക. 164% അധികം മഴ ഈ വര്‍ഷം ലഭിച്ചു ഇത്തവണ ചെറിയ സമയം കൊണ്ടു വന്‍തോതിലാണ് കരയിലും ജലസ്രോതസുകളിലും ഡാമുകളിലും വെള്ളമെത്തിയത്. കേരളത്തില്‍ പെയ്യുന്ന ശരാശരി മഴയുടെ മൂന്നിലൊന്ന് ഓഗസ്റ്റ് 14 മുതല്‍ 17 വരെ പെയ്തു. ഇടുക്കിയില്‍ ഈ നാലുദിവസം കൊണ്ടു പെയ്തത് 811 മില്ലിമീറ്ററും കക്കിയില്‍ 915 മില്ലിമീറ്ററുമാണ്. ഇങ്ങനെയാണു ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതും ഷട്ടറുകള്‍ തുറക്കേണ്ടിവന്നതും. വലിയ ഡാമുകളായ ഇടമലയാര്‍, ഇടുക്കി, പമ്പ-കക്കി-ആനത്തോട് എന്നിവ കൃത്യമായ അലര്‍ട്ട് നല്‍കിയാണ് ഇത്തവണയും തുറന്നത്. ഇത്തവണ പ്രതീക്ഷിച്ചതിനു വിപരീതമായി 41.44 ശതമാനം കൂടുതല്‍ മഴയാണ് പെയ്‌തെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് സംഭരണ ശേഷിയെക്കാള്‍ അധികജലം സംസ്ഥാനത്തെ 44 ഡാമുകളിലെത്തിച്ചു. ആവശ്യമായ മുന്‍കരുതലുകളെടുത്തിട്ടും ഏറ്റവും കുറഞ്ഞ സമയം കൊണ്ട് റെക്കോര്‍ഡ് വേഗത്തില്‍ ഡാമുകളിലേക്ക് പെയ്ത്തുവെള്ളം ഒഴുകിയെത്തിയതോടെ ഇവ ഒന്നൊന്നായി തുറന്നുവിടേണ്ട അസാധാരണ സാഹചര്യം ഉരുത്തിരിയുകയായിരുന്നു. 2500 മില്ലി മീറ്റര്‍ മഴയാണ് ജൂണ്‍ ഒന്ന് മുതല്‍ ആഗസ്ത് 20 വരെ കേരളത്തില്‍ ലഭിച്ചത്. 1924 ലെ വെള്ളപ്പൊക്കത്തില്‍ 3368 മി. മി മഴയാണ് ലഭിച്ചെന്നും കണക്കുകള്‍ പറയുന്നു. പമ്പയിലെ 9 ഡാമുകളാണ് ഒന്നിച്ച് തുറന്നത്. ഇടുക്കി - എറണാകുളം ജില്ലകളെ 11 ഡാമുകളും ചാലക്കുടി പുഴയിലെ ആറ് ഡാമുകളും തുറന്നു. ഈ ഡാമുകള്‍ തുറക്കുമ്പോള്‍ എവിടെയൊക്കെ വെളളപ്പൊക്കമുണ്ടാകുമെന്നും, ഏതൊക്കെ ഭാഗങ്ങള്‍ മുങ്ങുമെന്നും പ്രവചിക്കുക പ്രയാസമായിരുന്നു. പ്രതീക്ഷിച്ച വഴികളിലൂടെയല്ല വെള്ളം ഒഴുകിവന്നതെന്നതും നാം കണ്ടതാണ്. ആറുകള്‍ വഴിമാറി കരകളും ദേശീയപാതകളും വരെ കവര്‍ന്നെടുത്തു. കാടും മേടും പുരയിടങ്ങളും മനുഷ്യനിര്‍മിതമായ അതിരുകള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം തുടച്ചുമാറ്റപ്പെട്ടു. എറണാകുളം ജില്ലയിലെ കാലടി, പെരുമ്പാവൂര്‍, പറവൂര്‍, വൈക്കം, പന്തളം തുടുങ്ങി അതി രൂക്ഷമായ പ്രളയം ഉണ്ടായ പലയിടങ്ങളിലേക്കും മുന്നറിയിപ്പുകള്‍ നല്‍കാനുള്ള ഇടപോലും ബാക്കിവെയ്ക്കാതെ രാത്രിക്ക് രാത്രി വെള്ളം വീടുകളിലേക്ക് ഇരച്ചു കയറുകയായിരുന്നു. ജൂലൈയ് പകുതി കഴിഞ്ഞപ്പോള്‍ തന്നെ ഇടുക്കിയിലെ ഡാമുകള്‍ നിറഞ്ഞിരുന്നു. മഴ വീണ്ടും