കേരളം കണ്ട മഹാപ്രളയം

Thu,Aug 16,2018


ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പേമാരിയെയും പ്രളയത്തെയും നേരിടുകയാണ് കേരളം. ഒരു മാസത്തോളമായി തോരാതെ പെയ്യുന്ന ശക്തമായ മഴയില്‍ സംസ്ഥാനത്തിന്റെ പതിന്നാലു ജില്ലകളും ഏറെക്കുറെ മുങ്ങിപ്പോയിരിക്കുന്നു. ബംഗാള്‍ തീരത്തിനടുത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതിശക്തമായതാണ് ഇപ്പോഴത്തെ കനത്ത മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. 1924 ലാണ് കേരളം സമാനമായ ഒരു പ്രളയം നേരിട്ടത്. 99ലെ (കൊല്ലവര്‍ഷം 1099) വെള്ളപ്പൊക്കം എന്നറിയപ്പടുന്ന അതിനെയും പിന്നിലാക്കി ഇക്കുറി കെടുതികളും നഷ്ടക്കണക്കുകളും കുത്തനെ ഉയരുകയാണ്. നെടുമ്പാശേറി വിമാനത്താവളം ഓഗസ്റ്റ് 18 ശനിയാഴ്ച ഉച്ചവരെ അടച്ചിട്ടത് അവധിക്കാലം ആഘോഷിക്കുവാന്‍ നാട്ടിലെത്തിയ പതിനായിരക്കണക്കിന് പ്രവാസികളെ ദുരിതത്തിലാക്കി. അമേരിക്ക, കാനഡ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ നല്ലൊരു പങ്കും. പലര്‍ക്കും ഒരാഴ്ച കഴിഞ്ഞ് തിരുവനന്തപുരത്തു നിന്ന് യാത്ര തുടരാനുള്ള ടിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. തിരുവന്തപുരത്തേക്കുള്ള റെഡ് - ട്രെയിന്‍ ഗതാഗതം പലയിടത്തും തടസപ്പെട്ടിരിക്കുന്നത് മറ്റൊരു കടമ്പയാണ്. ഫോണ്‍ റി ചാര്‍ജ് ചെയ്യാന്‍ പോലും കറന്റില്ലാത്ത അവസ്ഥ പലയിത്തുമുണ്ട്. വിമാന കമ്പനി ഓഫീസുകളുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ക്ക് ഇത് വിലങ്ങുതടിയാകുന്നു.
ശക്തമായ മഴ തുടക്കത്തില്‍ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ദുരിതം വിതച്ചത്. കുട്ടനാട് മൂന്നുനാലാഴ്ചകളയായി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും ദുരിതനിവാരണ സേനകളും സംയുക്തമായി കുട്ടനാട്ടിലേക്കും കോട്ടയം ജില്ലയുടെ മറ്റു പ്രദേശങ്ങളിലേക്കും ശ്രദ്ധ പതിപ്പിക്കുന്നതിനിടയിലാണ് കലിയിളകിയ കാലവര്‍ഷം വയനാട്, മലപ്പുറം, കോഴിക്കോട്, എറണാകുളം, പാലക്കാട്, പത്തനംതിട്ട ജില്ലകളെയും, വൈകാതെ മറ്റു ജില്ലകളെയും പ്രളയത്തിലാഴ്ത്തിയത്. നിരവധി സ്ഥലങ്ങളില്‍ ഉരുള്‍ പൊട്ടി. അത് തുടരുകയാണ്. ഇന്നുവരെ ഉരുള്‍പോട്ടല്‍ ഉണ്ടാകാത്ത സ്ഥലങ്ങളിലും ഇക്കുറി ഉരുള്‍പോട്ടി. ബുധനാഴ്ച വരെ 215 ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായാണ് കണക്ക്. ഇരുപതിനായിരത്തില്‍ പരം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഭാഗികമായി കേടുപോടുകള്‍ സംഭവിച്ചതും വാസയോഗ്യമല്ലാതായവയും അനേകായിരമാണ്. ജലപ്പെരുപ്പത്തെ തുടര്‍ന്ന് സംഭരണ ശേഷി കടന്ന മുല്ലപ്പെരിയാറും, ഇടുക്കി ചെറുതോണിയും, മലമ്പുഴയും, ബാണാസുരസാഗറും അടക്കം സംസ്ഥാനത്തെ 39 ഡാമുകളില്‍ 35 എണ്ണവും