എസ്ടിഎ1 പദവി പ്രതിരോധ രംഗത്ത് ഇന്ത്യക്ക് നേട്ടമുണ്ടാക്കും

Tue,Aug 14,2018


ജപ്പാന്‍, സൗത്ത് കൊറിയ എന്നിവയ്ക്കുശേഷം യുഎസ് സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍1 (എസ് ടി എ 1) പദവി നല്‍കുന്ന ഏഷ്യയിലെ മൂന്നാമത്തെ രാഷ്ട്രമായി ഇന്ത്യ മാറി. ലോകത്ത് ഈ പദവിയുള്ള 37-ാമത്തെ രാഷ്ട്രവുമാണ്. ഉയര്‍ന്ന സാങ്കേതികവിദ്യയുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്ത്യക്കു വില്‍ക്കുന്നതിനുള്ള വഴിതുറക്കുന്ന പദവിയാണിത്. പ്രത്യേകിച്ചും ബഹിരാകാശ, പ്രതിരോധ മേഖലകളില്‍ ഇത് ഇന്ത്യക്കു നേട്ടമാകും. സാധാരണയായി കയറ്റുമതി നിയന്ത്രണവുമായി ബന്ധപ്പെട്ട നാല് ഗ്രൂപ്പുകളിലെ അംഗങ്ങളാണ് എസ്ടിഎ1 പട്ടികയിലുള്ളത്: മിസൈല്‍ ടെക്‌നോളജി കണ്ട്രോള്‍ റീജീം (എംടിസിആര്‍), വാസനാര്‍ അറേഞ്ച്‌മെന്റ് (ഡബ്‌ള്യുഎ), ആസ്‌ട്രേലിയ ഗ്രൂപ്പ് (എജി), എന്‍എസ്ജി എന്നിവയാണവ. ആണവദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍എസ്ജി) ഇനിയും അംഗമായിട്ടില്ലാത്ത ഇന്ത്യയ്ക്ക് കിഴിവ് നല്‍കിയാണ് ട്രമ്പ് ഭരണകൂടം ഈ പദവി നല്‍കിയിട്ടുള്ളത്. ചൈനയില്‍നിന്നുള്ള രാഷ്ട്രീയ എതിര്‍പ്പ് കാരണമാണ് എന്‍എസ്ജിയില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കാതെപോയത്. സമവായത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അതില്‍ അംഗത്വം നല്‍കാറുള്ളൂ.
എസ്എടിഎ1 പദവി നല്‍കിയതിലൂടെ ഇന്ത്യ പ്രായോഗികമായി എന്‍എസ്ജിയുടെ കയറ്റുമതി നിയന്ത്രണ ചട്ടങ്ങള്‍ക്ക് വിധേയമായിത്തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അംഗീകരിച്ചിരിക്കുകയാണ് യുഎസ്. ബഹുരാഷ്ട്ര കയറ്റുമതി നിയന്ത്രണ ഗ്രൂപ്പുകളിലൊന്നും അംഗമല്ലാത്ത ഉറ്റ സഖ്യശക്തിയായ ഇസ്രയേലിനുപോലും ഇങ്ങനെയൊരു പദവി നല്‍കിയിട്ടില്ലെന്നത് പരിഗണിക്കുമ്പോള്‍ ഇന്ത്യയ്ക്ക് കിഴിവ് നല്‍കിയതിലൂടെ ചൈനക്കും ലോകത്തിനും ശക്തമായൊരു രാഷ്ട്രീയ സന്ദേശമാണ് യുഎസ് നല്‍കിയിരിക്കുന്നത്. പ്രധാന പ്രതിരോധ പങ്കാളിയെന്ന ഇന്ത്യയുടെ പദവിക്ക് അനുയോജ്യമായതും നാല് കയറ്റുമതി നിയന്ത്രണ സംഘടനകളില്‍ മൂന്നിലും (എംടിസിആര്‍, ഡബ്‌ള്യുഎ, എജി) ഇന്ത്യക്കുള്ള അംഗത്വത്തെ അംഗീകരിക്കുന്നതുമാണ് ഈ നടപടിയെന്ന് എസ്ടിഎ1 പദവി നല്‍കി ഓഗസ്റ്റ് മൂന്നിന് ഫെഡറല്‍ ഗവണ്മെന്റ് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു. ആഗോള നിര്‍വ്യാപനം, ഉയര്‍ന്ന സാങ്കേതികവിദ്യാ രംഗത്തെ സഹകരണവും വ്യാപാരവും വികസിപ്പിക്കല്‍, ആത്യന്തികമായി നാല് കയറ്റുമതി നിയന്ത്രണ സംഘടനകളിലും ഇന്ത്യക്ക് പൂര്‍ണ്ണ അംഗത്വം ലഭിക്കുന്നതിന് അവസരമൊരുക്കല്‍ എന്നിങ്ങനെ ഇന്ത്യയും യുഎസും പരസ്പരം സമ്മതിച്ച പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നതിലെ ഒരു കാര്യമാണിപ്പോള്‍ നടന്നത്. ആഗോള നിര്‍വ്യാപനത്തിനും കയറ്റുമതി നിയന്ത്രണ ചട്ടങ്ങള്‍ക്കുമായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ആഗോള തന്ത്രപ്രധാന സഹകരണത്തിന്റെ പൂര്‍ണ്ണ ശേഷി പ്രയോജനപ്പെടുത്തുംവിധം ഉഭയകക്ഷി കയറ്റുമതി നിയന്ത്രണ സഹകരണം കൂടുതല്‍ പരിവര്‍ത്തനപ്പെടുത്തുന്നതിനായി യുഎസും ഇന്ത്യയും പ്രതിബദ്ധതയോടെ പ്രവര്‍ത്തനം തുടരുമെന്നും അതില്‍ പറയുന്നുണ്ട്.
