ദളിതര്‍ ഉണരുന്നു; ജാതീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നു

Sun,Aug 19,2018


യുപിയിലെ ബസായി ഗ്രാമത്തിലെ ദളിതനായ നിയമബിരുദധാരിയാണ് 27 കാരനായ സഞ്ജയ് ജാതവ്. സഞ്ജയിന്റെ വിവാഹദിനം അടുത്തുവരുകയാണ്. വധൂഗൃഹത്തിലേക്കുള്ള ഘോഷയാത്രയില്‍ 100 കാറുകള്‍ വേണമെന്ന് തീരുമാനിച്ചു. സമീപ ജില്ലയിലെ ഗ്രാമത്തില്‍നിന്നുമാണ് വധു. എന്നാല്‍ വധുവിന്റെ നിസംപുര്‍ ഗ്രാമത്തില്‍ താക്കൂര്‍മാരുടെ ആധിപത്യമാണ്. അവര്‍ പറയുന്നതാണ് നിയമം. ഒരു ദളിതന്‍ വിവാഹ ഘോഷയാത്രയുമായി ആ ഗ്രാമത്തിലൂടെ അന്നുവരെ കടന്നുപോയിട്ടില്ല. ഇക്കുറിയും അതനുവദിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. താക്കൂര്‍മാരുടെ ആജ്ഞകള്‍ അനുസരിക്കാന്‍ സഞ്ജയ് ഒരുക്കമായിരുന്നില്ല. സാമൂഹ്യ തുല്യതക്കായുള്ള തന്റെ അവകാശത്തിനായി പോരാടാന്‍ അയാള്‍ തീരുമാനിച്ചു. ഫെബ്രുവരിയില്‍ പ്രാദേശിക പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി അയാള്‍ പോരാട്ടം തുടങ്ങി. ഒരിക്കല്‍ ഇന്ത്യയിലെ ഏറ്റവും അധഃസ്ഥിതരും ദരിദ്രരുമായിരുന്ന പട്ടികജാതി വിഭാഗങ്ങള്‍ ഇന്നിപ്പോള്‍ അങ്ങനെയല്ല. അവര്‍ ഒന്നൊന്നായി വിജയങ്ങള്‍ നേടിക്കൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിലെ ജനസംഖ്യാ കണക്കുകള്‍പ്രകാരം സാക്ഷരതാ നിരക്കില്‍ ഏറ്റവും വലിയ പുരോഗതി നേടിയത് അവരാണ്. ആ പുരോഗതി ഇന്നിപ്പോള്‍ വാട്ട്‌സാപ്പിലും ഫേസ് ബുക്കിലുമൊക്കെ പ്രതിഫലിക്കുന്നുണ്ട്. ദളിത് സമൂഹത്തിന്റെ ഈ ഉയര്‍ച്ച ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും പാര്‍ക്കുന്ന ഗ്രാമീണ മേഖലയില്‍ അതിന്റേതായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഒരിക്കലും തുല്യരായി പരിഗണിച്ചിട്ടില്ലാത്ത സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ഉയര്‍ച്ചയുമായി പൊരുത്തപ്പെടാന്‍ മേല്‍ജാതിക്കാര്‍ക്ക് കഴിയുന്നില്ല. ഇത് പലപ്പോഴും സംഘര്‍ഷങ്ങളിലേക്കു നയിക്കുന്നു. കുതിരയെ വാങ്ങിയതിന്, വിവാഹ ഘോഷയാത്ര നടത്തിയതിന്, തലമുടി വെട്ടിയതിന്, മീശ വളര്‍ത്തിയതിന്, പേരിനൊപ്പം വിശേഷണങ്ങള്‍ ചേര്‍ത്തതിന്, മത്സരത്തില്‍ പങ്കെടുക്കാന്‍ ശ്രമിച്ചതിന്, നൃത്തം ചെയ്തതിന്, പൊതു കുളത്തില്‍ കുളിച്ചതിന് തുടങ്ങിയ കാരണങ്ങള്‍ക്ക് ഈ വര്‍ഷംതന്നെ ദളിതര്‍ക്കെതിരെ അക്രമങ്ങളഴിച്ചുവിട്ട സംഭവങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി തങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനായി ദളിതര്‍ കൂട്ടായി പോരാടുകയാണ്.
