യുഎസിന്റെ മൂക്കിന് താഴെ ചൈന ആഫ്രിക്കന്‍ ഭൂഖണ്ഡം 'മോഷ്ടി'ക്കുന്നു

Mon,Aug 20,2018


ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ആധിപത്യത്തിനായുള്ള പോരാട്ടമിപ്പോള്‍ ഏഷ്യയിലെ രണ്ടു വന്‍ശക്തികള്‍ തമ്മിലാണ് - ചൈനയും ഇന്ത്യയും. യുഎസിനെ അവിടെയെങ്ങും കാണുന്നില്ല. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും കഴിഞ്ഞമാസം ഭൂഖണ്ഡത്തില്‍ അങ്ങോളമിങ്ങോളം പര്യടനങ്ങള്‍ നടത്തി. അതേ സമയംതന്നെ ആഫ്രിക്കന്‍ വികസന ബാങ്കിന്റെ പ്രസിഡന്റ് അകിന്‍ഡറുമി അഡിസൈന സഹായങ്ങളഭ്യര്‍ത്ഥിച്ച് വാഷിങ്ടണില്‍ വന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ആകെക്കൂടി കാണാന്‍ കഴിഞ്ഞത് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിലെ ചില ഉദ്യോഗസ്ഥരെ മാത്രമാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ഇനിയും ആഫ്രിക്ക സന്ദര്‍ശിച്ചിട്ടില്ല. അവിടേക്കു പോകാന്‍ പദ്ധതിയുള്ളതായി പറയുന്നതുമില്ല. ചൈനയും ഇന്ത്യയും ഏറെ ശ്രദ്ധിക്കുന്നുണ്ടല്ലോ, പിന്നെന്തിന് യുഎസ് ശ്രദ്ധിക്കണം എന്നായിരിക്കും ചോദ്യമെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡേവിഡ് ആന്‍ഡെല്‍മാന്‍ പറയുന്നു. ആഫ്രിക്കയിലാണ് നൈജീരിയ എന്നോര്‍ക്കണം. ഏറ്റവുമധികം ജനസംഖ്യയുള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യമാകാന്‍ ഒരുങ്ങുകയാണ് നൈജീരിയ. അവിടെ അതിന്റേതായ വെല്ലുവിളികളും ഉയരുന്നു. ജനസംഖ്യയില്‍ വര്‍ദ്ധിച്ചുവരുന്ന യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലുകള്‍ ആവശ്യമാണ്. ഭക്ഷണത്തിന്റെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല. ഭാവിയിലെ ഇലക്ട്രിക്ക് കാറുകള്‍ക്കാവശ്യമായ തന്ത്രപ്രധാനമായ ധാതുലവണങ്ങളായ ലാന്താനം, സെറിയം, നിയോഡൈമിയം എന്നിവയുടെ കാര്യത്തില്‍ പ്രത്യേകമായ സ്ഥാനം നൈജീരിയക്കുണ്ട്. ആഫ്രിക്കയില്‍ കൃഷിയോഗ്യമായ 400 മില്യണ്‍ ഹെക്ടര്‍ ഭൂമിയുണ്ട്. ഭാവിയില്‍ ലോകത്തിന്റെ ഭക്ഷ്യപ്പുരയായി മാറുന്നതിനു അതിലൂടെ ആഫ്രിക്കയ്ക്ക് കഴിയും. ആഫ്രിക്കയുമായുമുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 18 പുതിയ എംബസികള്‍ തുറക്കുമെന്ന് ഉഗാണ്ടന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇത്തരത്തിലൊരു പ്രസ്താവന ചെയ്യുന്നത് ഇതാദ്യമാണ്.
