പ്രകൃതിയും പ്രളയവും

Wed,Aug 22,2018


കേരളം ഇന്ന് വലിയൊരു പ്രകൃതി ദുരന്തത്തെ നേരിടുന്ന അവസ്ഥയിലാണ്. ദുരിതം അനുഭവിക്കുന്ന അനേകായിരങ്ങള്‍ക്ക് സാന്ത്വനമേകാന്‍ വാക്കുകളില്ല . പ്രകൃതി ഷോഭം താണ്ഡവമാടിയ കേരളക്കരയിലേക്ക് അനേക സംഘടനകള്‍ , സംസ്ഥാനങ്ങള്‍ , മറുനാടന്‍ മലയാളികള്‍ , വിദേശ രാഷ്ട്രങ്ങള്‍ സഹായ ഹസ്തവുമായി മുന്‍പോട്ടു വന്നിരിക്കുകയാണ് . ജലപ്രളയം അനേകം പേരുടെ ജീവന്‍ അപഹരിച്ചിരിക്കുന്നു . മരണ സംഖ്യ ഇനിയും വര്‍ധിക്കുമായിരുന്നു ; എന്നാല്‍ സര്‍ക്കാരിന്റെയും , സന്നദ്ധ സംഘടനകളുടെയും , മത സ്ഥാപനങ്ങളുടെയും , കേന്ദ്ര സേനയുടെയും, യുവാക്കളുടെയും അഹോരാത്രമുള്ള കഠിനാധ്വാനത്തിന്റെ ഫലമായി ആനേകായിരങ്ങളെ മരണമുഖത്തു നിന്നും പുതു ജീവിതത്തിലേക്ക് കര കയറ്റിയിരിക്കുന്നു .പ്രതേകിച്ചും കൊല്ലത്തുനിന്നും ബോട്ടുകളുമായി എത്തിയ മുക്കുവ സഹോദരന്മാരെ നാം അകമഴിഞ്ഞ് അഭിനന്ദിക്കേണ്ടിയിരിക്കുന്നു . അവരുടെ നല്ല മനസും , ധീരതയുമാണ് പൊലിയാന്‍ പോകുന്ന അനേകായിരങ്ങള്‍ക്ക് ജീവന്‍ നല്‍കിയത് . സര്‍ക്കാരും , ഉദ്യോഗസ്ഥരും , ജനപ്രധിനിധികളും ,രാഷ്ട്രീയ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചത് ഒരു പരിധി വരെ ദുരന്തത്തിന്റെ അളവ് കുറച്ചു , എന്ന് മാത്രമല്ല ദുരന്തം നേരില്‍ അനുഭവിച്ചവര്‍ക്ക് പല വിധത്തിലും സഹായമാവുകയും ചെയ്തു. പ്രളയ ജലം ഇറങ്ങി കഴിഞ്ഞ ശേഷം വരാന്‍ പോകുന്ന പകര്‍ച്ചവ്യാധികള്‍ മുന്‍പില്‍ കണ്ടുകൊണ്ടു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു .മാലിന്യ നിര്‍മാര്‍ജനം , സംസ്‌കരണം ഒരു വെല്ലുവിളി തന്നെ ആയിരിക്കും . റോഡുകളുടെ അറ്റകുറ്റ പണികളും , നഗരങ്ങളുടെ പുനര്‍ നിര്‍മാണവും , വീടുകളിലേക്കുളള പുനരധിവാസവും , വീടുകള്‍ നഷ്ടപെട്ടവര്‍ക്ക് പുതിയ ഭവനങ്ങള്‍ നിര്മിക്കപ്പെടേണ്ടതും സര്‍ക്കാരിന്റെ മുന്‍പില്‍ ഒരു വലിയ കടമ്പ തന്നെയായിരിക്കും .