സംവരണം ദളിത് സമൂഹത്തിനു സാമ്പത്തികമായ സ്ഥിരത കൈവരിക്കാന്‍ സഹായിച്ചു. സാമ്പത്തിക രംഗത്തുണ്ടാക്കിയ നേട്ടം, തങ്ങള്‍ മേലില്‍ മേല്‍ജാതിക്കാരുടെ ദയാദാക്ഷിണ്യത്താല്‍ ജീവിക്കുന്നവരല്ലെന്നും സമൂഹത്തില്‍ തുല്യരാണെന്നുമുള്ള ബോധം അവരില്‍ ജനിപ്പിക്കുകയും ചെയ്തു. സാമ്പത്തിക ഉദാരവല്‍ക്കരണത്തിനുശേഷമുള്ള ദളിത് യുവതലമുറ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും പരമ്പരാഗത മാദ്ധ്യമങ്ങളിലൂടെയും കൂടുതല്‍ ഐക്യപ്പെടുകയും ഏതു രൂപത്തിലുമുള്ള വിവേചനത്തിനെതിരെയും ശബ്ദമുയര്‍ത്തുകയും ചെയ്തു. കുറേ വര്‍ഷങ്ങളായി ദളിത് സമൂഹം അവരുടെ പരമ്പരാഗതമായ തൊഴിലുകള്‍ ഉപേക്ഷിക്കുകയും ഗ്രാമങ്ങളില്‍നിന്നും മാറിത്താമസിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോഴേക്കും അവരുടെ സാമ്പത്തിക ജീവിതത്തില്‍ മേല്‍ജാതിക്കാര്‍ ചെലുത്തിയിരുന്ന പിടി അയഞ്ഞുതുടങ്ങി. സാമൂഹ്യമായി ദളിത് സമൂഹം മുന്നേറിയപ്പോള്‍ അവര്‍ക്കെതിരെയുള്ള അക്രമങ്ങളും വര്‍ദ്ധിച്ചു. 1990കളിലും 2000ത്തിന്റെ തുടക്കത്തിലും ഒട്ടേറെ ദളിതര്‍ അക്രമങ്ങളില്‍ കൊല്ലപ്പെട്ടു. ദളിതര്‍ സാമൂഹ്യമായി കൂടുതല്‍ മുന്നേറ്റമുണ്ടാക്കിയ 334 ജില്ലകളിലാണ് അവര്‍ക്കെതിരെ കൂടുതല്‍ അക്രമങ്ങളുണ്ടായതെന്ന് 2006ല്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം ചൂണ്ടിക്കാട്ടുന്നുണ്ട്. മേല്‍ജാതിക്കാരില്‍ ജാതീയമായ ആചാരങ്ങള്‍ ശക്തിപ്പെട്ടതും ഈ കാലഘട്ടത്തിലാണ്. ഇന്ത്യയിലെ 27% പ്രദേശങ്ങളില്‍ അയിത്താചരണം നിലനിന്നു. ദളിതര്‍ സ്വത്തുക്കളുടെ ഉടമകളായി മാറാന്‍ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു അക്രമത്തിന്റെ തീവ്രത ഏറിയിരുന്നത്. 2016ല്‍ രാജസ്ഥാനിലും ഈ വര്‍ഷം ഗുജറാത്തിലുമാണ് ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ കൂടുതലുണ്ടായത്. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നതിനും വസ്ത്രങ്ങള്‍ ധരിക്കുന്നതിനും വിവാഹം കഴിക്കുന്നതിനുമുള്ള അവകാശങ്ങള്‍ ഉറപ്പിക്കുന്നതിലൂടെയാണ് ദളിത് സമൂഹം അതിനെ ചെറുത്തുനില്‍ക്കുന്നത്.