ശക്തി പ്രാപിക്കുമെന്ന് സംസ്ഥാന, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലായ് 31 ന് ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2395.68 അടിയായി ഉയിര്‍ന്നിരുന്നു. പരമാവധി ശേഷി 2403 ഉം ആണ്. തുടര്‍ന്ന ദിവസങ്ങളില്‍ കനത്ത മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. വ്യാപകമായ ഉരുള്‍ പൊട്ടല്‍ സാധ്യത നിലനിന്നിരുന്നു. ഇതിനൊക്കെ പുറമേ മുല്ലപ്പെരിയാര്‍ നിറഞ്ഞ് അവിടെ നിന്നുള്ള വെള്ളവും ഇടുക്കിയിലെത്താനുള്ള സാധ്യതയും ഉണ്ടായിരുന്നു. ഇടുക്കിയിലെ ജലനിരപ്പ് 2397 അടിയായാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് വൈദ്യുതി മന്ത്രി എം എം മണി ജൂലൈയ് 27ന് പറഞ്ഞിരുന്നു. പക്ഷെ പ്രതീക്ഷയ്ക്കു വിപരീതമായി മഴയും അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തിപ്പെട്ടതോടെ ട്രയല്‍ റണ്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമയപരിധിക്ക് ഒരു ദിവസം മുമ്പ് ചെറുതോണി അണക്കെട്ട് തുറന്നുവിടേണ്ട അടിയന്തര സാഹചര്യമുണ്ടായി. പിന്നാലെ മലമ്പുഴ അണക്കെട്ടും തുറക്കേണ്ടിവന്നു. ഓഗസ്റ്റ് 9ന് ജലനിരപ്പ് 2398. 98 അടിയിലേക്കെത്തിയപ്പോള്‍ മാത്രമാണ് ഒരു ഷട്ടര്‍ 50 സെ.മി മാത്രമുയര്‍ത്താന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയത്. അന്ന് വൈകീട്ട് തന്നെ ജലനിരപ്പ് 2400.10 അടിയായി ഉയര്‍ന്നു. പിറ്റേന്ന് ഓഗസ്റ്റ് 10 രാവിലെ 7.30 ന് രണ്ട് ഷട്ടറും, ഉച്ചക്ക് 1 മണിക്ക് നാലാമത്തെ ഷട്ടറും, വൈകീട്ട് 3 മണിക്ക് അഞ്ചാമത്തെ ഷട്ടറും തുറക്കേണ്ടി വന്നു. തലേന്ന് സെക്കണ്ടില്‍ അമ്പതിനായിരം ലിറ്റര്‍ പുറത്തേക്കൊഴികിയ സ്ഥാനത്ത് 7.5 ലക്ഷം ഘന ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കേണ്ടിവന്നു. പ്രളയത്തിന് ഒരു കാരണം അതാണ്. ഇടുക്കിയില്‍ വെള്ളം നിറയുന്നതിനനുസരിച്ച് വൈദ്യൂതോല്‍പാദനം വര്‍ധിപ്പിച്ചെങ്കിലും അതുകൊണ്ട് ചെറിയ ആശ്വാസം മാത്രമേ ലഭിച്ചുള്ളു. ചെറുതോണിക്ക് പുറമേ ഇടമലയാര്‍, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഭൂതത്താന്‍ കെട്ട്, പൊന്‍മുടി, മാട്ടുപ്പെട്ടി, ചെങ്കുളം തുടങ്ങിയ എല്ലാ ഡാമുകളും ഒന്നിച്ച് തുറക്കേണ്ടി വന്നു. ഇതിനൊക്കെ പുറമേ മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കിയിലേക്ക് തമിഴ് നാട് വെള്ളം തുറന്ന് വിട്ടു.