എവിടെ തുടങ്ങണം , എത്ര നാള്‍ കൊണ്ട് പ്രാഥമിക ആവശ്യങ്ങള്‍ പരിഹരിക്കപ്പെടും എന്നുള്ള കാര്യങ്ങള്‍ വ്യക്തമായി വിഭാവനം ചെയ്യേണ്ടിയിരിക്കുന്നു .പ്രളയം സൃഷ്ടിച്ച കെടുതികള്‍ക്കു ഒരു മാസം കൊണ്ടോ ഒരു വര്‍ഷം കൊണ്ടോ പരിഹാരം ഉണ്ടാകും എന്ന് കരുതേണ്ട. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിലും , ചത്തടിഞ്ഞ മൃഗങ്ങള്‍ , ഇഴ ജന്തുക്കള്‍ എന്നിവയെ സംസ്‌കരിക്കുന്നതിലും അതീവ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു . മഹാ പ്രളയത്തില്‍ ദുരിതമനുഭവിക്കുമ്പോഴും ചില രാഷ്ട്രീയതര്‍ക്കങ്ങളും വാഗ്വാദങ്ങളും ഉണ്ടായതു ലജ്ജാകരമായ വസ്തുതയാണ് .ഉച്ചനീചത്വം കുടികൊണ്ടിരുന്ന കേരളത്തില്‍ 99 ലെ ജല പ്രളയം മാറ്റങ്ങള്‍ സൃഷ്ടിച്ചു എന്നത് ഒരു ചരിത്ര സത്യമാണ് . ഈ പ്രളയത്തിലൂടെയും നാം പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു . നീയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള വികസനങ്ങള്‍ ; മലയിടിച്ചു നിരപ്പാക്കല്‍ , മലഞ്ചെരുവുകളിലുള്ള കെട്ടിട നിര്‍മാണങ്ങള്‍ , പുഴയെയും നദികളെയും ആക്രമിച്ചുള്ള കെട്ടിട സമുച്ചയങ്ങള്‍ , തോടുകളും , ചതുപ്പുകളും , വയലുകളും മണ്ണിട്ട് നികത്തിയുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ ; നമ്മുടെ പ്രകൃതിയെ എത്ര മാത്രം വികൃതമാക്കി എന്നുള്ളതിന്റെ ഉദാഹരണമാണ് ഈ ദുരന്തത്തിലൂടെ നാം മനസിലാക്കേണ്ടിയിരിക്കുന്നത് .
ഓവുചാലുകളില്ലാത്ത , വാഹനങ്ങള്‍ കടന്നുപോകുവാന്‍ ബുദ്ധിമുട്ടുളവാക്കുന്ന റോഡുകളില്‍ അതിക്രമിച്ചുകയറി മതിലുകള്‍ പണിയുന്ന ഒരു സംസ്‌കാരമാണ് നമ്മുടേത് . ഒരിഞ്ചു മണ്ണിനു വേണ്ടി അതിരു തര്‍ക്കങ്ങളും , കോടതി കയറ്റവും , കത്തിക്കുത്തും നടത്തുന്ന നമ്മള്‍ പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ മറന്നു പോയോ ? . പണവും പ്രതാപവും വന്നപ്പോള്‍ നിയമ ലംഘനം നടത്തിയുള്ള വികസന പ്രവര്‍ത്തനങ്ങളല്ലേ കേരളത്തില്‍ നടന്നത് . കാണുന്നിടമെല്ലാം ചപ്പു ചവറുകള്‍ വലിച്ചെറിഞ്ഞും , മാലിന്യങ്ങള്‍ ശരിയാംവിധം സംസ്‌കരിക്കാതെയുമുള്ള നമ്മുടെ സംസ്‌കാരത്തിന് ഇനിയെങ്കിലും മാറ്റം വരണം . കേരളത്തിന്റെ പ്രകൃതി ഭംഗിയും , മനോഹാരിതയും , കാത്തുസൂക്ഷിക്കുവാനും ടുറിസ സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാനും നമുക്ക് കഴിയണം . വേണ്ടത് നമ്മുടെ സമീപനങ്ങളിലുള്ള മാറ്റങ്ങളാണ് . രാഷ്ട്രീയ, മത, ജാതി പരമായുള്ള നമ്മുടെ സമീപനങ്ങളില്‍ മാറ്റം അനിവാര്യമാണ് .