യുഎസ്-ടര്‍ക്കി ഏറ്റുമുട്ടല്‍ വികസ്വര സമ്പദ്ഘടനകളെ ബാധിക്കുന്നു

Thu,Aug 16,2018


പ്രസിഡണ്ട് റിസെപ് തയ്യിപ് എര്‍ദോഗന്റെ ടര്‍ക്കിയെ വരുതിക്കു കൊണ്ടുവരാനുള്ള യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രമ്പിന്റെ നീക്കങ്ങളും അതിനെ തോല്പിക്കാന്‍ ടര്‍ക്കി നടത്തുന്ന ശ്രമങ്ങളും ദൂരവ്യപകമായ ഭവിഷ്യത്തുകളാണ് വിളിച്ചുവരുത്തുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ടര്‍ക്കിയുടെ കറന്‍സിയായ ലിറയുടെ മൂല്യത്തില്‍ 45 ശതമാനം ഇടിവാണ് ഉണ്ടായത്. അത് പകര്‍ച്ചവ്യാധിപോലെ ഇന്ത്യ അടക്കമുള്ള വികസ്വര സമ്പദ്ഘടകളുടെ കറന്‍സകളുടെ മൂല്യത്തെയും ബാധിച്ചിരിക്കുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം 7 ശതമാനം ഇടിഞ്ഞു. നേരത്തേതന്നെ നാറ്റോ സഖ്യത്തിലെ 'താന്തോന്നി'യായ ടര്‍ക്കി റഷ്യയോട് കൂടുതല്‍ അടുക്കാനും ഇറാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് അമേരിക്കന്‍ വിരുദ്ധ ചേരിയുണ്ടാക്കാനും അത് കാരണമാകുമെന്ന് കരുതുന്നവരുണ്ട്. റഷ്യയുമായുള്ള അടുത്ത ബന്ധം വാഷിംഗ്ടനെ ആശ്രയിക്കേണ്ട അവസ്ഥയില്‍നിന്ന് ടര്‍ക്കിയെ കരകയറ്റുകയും രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള യുറോപ്പിന്റെ മുഖച്ഛായ മാറ്റുകയും ചെയ്യും. നാറ്റോ സഖ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയുടെ കാവല്‍ക്കാര്‍ ടര്‍ക്കിയാണ്.
മുഷ്ടി ചുരുട്ടി എര്‍ദോഗന്‍
യുഎസ് - ടര്‍ക്കി ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ടര്‍ക്കിഷ് കറന്‍സിയായ ലിറയുടെ മൂല്യത്തില്‍ കുത്തനെ ഇടിവുണ്ടായപ്പോള്‍, ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള സന്നദ്ധത പ്രകടമാക്കിയ എര്‍ദോഗന്‍ ഇപ്പോള്‍ യുഎസിനെതിരായ ആക്രമണം ശക്തമാക്കുകയാണ്. ആപ്പിളിന്റെ ഐഫോണ്‍ അടക്കമുള്ള അമേരിക്കന്‍ ഇലക്‌ട്രോണിക്ക് ഉപകരണങ്ങള്‍ ബഹിഷ്‌കരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളെ ടര്‍ക്കിയുടെയും റഷ്യയുടെയും വിദേശകാര്യമന്ത്രിമാര്‍ ചേര്‍ന്ന് വിമര്‍ശിക്കുകയും ചെയ്തു. പാശ്ചാത്യലോകത്തിനും റഷ്യയ്ക്കും ഇടയില്‍പെട്ട ടര്‍ക്കി മോസ്‌കോയിലേക്ക് ചായുന്ന കാഴ്ചയാണ് ഈ ആഴ്ച കണ്ടത്. യുഎസ് ഉപരോധങ്ങളുടെ ഇരയായ റഷ്യയുടെയും ടര്‍ക്കിയുടെയും മൂല്യം ഡോളറുമായുള്ള വിനിമയത്തില്‍ ഏറെ താഴേക്കുപോയിരുന്നു. ഭീകരപ്രവര്‍ത്തനം അരോപിക്കപ്പെട്ട് രണ്ടുവര്‍ഷമായി ടര്‍ക്കിയുടെ തടങ്കലില്‍ കഴിയുന്ന അമേരിക്കന്‍ പ്രസ്ബിറ്റേറിയന്‍ പാസ്റ്ററെ വിട്ടുതരാന്‍ കൂട്ടാക്കത്തതിന്റെ പേരില്‍ ജൂലൈ ഒന്നിനാണ് അമേരിക്ക ടര്‍ക്കിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച ടര്‍ക്കിയില്‍നിന്നുള്ള ഇറക്കുമതികള്‍ക്ക് നികുതി ഇരട്ടിയാക്കുകയും ചെയ്തു. അതോടെ ടര്‍ക്കിയുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് നിക്ഷേപകരില്‍ ഉളവായ ആശങ്കയാണ് ലിറയുടെ മൂല്യം നാല്പത് ശതമാനത്തിലേറെ ഇടിയാന്‍ ഇടയാക്കിയത്. ചൊവ്വാഴ്ച അത് അല്പം ഉയര്‍ന്ന് ഒരു ഡോളറിന് 6.37 എന്ന നിലവാരത്തില്‍ എത്തിയങ്കിലും പിന്നീടും താഴേക്കുപോകുകയായിരുന്നു. അങ്കാറയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗേയ് ലാവ്‌റോവും ടര്‍ക്കിയുടെ വിദേശകാര്യമന്ത്രി മേവ്‌ലുറ്റ് കാവ്‌സോഗ്ലുവും പാശ്ചാത്യ ഉപരോധങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. ''നാം ബുള്ളി ചെയ്യപ്പെടുന്ന ഈ കാലഘട്ടം മാറണം'' കാവ്‌സോഗ്ലു പറഞ്ഞു. ഉപരോധങ്ങള്‍, ഭീഷണി, ബ്ലാക്ക്‌മെയില്‍, ആജ്ഞാപിക്കല്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവര്‍ ഉപയോഗിക്കുകയാണെന്ന് ലാവ്‌റോവും പറഞ്ഞു. പരസ്പരം ശക്തമായ സഹകരണം വാഗ്ദാനം ചെയ്ത ഇരുവരും പരസ്പര വ്യാപാരത്തില്‍ ചൈനയുമായും ഇറാനുമായും ചെയ്തതുപോലെ ഡോളര്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. എര്‍ദോഗന്റെ സ്വേച്ഛാധിപത്യ പ്രവണതകളും ദേശീയ അജണ്ടകളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് എര്‍ദോഗനെ പാശ്ചാത്യലോകത്തിന് അനഭിമതനാക്കിയത്. തങ്ങള്‍ പുതിയ സഖ്യകക്ഷികളെ തേടുകയാണെന്ന് എര്‍ദോഗന്‍ പറഞ്ഞു. ടര്‍ക്കിക്ക് ലാവ്രോവ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുവെങ്കിലും മോസ്‌കോക്ക് ചെയ്യാവുനന്ന സഹായത്തിന് പരിമിതികളുണ്ട്.
പുതിയ കാല്‍വയ്പ്
റഷ്യയും ടര്‍ക്കിയും വാണിജ്യ സൈനിക ബന്ധങ്ങള്‍ സ്ഥാപിക്കുന്നത് നിര്‍ണ്ണായകമായ ഒരു കാല്‍വയ്പാണ്. രണ്ടു വര്‍ഷം മുമ്പ് റഷ്യയുടെ യുദ്ധവിമാനം ടര്‍ക്കി വെടിവച്ചിടുകയും റഷ്യന്‍ അംബാസഡറെ ഓഫ്-ഡ്യൂട്ടിയിലായിരുന്ന ടര്‍ക്കിയുടെ ഒരു പോലീസ് ഓഫീസര്‍ വെടിവച്ചുകൊല്ലുകയും ചെയ്ത സംഭവങ്ങള്‍ പരസ്പര ബന്ധങ്ങളെ വളരെ ഉലച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്ത് ടര്‍ക്കിക്ക് കൂടുതല്‍ പ്രകൃതിവാതകവും, ആണവൊര്‍ജ്ജ പ്ലാന്റുകളും അത്യാധുനിക മിസൈല്‍ കവചവും നല്‍കുന്നതിനുള്ള