ചാലക്കുടി പുഴയില്‍ ആറ് ഡാമുകളാണ് ഒന്നിച്ച് തുറന്നത്. ചാലക്കുടി പുഴയിലെ ഏറ്റവും താഴെ കിടക്കുന്ന പെരിങ്ങല്‍ക്കുത്ത് ജൂണ്‍ പത്തിന് തന്നെ അതിന്റെ പൂര്‍ണ്ണ ശേഷയിലെത്തിയിരുന്നു. ജൂലായ് 28 മുതല്‍ ഓഗസ്റ്റ് 8 വരെ ഡാം നിറഞ്ഞ് കിടക്കുകയും മഴ കനക്കുകയും ചെയ്തങ്കിലും ജലനിരപ്പ് താഴ്ത്താന്‍ ശ്രമിച്ചില്ല. ചാലക്കുടി സംരക്ഷണ സമിതി ജൂലായ് 24 ന് തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇതിനിടയില്‍ അപ്പര്‍ ഷോളയാറില്‍ നിന്ന തമിഴ്‌നാട് കേരളത്തിലേക്ക് വെള്ളം ഒഴുക്കിവിട്ടത് പ്രശ്‌നം വഷളാക്കി. തമിഴ്‌നാടുമായി ബന്ധപ്പെട്ട് അത് തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ആരോപണമുണ്ട്. ജോയിന്റ് വാട്ടര്‍ റെഗുലേറ്ററി ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം ഇപ്പോള്‍ കേരളത്തിനാണ്. കേരള ഇറിഗേഷന്‍ ചീഫ് എഞ്ചിനിയീറാണ് അതിന്റെ ചെയര്‍മാന്‍. പക്ഷെ തമിഴ്‌നാട് കേരളത്തിലേക്ക് വെളളം ഒഴുക്കുന്നത് തടയുന്നതില്‍ ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ക്കും ഇറിഗേഷന്‍ മന്ത്രിക്കും വലിയ വീഴ്ചയാണുണ്ടായതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഒടുവില്‍ പെരിങ്ങല്‍ക്കുത്ത് കരകവിയുകയും ചാലക്കുടി പുഴ ഗതിമാറുകയും ചെയ്യുന്ന ഗുരുതരാവസ്ഥയിലെത്തി. പെരിങ്ങല്‍ കുത്ത് ഡാമിന് ബലക്ഷയം ഉണ്ടായെന്നും പറയുന്നുണ്ട്. അതിന്റെ ഷട്ടറുകള്‍ പ്രവര്‍ത്തിക്കുന്നില്ല. പമ്പയില്‍ ഒമ്പത് ഡാമുകളാണ് തുറന്നത്. മൂഴിയാര്‍, കൊച്ചുപമ്പ, സീതത്തോട്, കക്കി, മണിയാര്‍ പെരുന്തേനരുവി തുടങ്ങിയവയും, സീതത്തോട് പ്രദേശത്തെ ചെറിയ ഡാമുകളും തുറന്നു. ഈ ഡാമുകള്‍ അല്‍പ്പാപ്പം ക്രമമായി തുറന്ന് വിട്ടിരുന്നെങ്കില്‍ പമ്പാ തീരത്തെ അപ്രതീക്ഷിത വെള്ളപ്പൊക്കം ഒഴിവാക്കമായിരുന്നു. പരമാവധി ലെവലില്‍ എത്തുമ്പോള്‍ ഡാമുകള്‍ തുറക്കുക എന്ന തത്വം മാത്രമാണ് കെഎസ്ഇബിയും, ജലവിഭവ വകുപ്പും അനുവര്‍ത്തിച്ചത്. ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും വെള്ളം പൊങ്ങാനുള്ള പ്രധാന കാരണം ഇതാണ്. പമ്പ വഴിമാറി ഒഴുകുന്ന അവസ്ഥയാണ് ഉണ്ടായത്.
