ഗുജറാത്തിലെ 'ക്രിപ്‌റ്റോകിഡ്‌നാപ്പിങ്' - ബിജെപി നേതാക്കള്‍ക്ക് പങ്ക്?

Sun,Aug 19,2018


നികുതിവെട്ടിപ്പ് ആരോപണം, പോലീസിന്റെ അഴിമതി, തട്ടിക്കൊണ്ടു പോകുന്ന ആളെ തട്ടിക്കൊണ്ടുപോകല്‍, 'പിടികിട്ടാപ്പുള്ളി'യായ രാഷ്ട്രീയക്കാരന്‍, ബിറ്റ്‌കോയിന്‍ ഇടപാടില്‍ നഷ്ടപ്പെട്ട ബില്യണുകള്‍ - ഇത്രയുമായാല്‍ ഗുജറാത്തിലെ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പിന്റെ ചേരുവകളായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ നടന്ന വലിയൊരു നിക്ഷേപ തട്ടിപ്പിനെ സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിനെയും വെല്ലുന്നതാണത്. പുതിയ നിക്ഷേപകരില്‍നിന്നും പണം വാങ്ങി പഴയ നിക്ഷേപകര്‍ക്ക് വേഗതയില്‍ ലാഭം നല്‍കുന്ന തട്ടിപ്പാണ് നടന്നത്. ഇതിനായി ഉപയോഗിച്ചത് ബിറ്റ്‌കോയിനുകളുമാണ്. അതിന്റെ അലയൊലികള്‍ അങ്ങ് ടെക്‌സസില്‍വരെ എത്തി. പൊതു തെരെഞ്ഞെടുപ്പിനു മാസങ്ങള്‍മാത്രം അവശേഷിക്കെ മോദിയുടെ പ്രതിച്ഛായക്കുമേല്‍ കരിവാരിത്തേച്ച് ബിജെപിയുടെ ഒരു മുന്‍ എംഎല്‍എകൂടി ഇതിലുള്‍പ്പെട്ടിരിക്കുന്നു. സംഭവങ്ങളുടെ തുടക്കം ഫെബ്രുവരിയിലാണ്. ശൈലേഷ് ഭട്ട് എന്നൊരു റിയല്‍എസ്‌റ്റേറ്റ് ബിസിനസുകാരന്‍ ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയുടെ ഓഫിസിലേക്കു ഓടിക്കിതച്ചെത്തുന്നു. തന്നെ ഒരു സംഘം പോലീസുകാര്‍ തട്ടിക്കൊണ്ടുപോയെന്നും മോചനത്തിനായി 200 ബിറ്റ്‌കോയിനുകള്‍ (അപ്പോഴത്തെ മൂല്യം 1.8 മില്യണ്‍ ഡോളര്‍ അഥവാ 9 കോടി രൂപ) നല്‍കാന്‍ ആവശ്യപ്പെടുകയാണെന്നും അയാള്‍ പറഞ്ഞു. മറ്റെങ്ങും പോകാന്‍ കഴിയാത്തതിനാലാണ് ആഭ്യന്തരമന്ത്രിയുടെ ഓഫിസിലേക്കുതന്നെ ചെന്നതെന്നും അയാള്‍ പറഞ്ഞു.
കേസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിനെ ഏല്‍പ്പിച്ചു. അതിഭീമമായ ഒരു തട്ടിപ്പിന്റെ വിവരങ്ങളാണ് അവര്‍ക്കു ലഭിച്ചത്. 8 പോലീസുകാര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. അവര്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചു. ഭട്ടിന്റെതന്നെ കൂട്ടാളിയായ കിരിത് പലദിയ എന്നയാളാണ് തട്ടിക്കൊണ്ടു പോയത്. അത് ആസൂത്രണം ചെയ്തതാകട്ടെ ബിജെപിയുടെ മുന്‍ എംഎല്‍എയും പലദിയയുടെ അമ്മാവനുമായ നളിന്‍ കൊട്ടാഡിയായും. തട്ടിക്കൊണ്ടുപോകലിന്റെ അന്വേഷണം വ്യാപിപ്പിച്ചപ്പോള്‍ ഭട്ടും കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടു. തട്ടിക്കൊണ്ടുപോകലിനും പണം ആവശ്യപ്പെട്ടതിനും പലദിയ ഇപ്പോള്‍ ജയിലിലാണ്; ഭട്ടും കൊട്ടാഡിയായും ഒളിവിലും. കൊട്ടാഡിയ ഏപ്രിലില്‍ വാട്‌സ്ആപ്പില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോ സന്ദേശത്തില്‍ താന്‍ തെറ്റൊന്നും ചെയ്തിരുന്നില്ലെന്നും ക്രീപ്‌റ്റോ തട്ടിപ്പിനെക്കുറിച്ചു അധികൃതരെ അറിയിച്ചുരുന്നുവെന്നും അവകാശപ്പെട്ടു. ഭട്ട് ആണ് തട്ടിപ്പിന്റെ ഉത്തരവാദിയെന്നു പറയുന്ന കോട്ടാദിയ മറ്റു രാഷ്ട്രീയനേതാക്കള്‍ക്ക് അതിലുള്ള പങ്ക് തുറന്നുകാട്ടുന്ന തെളിവുകള്‍ പുറത്തുവിടുമെന്ന ഭീഷണിയും മുഴക്കി. എന്നാല്‍ ഭട്ടും പലദിയയും ആരോപണങ്ങള്‍ നിഷേധിച്ചു. 2016 അവസാനത്തിനും 2017 ആരംഭത്തിനുമിടയില്‍ ബിറ്റ്കണക്ട് എന്ന ക്രിപ്‌റ്റോ കറന്‍സി സ്ഥാപനത്തില്‍ ഭട്ട് നിക്ഷേപങ്ങള്‍ നടത്തി. സതീഷ് കുംഭാനി എന്നൊരാളാണ് ഗുജറാത്തില്‍ ആ സ്ഥാപനത്തിന്റെ ബിസിനസ് നടത്തിയത്. ലോകമൊട്ടാകെയുള്ള നിക്ഷേപകരെ കബളിപ്പിച്ച ബിറ്റ്കണക്ട് എന്ന സ്ഥാപനത്തിന്റെ സ്ഥാപകരില്‍ ഒരാള്‍കൂടിയായിരുന്നു കുംഭാനി. യുഎസ് ഫെഡറല്‍ കോടതിയിലും കമ്പനിക്കെതിരെ കേസുണ്ട്. ലോകമൊട്ടാകെ നിക്ഷേപങ്ങള്‍ നടത്തുന്നവര്‍ക്കായി അവര്‍ ബിറ്റ്കണക്ട് കോയിനുകള്‍ നല്‍കും. അതവര്‍ക്ക് പ്രതിമാസം 40 ശതമാനത്തിലധികം പലിശ ലഭിക്കുന്ന വിധത്തില്‍ വായ്പയായി നല്‍കാം. നിക്ഷേപകരെ പിടിച്ചുകൊടുത്താല്‍ പലിശ അതിലും കൂടും. കഴിഞ്ഞവര്‍ഷം 1000 ഡോളറില്‍ കുറവായിരുന്ന ബിറ്റ് കോയിനിന്റെ മൂല്യം 19700 ഡോളറായി ഉയര്‍ന്നപ്പോള്‍ ബിറ്റ്കണക്ട് കോയിനുകളുടെ മൂല്യത്തിലും വര്‍ധനയുണ്ടായി. അപ്പോള്‍ ഭട്ടും മറ്റുള്ളവരും ചേര്‍ന്ന് ഗുജറാത്തിലെ ബിറ്റ്കണക്ടില്‍ 3.2 ബില്യണിലധികം ഡോളറിന്റെ നിക്ഷേപമാണ് നടത്തിയത്. കള്ളപ്പണം