സാങ്കേതികവിദ്യാ നിക്ഷേപങ്ങളിലേക്ക് സൗദി ചുവടുമാറ്റുന്നു

Thu,Aug 16,2018


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളുടെ മാലിന്യ പ്രശ്‌നം കുതിരച്ചാണകമായിരുന്നു. 1900-ാമാണ്ടില്‍ ലണ്ടനില്‍ വണ്ടികളും ക്യാബുകളും ബസുകളും വലിച്ചിരുന്ന 300,000 കുതിരകള്‍ ഉണ്ടായിരുന്നു എന്നാണ് കണക്ക്. ന്യൂയോര്‍ക്ക് നഗരം 100,000 കുതിരകളുടെ വാസസ്ഥാനമായിരുന്നു. അവയുടെയെല്ലാം ചാണകം നഗരവിഥികളെ മലീമസമാക്കി. മഴക്കാലത്ത് 'ചാണകനദി'കളിലുടെ വേണമായിരുന്നു സഞ്ചരിക്കാന്‍; വേനല്‍ക്കാലത്ത് പുഴക്കള്‍ നുരയ്ക്കുന്ന ചാണകക്കൂമ്പാരങ്ങള്‍ പരിസ്ഥ്തിപ്രശ്‌നം സൃഷ്ടിച്ചു. 1898-ല്‍ ആദ്യമായി സംഘടിപ്പിച്ച അര്‍ബന്‍ പ്ലാനിംഗ് കോണ്‍ഫ്രന്‍സിലെ മുഖ്യ അജണ്ട കുതിരച്ചാണകം മൂലമുള്ള മലിനീകരണം എങ്ങനെ തടയാം എന്നതായിരുന്നു. ഒരു പ്രതിവിധിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഡെലഗേറ്റുകള്‍ ദിവസങ്ങള്‍ക്കുമുമ്പേ തിരിച്ചു വീടുകളിലേക്കുപോയി. പക്ഷേ, പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ ഹെന്റി ഫോര്‍ഡ് ആദ്യത്തെ മോഡല്‍ വണ്ടി പുറത്തിറക്കി. അത് കുതിരവണ്ടികളേക്കാള്‍ വില കുറഞ്ഞതും വേഗതയുള്ളതും മലിനീകരണവിമുക്തവുമായിരുന്നു. അതിന്റെ ഫലമായി 1912ല്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ കുതിരകളേക്കാല്‍ മോട്ടോര്‍ കാറുകള്‍ ഉണ്ടായി. 1917ല്‍ മന്‍ഹാട്ടനിലെ അവസാനത്തെ കുതിരവണ്ടിയും റിട്ടയര്‍ ചെയ്തു. 21-ാം നൂറ്റാണ്ട് പിറക്കുമ്പോള്‍ പരിസ്ഥിതി പ്രശ്‌നത്തിന്റെ മൂലഹേതു വാഹനങ്ങളില്‍നിന്നുള്ള മലിനീകരണമാണ്. ജൈവ ഇന്ധനങ്ങള്‍ ഉണ്ടാക്കുന്ന കാലാവസ്ഥാവ്യതിയാനം എങ്ങനെ കൈകാര്യം ചെയ്യാം എന്നതാണ് 21-ാം നൂറാണ്ട് നേരിടുന്ന പ്രശ്‌നം. അതിനും പരിഹാരം കണ്ടുതുടങ്ങി. സോളാര്‍ വൈദ്യുതിയും കാറ്റില്‍നിന്നുമുള്ള വൈദ്യൂതിയും ഗ്യാസ്, ഓയില്‍, കല്‍ക്കരി എന്നിവയേക്കാള്‍ ചെലവുകുറഞ്ഞതും മലിനീകരണം ഉണ്ടാക്കാത്തതുമാണെന്ന് തെളിഞ്ഞുകഴിഞ്ഞു. അതിനാല്‍ പുനഃസൃഷ്ടിക്കാവുന്ന ഊര്‍ജ്ജ സ്രോതസുകളും വൈദ്യൂതിയില്‍ ഒടുന്ന