കരാറില്‍ റഷ്യ ഒപ്പുവച്ചു. അതേ സമയം ടര്‍ക്കിയും യുഎസുമായുള്ള ബന്ധങ്ങള്‍ വഷളാകുകയും ചെയ്തു. ടര്‍ക്കിക്കെതിരെ യുഎസ് സാമ്പത്തികയുദ്ധം നടത്തുകയാണെന്നാണ് എര്‍ദോഗന്റെ ആരോപണം. എര്‍ദോഗന്‍ ഭരണകൂടത്തെ മറിച്ചിടാന്‍ 2016ല്‍ നടന്ന സൈനിക അട്ടിമറിക്കുപിന്നില്‍ പ്രവവര്‍ത്തിച്ചതായി ടര്‍ക്കി ആരോപിക്കുന്ന ഫെത്തുളള ഗുലെന്‍ എന്ന യുഎസില്‍ കഴിയുന്ന മതനേതാവിനെ വിട്ടുകൊടുക്കാന്‍ അമേരിക്ക തയ്യാറാകാത്തതും ബന്ധങ്ങളില്‍ കല്ലുകടിയുണ്ടാക്കുന്നു. ആരോപിക്കുന്നതിനപ്പുറം തെളിവൊന്നും നല്‍കാന്‍ എര്‍ദോഗന്‍ തയ്യാരായിട്ടില്ല. എര്‍ദോഗന്റെ ആരോപണങ്ങള്‍ ഏറ്റുപിടിച്ച് ചില ടര്‍ക്കി പൗരന്മാര്‍ അമേരിക്കന്‍ ഡോളര്‍ കത്തിക്കുന്നതിന്റെയും യുഎസ് നിര്‍മ്മിത ഇലക്‌ട്രോണിക്ക് ഉപകരണങ്ങള്‍ നശിപ്പിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ വൈറലായി. ഡോളര്‍ അടിസ്ഥാനത്തില്‍ എടുത്തിട്ടുള്ള കടം ലിറായില്‍ പെരുകുന്നതാണ് പലരെയും അലട്ടുന്നത്. ലിറയുടെ മൂല്യത്തകര്‍ച്ചമൂലം കഷ്ടപ്പെടുന്ന റുഹി ടാസ് എന്ന ബാര്‍ബര്‍ താനിനി അമേരിക്കന്‍ രീതിയില്‍ മുടിവെട്ടുകയില്ലെന്ന് പ്രതിജ്ഞയെടുത്തു. ടര്‍ക്കിയില്‍ ഏറെ പ്രചാരമുള്ള രീതി ഉപേക്ഷിക്കാന്‍ അദ്ദേഹം മറ്റ് ബാര്‍ബര്‍മാരെ ആഹ്വാനം ചെയ്തു. എന്നാല്‍ ഇരു രാജ്യങ്ങളിലെയും ബിസിനസ് സമൂഹം ആശങ്കാകുലരാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടാക്കാനിടയുള്ള ആപത്കരമായ അപകടങ്ങളെക്കുറിച്ച് അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അമേരിക്കക്കെതിരെ കടുത്ത വാക്കുകള്‍ പ്രയോഗിക്കുമ്പോഴും പ്രസിഡണ്ട് ട്രമ്പിനെ നേരിട്ട് ആക്രമിക്കാതിരിക്കാന്‍ എര്‍ദോഗന്‍ ശ്രദ്ധിക്കുന്നുണ്ട്. പാസ്റ്റര്‍ ആന്‍ഡ്രൂ ബ്രന്‍സണിന്റെ തടവ് സംബന്ധിച്ച പ്രശ്‌നം പരിഹിക്കാന്‍ കഴിയുമെന്നാണ് ടര്‍ക്കിയിലെ ഉദ്യോഗസ്ഥര്‍ കരുതുന്നത്. പാസ്റ്ററെ വീട്ടുതടങ്കിലില്‍നിന്ന് മോചിപ്പിക്കണമെന്നും പാസ്‌പോര്‍ട്ട് തിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിക്ക് പുതിയ അപേക്ഷ നല്‍കിയിട്ടുണ്ട്. യൂറോപ്പിലേക്കുളള കുടിയേറ്റം തടഞ്ഞുനിറുത്തുന്നത് ടര്‍ക്കിയാണ്. അതിനാല്‍ യൂറോപ്പിന് ടര്‍ക്കിയെ കൈവെടിയാനാകില്ലെന്നാണ് പല നിരീക്ഷകരും കരുതുന്നത്. അതുപോലെ നാറ്റോ വിട്ടുപോകാന്‍ ടര്‍ക്കി തയ്യാറാകില്ലെന്നും അവര്‍ കരുതുന്നു. പക്ഷേ, യുഎസ്-ടര്‍ക്കി വാഗ്വാദം ഇതുപോലെ നിലനില്‍ക്കും. ഉയര്‍ന്ന