ഈ സാഹചര്യത്തിലാണ് സ്വന്തം വിവാഹ ഘോഷയാത്ര നടത്താനുള്ള തീരുമാനത്തില്‍ ജാതവ് ഉറച്ചുനിലകൊണ്ടത്. 1990 ജൂണ്‍ 21നു നിസംപുരില്‍നിന്നും 100 കിലോമീറ്റര്‍ അകലെ ജാട്ടുകള്‍ക്ക് മേധാവിത്വമുള്ള ഗ്രാമത്തിലൂടെ മറ്റൊരു ജാതവ് ആനപ്പുറത്ത് സായുധ പോലീസിന്റെ അകമ്പടിയോടെ വിവാഹ ഘോഷയാത്ര നടത്തിയ സംഭവം ഉണ്ടായിരുന്നു. പിറ്റേദിവസം അക്രമങ്ങളില്‍ 11 ദളിതരാണ് അവിടെ കൊല്ലപ്പെട്ടത്. ഡസന്‍ കണക്കിന് ദളിത് വീടുകള്‍ അഗ്‌നിക്കിരയായി. നാല് കുടുംബങ്ങളൊഴികെ മറ്റെല്ലാ ദളിത് കുടുംബങ്ങളും ഗ്രാമത്തില്‍നിന്നും ആട്ടിപ്പായിക്കപ്പെട്ടു. അയല്‍ഗ്രാമങ്ങളിലേക്കും സംഘര്‍ഷം വ്യാപിച്ചു. ഇപ്പോള്‍ വിവാഹ ഘോഷയാത്ര നടത്താനുള്ള സഞ്ജയ് ജാതവിന്റെ തീരുമാനം വധു ശീതള്‍ കുമാരിയുടെ വീട്ടുകാരെ മുള്‍മുനയിലാക്കി. അവര്‍ക്കു ഭീഷണികള്‍ ലഭിച്ചുകൊണ്ടിരുന്നു. ഒരു കുഴല്‍ക്കിണറില്‍നിന്നുമുള്ള വെള്ളംപോലും നിഷേധിച്ചു.
നിസംപുര്‍ ഗ്രാമത്തിന്റെ ചുമതലയുണ്ടായിരുന്ന പോലീസ് ഓഫിസര്‍ക്കാണ് ജാതവ് ആദ്യം പരാതി നല്‍കിയത്. മേല്‍ജാതിക്കാര്‍ക്കു ഭൂരിപക്ഷമുള്ള ഗ്രാമത്തിലൂടെ ദളിതര്‍ വിവാഹ ഘോഷയാത്ര നടത്താന്‍ പാടില്ലെന്ന് സുപ്രീം കോടതി വിധി ഉണ്ടെന്നായിരുന്നു പോലീസ് ഓഫീസര്‍ പറഞ്ഞത്. അങ്ങനെയൊരു വിധി ഇല്ലായിരുന്നു. അപേക്ഷകന്റെ സമുദായത്തില്‍പ്പെട്ട ആരും ആ ഗ്രാമത്തിലൂടെ വിവാഹ ഘോഷയാത്ര നടത്തിയിട്ടില്ലെന്നും ഇപ്പോള്‍ അനുമതി നല്‍കിയാല്‍ സമാധാനലംഘനം ഉണ്ടാകുമെന്ന 'രഹസ്യാനേഷണ റിപ്പോര്‍ട്ടും' അയാള്‍ മേലധികാരികള്‍ക്ക് അയച്ചു. സര്‍ക്കിള്‍ ഓഫീസര്‍ മുതല്‍ ജില്ലാ മജിസ്‌ട്രേറ്റുവരെ ഉള്ളവര്‍ ഇക്കാരണങ്ങളാല്‍ ജാതവിന്റെ അപേക്ഷ നിരസിച്ചു. ജാതവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നല്‍കി. ഒരു മറുപടിയും ലഭിച്ചില്ല. എല്ലാ മാന്യതയോടെയും വിവാഹം കഴിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന അപേക്ഷയുമായി അലഹബാദ് ഹൈക്കോടതിയെ ജാതവ് സമീപിച്ചു. ഹര്‍ജി തള്ളിയ കോടതി ജില്ലാ അധികാരികളെ സമീപിക്കാന്‍ ആവശ്യപ്പെട്ടു. മറ്റു മാര്‍ഗ്ഗമൊന്നുമില്ലാതെ ജാതവ് പ്രധാനമന്ത്രിക്ക് കത്തെഴുതി. ഒപ്പം സുപ്രീം കോടതിയിലേക്ക് പോകാനുള്ള തീരുമാനവും അറിയിച്ചു. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ബ്ലോക്ക്തല പ്രവര്‍ത്തകനായിരുന്ന ജാതവിനു രാഷ്ട്രീയ പിന്തുണ ലഭിച്ചു. യുപിയില്‍ ദളിത് സമൂഹത്തിനുനേര്‍ക്ക് നടക്കുന്ന അക്രമങ്ങളെക്കുറിച്ചുള്ള ഒട്ടേറെ പരാതികള്‍ ബിജെപിയിലെ ദളിതനായ നേതാക്കളും ഉന്നയിച്ചു. ഇതെല്ലാമായപ്പോള്‍ കുറെ നീക്കങ്ങളുണ്ടായി. കസാന്‍ഗഞ്ച് ജില്ലാ അധികൃതര്‍ താക്കൂര്‍മാരുടെയും ദളിതരുടെയും യോഗം വിളിച്ചു. ഗ്രാമത്തില്‍ കുതിരപ്പുറത്തു സഞ്ചരിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ താക്കൂര്‍മാര്‍ തയ്യാറായില്ല. ഒടുവില്‍ നിസംപുരില്‍ പകുതി ദൂരം ഘോഷയാത്ര നടത്താനുള്ള ഒത്തുതീര്‍പ്പായി.