വാഹനങ്ങളുമായിരിക്കും ഭാവിയെ കാത്തിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് എണ്ണവില ബാരലിന് 120 ഡോളറില്‍നിന്ന് 26 ഡോളര്‍ വരെ താണപ്പോള്‍ എല്ലാവരും കരുതി എണ്ണയുടെ കാലം കഴിഞ്ഞു എന്ന്. ഇലക്ട്രിക്ക് കാറുകളുടെ രംഗപ്രവേശനത്തോടെ എല്ലാവരും അതു ഉറപ്പിക്കുകയും ചെയ്തു. എണ്ണ ഉല്പാദക രാജ്യങ്ങള്‍ക്ക് അത് വലിയോരു ഷോക്ക് ആയിരുന്നു. എണ്ണവരുമാനത്തെ മാത്രം ആശ്രയിച്ചിരുന്ന സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ മറ്റു വരുമാന മാര്‍ഗ്ഗങ്ങളെപ്പറ്റി ആലോചിച്ചു. ഷല്ലൂം ബിപിയും പോലുള്ള എണ്ണ കമ്പനികള്‍ മറ്റ് ഇന്‍വെസ്റ്റ്‌മെന്റ് പോര്‍ട്ട്‌ഫോളിയോകള്‍ തേടി.
പക്ഷേ, എണ്ണ ഉപയോഗം അത്ര പെട്ടെന്ന് അപ്രത്യക്ഷമാകുമെന്ന് ആരും കരുതുന്നില്ല. ഈ നൂറ്റാണ്ടിന്റെ മദ്ധ്യം വരെയെങ്കിലും അത് ഉണ്ടാകും. 2040 ആകുമ്പോഴേക്കും പെട്രോളും ഡീസലും ഉപയോഗിക്കുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കു പകരം വൈദ്യൂതി ഉപയോഗിക്കുന്നവ നികത്തിലെത്തും എന്ന കണക്കുകൂട്ടലാണ് ബിപിക്കുള്ളത്. 2040 ആകുമ്പോഴേക്കും എണ്ണയുടെ ആവശ്യത്തില്‍ 10% വര്‍ദ്ധനവുണ്ടായി പ്രതിദിനം 103.5 മില്യണ്‍ ബാരലുകള്‍ എന്ന നിലയിലേക്ക് ഉയരുമെങ്കിലും വാഹനങ്ങളുടെ കാര്യക്ഷമതയില്‍ സംഭവിക്കുന്ന മാറ്റം, ഇലക്ട്രിക്ക് കാറുകളുടെ വളര്‍ച്ച, കര്‍ശനമായ അന്തരീക്ഷ മലിനീകരണ നിയന്ത്രണങ്ങള്‍ മറ്റു ജൈവ ഇന്ധനകളിലേക്കുള്ള മാറ്റം തുടങ്ങിയ കാരണങ്ങളാല്‍ എണ്ണ വ്യവസായം പ്രതീക്ഷിക്കുന്നയത്ര വര്‍ദ്ധന ഉണ്ടാകില്ലെന്നാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി പറയുന്നത്. എണ്ണയുടെ 60%വും ഉപയോഗിക്കുന്നത് ഗതാഗത ആവശ്യങ്ങള്‍ക്കായാണ്. അവിടെയാണ് സാങ്കേതികവിദ്യാപരമായ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നത്. അപ്പോഴും എണ്ണയില്‍നിന്നും സൗദി അകന്നുപോകുകയൊന്നുമില്ല. എണ്ണയിതര മാര്‍ഗങ്ങളിലുള്ള വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും സൗദി അറേബ്യന്‍ സമ്പദ്ഘടനയുടെ ആണിക്കല്ല് എണ്ണതന്നെ ആയിരിക്കും.