അതിലും വലിയൊരു നിര്‍ദ്ദേശവുമായിട്ടാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എത്തിയത്. ചൈനയുടെ ബൃഹത്തായ ബെല്‍റ്റ് റോഡ് വികസന പദ്ധതിയിലെ അംഗത്വമായിരുന്നു വാഗ്ദാനം. യൂറോപ്പിലും ഏഷ്യയിലുമായി വ്യാപാര ഇടനാഴികളും അടിസ്ഥാന സൗകര്യ പദ്ധതികളും നിര്‍മ്മിക്കുന്ന പദ്ധതി ആഫ്രിക്കയിലേക്ക് നീട്ടുമെന്നാണ് ഷി പറഞ്ഞത്. ആഫ്രിക്കയിലെ ഗവണ്മെന്റുകള്‍ക്കും ഗവണ്മെന്റ് ഉടമയിലുള്ള കമ്പനികള്‍ക്കുമായി ചൈന ഇതിനകം 94 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കിയിട്ടുണ്ട്. ഇത്തരം പദ്ധതികളുമായുള്ള ചൈനയുടെ തള്ളിക്കയറ്റം യുഎസിനും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ യുഎസിനുള്ള താല്‍പ്പര്യങ്ങള്‍ക്കും നേരെ വലിയ അപകടങ്ങളും വെല്ലുവിളികളും ഉയര്‍ത്തുന്നതാണ്. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) കണക്കുകള്‍ പ്രകാരം സഹാറയ്ക്കു തെക്കുള്ള രാഷ്ട്രങ്ങളുടെ പൊതു കടം ഭീമമായ തോതിലാണ് വര്‍ദ്ധിച്ചിട്ടുള്ളത്. 2012ല്‍ ജിഡിപിയുടെ 28.5% ആയിരുന്നത് ഈ വര്‍ഷം 48%മായി ഉയര്‍ന്നു. അതിനര്‍ത്ഥം അവര്‍ ഉല്‍പ്പാദിക്കുന്നതെല്ലാം കടം വീട്ടാന്‍ മാത്രമേ തികയൂ എന്നാണ്. നൈജീരിയായിലെയും അംഗോളയിലെയും എണ്ണ മുതല്‍ കോംഗോയിലെ അപൂര്‍വമായ ധാതു ലവണങ്ങളും ജിബൗട്ടിപോലുള്ള തന്ത്രപ്രധാനമായ ഭൂപ്രദേശങ്ങളുമാണ് കടമെടുക്കുന്നതിനായി പണയപ്പെടുത്തിയിട്ടുള്ളത്. അതേ സമയംതന്നെ യുഎസും ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം 2008ല്‍ 142 മില്യണ്‍ ഡോളര്‍ ആയിരുന്നത് കഴിഞ്ഞ വര്‍ഷം 55 മില്യണ്‍ ഡോളറായി താഴ്ന്നു. ആഫ്രിക്കയില്‍ നിന്നുമുള്ള ക്രൂഡ് ഓയില്‍ ആവശ്യമില്ലാത്ത വിധം എണ്ണയുടെ കാര്യത്തില്‍ യുഎസ് കൈവരിച്ച സ്വയം പര്യാപ്തതയാണ് ഇതിനു കാരണം. യുഎസും ചൈനയും തമ്മില്‍ ഒരു ട്രാന്‍സ്പസിഫിക് വ്യാപാര യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളപ്പോള്‍ത്തന്നെ ചൈന ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഒന്നൊന്നായി കടന്നു ചെന്നുകൊണ്ടിരിക്കുന്നു. പലതും വളരെ ലാഭകരമായ രീതിയിലാണ്. ചിലപ്പോഴൊക്കെ അത് വിഷമയവുമാകുന്നു.
