എയര്‍ ഇന്ത്യക്ക് പുതിയ രക്ഷാപദ്ധതി

Mon,Aug 20,2018


പൊതുമേഖലയിലുള്ള എയര്‍ ഇന്ത്യക്കുവേണ്ടി മറ്റൊരു രക്ഷാപദ്ധതി ഗവണ്മെന്റ് ആലോചിക്കുന്നു. എയര്‍ ഇന്ത്യ വില്‍ക്കുന്നതിനായി ഈ വര്‍ഷമാദ്യം ആവിഷ്‌ക്കരിച്ച പദ്ധതി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ പദ്ധതി. വായ്പ നല്‍കിയിട്ടുള്ള 30,000 കോടി രൂപ എഴുതിത്തള്ളുന്നതിനും പ്രവര്‍ത്തനം ശക്തമാക്കുന്നതിനായി 10,000 - 11,000 കോടി രൂപ നല്‍കുന്നതിനുമുള്ള പദ്ധതിയാണിതെന്ന് കരുതപ്പെടുന്നു. ധനമന്ത്രാലയത്തിന്റെ പരിഗണനയിലുള്ള രക്ഷാപദ്ധതിയുടെ ഭാഗമായി ഇതുവരെ ഉണ്ടായിട്ടുള്ള നഷ്ടം എഴുതിത്തള്ളുകയും ബാലന്‍സ് ഷീറ്റ് ക്ലീന്‍ ആക്കുകയും ചെയ്യും. ചെറിയ തോതിലുള്ള ധനസഹായം പ്രയോജനം ചെയ്യില്ലെന്ന് മനസ്സിലാക്കി എയര്‍ ഇന്ത്യയുടെ വാണിജ്യപരമായ ശേഷി ഉയര്‍ത്തുന്നതിനുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്.
എയര്‍ ഇന്ത്യയെ രക്ഷിക്കാനുള്ള പദ്ധതി പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്ന് വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ദേശീയ വ്യോമയാന കമ്പനിയുടെ ധനസ്ഥിതി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ചര്‍ച്ചകള്‍ നടക്കുന്നതായി ഏവിയേഷന്‍ സെക്രട്ടറി ആര്‍ എന്‍ ചൗബേ സ്ഥിരീകരിച്ചു. രക്ഷാപദ്ധതി അംഗീകരിക്കുന്ന പക്ഷം ഇത് എയര്‍ ഇന്ത്യക്കായി അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ആവിഷ്‌ക്കരിക്കുന്ന രണ്ടാമത്തെ രക്ഷാപദ്ധതി ആയിരിക്കും. 2013ല്‍ യുപിഎ ഗവണ്മെന്റ് 2020-21 കാലഘട്ടത്തിനിടയില്‍ 30,231 കോടി രൂപ നല്‍കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. അതില്‍ 27,000 കോടി രൂപ ഇതിനകം നല്‍കിയിട്ടുണ്ട്.
തല്‍ക്കാലം ഓഹരി വില്‍പ്പന ഒഴിവാവാക്കുന്നുവെങ്കിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം വില്‍ക്കാന്‍ സജ്ജമാകത്തക്ക രീതിയില്‍ എയര്‍ ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യം. എയര്‍ ഇന്ത്യയുടെ 76% ഓഹരികള്‍ വില്‍ക്കാന്‍ മാര്‍ച്ചില്‍ ഗവണ്മെന്റ് നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. 24% ഓഹരികള്‍ മാത്രം ഗവണ്മെന്റ് നിലനിര്‍ത്തിയാല്‍ മതിയെന്നായിരുന്നു തീരുമാനം. ഗവണ്മെന്റിന്റെ വിദഗ്ധ സമിതിയായ നീതി ആയോഗ് ശുപാര്‍ശ ചെയ്തിട്ടുള്ളത് 100% ഓഹരികളും വില്‍ക്കുന്നതിനാണ്. ഇപ്പോഴത്തെ പദ്ധതി അംഗീകരിക്കപ്പെട്ടാല്‍ വായ്പ കടം തിരിച്ചടക്കുന്നതില്‍നിന്നും എയര്‍ ഇന്ത്യ മുക്തമാകും. അത് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കും. മറ്റെല്ലാ വാണിജ്യ വ്യോമയാന കമ്പനികളെയുംപോലെ എയര്‍ ഇന്ത്യയെയും മാറ്റുകയാണ് ലക്ഷ്യം.

Write A Comment

 
Reload Image
Add code here