ബഹുജന്‍ സമാജ് പാര്‍ട്ടിയുമായുള്ള ബന്ധമാണ് ഉറച്ചുനിന്നു പോരാടാന്‍ ജാതവിനെ പ്രേരിപ്പിച്ചത്. വിവാഹ ദിവസം ഒരു വെള്ള കാറില്‍ സായുധനായ ഒരു അംഗരക്ഷകനൊപ്പം ജാതവ് നിസംപുര്‍ ഗ്രാമത്തിലെത്തി. അവിടെ ജില്ലാ ഭരണകൂടത്തിലെ ഉന്നതരായ ഉദ്യോഗസ്ഥരും പോലീസ് ഓഫീസര്‍മാരും പത്രക്കാരുമെല്ലാം കാത്തുനില്‍പ്പുണ്ടായിരുന്നു. ഗ്രാമത്തിന്റെ 'പാരമ്പര്യം' ലംഘിക്കുന്നത് താക്കൂര്‍മാര്‍ വീടുകളുടെ മുകളില്‍ കയറിനിന്നു കണ്ടു. എല്ലാം കഴിഞ്ഞപ്പോള്‍ താക്കൂര്‍മാര്‍ ഒത്തുകൂടി. ദളിതരുടെ ആഘോഷം അവരെ തളര്‍ത്തിക്കളഞ്ഞതായി കാണപ്പെട്ടു. ഒരാഴ്ച ശാന്തരായി കഴിയാന്‍ അവര്‍ തീരുമാനിച്ചു. അപ്പോഴേക്കും പോലീസുകാരും പത്രക്കാരുമെല്ലാം അവരുടെ വഴിക്കുപോകും. 'ഗ്രാമത്തിലെ താക്കൂര്‍മാര്‍ നമ്മള്‍ തന്നെയാണെന്ന് അവര്‍ക്കപ്പോള്‍ കാണിച്ചുകൊടുക്കും' അവരുടെ ഒരു നേതാവ് പറഞ്ഞതുകേട്ട് അവര്‍ പിരിഞ്ഞുപോയി. ഇതേ സമയത്തുതന്നെയാണ് ഗുജറാത്തിലെ ധോക്ലയിലെ ഒരു ദളിത് യുവാവിന്റെ പരാതി ഉണ്ടായത്. പേരിനൊപ്പം സിംഹം എന്നര്‍ത്ഥമുള്ള സിന്‍ഹ എന്ന് കൂട്ടിച്ചേര്‍ത്തതിന് ക്ഷത്രീയ ഉപജാതിയായ ദര്‍ബാര്‍ വിഭാഗത്തിലെ ആള്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു പരാതി. ദളിത് വിഭാഗങ്ങള്‍ ഏറെയുള്ള ഗ്രാമങ്ങളാണ് ധോക്ലയിലുള്ളത്. മൂന്നു തലമുറകളായി സിന്‍ഹ എന്ന പേരുകൂടി സ്വന്തംപേരിനൊപ്പം അവര്‍ ചേര്‍ക്കാറുണ്ട്. പക്ഷേ ഇതാദ്യമായാണ് അതിന്റെ പേരില്‍ ഒരു ബഹളമുണ്ടാകുന്നത്. പോലീസില്‍ പരാതി നല്‍കാന്‍ യുവാവിനെ ഉപദേശിച്ച മൗലിക് ജാധവ് ഫേസ് ബുക്ക് കൂട്ടായ്മയിലൂടെ നൂറുകണക്കിന് ദളിത് യുവാക്കളെ അണിനിരത്തി. ഫേസ്ബുക്കില്‍ തന്റെ പേര് മൗലിക് സിന്‍ഹ എന്നാക്കി മാറ്റുകയും നൂറുകണക്കിന് യുവാക്കളെ പേരിനൊപ്പം സിന്‍ഹ എന്ന് ചേര്‍ക്കാന്‍ പ്രേരണ നല്‍കുകയും ചെയ്തു. അവര്‍ ഫേസ് ബുക്ക് പ്രൊഫൈലുകളിള്‍ മീശവച്ചുള്ള ചിത്രങ്ങളോടൊപ്പം പേരിനൊപ്പം സിന്‍ഹകൂടി ചേര്‍ക്കുകയും ചെയ്തു. പത്താം ക്ലാസ് പരീക്ഷക്കുശേഷം ഉപരിപഠനത്തിനു പോകുകയും ദളിതനാണെന്ന കാരണത്താല്‍ സഹപാഠികളുടെ പരിഹാസത്തിനിരയായി പഠനം അവസാനിപ്പിച്ചു തിരിച്ചുവരേണ്ടിവരുകയും ചെയ്ത ആളാണ് 22 കാരനായ ജാധവ്. അതിനുശേഷം അംബേദ്കര്‍ കൃതികള്‍ വായിക്കുകയും ഫേസ്ബുക്, വാട്ട്‌സ്ആപ്പ് ദളിത് കൂട്ടായ്മകള്‍ രൂപപ്പെടുത്തുകയും ചെയ്തു.
