ഉത്തരേന്ത്യയില്‍ ഹിന്ദു രാഷ്ട്രം 'പിറന്നു'കഴിഞ്ഞു

Sun,Aug 19,2018


പശുവുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ട കൊലപാതകങ്ങളെ ജനക്കൂട്ടത്തിന്റെ 'സ്വാഭാവിക പ്രതികരണ'മെന്ന നിലയിലാണ് മാദ്ധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്. സാധാരണക്കാരായ കുറേപ്പേര്‍ അതില്‍ പങ്കെടുക്കാറുണ്ടെന്നത് ശരിയാണ്. എന്നാല്‍ ആ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നവരുടെ പ്രത്യയശാസ്ത്രാഭിമുഖ്യം വളരെ വ്യക്തമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു: 'ഗോ മാതാ കി ജെയ്' 'ജയ് ഹനുമാന്‍' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് അവര്‍ ഇരകളെ ആക്രമിക്കാറുള്ളത്. പശു സംരക്ഷണവും ആക്രമണങ്ങളും തമ്മില്‍ ബന്ധമൊന്നും ഇല്ലെന്നും അതിനേക്കാള്‍ മുസ്ലിം വിരോധമാണ് ആക്രമണങ്ങളുടെ പ്രകോപനമെന്നും അതിനു ഇരകളാകുന്നവരെ പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു: പശുക്കളെ കടത്തിക്കൊണ്ടു പോകുന്ന ഹിന്ദുക്കള്‍ ആക്രമണങ്ങളില്‍നിന്നും രക്ഷപ്പെടുന്നു. പെഹ്‌ലു ഖാന്റെ ട്രക്കിന്റെ ഡ്രൈവര്‍ക്ക് ചെറിയൊരു അടി മാത്രമേ കിട്ടിയുള്ളൂ. മുസ്ലിങ്ങളായിരുന്ന മറ്റെല്ലാവരെയും ക്രൂരമായി മര്‍ദ്ദിച്ചു. അവരിലൊരാള്‍ കൊല്ലപ്പെടുകയും ചെയ്തു.
2015നും 2018നും മദ്ധ്യേ ഗോ സംരക്ഷക സംഘങ്ങളെന്നു പറയുന്നവര്‍ നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിക്ക ആള്‍ക്കൂട്ട കൊലപാതകങ്ങളും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അവര്‍ പ്രചരിപ്പിച്ച വിദ്വേഷത്തിന്റെ പരിണിതഫലങ്ങളായിരുന്നു. ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഗോ രക്ഷക് ദള്‍ എന്ന ഹിന്ദുത്വ സംഘടനക്ക് പഞ്ചാബ്, യുപി, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഡല്‍ഹി, ഹര്യാന എന്നിവടങ്ങളില്‍ ഘടകങ്ങളുണ്ട്. ഈ സംഘടനയുടെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന ഹര്യാനയില്‍ രണ്ട് എകെ 47 റൈഫിളുകള്‍ക്കുള്ളില്‍ കാണിച്ചിരിക്കുന്ന പശുവിന്റെ തലയാണ് അവരുടെ ചിഹ്നമായി കാണിച്ചിട്ടുള്ളത്. കഠാരകള്‍, ക്രിക്കറ്റ് ബാറ്റുകള്‍, ഹോക്കി സ്റ്റിക്കുകള്‍, ലാത്തികള്‍ എന്നിവയെല്ലാം ആക്രമണങ്ങള്‍ക്കായി അവര്‍ ഉപയോഗിക്കാറുണ്ട്. ഹര്യാനയില്‍ ഗോ രക്ഷക് ദളും പോലീസും തമ്മില്‍ ഒരു 'പ്രവൃത്തിവിഭജനം' ഉണ്ടാക്കിയിട്ടുണ്ടെന്നതാണ് കൗതുകകരമായ കാര്യം. അവരുടെ പ്രവര്‍ത്തന രീതിയെക്കുറിച്ചു ദള്‍ സംസ്ഥാന ഘടകം പ്രസിഡന്റായ യോഗേന്ദ്ര ആര്യ നല്‍കിയ അഭിമുഖം കാരവന്‍ മാസിക 2016 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ചിരുന്നു: വോളന്റീര്‍മാരുടെയും വിവരങ്ങള്‍ നല്‍കുന്നവരുടെയും വലിയൊരു ശൃംഖല അവര്‍ക്കുണ്ട്. സംശയാസ്പദമായ കാര്യങ്ങള്‍ കണ്ടാലുടന്‍ അവര്‍ വിവരം അറിയിക്കും. ഉടന്‍തന്നെ ബന്ധപ്പെട്ട ജില്ലയിലെ വോളന്റീര്‍മാരെയും പ്രാദേശിക പോലീസിനെയും വിവരം അറിയിക്കും. പശുകള്ളക്കടത്തുകാരെ പിടികൂടുന്നതിനായി ദളും പോലീസും ചേര്‍ന്ന് സംയുക്തമായി ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊലീസിന് നിയമാനുസൃതമായി മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയൂ എന്നുള്ളതിനാല്‍ ദള്‍ വോളന്റീര്‍മാര്‍ പ്രവര്‍ത്തിച്ചുകൊള്ളും. പൊലീസിന് തങ്ങള്‍ക്കുള്ള അത്രയും വിഭവങ്ങളോ ശൃംഖലയോ ഇല്ലെന്നും യോഗേന്ദ്ര ആര്യ പറയുന്നു. ദളിനെ ഒരു സാംസ്‌കാരിക പോലീസായും അയാള്‍ വിശേഷിപ്പിച്ചു. തെറ്റ് ചെയ്യുന്നവരെ പിടികൂടുക മാത്രമല്ല ശിക്ഷിക്കുകയും ചെയ്യുന്നു എന്നാണ് ആര്യ പറഞ്ഞത്.
ഹര്യാനയില്‍ ഔദ്യോഗികവും അനൗദ്യോഗികവുമായ പോലീസ് ജോലികളുടെ കൂടിച്ചേരല്‍ ശക്തിപ്പെടുത്തുംവിധം സംസ്ഥാന പോലീസ് സേനക്കുള്ളില്‍ ഒരു 'പശു സംരക്ഷണ സേന' രൂപീകരിച്ചിട്ടുണ്ട്. അതിന്റെ ചുമതല ഒരു ഐപിഎസ് ഓഫിസര്‍ക്കാണ്. ഓരോ ജില്ലയിലും അതിന്റെ ചുമതലക്കാരായി പ്രത്യേക ഓഫിസര്‍മാരുമുണ്ട്. ഇവര്‍ ഗോ രക്ഷക് ദളുമായി ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. പോലീസിന്റെ ചുമതലകള്‍ ഔദ്യോഗികമല്ലാത്ത ഒരു സംഘടനക്ക് സബ് കോണ്‍ട്രാക്ട് ചെയ്യുകയാണ് അതിലൂടെ ചെയ്യുന്നത്. മറ്റൊരര്‍ത്ഥത്തില്‍ സംസ്ഥാനത്തിന്റെ ഒരു അര്‍ദ്ധ സേന വിഭാഗമായി ഗോ രക്ഷക് ദളിനെ മാറ്റുകയാണ്. അതിനപ്പുറത്തേക്കും കാര്യങ്ങള്‍ പോയിരിക്കുന്നു. പശുക്കളുടെ സംരക്ഷണത്തിനായി ഗവണ്മെന്റ് രൂപീകരിച്ചിട്ടുള്ള ഗോ സേവാ ആയോഗിന്റെ ബോര്‍ഡില്‍ ഗോ രക്ഷക് ദളിന്റെ ദേശീയ വൈസ് പ്രസിഡന്റുകൂടിയായ യോഗേന്ദ്ര ആര്യയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഘപരിവാര്‍ സംഘടനകളിലെ മറ്റു 10 പ്രമുഖരും