ഇന്ത്യന്‍ സാമ്പത്തിക മേഖല കുതിക്കുന്നു; ഒപ്പം കിതയ്ക്കുകയും

Mon,Aug 20,2018


ഇന്ത്യയുടെ സാമ്പത്തിക പ്രവര്‍ത്തനം ശക്തിപ്പെടുകയാണ്. വളര്‍ച്ച മന്ദഗതിയിലാക്കിയിരുന്ന ആഭ്യന്തര ഉപഭോഗത്തില്‍ വളരെക്കാലമായി കാത്തിരുന്ന ഉണര്‍വ് വീണ്ടും കൈവന്നതാണ് സമ്പദ്ഘടന മെച്ചപ്പെടുന്നതിനു കാരണം. കാറുകള്‍ മുതല്‍ വീടുകള്‍വരെയുള്ള എല്ലാത്തിന്റെയും വില്‍പ്പന ശക്തിപ്പെടുകയാണ്. ജിഡിപിയുടെ 60%ത്തോളം സ്വകാര്യ ചിലവഴിക്കലിന്റേതാണ്. ഇതിലുണ്ടാകുന്ന വര്‍ദ്ധന ഈ വര്‍ഷം 7%ത്തിലധികം വളര്‍ച്ച കൈവരിക്കുന്നതിന്ന് സഹായിക്കുമെന്ന് കണക്കാക്കപ്പെടുന്നു. അത് ലോകത്ത് അതിവേഗം വളരുന്ന പ്രധാന സമ്പദ്ഘടനയാക്കി ഇന്ത്യയെ മാറ്റും. എന്നാല്‍ വ്യവസായത്തിന്റെ എല്ലാ മേഖലകളും ഒരുപോലെയുള്ള വളര്‍ച്ചയല്ല കൈവരിക്കുന്നത്. ബാങ്കിങ്, വൈദ്യുതി മേഖലകള്‍ വിഷമതകള്‍ നേരിടുന്നു. ആഗോള വ്യാപാര സംഘര്‍ഷങ്ങള്‍ കയറ്റുമതിക്കുമേലും കരിനിഴല്‍ പരത്തുകയാണ്. വാഹന വ്യവസായം ശക്തമായ നിലയിലാണ്. എല്ലാ വിപണികളിലും ആവശ്യം ഏറുകയാണ്. ഗ്രാമീണ മേഖലയില്‍ പ്രത്യേകിച്ചും നല്ല സ്ഥിതിയാണുള്ളത്. ഇരുചക്ര വാഹനങ്ങളുടെയും ട്രാക്ടറുകളുടെയും വില്‍പ്പനയില്‍ അത് പ്രതിഫലിക്കുന്നു. ഉയര്‍ന്ന വില മറികടന്ന് വര്‍ദ്ധിച്ചുവരുന്ന ആവശ്യം മുതലെടുക്കാന്‍ മാരുതി സുസുക്കിയും അശോക് ലെയ്‌ലാണ്ടുംപോലുള്ള കമ്പനികള്‍ക്ക് കഴിയുന്നു.