2016ല്‍ യുപിയിലെ ഉണായില്‍ ഗോസംരക്ഷകര്‍ പശുവിനെ കള്ളക്കടത്തുനടത്തുന്നു എന്നാരോപിച്ച് ദളിതരെ ആക്രമിച്ചപ്പോള്‍ അതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത് സംസ്ഥാനത്തെ ദളിത് സമൂഹത്തെ ഉണര്‍ത്തുന്നതിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഈ യുവാവ് വലിയ പങ്കു വഹിച്ചു. അതിനു ശേഷമാണ് പേരിന്റെ പേരില്‍ ഭീഷണിയുണ്ടായത്. അയാളുടെ വീട് ആക്രമിക്കപ്പെട്ടു. സംസ്ഥാനത്തൊട്ടാകെ സംഘര്‍ഷം വ്യാപിച്ചു. നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ക്കു പോകാതെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പോരാട്ടം തുടരാനായിരുന്നു ജാധവ് ഉപദേശിച്ചത്. ബി ആര്‍ അംബേദ്കറെ കരിങ്കൊടി കാണിച്ച പാരമ്പര്യം പേറുന്ന ഗുജറാത്തില്‍ ദളിത് മുന്നേറ്റം വളരെ പുതുമയുള്ള ഒന്നായിരുന്നു. ജാതി വിവേചനത്തിന്റെ ഏറ്റവും വലിയ വില നല്‍കേണ്ടിവരുന്നത് ദളിത് സ്ത്രീകളാണ്. ബലാല്‍സംഗത്തിന് വിധേയരാകുന്ന ദളിത് സ്ത്രീകള്‍ വീടുകളില്‍നിന്നുപോലും പുറത്താക്കപ്പെടുകയാണ്. ഗുജറാത്തില്‍ ദളിത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. മിക്ക കേസുകളും മൂടിവയ്ക്കപ്പെടുന്നു. തങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ മുമ്പന്തിയിലും ചില ദളിത് സ്ത്രീകളുണ്ട്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ രാന്തേജ് ഗ്രാമത്തിലെ രഞ്ജന്‍ബേണ്‍ അവരിലൊരാളാണ്. തലമുറകളായി തോട്ടിപ്പണിയും ചത്ത മൃഗങ്ങളുടെ ചീഞ്ഞളിഞ്ഞ ശരീരങ്ങള്‍ നീക്കം ചെയ്യലുമാണ് അവരുടെ ജോലി. ആ പണി അവര്‍ ഉപേക്ഷിക്കുകയും മക്കളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനായി അയക്കുകയും ചെയ്തു. അതിന്റെ പ്രതികാരം വലുതായിരുന്നു. അവര്‍ക്കു ഗ്രാമത്തില്‍ മറ്റെല്ലാ തൊഴിലുകളും നിഷേധിച്ചുവെന്നു മാത്രമല്ല അത്യാവശ്യമുള്ള കാര്യങ്ങള്‍ക്കായി ദൂരെയുള്ള ഗ്രാമങ്ങളിലേക്ക് പോകേണ്ട സ്ഥിതിയും ഉണ്ടാക്കി. പട്ടിണികിടന്നാലും മക്കളെ ആ പണിക്ക് അയക്കില്ലെന്ന വാശിയിലാണ് ആ ദളിത മാതാവ്.

Other News

 • ഐഎസിനെതിരായ യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്
 • പാക് സുപ്രീം കോടതി ചാട്ടവാര്‍ വീശുന്നു
 • യുഎസ് സൈനിക പിന്മാറ്റം താലിബാന് നേട്ടമാകും
 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • Write A Comment

   
  Reload Image
  Add code here