തുറന്നുവിട്ടു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ഡാമുകള്‍ ഒരുമിച്ച് തുറക്കുന്നത്. അവിടെനിന്നെല്ലാം ആര്‍ത്തലച്ചുവന്ന മലവെള്ളം ഉള്‍ക്കൊള്ളാനാവാതെ പെരിയാറും, പമ്പയും, ഭാരതപ്പുഴയും, കബനിയും മറ്റ് നദികളും കരകളിലേക്ക് പാഞ്ഞുകയറിയതോടെ ഇവിടങ്ങളിലെ പതിനായിരക്കണക്കിനു പേര്‍ക്ക് വീടും വിലപ്പെട്ട വസ്തുക്കളും രേഖകളും എല്ലാം ഉപേക്ഷിച്ച് സുരക്ഷിത മേഖലകളിലേക്കും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും ജീവനുംകൊണ്ട് ഓടിരക്ഷപ്പെടേണ്ടിവന്നു. നാളിതുവരെ വെള്ളം കയറിയിട്ടില്ലാത്ത പ്രദേശങ്ങളിലുള്ളവര്‍ വീടുവിട്ടുപോകാന്‍ മടിച്ചു. പെട്ടെന്ന് വെള്ളം കയറിയപ്പോള്‍ വിട്ടുപോകാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലുമായി. കാരണം അതിനിടെ പരിസരപ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലാക്കിക്കഴിഞ്ഞിരുന്നു. വീടിന്റെ രണ്ടാംനിലയില്‍ സുരക്ഷിതമായി കഴിയാമെന്നു വച്ചവര്‍ കുടിവെള്ളവും വൈദ്യുതിയും ഇല്ലാതെ കഷ്ടപ്പെടുകയാണ്. ഉണ്ടാക്കിവച്ച ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജുകളില്‍ ഇരുന്നു ചീഞ്ഞുനാറുന്നു. നേരത്തെ ഒഴിഞ്ഞുപോകാന്‍ കഴിയാത്തവരെ ഒഴിപ്പിക്കുന്ന തെരക്കിലാണ് ആലുവ പോലുള്ള പ്രദേശങ്ങളിലെ രക്ഷാ പ്രവര്‍ത്തകര്‍. കുടുങ്ങിപ്പായവരില്‍ ചിലര്‍ക്ക് മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. ടിവികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വാര്‍ത്തകളും മുന്നറിയിപ്പുകളും അറിയാന്‍ കഴിയുന്നില്ല. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ എന്തെങ്കിലും ദുരന്തമുണ്ടായാല്‍ പുറംലോകം അത് അറിഞ്ഞെന്നു പോലും വരില്ല. പലയിടത്തേക്കും രക്ഷാ പ്രവര്‍ത്തകര്‍ക്ക പോലും എത്താന്‍ കഴിയാത്ത അവസ്ഥയാണ്. പണ്ടു കാലത്ത് റേഡിയോയിലൂടെ ജനങ്ങള്‍ കാര്യങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഇന്ന് റേഡിയോ ഒരിടത്തുമില്ല. രോഗാവസ്ഥയിലുള്ളവരും, ആശുപത്രികളുമൊക്കെ വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. ദിവസങ്ങളായി ആവര്‍ത്തിക്കുന്ന ഈ ദുരന്തങ്ങളില്‍ ഇതുവരെ 200ല്‍ ഏറെ പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മരിച്ചവരുടെ എണ്ണം ദിവസേന കൂടിക്കൊണ്ടിരിക്കുകയാണ്. കാണാതായവരുടെ കണക്ക് വേറെ. നൂറുകണക്കിന് കന്നുകാലികളും മറ്റു ജീവജാലങ്ങളും ചത്തൊടുങ്ങി. ഉപേക്ഷിച്ചുപോയ വീടുകളില്‍നിന്ന് അവയെ രക്ഷിക്കാന്‍ ഉടമകള്‍ക്കായില്ല. ഏകദേശം ഒരു ലക്ഷത്തോളം പേരാണ് വീടുകള്‍ ഉപേക്ഷിച്ച് ബന്ധുവീടുകളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലുമായി താമസിക്കുന്നത്. ഓരോ ദിവസവും പ്രളയക്കെടുതികളുടെ ശക്തി വര്‍ദ്ധിക്കുന്നതിനാല്‍ കൂടുതല്‍ മരണങ്ങളും രക്ഷാ കേന്ദ്രങ്ങള്‍ തേടി നിസഹായരായ മനുഷ്യരുടെ പലായനങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യസാധ്യമായ എല്ലാവിധ രക്ഷാപ്രവര്‍ത്തനങ്ങളും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളും ദുരന്തനിവാരണ സേനയും ആര്‍മിയും നേവിയും വ്യോമസേനയും സന്നദ്ധ സംഘടനകളും വ്യക്തികളും ചേര്‍ന്ന് നടത്തുന്നുണ്ട്. എന്നിട്ടും വെള്ളത്താല്‍ ഒറ്റപ്പെട്ടുപോയ നിരവധി സ്ഥലങ്ങളില്‍ നിന്ന് രക്ഷാമാര്‍ഗം തേടി നിലവിളികള്‍ ഉയരുകയാണ്. ചൊവ്വാഴ്ച വരെയുള്ള ഔദ്യോഗിക കണക്കനുസരിച്ച് 30,000 ത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിച്ചു കഴിയുന്നത്. അതിലേറെ പേര്‍ ബന്ധുക്കളുടെ വീടുകളില്‍ അഭയം തേടിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളവും ചെളിയും കയറിയ അവസ്ഥയാണ്. മലമൂത്രവിസര്‍ജ്ജന സൗകര്യങ്ങളുടെ കുറവാണ് ദൂരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ഏറ്റവും വലിയ അസൗകര്യമെന്ന് പറയുന്നു.
സംസ്ഥാനം നിശ്ചലം
മിക്ക നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ചവരെ അടച്ചു. റോഡുകളും റെയില്‍ പാതകളും പോലും പുഴകള്‍ കൈയ്യേറിയതോടെ പ്രളയബാധിത മേഖലകളില്‍ റോഡ് - റെയില്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരിക്കുകയാണ്. ആലുവ മുട്ടം യാര്‍ഡും സ്‌റ്റേഷനും വെള്ളത്തിലായതോടെ കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസും നിര്‍ത്തിവച്ചു. 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ കനത്ത ആശങ്കയിലാണ്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കോന്നി, റാന്നി, ചെങ്ങന്നൂര്‍ മേഖലകളിലെ വെള്ളത്തിനടിയിലായ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പട്ടാളം എത്തിയാണ് രക്ഷപ്പെടുത്തിയത്. ഇപ്പോളും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അവരെ കണ്ടെത്തി രക്ഷപ്പെടുത്താന്‍ ദൗത്യസേന ശ്രമം നടത്തിവരികയാണ്. വൃഷ്ടിപ്രദേശത്തെ മഴയും നീരൊഴുക്കും ക്രമാതീതമായി വര്‍ധിച്ചതോടെയാണ് മുല്ലപ്പെരിയാര്‍, ഇടുക്കി അടക്കം സംസ്ഥാനത്തെ ഡാമുകള്‍ തുറന്നുവിടേണ്ടി വന്നത്. സംഭരണശേഷി 140 അടിയും പിന്നിട്ട് ജലനിരപ്പ് ഉയര്‍ന്നതോടെ സെക്കന്റില്‍ 4490 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തുറന്നുവിടുന്നത്. ഈ വെള്ളംകൂടി ഇടുക്കി ഡാമില്‍ എത്തിയതാണ് മദ്ധ്യകേരളത്തിലെ പ്രളയം രൂക്ഷമാക്കിയത്. ഡാമുകളുടെ ഷട്ടറുകള്‍ തുറന്നാല്‍ ഇതാണ് പ്രളയമെങ്കില്‍ ഡാം തകര്‍ന്നലുള്ള സ്ഥിതി വിവരണാതീതമാകും. കാലപരിധിയും പിന്നിട്ട് 120 വര്‍ഷത്തില്‍ അധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇത്തരത്തില്‍ തുടര്‍ന്നാല്‍ ഉണ്ടാകുമെന്നു ഭയപ്പെടുന്ന ദുരന്തം ഒരു പക്ഷെ രാജ്യത്തിന് താങ്ങാന്‍കഴിയില്ല. അഞ്ചു