മലമ്പുഴ ഡാമിന്റെ ഷട്ടര്‍ 30 സെ. മി മാത്രമാണ് തുറന്നത്. അതും വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി. ഓഗസ്റ്റ് 8 ന് ഇത് 180 സെ. മി ആയി ഷട്ടര്‍ ഉയര്‍ത്തി. ഇത് മൂലം കല്‍പ്പാത്തി പുഴയിലൂടെയും തോടുകളിലൂടെയും വെള്ളം കുത്തി ഒഴുകി. പാലക്കാട് ടൗണിലേക്ക് പോലും വെള്ളം കയറി. വയനാട്ടില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ജില്ലാ കളക്റ്ററെ പോലും അറിയാക്കാതെയാണ് തുറന്നത് എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ജൂലൈ 15ന് ബാണാസുര സാഗറിന്റെ നാല് ഷട്ടറുകള്‍ ആദ്യം തുറന്നു. പക്ഷെ പിന്നീട് ഒരു മുന്നറിയിപ്പുമില്ലാതെ 230 സെ. മി ആയി ഷട്ടറുകള്‍ ഉയര്‍ത്തി. ഒപ്പം നാലാമത്തെ ഷട്ടറും പൊക്കി. ഇതോടെ വയനാട്ടില്‍ പ്രളയമായി. വാട്‌സ് ആപ്പില്‍ മുന്നറിയിപ്പ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയെന്നാണ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഏതാണ്ട് രണ്ടുമാസമായി കുട്ടനാട് വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് കുട്ടനാട്ടിലെ 90 ശതമാനം ആളുകളെയും ഒഴിപ്പിക്കേണ്ടി വന്നത്. ഒരു നാട് മുഴുവനും അഭയാര്‍ത്ഥികളായി മാറുകയാണ് ചെയ്തത്. കുട്ടനാട്ടില്‍ നിന്ന് പുറത്തേക്ക് വെള്ളമൊഴുകി പോകേണ്ട മാര്‍ഗങ്ങളെല്ലാം അടഞ്ഞ് കിടന്നതാണ് വിനയായത്. തണ്ണീര്‍ മുക്കം ബണ്ടിലെ മണല്‍ച്ചിറ ഭാഗികമായി മാത്രമേ മാറ്റിയിട്ടുള്ളു. ആ മണല്‍ ചിറയിലെ മണലിന്റെ വിലയെച്ചൊല്ലി കോണ്‍ട്രാക്ടറും പഞ്ചായത്തും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതാണ് തടസം. കൂടാതെ തോട്ടപ്പള്ളി സ്പില്‍വേയിലെ പൊഴി സമയബന്ധിതമായി മുറിക്കാന്‍ കഴിയാതെ വന്നതും കുട്ടനാട്ടിലെ വെള്ളപ്പൊക്കം രൂക്ഷമാക്കി. ഓഗസ്റ്റ് 17ന് മാത്രമാണ് അവിടെ സ്പില്‍വേ ഉയര്‍ത്താന്‍ കഴിഞ്ഞത്. ഇങ്ങനെ അപ്രതീക്ഷിതവും അതിവേഗത്തിലും ഉള്ള ഒരു പ്രകൃതി ദുരന്തത്തിനാണ് കേരളം സാക്ഷിയായത്. 1924ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തെയും 2018ലെ വെള്ളപ്പൊക്കത്തെയും താരതമ്യം ചെയ്യുമ്പോള്‍ വ്യക്തമാകുന്ന ഒരു കാര്യം പഴയ ദുരന്തങ്ങളില്‍ നിന്ന് മലയാളി ഒരു പാഠവും പഠിക്കുന്നില്ല എന്നാണ്. വാര്‍ത്താ വിനിമയ സംവിധാനങ്ങളും വിവര സാങ്കേതിക വിദ്യയും പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി അറിയാനും ഏറ്റവും കുറഞ്ഞ സമയം കൊണ്ടുപോലും മുന്‍കരുതലുകള്‍ എടുക്കാനും കഴിഞ്ഞതുകൊണ്ടു കൂടിയാണ് ഈ പ്രളയത്തില്‍ ആള്‍ നാശം ഇത്രയെങ്കിലും കുറക്കാന്‍ കഴിഞ്ഞത്. അതിലെല്ലാമുപരി നഷ്ടപ്പെട്ടുപോയി എന്ന് ആശങ്കപ്പെട്ടിരുന്ന മലയാളികളുടെ ഒത്തൊരുമയും സഹജീവി സ്‌നേഹവും തിരിച്ചറിയാന്‍ കൂടി ഈ പ്രളയം സഹായിച്ചു. ആധുനിക യുവതലമുറയുടെ മൂല്യബോധത്തെക്കുറിച്ചുള്ള ആശങ്കകളും ഈ പ്രളയം കുത്തിയൊഴുക്കിക്കളഞ്ഞു. 1924 ലെ വെള്ളപ്പൊക്കമാണ് മഹാപ്രളയമെന്ന് പഴമക്കാര്‍ കരുതുന്നതുപോലെ 2018 ലെ വെള്ളപ്പൊക്കത്തെ മനുഷ്യസ്‌നേഹത്തിന്റെ കുത്തൊഴുക്കുണ്ടാക്കിയ മഹാപ്രളയമെന്നാകും ആധുനിക ചരിത്രം അടയാളപ്പെടുത്തുക.

Write A Comment

 
Reload Image
Add code here