ഭാവിയില്‍ നിക്ഷേപം നടത്താന്‍ സൗദി
എന്തുതന്നെയായാലും ഇന്നല്ലെങ്കില്‍ നാളെ എണ്ണയുടെ ആവശ്യമില്ലാത്ത വസ്തുവാകും. അതിനാല്‍ അതില്‍നിന്നുള്ള വരുമാനം കുറഞ്ഞുവരുന്നതനുസരിച്ചു ഭാവിയിലെ സാങ്കേതിക വിദ്യകളില്‍ നിക്ഷേപങ്ങള്‍ നടത്തുകയാണ് ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതി രാഷ്ട്രമായ സൗദി. ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാണ കമ്പനിയായ ടെസ്‌ലയില്‍ രണ്ടു ബില്യണ്‍ ഡോളര്‍ സൗദി അറേബ്യ അതിന്റെ പൊതു നിക്ഷേപ ഫണ്ടില്‍നിന്നും നിക്ഷേപിച്ചിട്ടുള്ളത് ഈ മാറ്റത്തിന്റെ ഭാഗമാണ്. റൈഡ് ഷെയറിങ് കമ്പനിയായ യൂബറില്‍ 3.5 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തോടെ ഏറ്റവുമുയര്‍ന്ന നിക്ഷേപകരായതും അതുകൊണ്ടുതന്നെ. സോഫ്റ്റ് ബാങ്കിന്റെ 100 ബില്യണ്‍ ഡോളറിന്റെ ടെക്‌നോളജി ഫണ്ടിലേക്ക് 45 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. വിര്‍ജിന്‍ ഗ്രൂപ്പിന്റെ ബഹിരാകാശ കമ്പനികളില്‍ ഒരു ബില്യണ്‍ ഡോളറായിരിക്കും നിക്ഷേപിക്കുക. സൗദിയുടെ വടക്കുപടിഞ്ഞാറുള്ള ആള്‍പ്പാര്‍പ്പില്ലാത്ത ഒരു ഉപദ്വീപില്‍ 500 ബില്യണ്‍ ഡോളര്‍ മുടക്കി നിയോം എന്ന ഭാവിയിലെ നഗരം പണിയാന്‍ തീരുമാനിച്ചിട്ടുണ്ട്. അവിടെ ജനങ്ങളെക്കാള്‍ കൂടുതല്‍ റോബോട്ടുകളായിരിക്കും ഉണ്ടാകുക.
കഴിഞ്ഞ ഒക്ടോബറില്‍ നിയോം പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞത് അതിനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഇന്റര്‍നെറ്റ് ഓഫ് തിങ്‌സും മറ്റുമായി ബന്ധപ്പെടുത്തുമെന്നാണ്. നിര്‍ദ്ദിഷ്ട നഗരത്തെ ഈജിപ്തുമായും ആഫ്രിക്കയുടെ മറ്റു ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്നതിന് റെഡ് സിയില്‍ ഒരു പാലം പണിയുന്നതും പദ്ധതിയുടെ ഭാഗമാണ്. എന്നാല്‍ നിയോം മെട്രോ നഗരത്തെക്കുറിച്ചു വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സൗദി സമ്പദ്ഘടന ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായി മണലാരണ്യത്തില്‍ വ്യവസായ നഗരങ്ങള്‍ കെട്ടിപ്പടുക്കാന്‍ മുന്‍കാലങ്ങളില്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്നു അവര്‍ ചൂണ്ടിക്കാട്ടുന്നു. അറബ് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടനയെ എണ്ണയില്‍നിന്നും അകറ്റി വൈധ്യവല്‍ക്കരിക്കുക എന്നതാണ് സൗദി സമ്പദ്ഘടന ഉടച്ചുവാര്‍ക്കുന്നതിനുള്ള വിഷന്‍ 2030 എന്നറിയപ്പെടുന്ന പദ്ധതി വിഭാവനം ചെയ്യുന്നത്. രാഷ്ട്രത്തിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി നടത്തുന്ന നിക്ഷേപങ്ങള്‍ അതിന്റെ ഒരു പ്രധാന ഘടകവുമാണ്.