ജില്ലകളിലെ 40 ലക്ഷം ജനങ്ങളെ അണപൊട്ടയൊഴുകുന്ന വെള്ളം മുക്കിക്കൊല്ലുമെന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയിട്ടുള്ള വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോയി പ്രളയത്തിന്റെ രൂക്ഷത കുറയ്ക്കാന്‍ കേരളം ആവശ്യപ്പെട്ടെങ്കിലും സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ തമിഴ്‌നാട് പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. 142 അടി ജലനിരപ്പ് ഉയര്‍ന്നാലും ഡാം തകരില്ല എന്ന് കേരളീയരെ കാണിച്ചുകൊടുക്കുകയാണ് അവരുടെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടലും ഇക്കാര്യത്തില്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കെടുതി രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയുടെ സഹായവും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്ന സാഹചര്യം മുന്നില്‍ കണ്ട് ചെറുതോണിയില്‍ നിന്നും വര്‍ധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരത്തെ തീരുമാനിച്ചതാണ്. ഇതനുസരിച്ച് ബുധനാഴ്ച പുലര്‍ച്ച മുതല്‍ സെക്കന്റില്‍ ഏഴര ലക്ഷം ലിറ്റര്‍ വെള്ളമാണ് ചെറുതോണിയില്‍ പുറത്തേക്കൊഴുക്കുന്നത്. അതീവ ഗുരുതരമായ കെടുതികളിലൂടെയാണ് സംസ്ഥാനം കടന്നുപോവുന്നതെന്നാണ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പ്രളയബാധിത പ്രദേശത്തുനിന്ന് ആളുകള്‍ മാറിതാമസിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിതീവ്ര മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളിലും റെഡ് അലര്‍ട്ട് (അതീവ ജാഗ്രത) പ്രഖ്യാപിച്ചു. കനത്ത മഴയിലും കാറ്റിലും വെള്ളപ്പൊക്കത്തിലും വിറങ്ങലിച്ചുനില്‍ക്കുകയാണ് കേരളം. ആഗസ്റ്റ് 18 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ തുടരുകയാണെന്നും വിലയിരുത്തുന്നു..
നഷ്ടം പതിനായിരം കോടി കവിയും
സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ചൊവ്വാഴ്ച വരെയുള്ള റവന്യൂ കണക്കുകളനുസരിച്ച് 8316 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ കൂടുതല്‍ ജില്ലകളെ ഏതാണ്ട് പൂര്‍ണമായ രീതിയില്‍ പ്രളയജലം വിഴുങ്ങിയതോടെ നാശനഷ്ടങ്ങളുടെ തോത് കുത്തനെ ഉയര്‍ന്നു. ഉരുള്‍പൊട്ടലുകളിലും വെള്ളപ്പൊക്കത്തിലും വീടുകളും, വ്യാപാര സ്ഥാപനങ്ങളും, അടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതും കൃഷിസ്ഥലങ്ങള്‍ അടക്കം ഭൂമി കുത്തിയലിച്ച് പോയതും നഷ്ടങ്ങള്‍ പെരുകാനിടയാക്കി. 