തോതിലുള്ള കടം, നാണയപ്പെരുപ്പം സ്ഥിരതയില്ലാത്ത നയങ്ങള്‍ തുടങ്ങി സ്വയംകൃത അനര്‍ത്ഥങ്ങള്‍ അവഗണിച്ചാണ് ടര്‍ക്കിയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് എര്‍ദോഗന്‍ യുഎസിനെ പഴിക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു. എങ്കിലും ടര്‍ക്കിയും മറ്റ് വളര്‍ന്നുവരുന്ന സമ്പദ്ഘടനകളും നേരിടുന്ന പ്രധാന പ്രശ്‌നം അമേരിക്കന്‍ നിര്‍മ്മിതമാണെന്ന് കാണാന്‍ ബുദ്ധിമുട്ടില്ല. ഉദാഹരണത്തിന് ദൂരുദ്ദേശ്യത്തോടെയല്ലെങ്കിലും ഫെഡറല്‍ റിസര്‍വ്വ് പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത് വികസ്വര സമ്പദ്ഘടനകളില്‍നിന്നും പണം പിന്‍വലിക്കാന്‍ തയ്യാറായത് ഡോളറിന്റെ മൂല്യം വര്‍ദ്ധിക്കാനും ഡോളര്‍ അടിസ്ഥാനത്തിലുള്ള കടങ്ങള്‍ തിരിച്ചടയ്ക്കുന്നത് കമ്പനികള്‍ക്ക് ദുഷ്‌കരമാകുകയും ചെയ്തു. കൂടുതല്‍ വരുമാനം ഉറപ്പാക്കുന്ന അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റുകളിലേക്കുള്ള മൂലധനത്തിന്റെ പ്രയാണമാണ് വികസ്വര രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യം ഇടിയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എംഎസ്‌സിഐ എമേര്‍ജിംങ് മാര്‍ക്കറ്റ്‌സ് കറന്‍സി ഇന്‍ഡക്‌സ് മാര്‍ച്ചിനു ശേഷം എട്ടു ശതമാനമാണ് ഇടിഞ്ഞത്. വന്‍തോതിലുള്ള നാണയപ്പെരുപ്പം, വലിയ വാണിജ്യക്കമ്മി, സ്വന്തം കറന്‍സിയുടെ മൂല്യം ഇടിയുന്നത് തടയുന്നതിന് ആവശ്യമായ വിദേശ കറന്‍സി ശേഖരം ഇല്ലായ്മ തുടങ്ങിയ വളരെ മോശമായ സാമ്പത്തിക അടിത്തറയുള്ള രാജ്യങ്ങളെയാണ് അത് സാരമായി ബാധിക്കുന്നത്.
ടര്‍ക്കിയാണ് ഏറ്റവും പറ്റിയ ഉദാഹരണം. നാണയപ്പെരുപ്പം 16 ശതമാനം എന്ന നിരക്കില്‍ എത്തി നില്‍ക്കുന്നു. വിദേശത്തു വില്‍ക്കുന്നതിനേക്കാള്‍ വളരെ കൂടുതല്‍ അവിടെനിന്നു വാങ്ങുന്നു. വിദേശ കടം ഉയര്‍ന്നു നില്‍ക്കുന്നു. ഇതെല്ലാം ടര്‍ക്കിയുടെ സമ്പദ്ഘടനയെ വല്ലാതെ ഉലയ്ക്കുന്നു. പലിശനിരക്ക് വര്‍ദ്ധനവ് സാധാരണ ഗതിയില്‍ രാജ്യത്തെ കറന്‍സിയെ ശക്തിപ്പെടുത്തേണ്ടതാണ്. പക്ഷേ അത് സാമ്പത്തിക വളര്‍ച്ച മുരടിപ്പിക്കും. അത് എര്‍ദോഗന്‍ ആഗ്രഹിക്കാത്ത കാര്യമാണ്. അതിനാല്‍ പലിശനിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍നിന്ന് സ്വന്തം സെന്‍ട്രല്‍ ബാങ്കിനെ തടയുന്നു. (സ്വന്തം മകളുടെ ഭര്‍ത്താവിനെയാണ് അദ്ദേഹം ധനകാര്യമന്ത്രിയാക്കിയിരിക്കുന്നത്.) എന്നിട്ട് എല്ലാ പ്രശ്‌നങ്ങള്‍ക്കും ദീര്‍ഘകാല സഖ്യകക്ഷിയായ യുഎസിനെ പഴിക്കുന്നു. ലിറയുടെ മൂല്യത്തകര്‍ച്ച ടര്‍ക്കിയെ മാത്രമല്ല ബാധിച്ചിരുക്കുന്നത്. മാര്‍ച്ചിനുശേഷം ടര്‍ക്കിയുടെ കറന്‍സി 45 ശതമാനം ഇടിഞ്ഞപ്പോള്‍ അര്‍ജ്ജന്റീനയുടെ പെസോ 32 ശതമാനം ഇടിഞ്ഞു. അഴിമതിയും ഇരട്ടസംഖ്യയിലുള്ള നാണയപ്പെരുപ്പവുംകൊണ്ട് പ്രിതിസന്ധിയിലായ രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്ക് ബഞ്ച്മാര്‍ക്ക് റേറ്റ് 45 ശതമാനത്തിലേക്കാണ് ഉയര്‍ത്തിയിട്ടുള്ളത്. സൗത്ത് ആഫ്രിക്കയുടെ റാന്‍ഡ് 17 ശതമാനം കൂപ്പുകുത്തി. കഴിഞ്ഞ 5 വര്‍ഷമായി ആ രാജ്യത്തിന്റെ സമ്പദ്ഘടന രണ്ടു ശതമാനം വളര്‍ച്ചപോലും നേടിയിട്ടില്ല. കറന്റ് അക്കൗണ്ട് കമ്മി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇടിയുന്ന കറന്‍സി മൂല്യം അപകടകരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. ആഗോള റിസര്‍വ്വ് കറന്‍സിയായ ഡോളറില്‍ വായ്പ വാങ്ങിയിട്ടുള്ളവര്‍ വായ്പ തിരിച്ചടയ്ക്കാന്‍ കൂടുതല്‍ പ്രാദേശിക കറന്‍സി നല്‍കേണ്ടിവരുന്നു. വായ്പ നല്‍കിയ ബാങ്കിനും അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അത്തരം അവസ്ഥയാണ് 1997-98ലെ ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധിക്ക് തുടക്കമിട്ടത്. തായ്‌ലാന്റിലെ കറന്‍സി ദുരന്തം സമീപത്തെ ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളെയും ഗ്രസിക്കുകയായിരുന്നു. ഇപ്പോള്‍ ടര്‍ക്കിയുടെ കറന്‍സി പ്രശ്‌നം മറ്റ് വികസ്വര സമ്പദ്ഘടനകളിലേക്കുംകൂടെ വ്യാപിച്ചു. എന്താണ് ഇങ്ങനെ സംഭവിക്കുന്നത്? പറയാന്‍ കാരണമൊന്നുമില്ല. രോഗസംക്രമണം അല്ലെങ്കില്‍ പകര്‍ച്ചവ്യാധി എന്നര്‍ത്ഥമുള്ള 'കണ്ടേജിയന്‍' എന്ന വാക്കുകൊണ്ടാണ് സാമ്പത്തിക വിദഗ്ധര്‍ ഇതിനെ വശേഷിപ്പിക്കുന്നത്. പക്ഷേ, അത് നല്ല രീതിയില്‍ മാനേജ് ചെയ്യുന്ന സമ്പദ്ഘടനകല്‍ക്ക് ഒഴിവാക്കാനാകുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. ടര്‍ക്കിയുടെ സമ്പദ്ഘടന തെറ്റായ രീതിയില്‍ കൈകാര്യം ചെയ്ത ഒന്നാണ്. മറ്റുപല വികസ്വര രാജ്യങ്ങളുടെയും സ്ഥിതി വ്യത്യസ്തമാണ്. രണ്ടു ദശാബ്ദങ്ങള്‍ക്കുമുമ്പുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് പലതും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു. ഊഹാപോഹങ്ങള്‍ കറന്‍സിക്കുണ്ടാകുന്ന ആഘാതം തടയുംവിധം പലവയും തങ്ങളുടെ ഡോളര്‍ റിസര്‍വ് വര്‍ദ്ധിപ്പിച്ചു.

Write A Comment

 
Reload Image
Add code here