തടയാനെന്ന പേരില്‍ 15 ട്രില്യണ്‍ രൂപ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ 2016 നവംബറില്‍ റദ്ദാക്കിയ മോദിയുടെ നടപടി വലിയ തോതിലുള്ള ബിറ്റ് കോയിന്‍ നിക്ഷേപത്തിനിടയാക്കി. നോട്ടുനിരോധന കാലത്ത് ഗുജറാത്തിലെ തുറമുഖ നഗരമായ സൂററ്റില്‍ മാത്രമായി ക്രിപ്‌റ്റോ കറന്‍സികളും മറ്റും നിക്ഷേപിക്കപ്പെട്ട കള്ളപ്പണം 4,500 കോടി രൂപയില്‍ അധികമായിരുന്നു എന്നാണ് ഗുജറാത്തിലെ പ്രമുഖനായ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അടുത്തിടെ വെളിപ്പെടുത്തിയത്. നഗരത്തിലെ വലിയ വജ്രവ്യാപാരികളും തുണി വ്യാപാരികളുമെല്ലാം അതിലുള്‍പ്പെടുമെന്ന് അദ്ദേഹം പറയുന്നു. ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ മാറിയെടുക്കുന്നതിന് മോദി ഗവണ്മെന്റ് 60 ദിവസത്തെ സമയം അനുവദിച്ചപ്പോള്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഗൂഗിളില്‍ പരാതിയവര്‍ ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍നിന്നുള്ളവരായിരുന്നു എന്നാണ് ഗൂഗിള്‍ ട്രെന്‍ഡ്‌സ് കാണിക്കുന്നത്. കറന്‍സി നിരോധനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ബിറ്റ്‌കോയിനുകള്‍ക്കുള്ള ആവശ്യം വര്‍ദ്ധിക്കുകയും അതിന്റെ മൂല്യത്തിലും 25%അധികം തുക നല്‍കി വാങ്ങാന്‍ തയ്യാറാകുകയും ചെയ്തു. കള്ളപ്പണക്കാരായിരുന്നു ആദ്യം തിരക്കുകൂട്ടിയതെങ്കിലും പിന്നീട് മറ്റുള്ളവരും പണം ഇരട്ടിപ്പിക്കാമെന്ന പ്രതീക്ഷയില്‍ വീടുകളും കാറുകളും വില്‍ക്കുകയും ആ പണം ബിറ്റ് കോയിനുകളില്‍ നിക്ഷേപിക്കുകയും ചെയ്തു. 2018 ജനുവരി 4ന് ടെക്‌സസ് കോടതി ബിറ്റ് കണക്ട് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ഉത്തരവിട്ടു. അഞ്ചു ദിവസങ്ങള്‍ക്കുശേഷം നോര്‍ത്ത് കരോലിന കോടതിയും അതാവര്‍ത്തിച്ചു. ഈ വാര്‍ത്ത വന്നതോടെ ബിറ്റ് കോയിന്‍ വില തകര്‍ന്നു. യുഎസ് കോടതി ഉത്തരവുകള്‍ക്കു പിന്നാലെ ഇന്ത്യയില്‍ റിസര്‍വ് ബാങ്കും ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ വിലക്കി. അതോടെ ഗുജറാത്തുനിന്നുംം ഇന്ത്യയുടെ ദേശീയ തലസ്ഥാനത്തുനിന്നും ക്രിപ്‌റ്റോ കറന്‍സി നിക്ഷേപകരുടെ പരാതികളുടെ പ്രളയംതന്നെ ഉണ്ടായി. അപ്പോഴും നികുതിവെട്ടിച്ച കള്ളപ്പണം നിക്ഷേപിച്ചവര്‍ക്ക് അധികൃതരുടെ മുന്നില്‍ പരാതിപ്പെടാന്‍ കഴിയുമായിരുന്നില്ല. പണത്തിന്റെ ഉറവിടത്തെക്കുറിച്ചുളള ചോദ്യം ഉണ്ടാകുമെന്ന ഭയം അവരെ പിന്തിരിപ്പിച്ചു.
