കരുത്തോടെ ഡോളര്‍; കിതച്ച് രൂപ

Thu,Aug 16,2018


അമേരിക്കന്‍ മലയാളികളെ സംബന്ധിച്ച് ഓഗസ്റ്റ് 14 സന്തോഷത്തിന്റെ ദിനമായിരുന്നു. ഒരു അമേരിക്കന്‍ ഡോളറിന് 70 രൂപ എന്ന നിലയിലേക്ക് വിനിമയ നിരക്ക് താഴ്ന്നു എന്നത് നാട്ടിലേക്ക് പണമയക്കുന്നവരെ സംബന്ധിച്ച് ആഹ്ലാദം പകര്‍ന്നു. നാട്ടില്‍ നിന്ന് അമേരിക്കയിലേക്ക് പണം കൊണ്ടുവരാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്ക് ഇത് തിരിച്ചടിയായി എന്നത് മറ്റൊരു കാര്യം. കേരളത്തിലെ മഴക്കെടുതി പോലെ തന്നെ മലയാളികളുടെ മറ്റൊരു പ്രധാന സംസാര വിഷയമായി രൂപയുടെ മൂല്യത്തകര്‍ച്ചയും മാറിയിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ രൂപയുടെ മൂല്യം അമേരിക്കന്‍ ഡോളറുമായി ഇത്രയധികം ഇടിയുന്നത് ഇതാദ്യമാണ്. ഓഗസ്റ്റ് 16 നു രാവിലെ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 70.25 എന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തി. 70.40 എന്ന നിലയിലേക്ക് താഴ്ന്നതിനു ശേഷം 70.16 എന്ന നിലയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. ചൊവ്വാഴ്ചയുടെ രൂപയുടെ മൂല്യം 70 ല്‍ താഴെ എത്തിയിരുന്നു. കൂടുതല്‍ വീഴ്ച ഉണ്ടാകുന്നതു തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉടന്‍ ഇടപെടല്‍ നടത്തുകയായിരുന്നു. ഇതുകൊണ്ടൊന്നും കാര്യമില്ലെന്നും ഒരു ഡോളറിന് 75 രൂപ എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നും ചില സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ രൂപയുടെ കരുത്ത് ചോര്‍ന്നു വരികയായിരുന്നു. എട്ടു മാസം കൊണ്ട് ഒമ്പതു ശതമാനം ഇടിവാണ് രൂപയ്ക്കുണ്ടായത്. ടര്‍ക്കി കറന്‍സിയായ ലീറയുടെ മൂല്യം കുത്തനേ ഇടിഞ്ഞതിന്റെ തുടര്‍ച്ചയെന്നോണം ആഗോള തലത്തില്‍ സുരക്ഷിത നിക്ഷേപം തേടി നിക്ഷേപകര്‍ പരക്കം പാച്ചില്‍ ആരംഭിച്ചതിന്റെ അനന്തര ഫലമാണ് രൂപയുടെ ഇടിവിനും കാരണമായിരിക്കുന്നത്. ലോകത്ത് ഇന്ന് ഏറ്റവും സുരക്ഷിത നിക്ഷേപമായി പരിഗണിക്കപ്പെടുന്നത് അമേരിക്കന്‍ ഡോളറാണ്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ കരുത്തോടെ നില്‍ക്കുന്നു എന്നതും ശ്രദ്ധ നേടുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ ലീറയുടെ മൂല്യം 40 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. ഏഷ്യന്‍ കറന്‍സികളുടെയെല്ലാം മൂല്യം ഈ വര്‍ഷം താഴ്ന്നിരിക്കുകയാണ്. ലീറ മാറ്റി നിറുത്തിയാല്‍ ഏഷ്യയില്‍ ഏറ്റവുമധികം മൂല്യത്തകര്‍ച്ച ഉണ്ടായിരിക്കുന്നത് രൂപയ്ക്കാണ്.
ഡോളര്‍ കരുത്തു നേടുന്നതനുസരിച്ച് രൂപയുടെ കരുത്തു ചോരുകയാണ്. കാരണം, ഇന്ത്യ ഇറക്കുമതിയെ ഏറെ ആശ്രയിക്കുന്ന രാജ്യമാണ്. ഇറക്കുമതി നടക്കുന്നത് ഡോളറിലായതു കൊണ്ട് ഓരോ വര്‍ഷവും കൂടുതല്‍ ഡോളര്‍ ഇന്ത്യയ്ക്ക് വേണ്ടി വരുന്നു. വിദേശ നിക്ഷേപത്തിലുണ്ടായ മാന്ദ്യത ഡോളറിന്റെ വരവിനെ പ്രതികൂലമായി ബാധിച്ച ഘടകമാണ്. വിദേശ നിക്ഷേപകര്‍ ഓഗസ്റ്റ് 13 തിങ്കളാഴ്ച 971.86 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. ഈ വര്‍ഷം 35,356 കോടി രൂപയുടെ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വിറ്റുവെന്ന് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുകള്‍ പറയുന്നു. ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി ജൂലൈയില്‍ കുത്തനേ ഉയര്‍ന്നത് വ്യാപാര കമ്മി കൂടുതല്‍ വഷളാക്കുവാനും രൂപയുടെ കരുത്ത് ചോരുവാനും കാരണമായി. ഏപ്രിലില്‍ ഇന്ത്യയുടെ വിദേശ കരുതല്‍ ശേഖരം 426 ബില്യണ്‍ ഡോളര്‍ എന്ന റിക്കാര്‍ഡ് നിലയില്‍ എത്തിയതാണ്. ഓഗസ്റ്റ് ആയപ്പോഴേക്കും ഇത് 403 ബില്യണ്‍ ഡോളറായി കുറഞ്ഞു. എട്ടു ശതമാനം വരെ കുറവ് കരുതല്‍ ശേഖരത്തില്‍ ഇനിയും വന്നാലും ഇന്ത്യയ്ക്ക് ആശങ്കപ്പെടേണ്ട അവസ്ഥ ഉണ്ടാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ഡോളറിന് ആവശ്യക്കാര്‍ ഏറിയതോടെ ലോകത്തിലെ പ്രമുഖ കറന്‍സികളുടെയൊക്കെ മൂല്യത്തിന് ഇടിവ് വന്നിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഓഗസ്റ്റ് 13 ന് പൗണ്ട് സ്റ്റെര്‍ലിംഗിന്റെ കച്ചവടം നടന്നത്. യൂറോ 13 മാസത്തെ കുറഞ്ഞ നിരക്കില്‍ എത്തിയപ്പോള്‍ റഷ്യന്‍ കറന്‍സിയായ റൂബിളിന് രണ്ടു ശതമാനം തകര്‍ച്ചയുണ്ടായി. ദക്ഷിണാഫ്രിക്കയുടെ റാന്‍ഡ് ഏഴു ശതമാനം ഇടിവ് രേഖപ്പെടുത്തി. രൂപയുടെ മൂല്യം കുറയുന്നത് രാജ്യത്തിന്റെ വ്യാപാര കമ്മിയെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണ്. കയറ്റുമതിയേക്കാള്‍ കൂടുതലായി ഇറക്കുമതിയെ ആശ്രയിക്കുന്നതു കൊണ്ടും വ്യാപാരം നടക്കുന്നത് ഡോളറിലായതു കൊണ്ടും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഏറെ ആശങ്കപ്പെടേണ്ടതുണ്ട്. മെയ് മാസത്തിലെ കണക്കനുസരിച്ച രാജ്യത്തിന്റെ വിദേശ വ്യാപാര കമ്മി 1460 കോടി ഡോളറാണ്. ഒരു വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 5.6 ശതമാനം കൂടുതലാണിത്.
അമേരിക്ക ഇറാനെതിരേ ഉപരോധം ശക്തമാക്കുന്നതും ഇന്ത്യയെ ബാധിക്കുന്ന വിഷയമാണ്. ഇറാനില്‍ നിന്ന് എണ്ണ വാങ്ങരതെന്ന് അമേരിക്ക മറ്റു രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിക്കാന്‍ ഇത് കാരണമായി. ഇറാനില്‍ നിന്ന് ഇന്ത്യ വലിയ തോതില്‍ എണ്ണ വാങ്ങിയിരുന്നു. രാജ്യത്തെ പ്രധാന ഇറക്കുമതി എണ്ണയായതു കൊണ്ട് ഇതിലുണ്ടാകുന്ന വര്‍ധന രാജ്യത്തെ ഇന്ധന വില കൂട്ടാന്‍ കാരണമാകും. ചരക്കു കടത്തിന് ചെലവേറുന്നതോടെ മൊത്തം സാമ്പത്തിക മേഖലയെ ബാധിക്കുന്ന വിഷയമായി അത് പരിണമിക്കും. റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുന്ന സാഹചര്യമാവും പിന്നീട് ഉണ്ടാവുക. നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളെ സംബന്ധിച്ച് ഇത് ഏറ്റവും അനുകൂലമായ അവസരമാണ്. വിദേശ നാണയത്തെ കൂടുതലായി ആശ്രയിക്കുന്ന രാജ്യമായതു കൊണ്ട് ഇന്ത്യയ്ക്ക് പ്രവാസികളുടെ കാര്യത്തില്‍ മാത്രമാണ് ഈ ഘട്ടത്തില്‍ പ്രതീക്ഷയുള്ളത്. സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ ആയുധമായും മാറുന്നുണ്ട്. കറന്‍സിയുടെ മൂല്യത്തകര്‍ച്ച 'പരമോന്നത നേവിനെതരേയുള്ള അവിശ്വാസമാണ്' വെളിപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി മോഡിയെ ആക്ഷേപിച്ചു കൊണ്ട് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞു. രൂപയുടെ വിഴ്ചയ്ക്കും സാമ്പത്തിക മേഖല ഇഴയുന്നതിനും കാരണമായത് മോഡി സര്‍ക്കാരിന്റെ നയങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രൂപയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ യു.പി.എ സര്‍ക്കാരിനെ കളിയാക്കിക്കൊണ്ട് 2013 ല്‍ മോഡി നടത്തിയ പരാമര്‍ശങ്ങളുടെ വീഡിയോ ട്വിറ്റര്‍ സന്ദേശത്തിനൊപ്പെ രാഹുല്‍ പോസ്റ്റ് ചെയ്തിരുന്നു.

Write A Comment

 
Reload Image
Add code here