വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുഎസിലെ താമസം ഇനി കടുപ്പമേറിയതാകും

Sun,Aug 19,2018


വിദേശ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് യുഎസ് ഗവണ്മെന്റ് പ്രസിദ്ധീകരിച്ച നയപരമായ അന്തിമ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവരുടെ ജീവിതം കടുപ്പമേറിയതാക്കുമെന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റ് 9ന് പ്രാബല്യത്തില്‍വന്ന പുതിയ നയമനുസരിച്ച്, യുഎസില്‍ താമസിക്കാന്‍ നല്‍കിയിട്ടുള്ള കാലാവധി അവസാനിച്ചിട്ടില്ലെങ്കില്‍പ്പോലും, 'വിദ്യാര്‍ത്ഥി പദവി' അവസാനിക്കുന്നതിന്റെ പിറ്റേദിവസംതന്നെ വിദ്യാര്‍ത്ഥികളും ആശ്രിതരും യുഎസില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരെന്ന നിലയില്‍ കണക്കാക്കപ്പെടും. മുമ്പുണ്ടായിരുന്ന ചട്ടങ്ങളനുസരിച്ച് താമസ കാലാവധി ലംഘിക്കപ്പെട്ടുവെന്ന് കണ്ടെത്തുന്ന സമയം മുതല്‍ക്കോ അല്ലെങ്കില്‍ ഇമിഗ്രേഷന്‍ ജഡ്ജിയുടെ ഉത്തരവ് വരുന്ന സമയം മുതല്‍ക്കോ മാത്രമേ നിയമവിരുദ്ധമായ സാന്നിധ്യം കണക്കാക്കുമായിരുന്നുള്ളു. 180 ദിവസത്തിലധികം നിയമവിരുദ്ധമായി താമസിക്കുന്നവര്‍ യുഎസ് വിട്ടുപോകുമ്പോള്‍, മൂന്നു മുതല്‍ 10 വരെ വര്‍ഷങ്ങള്‍ യുഎസില്‍ തിരികെ പ്രവേശിക്കുന്നതില്‍ നിന്നും അവരെ വിലക്കുമായിരുന്നു.
ചൈനക്കാര്‍ കഴിഞ്ഞാല്‍ യുഎസില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യക്കാരാണ്. ഇപ്പോള്‍ 1.86 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുഎസിലുള്ളതെന്ന് 2017ലെ 'ഓപ്പണ്‍ ഡോഴ്‌സ്' റിപ്പോര്‍ട്ടിലെ കണക്കുകള്‍ കാണിക്കുന്നു. കാലാവധി കഴിഞ്ഞും താമസിക്കുന്നതിനുപുറമെ നിയമവിരുദ്ധ സാന്നിധ്യമായി കണക്കാക്കുന്നതിനു മറ്റു പല കാരണങ്ങളുമാകാം. ഉദാഹരണത്തിന് പഠനം പൂര്‍ത്തിയാക്കുന്നതിനു ആവശ്യമുള്ള സമയമെന്നു വിദ്യാഭ്യാസ സ്ഥാപനം നിശ്ചയിക്കുന്ന ആഴ്ചയില്‍ ഉണ്ടായിരിക്കേണ്ട മിനിമം മണിക്കൂറുകളില്‍ ഹാജരില്ലാതിരിക്കല്‍ (പഠനത്തില്‍ പിന്നോക്കം പോകുന്നതായി കണക്കാക്കപ്പെടും) ഒരു കാരണമായി മാറും. അനധികൃതമായി ജോലി ചെയ്യുക, പഠനം കഴിഞ്ഞു അനുവദിക്കപ്പെടുന്ന നിശ്ചിത കാലഘട്ടത്തിനു ശേഷവും താമസിക്കുക എന്നിവയും കാരണങ്ങളായി പരിഗണിക്കും. എന്തായാലും കരട് നയത്തില്‍നിന്നും വ്യത്യസ്തമായി അന്തിമനയത്തില്‍ അല്‍പ്പം ഇളവ് അനുവദിച്ചിട്ടുണ്ട്. ഒരു വിദ്യാര്‍ത്ഥിക്ക് ആ പദവി നഷ്ടപ്പെടുകയും പദവി പുനഃസ്ഥാപിക്കണമെന്ന് നിശ്ചിത സമയത്തിനുള്ളില്‍ (5 മാസത്തിനുള്ളില്‍) അപേക്ഷ സമര്‍പ്പിക്കുകയും ചെയ്താല്‍ അപേക്ഷ തീര്‍പ്പാക്കുന്നതുവരെയുള്ള കാലഘട്ടം നിയമവിരുദ്ധ സാന്നിധ്യത്തിന്റെ നിര്‍വചനത്തില്‍നിന്നും ഒഴിവാക്കപ്പെടും. അപേക്ഷ നിരസിക്കപ്പെട്ടാല്‍, നിരസിക്കപ്പെടുന്നതിന്റെ പിറ്റേദിവസം മുതല്‍ നിയമവിരുദ്ധ സാന്നിധ്യമായി കണക്കാക്കപ്പെടും.
അതിനാല്‍ മുമ്പ്, അറിയാതെ പദവി നഷ്ടമായവര്‍ക്കു ഈ ഇളവുകൊണ്ട് കാര്യമായ നേട്ടമൊന്നും ഉണ്ടാകുന്നില്ലെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. വര്‍ഷങ്ങള്‍ക്കുശേഷമാണ് പദവി ലംഘനം കണ്ടെത്തപ്പെടുന്നതെങ്കില്‍ ആ വിദ്യാര്‍ത്ഥിക്ക് യുഎസില്‍ വീണ്ടും വരുന്നതിനുള്ള അവസരം നിഷേധിക്കപ്പെടും. വിദേശ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന സെര്‍വറില്‍ വിദ്യാഭ്യാസ സ്ഥാപനം തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയാലും അതിന്റെ ഇരയാകുന്നത് വിദ്യാര്‍ത്ഥിയായിരിക്കും. അങ്ങനെയുള്ള തെറ്റായ വിവരങ്ങളുടെ ഇരകളായി മാറിയ വിദ്യാര്‍ത്ഥികളുണ്ട്. ഒരിക്കല്‍ കാമ്പസിനുള്ളില്‍ ജോലി ചെയ്യാന്‍ അനുവദിക്കപ്പെട്ടിരുന്ന ഒരു വിദ്യാര്‍ത്ഥിക്ക് അധിക സമയം ജോലി ചെയ്തുവെന്ന തെറ്റായ വിവരം വിദ്യാഭ്യാസ സ്ഥാപനം രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ പദവി നഷ്ടമായിട്ടുണ്ട്.
പ്രായോഗിക പരിശീലനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികളെയും ഇത് ബാധിക്കും. അവരുടെ ബിരുദത്തിന് അനുസരിച്ചുള്ള പ്രായോഗിക പരിശീലനമായിരുന്നില്ല അവര്‍ നേടിയിരുന്നതെന്നു കണ്ടാലും പദവി നഷ്ടമാകും. സ്വന്തം ഇഷ്ടപ്രകാരമുള്ള പ്രായോഗിക പരിശീലനം തേടുന്ന എസ്ടിഇഎം (സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്‌സ്) വിദ്യാര്‍ത്ഥികളായിരിക്കും കൂടുതല്‍ അപകടത്തിലാകുന്നത്. മൂന്നാം കക്ഷികളുടെ കീഴില്‍ പ്രായോഗിക പരിശീലനംനേടുന്ന വിദ്യാര്‍ത്ഥികളെ, അവര്‍ക്ക് ശരിയായ മേല്‍നോട്ടം ഉണ്ടായിരുന്നില്ല എന്ന് അധികൃതര്‍ കണ്ടെത്തിയാലും കുഴപ്പമാണ്. ചുരുക്കത്തില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി യുഎസിലെ താമസം കടുപ്പമേറിയതാകും.