റിസര്‍വ് ബാങ്കിന്റെ നടപടിക്കെതിരെ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് സമര്‍പ്പിച്ചിട്ടുള്ള കേസ് സുപ്രീം കോടതി സെപ്റ്റംബറില്‍ പരിഗണിക്കും. ഭട്ടും പലദിയ ഉള്‍പ്പടെയുള്ള 9 കൂട്ടുപ്രതികളും ചേര്‍ന്ന് ബിറ്റ്കണക്ടിന്റെ സൂററ്റിലെ രണ്ടു പ്രതിനിധികളെ തട്ടിക്കൊണ്ടുപോകുകയും 2256 ബിറ്റ് കോയിനുകള്‍ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പലദിയക്ക് കൂടുതല്‍ ബിറ്റ്‌കോയിനുകള്‍ വേണമെന്നായി. അയാള്‍ രാഷ്ട്രീയ സ്വാധീനമുള്ള അമ്മാവനായ കൊട്ടാഡിയയെ സമീപിക്കുകയും പോലീസിന്റെ പിന്തുണ നേടുകയും ചെയ്തു. അങ്ങനെയാണ് ഭട്ടിനോട് പണം ആവശ്യപ്പെട്ടത്. ഭട്ട് പരാതിക്കൊന്നും മുതിരില്ലെന്നായിരുന്നു അവരുടെ ധാരണ. എന്നാല്‍ അവരുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ജാമ്യത്തിനുള്ള അപേക്ഷ നിരസിച്ചതിനെത്തുടര്‍ന്നു ഭട്ട് 'ഒളിവില്‍പ്പോയി'. ഭട്ട് ടെക് വിദഗ്ധനല്ലെന്നും പലദിയയാണ് ബിറ്റ് കോയിന്‍ ഇടപാടുകളെല്ലാം നടത്തിയതെന്നുമാണ് ഭട്ടിന്റെ അഭിഭാഷകന്‍ പറയുന്നത്. എന്നാല്‍ പലദിയ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും തട്ടിക്കൊണ്ടുപോകലിന്റെ ഇരയായി മാറുകയാണ് ചെയ്തതെന്നും അയാളുടെ അഭിഭാഷകനും പറയുന്നു. സംഭവത്തെക്കുറിച്ചു അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. കൊട്ടാഡിയ ഇപ്പോള്‍ ബിജെപിക്ക് പുറത്താണ്. അയാള്‍ക്കെതിരെ ഗവണ്മെന്റ് അന്വേഷണം നടത്തുന്നു എന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ കൂടുതല്‍ രാഷ്ട്രീയ ഇടപെടലുകളുടെ വിവരങ്ങള്‍ പുറത്തുവിടുമെന്ന അയാളുടെ ഭീഷണിയെക്കുറിച്ച് ബിജെപി മൗനം പാലിക്കുകയാണ്. കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടയില്‍ ഏറ്റവും മോശപ്പെട്ട തെരെഞ്ഞെടുപ്പ് പ്രകടനമായിരുന്നു കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ബിജെപിക്കുണ്ടായത്. കൂടുതല്‍ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ പുറത്തുവരുന്നപക്ഷം അതിനു പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത വില നല്‍കേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

Other News

 • 'ശത്രു ഓഹരികള്‍' വില്‍ക്കാന്‍ മോദി ഗവണ്മെന്റ് തീരുമാനിച്ചു
 • സ്ഥലപ്പേരുകള്‍ മാറ്റിയും പ്രതിമകള്‍ നിര്‍മ്മിച്ചും ഹിന്ദു ദേശീയത വളര്‍ത്താന്‍ ബിജെപി
 • വ്യാപാര കരാറില്‍ മാറ്റം വരുത്താനുള്ള യുഎസ് ശ്രമത്തിനെതിരെ കാനഡ
 • ഖാഷോഗിയുടെ വധം 'അറബ് - നാറ്റോ' രൂപീകരണം സങ്കീര്‍ണ്ണമാക്കി
 • ശബരിമല: ജയം ആര്‍ക്ക്?
 • പാക് ക്രൈസ്തവര്‍ ഭീതിയില്‍
 • നിക്ഷേപ രംഗത്ത് ചൈനയ്ക്കു തടയിടാന്‍ അമേരിക്ക
 • 'ക്രിമിനലുകള്‍' വാഴുന്ന കേരള പോലീസ് സേന
 • അമേരിക്കക്കാരെ കൂടുതലായി പിരിച്ചുവിടുന്നു: ടിസിഎസിനെതിരെ കേസ്
 • ബിജെപിക്കുള്ളില്‍ ആധിപത്യമുറപ്പിക്കാന്‍ വിഷമിക്കുന്ന മോദി ടീം
 • അയോദ്ധ്യ: 2019ല്‍ ബിജെപി രാമനിലേക്ക് മടങ്ങുന്നു
 • Write A Comment

   
  Reload Image
  Add code here