8900 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. എല്ലാം കൂടി പതിനായിരം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. കെടുതികളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആളൊന്നിന് നാലു ലക്ഷം രൂപ വീതവും വീടു തകര്‍ന്നവര്‍ക്ക് 10 ലക്ഷം രൂപയും ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ഭൂമിയും രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി രേഖകളും നല്‍കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. നഷ്ടപ്പെട്ട രേഖകള്‍ വീണ്ടും നല്‍കുന്നതിന് ഫീസ് ഇല്ല. വെള്ളം കയറി നശിച്ച രേഖകള്‍ അദാലത്ത് നടത്തി നല്‍കും. ഫീസ് കൂടാതെ രേഖകള്‍ അപേക്ഷയിലൂടെ ആവശ്യപ്പെടാം. സെപ്റ്റംബര്‍ 30 വരെ അപേക്ഷകള്‍ ഫീസ് ഇല്ലാതെ സ്വീകരിക്കും. രേഖകള്‍ക്കുള്ള അപേക്ഷകള്‍ അക്ഷയകേന്ദ്രങ്ങള്‍ സൗജന്യമായി നല്‍കണം. ഈ സേവനത്തിന് അക്ഷയകേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നതായിരിക്കും. ദുരിതമേഖലയില്‍ ഒരു വര്‍ഷത്തേക്ക് വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് വിത്ത് സൗജന്യമായി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേ സമയം ഈ ആശ്വാസ നടപടികള്‍ കൊണ്ടൊന്നും പരിഹരിക്കാന്‍ പറ്റാത്ത തരത്തിലുള്ള നഷ്ടവും ആഘാതവും, ദുരിതവുമാണ് പ്രളയം മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ളത്. പതിനായിരക്കണക്കിനുപേര്‍ക്ക് അവരുടെ ജീവനോപാധികളെല്ലാം നഷ്ടപ്പെട്ടു. ഫ്രിഡ്ജ്, ടിവി, കാര്‍, കിടക്കകള്‍ തുടങ്ങിയ ജീവിത സമ്പാദ്യങ്ങള്‍ മുഴുവന്‍ നശിച്ചവരുണ്ട്. കടകളില്‍ വെളളം കയറി സാധനങ്ങളെല്ലാം നശിച്ചതിനാല്‍ ഹൃദയം പൊട്ടി കഴിയുന്ന വ്യാപാരികള്‍ ഏറെയുണ്ട്. ഔദ്യോഗിക കണക്കില്‍ പെടാത്ത ഈ നഷ്ടങ്ങളൊന്നും നികത്തിത്തരാന്‍ ആരുമുണ്ടാവുകയില്ല എന്ന സത്യം അവരെ തുറിച്ചുനോക്കുന്നു. മഴമുലം കൃഷിപ്പണികള്‍ നിലച്ചതിനാലും കടമ്പോളങ്ങളില്‍ വ്യാപാരം നടക്കാത്തതിനാലും പണിയില്ലാതായ ആയിരക്കണക്കിന് ആളുകള്‍ കഷ്ടപ്പെടുകയാണ്. വെള്ളം ഇറങ്ങിക്കഴിഞ്ഞതിനു ശേഷമേ മുഴുവന്‍ നഷ്ടങ്ങളും കണക്കു കൂട്ടാന്‍ കഴിയുകയുള്ളൂ. സംസ്ഥാനത്ത് ഇത്തവണയുണ്ടായ പ്രളയക്കെടുതിയില്‍ പതിനായിരക്കണക്കിന് കിലോമീറ്റര്‍ റോഡുകളാണ് തകര്‍ന്നത്. ലക്ഷക്കണക്കിനുപേരുടെ കുടിവെള്ള സ്രോതസുകള്‍ നഷ്ടപ്പെട്ടു. നദികള്‍ കരകവഞ്ഞ് പ്രളയ ജലം നിരഞ്ഞതോടെ സംസ്ഥാനത്തെ കുടിവെള്ള സംഭരണികളുടെ പ്രവര്‍ത്തനവും വിതരണവും നിര്‍ത്തിവച്ചിരിക്കുകയാണ്. ക്രമാതീതമായി ചെളികലര്‍ന്ന വെള്ളം ശുദ്ധീകരിക്കുന്നത് ദുഷ്‌ക്കരമായതിനാലാണ് പമ്പിംഗ് ഉള്‍പ്പെടെ നിറുത്തേണ്ടിവന്നത്. ചിലയിടത്ത് പമ്പ് ഹൗസുകള്‍ വെള്ളത്തിനടിയിലായി. ഇവ പൂര്‍വ സ്ഥിതിയിലാകാന്‍ ആഴ്ചകള്‍തന്നെ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് മലിനമായ വെള്ളം ഉപയോഗിക്കേണ്ടിവരുമ്പോള്‍ സ്വാഭാവികമായുണ്ടായേക്കാവുന്ന അണുബാധയും ജലജന്യ പകര്‍ച്ച വ്യാധികളും വരുംദിനങ്ങളില്‍ മലയാളികളെ കാത്തിരിക്കുന്ന മറ്റൊരു ദുരിതമായി മാറിയേക്കാം.