വെര്‍മോണ്ടിന്റെ അത്രമാത്രം വലുപ്പമുള്ള ചെറിയ രാജ്യമാണ് ജിബൗട്ടി. ഏദന്‍ കടലിടുക്കിനു അഭിമുഖമായി നിലകൊള്ളുന്ന തന്ത്രപ്രധാനമായ സ്ഥലമാണത്. ആഗോള വ്യാപാരത്തിന്റെ 12.5% മുതല്‍ 20%വരെ അതുവഴിയാണ് കടന്നുപോകുന്നത്. ആഫ്രിക്കന്‍ മുനമ്പില്‍ യുഎസിന്റെ ആഫ്രിക്ക കമാണ്ടിന്റെ ലെമോണിയെ താവളത്തില്‍ 4,000 സൈനികരാണുള്ളത്. അതിനു വളരെ അകലെയല്ലാതെയാണ് ബില്യണ്‍ കണക്കിന് ഡോളര്‍ ചിലവഴിച്ച് ജിബൗട്ടിയില്‍ തുറമുഖവും അതിനോട് ചേര്‍ന്ന് ഹോട്ടലുകള്‍ റോഡുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഡോറാലേഹ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കോംപ്ലക്‌സും പണികഴിപ്പിച്ചിട്ടുള്ളത്. ദുബായ് ആസ്ഥാനമായുള്ള ഡി പി വേള്‍ഡ് ആണ് അവയെല്ലാം നിര്‍മ്മിച്ചതും പ്രവര്‍ത്തിപ്പിക്കുന്നതും. 40ല്‍ അധികം രാജ്യങ്ങളില്‍ അവര്‍ തുറമുഖങ്ങളും അനുബന്ധ സൗകര്യങ്ങളും നിര്‍മ്മിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. അതിനു വളരെ സമീപത്തായിട്ടാണ് കഴിഞ്ഞ വര്‍ഷം ചൈന അവരുടെ ആദ്യ വിദേശ സൈനിക താവളം തുറന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് യാതൊരു മുന്നറിയിപ്പുമില്ലാതെ ജിബൗട്ടിയിലെ സൈന്യം ഡി പി വേള്‍ഡിന്റെ നിയന്ത്രണത്തിലായിരുന്ന എല്ലാ സ്വത്തുക്കളും പിടിച്ചെടുക്കുകയും അതെല്ലാം ജിബൗട്ടി ഗവണ്മെന്റിന്റേതാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ആ പിടിച്ചെടുക്കല്‍ നിയമവിരുദ്ധമായി ലണ്ടന്‍ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ കോടതി വിധിച്ചിട്ടുണ്ട്. ഡി പി വേള്‍ഡുമായുള്ള കരാര്‍ പുതുക്കിയെഴുതുന്നതിന്റെ ഭാഗമായുള്ള നടപടിയാണെന്ന് ജിബൗട്ടി ഗവണ്മെന്റിന്റെ വാദം കോടതി നിരാകരിച്ചു.
ചൈനക്കാര്‍ വരുന്നതിനുമുമ്പ് ഒരു പ്രശ്‌നവും നേരിട്ടിരുന്നില്ലെന്നും ചൈനക്കാര്‍ എത്തുകയും അവര്‍ ജിബൗട്ടി ഗവണ്മെന്റിനു ആവശ്യപ്പെട്ടതിലും കൂടുതല്‍ വായ്പ നല്‍കുകയും ചെയ്തുവെന്നും അതോടെ അവിടുത്തെ ഗവണ്മെന്റ് നിസ്സഹായാവസ്ഥയിലായെന്നും ഡി പി വേള്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലയേം ആരോപിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ആഫ്രിക്ക നേരിടുന്നതെന്നും പൊതുസ്വകാര്യ പങ്കാളിത്തത്തിലൂടെ മാത്രമേ അവ നിര്‍മ്മിക്കാന്‍ കഴിയുള്ളുവെന്നും എന്നാല്‍ ജിബൗട്ടിയിലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇനി ആരുംതന്നെ നിക്ഷേപങ്ങള്‍ക്ക് ധൈര്യപ്പെടില്ലെന്നും