Other News

 • 'ശത്രു ഓഹരികള്‍' വില്‍ക്കാന്‍ മോദി ഗവണ്മെന്റ് തീരുമാനിച്ചു
 • സ്ഥലപ്പേരുകള്‍ മാറ്റിയും പ്രതിമകള്‍ നിര്‍മ്മിച്ചും ഹിന്ദു ദേശീയത വളര്‍ത്താന്‍ ബിജെപി
 • വ്യാപാര കരാറില്‍ മാറ്റം വരുത്താനുള്ള യുഎസ് ശ്രമത്തിനെതിരെ കാനഡ
 • ഖാഷോഗിയുടെ വധം 'അറബ് - നാറ്റോ' രൂപീകരണം സങ്കീര്‍ണ്ണമാക്കി
 • ശബരിമല: ജയം ആര്‍ക്ക്?
 • പാക് ക്രൈസ്തവര്‍ ഭീതിയില്‍
 • നിക്ഷേപ രംഗത്ത് ചൈനയ്ക്കു തടയിടാന്‍ അമേരിക്ക
 • 'ക്രിമിനലുകള്‍' വാഴുന്ന കേരള പോലീസ് സേന
 • അമേരിക്കക്കാരെ കൂടുതലായി പിരിച്ചുവിടുന്നു: ടിസിഎസിനെതിരെ കേസ്
 • ബിജെപിക്കുള്ളില്‍ ആധിപത്യമുറപ്പിക്കാന്‍ വിഷമിക്കുന്ന മോദി ടീം
 • അയോദ്ധ്യ: 2019ല്‍ ബിജെപി രാമനിലേക്ക് മടങ്ങുന്നു
 • Write A Comment

   
  Reload Image
  Add code here