ദുരന്തത്തെ നേരിടുന്നത് ഒരേ മനസോടെ സംസ്ഥാനം നേരിടുന്ന പ്രളയ ദുരന്തത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും പ്രതിപക്ഷവും ജനങ്ങളും ഒരേ മനസോടെയാണ് എന്നതാണ് പ്രത്യേകത. സഹജീവികളോടുള്ള കാരുണ്യം അളവില്ലാതെ പകരുന്നതില്‍ മികച്ച മാതൃകയാണ് എവിടെയും കാണാനാകുന്നത്. എല്ലാം നഷ്ടപ്പെട്ട് വിതുമ്പുന്നവരുടെ കണ്ണീരൊപ്പാനും അവര്‍ക്ക് കൈത്താങ്ങാകാനും ലോക മലയാളികളും ഇതര സംസ്ഥാനങ്ങളും സംഘടനകളും മുന്നോട്ടുവരുന്നുണ്ട്. പ്രവര്‍ത്തനങ്ങളില്‍ ഒരു ഭിന്നതയും വന്നില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് നാടിനു പുറത്തുനിന്നുള്ള വ്യക്തികളും സംഘടനകളും സംഭാവന നല്‍കി. ഐ ടി കമ്പനികള്‍ സംഭാവന നല്‍കി. മിക്കവരും ആഘോഷങ്ങള്‍ക്ക് കരുതിവെച്ച തുക തന്നു. കുട്ടികള്‍ പോലും തങ്ങളുടെ സമ്പാദ്യക്കുടുക്കകളിലെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു തന്നു. സഹായിച്ചവരില്‍ നടന്‍മാരുണ്ട്, അധ്യാപകരുണ്ട്. മാധ്യമസ്ഥാപനങ്ങളും സഹായിക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 251 വില്ലേജുകളെ കൂടി പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു, 444 വില്ലേജുകള്‍ പ്രളയബാധിത മേഖലയായി പ്രഖ്യാപിക്കും. ഇടുക്കിയും വയനാടും പ്രളയബാധിത പ്രദേശങ്ങളില്‍ ഉള്‍പ്പെടും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് മൂന്നു മുതല്‍-അഞ്ചു സെന്റ് വരെ സ്ഥലം വാങ്ങുന്നതിന് പരമാവധി ആറുലക്ഷം രൂപ വരെ നല്‍കും. വീടു പൂര്‍ണമായി തകര്‍ന്നവര്‍ക്ക് നാലുലക്ഷം. സര്‍ക്കാര്‍, പൊതുമേഖല കമ്പനി ജീവനക്കാരുടെ രണ്ടുദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണം. പ്രവാസികള്‍ അയയ്ക്കുന്ന തുകയ്ക്ക് എക്സ്ചേഞ്ച് ചാര്‍ജുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യുഎഇ എക്സചേഞ്ചും ലുലു എക്സ്ചേഞ്ചും ഇത് അംഗീകരിച്ചിട്ടുണ്ട്. മിനിമം ബാലന്‍സ് സൂക്ഷിക്കണമെന്ന നിബന്ധന വേണമെന്ന ആവശ്യം ഒഴിവാക്കാന്‍ ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കുകള്‍ പാവപ്പെട്ടവരെ കൂടുതല്‍ പാവപ്പെട്ടവരാക്കുന്ന നിലപാടാണ് പലപ്പോഴും സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Other News

Write A Comment

 
Reload Image
Add code here