പൊതു ഫണ്ട് സ്വരൂപിക്കുന്നതിനായി സൗദി ഗവണ്മെന്റ് ഉടമയിലുള്ള എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ഓഹരികള്‍ വില്‍ക്കുന്നതിന് ശ്രമിക്കുന്നു. അതിലൂടെ 2 ട്രില്യണ്‍ ഡോളറിലധികം വരുന്ന ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ ഫണ്ട് സ്വരൂപിക്കാമെന്നാണ് കണക്കാക്കുന്നത്. ടെസ്‌ലയില്‍ സൗദി ഇപ്പോള്‍ നിക്ഷേപിച്ചിട്ടുള്ളത് ഇപ്പോഴത്തെ വിലയുടെയും ഉല്‍പ്പാദന നിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ മൂന്നു ദിവസം എണ്ണ കയറ്റുമതി ചെയ്യുന്നതിലൂടെ നേടുന്ന വരുമാനത്തില്‍ കുറഞ്ഞ തുക മാത്രമാണ്. അതിനാല്‍ എണ്ണയില്‍നിന്ന് പരമാവധി നേട്ടമുണ്ടാക്കി അത് ഭാവിയുടെ സാങ്കേതികവിദ്യകളില്‍ നിക്ഷേപിച്ച് പിടിച്ചുനില്‍ക്കാനാണ് സൗദിയുടെ ലക്ഷ്യം. വിര്‍ജിന്‍ ഗ്രൂപ്പുമായി ഉണ്ടാക്കിയിട്ടുള്ള ധാരണയനുസരിച്ച് വിര്‍ജിന്‍ ഗാലക്ടിക്, സ്‌പേസ്ഷിപ്, വിര്‍ജിന്‍ ഓര്‍ബിറ്റ് എന്നിവയിലായിരിക്കും നിക്ഷേപിക്കുക. ഗ്രൂപ്പിന്റെ ബഹിരാകാശ സര്‍വീസുകളില്‍ 480 മില്യണ്‍ ഡോളറിന്റെ അധിക നിക്ഷേപം നടത്തുന്നതിനും പദ്ധതിയുണ്ട്. മനുഷ്യന്റെ ബഹിരാകാശ യാത്രകള്‍, ഭ്രമണ പഥത്തിലേക്കു ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കല്‍ തുടങ്ങി വിര്‍ജിന്‍ ഗ്രൂപ്പിന്റെ പദ്ധതികളുമായി സഹകരിക്കാനും സൗദി ഉദ്ദേശിക്കുന്നു. വിര്‍ജിനുമായി സഹകരിച്ച് സൗദിയില്‍ 'ബഹിരാകാശ കേന്ദ്രീകൃതമായ വിനോദ വ്യവസായം' തുടങ്ങാന്‍ സൗദി ഭരണകൂടം ആലോചിക്കുന്നു. 'ആഗോള തലത്തില്‍ പുരോഗതിയുണ്ടാക്കുന്ന മേഖലകളിലും സാങ്കേതികവിദ്യകളിലും നടത്തുന്ന നിക്ഷേപങ്ങളിലൂടെ വൈവിധ്യപൂര്‍ണ്ണവും വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതവുമായ' ഒരു സമ്പദ്ഘടന കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിന്റെ പ്രതിഫലനമാണ് വിര്‍ജിന്‍ ഗ്രൂപ്പിലെ നിക്ഷേപമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ രാജകുമാരന്‍ പറഞ്ഞിരുന്നു.

Other News

  • മള്ളര്‍ റിപ്പോര്‍ട്ട് ; പ്രസിഡന്റും കോണ്‍ഗ്രസും ഏറ്റുമുട്ടലിലേക്ക്
  • ലോക് സഭാ തെരഞ്ഞെടുപ്പ് ; ഫലം നിര്‍ണ്ണയിക്കുക ന്യൂനപക്ഷ വോട്ടുകള്‍
  • ശ്രീലങ്കയ്ക്ക് പുതിയ ഭീഷണിയായി ഭീകരാക്രമണം
  • ചൈന കനിഞ്ഞാല്‍ അസര്‍ കരിമ്പട്ടികയില്‍
  • ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നത് റെക്കോഡ് വേഗതയില്‍
  • പത്തനംതിട്ട ഇന്ത്യയിലെ മികച്ച മണ്ഡലം
  • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
  • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
  • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
  • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
  • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
  • Write A Comment

     
    Reload Image
    Add code here