അതിലെ അംഗങ്ങളാണ്. ഗവണ്മെന്റും ഗവണ്‍മെന്റിതര സംഘടനകളും തമ്മിലുള്ള വ്യത്യാസം ഇതിനു മുമ്പൊരിക്കലും ഇത്രയും ഇല്ലാതായിട്ടില്ല. 2015ല്‍ ബീഫ് ഭക്ഷിക്കുന്നത് നിയമപ്രകാരം നിരോധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയിലും സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പുതിയ നിയമം നടപ്പാക്കുന്നതിന് മൃഗസംരക്ഷണ ഓഫീസര്‍മാരെ ഗവണ്മെന്റ് നിയമിച്ചിട്ടുണ്ട്. ഗോ രക്ഷക് പ്രവര്‍ത്തകരെയാണ് അതിനായി നിയമിച്ചിട്ടുള്ളത്. രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ സംഭവിക്കുന്ന മാറ്റത്തെയാണ് ഹിന്ദു ദേശീയത്വ സംഘടനകളും എല്ലാ പൗരന്മാരെയും തുല്യനിലയില്‍ കണക്കാക്കേണ്ട ഭരണകൂടവും അതിന്റെ മര്‍ദ്ദകോപാധിയായ പോലീസും തമ്മിലുള്ള സഹകരണം പ്രകടമാക്കുന്നതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗവണ്മെന്റിനു പുറത്തുള്ള ഭൂരിപക്ഷ മതവിഭാഗക്കാര്‍ അവരുടെ സാമൂഹ്യവും സാംസ്‌കാരികവുമായ ക്രമം അടിച്ചേല്‍പ്പിക്കുന്ന ഒന്നായി രാഷ്ട്രനിര്‍മ്മാണം മാറുകയാണ്. ഗവണ്മെന്റിനു പുറത്തുള്ളവര്‍ ഭരണകൂടത്തിന്റെ സംരക്ഷണം നേടുന്നു. അവര്‍ ചെയ്യുന്നതെല്ലാം നിയമവിരുദ്ധമാണെങ്കിലും അവയ്‌ക്കെല്ലാം ഗവണ്മെന്റ് നിയമപ്രാബല്യം നല്‍കുന്നു. ഭൂരിപക്ഷസമുദായത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഗവണ്മെന്റ് വഴങ്ങുന്നതിനു അത് പ്രചോദനമാകുന്നു. ആ അര്‍ത്ഥത്തില്‍ സംഘപരിവാര്‍ ഒരു സമാന്തര ഗവണ്മെന്റ് എന്നതിനേക്കാള്‍ ഭരണകൂടത്തിന്റെ ഉള്ളില്‍ത്തന്നെ പിടിമുറുക്കുകയാണ്. സംഘപരിവാറിന്റെ ഒരു ഭാഗമാണ് ബിജെപി എന്നതിലുമുപരിയായിട്ടാണ് കാര്യങ്ങള്‍ പോകുന്നത്. പല രാജ്യങ്ങളിലും ഭൂരിപക്ഷ വിഭാഗത്തിന്റെ സംഘടനകള്‍ തങ്ങളുടെ ആശയ സംഹിതകള്‍ പങ്കിടുന്ന ശക്തികളുമായി ചേര്‍ന്ന് (യുഎസില്‍ വെള്ളക്കാരായ വംശീയവാദികള്‍ പോലീസുമായി ചേരുന്നു) ന്യുനപക്ഷങ്ങളെ അക്രമങ്ങളിലൂടെ കീഴ്‌പ്പെടുത്തുന്നതിന്റെ ഒരു രൂപമാണ്, ഒരു നിഷ്പക്ഷ ഭരണകൂടത്തില്‍നിന്നും ഹിന്ദുരാഷ്ട്രമെന്ന ആശയത്തിലേക്കുള്ള മാറ്റവും പ്രകടമാക്കുന്നത്. ഇതിനു പുറമെയാണ് ഭരണകൂടത്തിനുള്ളില്‍ അടിത്തട്ടുവരെയുള്ള നിലവാരത്തില്‍ സംഘ്പരിവാറിനുള്ള സ്വാധീനം വലിയൊരു ഘടകമാണ്. ഗുരുപുര്‍ണിമയില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍പ്പാദത്തില്‍ വീണു നമസ്‌കരിച്ച പോലീസ് ഓഫീസര്‍ പ്രകടമാക്കിയത് അതാണ്. ഇവിടെ കാവിധാരിയായ മുഖ്യമന്ത്രി ആ പോലീസ് ഓഫിസറുടെ മേധാവി മാത്രമല്ല, ആത്മീയ ഗുരു കൂടിയാണ്. ഇന്ത്യയില്‍ മറ്റൊരു രാഷ്ട്രീയ നേതാവിനും ഇങ്ങനെയൊരു പദവിയില്ല. രാഷ്ട്രം മതാധിപത്യമുള്ളതായി മാറുന്നതിനു അത് വളരെ അനുകൂല സാഹചര്യം ഒരുക്കുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങളെ അപലപിക്കാന്‍ പ്രധാനമന്ത്രി മടികാട്ടുന്നു എന്നു മാത്രമല്ല, ചില മന്ത്രിമാരും എംപിമാരും എംഎല്‍മാരുമൊക്കെ അതൊക്കെ നടത്തുന്നവര്‍ക്ക് അനുഗ്രഹാശിസുകള്‍ ചൊരിയുകയും ചെയ്യുന്നു.
ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ കുറവാണ്. അവരെ അറസ്റ്റ് ചെയ്യുമ്പോള്‍ പ്രാദേശിക കോടതികള്‍ അവരെ ജാമ്യത്തില്‍ വിട്ടയക്കുകയാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങളെ ഫലപ്രദമായി നേരിടാന്‍ എക്‌സിക്യൂട്ടീവും നിയമനിര്‍മ്മാണ സഭയും ജുഡീഷ്യറിയും ഒരുമിക്കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ നിയമവാഴ്ച എന്നത് കടലാസ്സില്‍ മാത്രം ഒതുങ്ങുന്ന കാര്യമാകുകയും യഥാര്‍ത്ഥത്തില്‍ ഒരു മതാധിപത്യ രാഷ്ട്രമായി മാറുകയും ചെയ്യും. ഹിന്ദു രാഷ്ട്രമെന്ന ലേബല്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. രക്തബന്ധങ്ങളാലും സംസ്‌കാരത്താലും സാമൂഹ്യ ചട്ടങ്ങളിലാലും ഒരു രാഷ്ട്രീയ ചട്ടക്കൂടിനുള്ളിലും ഒരുമിക്കുന്ന ജനത എന്ന അര്‍ത്ഥമാണ് അതിനു നല്‍കുന്നത്. അത് ഉടന്‍തന്നെ ഒരു സമൂഹമായും സംസ്‌കാരമായും ദേശമായും രാഷ്ട്രമായും മാറും. ഭരണസംവിധാനങ്ങളുടെ പിന്തുണയോടെ ഇങ്ങനെയുള്ള ഒരു ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമത്തിലാണ് സംഘപരിവാര്‍. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയുള്ള ഒരു രാഷ്ട്രം രൂപപ്പെട്ടിരിക്കുന്നു. നാളെ ഭരണഘടനാ ഭേദഗതിയിലൂടെ ഹിന്ദു രാഷ്ട്രത്തിനു നിയമപ്രാബല്യവും ലഭിക്കും.

Other News

 • ഐഎസിനെതിരായ യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്
 • പാക് സുപ്രീം കോടതി ചാട്ടവാര്‍ വീശുന്നു
 • യുഎസ് സൈനിക പിന്മാറ്റം താലിബാന് നേട്ടമാകും
 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • Write A Comment

   
  Reload Image
  Add code here