വാഹന വ്യവസായം ശക്തിപ്പെടുമ്പോള്‍ എണ്ണ വ്യവസായത്തിന് പിന്നില്‍പോകാന്‍ കഴിയുമോ? ഊര്‍ജ്ജത്തിനായുള്ള ആവശ്യം ഇന്ത്യയില്‍ വര്‍ദ്ധിക്കുകയാണ്. വിപുലമായിക്കൊണ്ടിരിക്കുന്ന മദ്ധ്യവര്‍ഗ്ഗംതന്നെയാണ് അതിന് കാരണം. എണ്ണം പെരുകിക്കൊണ്ടിരിക്കുന്ന ട്രക്കുകള്‍ക്കും കാറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും എണ്ണയുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അന്തരീക്ഷ മലിനീകരണം ഒഴിവാക്കുന്നതിനായി പാചകവാതകം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നത് എണ്ണ ശുദ്ധീകരണശാലകള്‍ക്ക് ഉത്തേജനമേകുകയും, സൗദി അറേബ്യന്‍ ഓയില്‍ കമ്പനി മുതല്‍ റോസ് നെഫ്റ്റ് വരെയുള്ള ആഗോള വമ്പന്മാരെ ആകര്‍ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇറക്കുമതിയോടുള്ള അമിതമായ ആശ്രിതത്വം എണ്ണവില വര്‍ദ്ധിക്കുമ്പോള്‍ രാജ്യത്തിന്റെ നില പരുങ്ങലിലാക്കുന്നു. അത് ആവശ്യത്തില്‍ത്തന്നെയും കുറവുണ്ടാക്കാന്‍ പോന്നതുമാണ്. അതിവേഗതയില്‍ വിറ്റഴിയുന്ന ഉപഭോഗ ഉല്‍പ്പന്നങ്ങളാണ് (ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) തിളക്കമാര്‍ന്ന മറ്റൊരു മേഖല. ഇന്ത്യന്‍ സമ്പദ്ഘടനയില്‍ നാലാമത്തെ വലിയ ഘടകമാണത്. കഴിഞ്ഞവര്‍ഷം കുഴപ്പം പിടിച്ച രീതിയില്‍ നടപ്പാക്കിയ ചരക്കുസേവന നികുതി സൃഷ്ടിച്ച ശൈഥില്യങ്ങളില്‍നിന്നും കരകയറുകയാണ്. മില്യണ്‍ കണക്കിന് വരുന്ന ഗവണ്മെന്റ് ജീവനക്കാര്‍ക്ക് നല്‍കുന്ന ഉയര്‍ന്ന വേതനവും, ചില കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന വില കാരണം കാര്‍ഷിക വരുമാനത്തില്‍ ഉണ്ടാക്കുന്ന പുരോഗതിയും ഈ മേഖലയെ കൂടുതല്‍ പിന്തുണക്കും. പൊതു തെരെഞ്ഞെടുപ്പിനു മുന്നോടിയായി പൊതുപണം കൂടുതല്‍ ചിലവഴിക്കപ്പെടുമെന്നതും ഈ മേഖലക്ക് കരുത്തേകുന്നതാണ്.
വര്‍ദ്ധിക്കുന്ന ആവശ്യവും ഉയരുന്ന വിലയും ജിഡിപിയുടെ 2% സംഭാവന ചെയ്യുന്ന സ്റ്റീല്‍ വ്യവസായത്തിന് കരുത്തേകുന്നു. ഏപ്രില്‍-ജൂണ്‍ ക്വാര്‍ട്ടറില്‍ ടാറ്റ സ്റ്റീല്‍ ലിമിറ്റഡിന്റെ വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8% വര്‍ദ്ധനയുണ്ടായി. ജെ എസ് ഡബ്‌ള്യു സ്റ്റീല്‍ ലിമിറ്റഡിന് വില്‍പ്പനയില്‍ 11% വര്‍ദ്ധനയാണുണ്ടായത്. സ്റ്റീല്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍പ്രകാരം സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കഴിഞ്ഞ 5 വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലവാരമാണ് മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കാണിച്ചത്. എന്നാല്‍ തദ്ദേശീയ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി ചില രാഷ്ട്രങ്ങള്‍ സ്വീകരിച്ചിട്ടുള്ള സംരക്ഷണ നപടികള്‍ കാരണം കയറ്റുമതിയില്‍ കുറവുണ്ടാകും. സിമന്റ് വ്യവസായവും വീണ്ടും ശക്തിപ്രാപിക്കുന്നുണ്ടെങ്കിലും ഉല്‍പ്പാദന ചിലവുകള്‍ വര്‍ദ്ധിച്ചത് കാരണം ലാഭത്തിന്റെ തോതില്‍ കുറവ് സംഭവിക്കുകയാണ്. എന്നാല്‍ അടുത്ത വര്‍ഷത്തെ തെരെഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഗവണ്മെന്റ് നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ചിലവുകുറഞ്ഞ പാര്‍പ്പിടനിര്‍മ്മാണ പദ്ധതികളും ആവശ്യം വര്‍ദ്ധിപ്പിക്കും. വ്യോമയാന വ്യവസായം ട്രാഫിക്കിന്റെയും ശേഷിയുടെയും കാര്യത്തില്‍ രണ്ടക്ക സംഖ്യയുടെ വളര്‍ച്ചയാണ് കാണിക്കുന്നത്. കൂടുതല്‍ വിമാന യാത്രക്കാര്‍ ഉണ്ടാകുന്നതോടെ വിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് വ്യോമയാന കമ്പനികള്‍. കൂലിയുടെ കാര്യത്തില്‍ വലിയ ഇളവുകള്‍ നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന വിപണിയാണ് ഇന്ത്യയിലേതെന്നതും എണ്ണവില വര്‍ദ്ധിക്കുന്നതും ഈ മേഖലയുടെ വളര്‍ച്ചക്ക് ഭീഷണി ഉയര്‍ത്തുന്നവയാണ്. എണ്ണവില കുറഞ്ഞതാണ് വിമാന യാത്രകള്‍ പ്രോത്സാഹിപ്പിച്ചത്. വര്‍ദ്ധിക്കുന്ന എണ്ണവില ലാഭത്തെ ബാധിക്കുന്നതു കാരണം ശേഷി വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ നേട്ടമുണ്ടാകുമെങ്കിലും സമീപ ഭാവിയില്‍ ചില ദുര്‍ഘട സന്ധികളുണ്ടാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഒരു വര്‍ഷം മുമ്പുള്ളതില്‍നിന്നും ബാങ്ക് വായ്പകള്‍ക്കുള്ള ആവശ്യം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ബാങ്കിങ് വ്യവസായത്തില്‍ കിട്ടാക്കടങ്ങളുടെ അനുപാതം വര്‍ദ്ധിക്കുകയുമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍പ്രകാരം 2019 മാര്‍ച്ചില്‍ അത് 12.2%മായി വര്‍ദ്ധിക്കും. രണ്ടു ദശകത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്. കഴിഞ്ഞ വര്‍ഷം അത് 11.6%മായിരുന്നു. മൂലധന ആസ്തിയില്‍ സംഭവിക്കുന്ന ഈ ശോഷണം വന്‍കിട പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള അവരുടെ കഴിവിനെ ബാധിക്കുകയും ചെയ്യുന്നു. ബാങ്കര്‍മാര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും തലവേദന സൃഷ്ടിക്കുന്ന വ്യവസായമാണ് വൈദ്യുതി മേഖല. ഇന്ധനക്ഷാമം അവരെ അലട്ടുന്നുണ്ട്. അതിനു പുറമെയാണ് ദീര്‍ഘകാല വിതരണ കരാറുകള്‍ നേടിയെടുക്കുന്നതില്‍ നേരിടുന്ന വിഷമതകള്‍. രാജ്യത്തെ വൈദ്യുത വിതരണ കമ്പനികള്‍ നഷ്ടത്തിലാണ്. കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതികളുടെ ശേഷിയുടെ 40%വും ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. വൈദ്യുതി മേഖലയ്ക്കായി നല്‍കിയിട്ടുള്ള 38 ബില്യണ്‍ ഡോളറിന്റെ വായ്പകള്‍ എഴുതിത്തള്ളേണ്ട സ്ഥിതിയാണുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കല്‍ക്കരി ഖനനത്തിനുള്ള അനുമതി സംബന്ധിച്ച 2014ലെ കോടതി ഉത്തരവിനു പുറമെയാണ് ഇപ്പോള്‍ പണം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ അലട്ടുന്നത്. ഇത് ഈ വ്യവസായത്തിന്റെ പുനരുദ്ധാനം വളരെ വിഷമകരമാക്കി മാറ്റുന്നു.

Write A Comment

 
Reload Image
Add code here