മറ്റുള്ളവരോടു കുറച്ചുകൂടി വിനയത്തോടും കരുതലോടും ഇടപെടുവാന്‍ നമുക്ക് കഴിയണം. നമ്മുടെ അയല്‍ സംസ്ഥാനക്കാരെ പാണ്ടികള്‍ എന്ന് വിളിച്ചു അവഹേളിക്കുന്ന നമ്മളെക്കാള്‍ എത്രയോ മുന്‍പന്തിയിലാണ് തമിഴ്‌നാട് .കേരളത്തില്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടായിരുന്ന എത്രയോ തൊഴില്‍ സംരംഭങ്ങളാണ് തമിഴ്‌നാട്ടില്‍ മുതല്‍ മുടക്കിയത് .അവിടെ ആറുവരി പാത വന്നപ്പോള്‍ നമുക്കിന്നും രണ്ടു വരിയിലുള്ള ദേശീയ പാതകളില്ല . കേരളത്തില്‍ ജന സാന്ദ്രത കൂടുതലാണെന്നുള്ള ഉടക്ക് ന്യായങ്ങള്‍ പറയാം . സുഗമമായ യാത്രക്ക് വേണ്ടിയ റോഡുകള്‍ അനിവാര്യമാണെന്നുള്ള സത്യം നാം ഇനിയെങ്കിലും തിരിച്ചറിയണം . തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ എക്‌സ്പ്രസ്സ് ഹൈവേ വന്നാല്‍ കേരളം രണ്ടായി കീറി മുറിക്കപ്പെടും എന്ന് പറഞ്ഞതു നമ്മുടെ പാപ്പരത്തമല്ലേ ?. പത്രങ്ങള്‍ വായിച്ചു കലുങ്കിന് മുകളില്‍ കയറിയിരുന്ന് രാഷ്ട്രീയം പറയുന്ന സംസ്‌കാരമല്ല നമുക്കിനി വേണ്ടത്. എന്തിനും ഏതിനും ഹര്‍ത്താലുകളും , പണിമുടക്കും നടത്തുന്ന ചിന്താഗതി മാറിയേ തീരു . നാം വിദ്യാസമ്പന്നരാണ് , ഇനിയെങ്കിലും നാം വികസനങ്ങളില്‍ മുന്‍പോട്ടു പോകണം . മറ്റൊരു പ്രധാന കാര്യം
കേരളത്തില്‍ ഒരു വര്‍ഷം എത്രമാത്രം നദിജലമാണ് നഷ്ടപ്പെടുത്തുന്നതെന്നു നാം ചിന്തിച്ചിട്ടുണ്ടോ ? ആര്‍ക്കും പ്രയോജനപ്പെടാതെ അറബിക്കടലില്‍ പാഴാക്കുന്ന വെള്ളം മറ്റു സംസ്ഥാനങ്ങള്‍ക്കു വിറ്റു പണമാക്കുകയാണെങ്കില്‍ സംസ്ഥാനത്തിന് കോടികള്‍ സമ്പാദിക്കാം . തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പശ്ചിമഘട്ട മലനിരകളില്‍ ജൂണ്‍ മാസം മുതല്‍ ഒക്ടോബര്‍ മാസം വരെ ലഭിക്കുന്ന മഴവെള്ളം സംഭരിച്ചു തമിഴ്‌നാടിനു നല്‍കുകയാണെങ്കില്‍ അവിടെ ജൈവവിപ്ലവം തന്നെ നടക്കും . ഈ മാസങ്ങളില്‍ തമിഴ്‌നാട്ടില്‍ മഴ ലഭിക്കാറില്ലെന്നുള്ളതാണ് സത്യം. ഇരു സംസ്ഥാനങ്ങള്‍ തമ്മില്‍ പദ്ധതികള്‍ വിഭാവനം ചെയ്താല്‍ , ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടു സംസ്ഥാനങ്ങളായി മാറും കേരളവും , തമിഴ്‌നാടും . ഉദാഹരണത്തിന് , കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലപ്രളയം ഉണ്ടായത് ഡാമുകള്‍ തുറന്നു വിട്ടതിനു ശേഷമാണല്ലോ . ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ലഭിക്കുന്ന മഴവെള്ളത്തിന്റെ അളവ് കൂടുമ്പോള്‍ ജലസംഭരണികള്‍ നിറഞ്ഞു കവിഞ്ഞു ഷട്ടറുകള്‍ തുറക്കേണ്ട സ്ഥിതിയില്‍ എത്തുന്നു . എന്നാല്‍ മഴക്കാലങ്ങളില്‍ ഡാമുകളില്‍ എത്തുന്ന അമിതമായ ജലം ടണലുകള്‍ നിര്‍മിച്ചു തമിഴ്‌നാടിനു നല്‍കുകയാണെങ്കില്‍ ഡാമുകള്‍ തുറന്നു വിട്ടുകൊണ്ടുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും . ഇടുക്കി ഡാമില്‍ അധികമായെത്തുന്ന വെള്ളം തമിഴ്‌നാട്ടിലെ കമ്പംമെട്ടില്‍ എത്തിക്കാന്‍ ഏഴു കിലോമീറ്റര്‍ തുരങ്കം ആവശ്യമായി വരും . പല ജലസംഭരണികളും തുരങ്കം മൂലം ബന്ധിക്കാവുന്നതാണ് . ഇങ്ങനെയുള്ള പദ്ധതികള്‍ നാം വിഭാവനം ചെയ്യുകയാണെങ്കില്‍ മുല്ലപ്പെരിയാറിനെ കുറിച്ച് പോലും ആശങ്കപെടേണ്ടതില്ല . മറ്റൊരു പ്രളയക്കെടുതിക്ക് നാം ഇരയാകേണ്ടി വരില്ല !. നീലഗിരി മലനിരകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം ചാലിയാര്‍ പുഴയിലൂടെ അറബിക്കടലില്‍ നഷ്ടപ്പെടുത്തുന്നത് എത്ര ഘനയടിയാണെന്നുള്ളത് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?!. ശരിയായ പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ ഈ വെള്ളം കാവേരി പ്രശ്‌നത്തിന് നിരന്തര പരിഹാരം ആകുമെന്നുള്ളതാണ് വാസ്തവം .
ഇനിയെങ്കിലും ചാനലുകളില്‍ കൂടിയുള്ള അനാവശ്യ രാഷ്ട്രീയ ചര്‍ച്ചകളും , ചെളിവാരിയെറിയലും നിര്‍ത്തുക . കേരളത്തിന്റെ സമഗ്ര വികസനപ്രവര്‍ത്തനങ്ങളിലേക്കുള്ള സംവാദങ്ങള്‍ക്കും , ചര്‍ച്ചകള്‍ക്കും ഇനി വഴിതുറക്കട്ടെ . കടന്നു പോയ ജലപ്രളയം നമ്മുടെ മനസ്സുകളിലെ മാലിന്യങ്ങള്‍ കഴുകിക്കളയുവാനുള്ള ഒരു പാഠമായി കരുതുക . ഓണം ആഘോഷിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും മനുഷ്യര്‍ക്കെല്ലാം ഒന്നാകുവാന്‍ ഈ പ്രളയക്കെടുതിയിലൂടെ കഴിഞ്ഞു . ഇനിയും നമുക്ക് ഒന്നായി , ഒരുമയോടെ , ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം ........ ദെവത്തിന്റെ സ്വന്തം നാട്.. Help build kerala .
ഡോ. സാം ജോസഫ് പടിഞ്ഞാറ്റിടം

Other News

 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
 • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
 • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
 • Write A Comment

   
  Reload Image
  Add code here