സുലയേം പറഞ്ഞു. ചൈനീസ് പണത്തിന്റെ സ്വാധീനവലയത്തില്‍പ്പെട്ട ആഫ്രിക്കയിലെ ഏക രാഷ്ട്രമല്ല ജിബൗട്ടി. ചൈന നല്‍കിയ വായ്പകള്‍ തിരിച്ചുനല്‍കാന്‍ അവര്‍ക്കു കഴിയില്ല. അതിനു പകരമായി അവര്‍ പൈതൃകമായി ലഭിച്ച ധാതു സമ്പത്തുകള്‍ ചുളുവിലയ്ക്ക് ചൈനക്ക് പണയപ്പെടുത്തുകയാണ് ചെയ്തത്. അങ്ങനെ അവര്‍ ചൈനയുടെ സ്വാധീനവലയത്തില്‍നിന്നും പുറത്തുകടക്കാന്‍ കഴിയാത്ത ബന്ദിയെപ്പോലെയായി. പാശ്ചാത്യ മുതലാളിത്വ മാതൃകയില്‍നിന്നും വ്യത്യസ്തമായ പല പദ്ധതികളും ചൈന ആവിഷ്‌ക്കരിക്കുന്നുണ്ട്. അവ വളരെ വലുതും ആഫ്രിക്കന്‍ രാഷ്ട്രങ്ങളെ പ്രലോഭിപ്പിക്കുന്നതുമാണ്. ആഫ്രിക്കയുമായി ഗാഢമായ കുറച്ചു ബന്ധങ്ങള്‍ യുഎസിനും ഉണ്ടായിരുന്നു. എന്നാല്‍ ആഫ്രിക്കയിലെ അസ്ഥിരത യുഎസിന്റെ സുരക്ഷിതത്വത്തിനു നേര്‍ക്കുള്ള ആക്രമണങ്ങളായി മാറുമെന്ന് ഒബാമ ഭരണകൂടത്തിന്റെ അവസാന വര്‍ഷങ്ങളില്‍ വളരെ പ്രകടമായി. അല്‍ഖായിദയും ഇസ്‌ലാമിക സ്‌റ്റേറ്റും വലിയ പിന്തുണ നേടുകയും പല ആഫ്രിക്കന്‍ രാജ്യങ്ങളെയും കൊള്ളയടിക്കാനും തുടങ്ങി. ഭീകര ആക്രമണങ്ങളില്‍ യുഎസ് സൈനികര്‍ കൊല്ലപ്പെടാന്‍ തുടങ്ങി. ഏറ്റവുമൊടുവില്‍ നൈജറില്‍ ഐഎസ് ഭീകര ആക്രമണങ്ങളില്‍ 4 യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്.
എന്തായാലും വളരെ സങ്കീര്‍ണ്ണമായ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ചൈനയുടേതില്‍നിന്നും തികച്ചും ഭിന്നമായ താല്‍പ്പര്യങ്ങളാണ് യുഎസിനുള്ളത്. ശക്തമായ രാഷ്ട്രങ്ങളും ജനാധിപത്യ സ്ഥാപനങ്ങളും കെട്ടിപ്പടുക്കണമെന്ന താല്‍പ്പര്യം ചൈനയ്ക്കില്ല. സ്വന്തം നിയന്ത്രണം വ്യാപിപ്പിക്കുന്നതിനും സുരക്ഷ കൂട്ടുന്നതിനായി കുറെ ആശ്രിത രാജ്യങ്ങളെ സൃഷ്ടിക്കുക മാത്രമാണ് ചൈനയുടെ ലക്ഷ്യം. അതിനാല്‍ അധരവ്യായാമം അവസാനിപ്പിച്ച് ഇനിയും വൈകാതെ ആഫ്രിക്കയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിനും അവിടം സന്ദര്‍ശിക്കുന്നതിനുമാണ് ട്രമ്പ് ശ്രദ്ധിക്കേണ്ടതെന്നും ആന്‍ഡെല്‍മാന്‍ അഭിപ്രായപ്പെടുന്നു. ഡോണള്‍ഡ്ട്രമ്പിന്റെ ശ്രദ്ധയില്‍പ്പെടാതെ ചൈന സാവധാനം ഒരു ഭൂഖണ്ഡത്തെയാണ് മോഷ്ടിച്ചുകൊണ്ടുപോകുന്നത്.

Other News

 • ഐഎസിനെതിരായ യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്
 • പാക് സുപ്രീം കോടതി ചാട്ടവാര്‍ വീശുന്നു
 • യുഎസ് സൈനിക പിന്മാറ്റം താലിബാന് നേട്ടമാകും
 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • Write A Comment

   
  Reload Image
  Add code here