സിവിലിയന്‍ ബഹിരാകാശ പര്യവേഷണം, പ്രതിരോധം, ഉയര്‍ന്ന സാങ്കേതികവിദ്യ ആവശ്യമുള്ള മറ്റു മേഖലകള്‍ എന്നിവയിലെല്ലാം സഹകരണം വിപുലമാക്കുന്നതിനു പരസ്പരം സമ്മതിച്ച കാര്യങ്ങള്‍ നടപ്പാക്കുന്നതിലൂടെയും അതോടൊപ്പംതന്നെ നാല് കയറ്റുമതി നിയന്ത്രണ സംഘടനകളിലും ഇന്ത്യക്ക് പൂര്‍ണ്ണ അംഗത്വം ലഭിക്കുംവിധമുള്ള പ്രയത്‌നങ്ങള്‍ യുഎസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതിലൂടെയുമാണ് പ്രതിബദ്ധത സാക്ഷാത്ക്കരിക്കപ്പെടുകയെന്നും പറയുന്നു. സൈനിക ആധുനികവല്‍ക്കരണം നാല് കയറ്റുമതി നിയന്ത്രണ സംഘടനകളില്‍ മൂന്നിലും യുഎസിന്റെ ഫലപ്രദമായ പിന്തുണയോടെ ഇന്ത്യ അംഗത്വം നേടിക്കഴിഞ്ഞു. 2016 ജൂണ്‍ 27ന് എംടിസിആറില്‍ അംഗത്വം ലഭിച്ചു. നാസനാര്‍ അറേഞ്ച്‌മെന്റില്‍ 2017 ഡിസംബര്‍ 7നും ഓസ്‌ട്രേലിയ ഗ്രൂപ്പില്‍ 2018 ജനുവരി 19നും ആണ് ഇന്ത്യക്ക് അംഗത്വം ലഭിച്ചത്. ഇന്ത്യയും യുഎസും തമ്മിലുള്ള ആഗോള തന്ത്രപ്രധാന സഖ്യത്തിന് ഈ അംഗത്വങ്ങള്‍ പ്രധാനമാണ്. 'യുഎസും ഇന്ത്യയും: 21 നൂറ്റാണ്ടിലെ സ്ഥിരതയുള്ള ആഗോള പങ്കാളികള്‍' എന്ന ശീര്‍ഷകത്തില്‍ 2016 ജൂണ്‍ 7ന് യുഎസും ഇന്ത്യയും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഇന്ത്യയെ യുഎസ് പ്രധാന സൈനിക പങ്കാളിയായി അംഗീകരിച്ചത്. ഇന്ത്യന്‍ സൈന്യത്തെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് യുഎസ് പിന്തുണ നല്‍കുന്നതിനും അത്യാധുനിക സൈനികോപകരണങ്ങള്‍ നല്‍കി സഹായിക്കുന്നതിനും പ്രധാന പ്രതിരോധ പങ്കാളിയെന്ന പദവി അവസരമൊരുക്കും. എംടിസിആര്‍, വാസനാര്‍, എജി എന്നീ ബഹുരാഷ്ട്ര ഗ്രൂപ്പുകളില്‍ ഇന്ത്യ അംഗമാകുകയും 'പ്രധാന പ്രതിരോധ പങ്കാളി' എന്ന പദവി നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ ലൈസന്‍സ് ആവശ്യകത, ലൈസന്‍സ് അപേക്ഷകള്‍, ലൈസന്‍സ് ഒഴിവാക്കല്‍ എന്നീ കാര്യങ്ങളില്‍ ഇന്ത്യയ്ക്ക് വളരെ അനുകൂലമായ നിലപാടായിരിക്കും യുഎസ് സ്വീകരിക്കുകയെന്നും ഫെഡറല്‍ ഗവണ്മെന്റിന്റെ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. ആവശ്യമായ ലൈസന്‍സുകളുടെ എണ്ണം കുറയുമെന്ന് മാത്രമല്ല അതിനായുള്ള കടലാസ് ജോലികള്‍ ഗണ്യമായി കുറയ്ക്കുന്നതിനും കഴിയും. എസ്ടിഎ1 പദവി ഇന്ത്യയ്ക്ക് നല്‍കിയ തീരുമാനം പരസ്യപ്പെടുത്തുന്നതിനുള്ള കാലാവധിയുടെ കാര്യത്തിലും യുഎസ് പതിവ് നടപടിക്രമങ്ങള്‍ തെറ്റിക്കുകയും നേരത്തെ പ്രഖ്യാപനം നടത്തുകയും ചെയ്തു. യുഎസിന്റെ സൈനികവും വിദേശനയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു എന്ന ന്യായീകരണമാണ് പറഞ്ഞത്. ഇതുവരെയും അല്‍ബേനിയ, ഹോങ്‌കോങ്, ഇസ്രായേല്‍, മാള്‍ട്ട, സിങ്കപ്പൂര്‍, സൗത്ത് ആഫ്രിക്ക, തായ്‌വാന്‍ എന്നീ രാഷ്ട്രങ്ങള്‍ക്കൊപ്പം എസ്ടിഎ2 പദവിയിലായിരുന്നു ഇന്ത്യ ഉള്‍പ്പെട്ടിരുന്നത്.

Other News

 • മള്ളര്‍ റിപ്പോര്‍ട്ട് ; പ്രസിഡന്റും കോണ്‍ഗ്രസും ഏറ്റുമുട്ടലിലേക്ക്
 • ലോക് സഭാ തെരഞ്ഞെടുപ്പ് ; ഫലം നിര്‍ണ്ണയിക്കുക ന്യൂനപക്ഷ വോട്ടുകള്‍
 • ശ്രീലങ്കയ്ക്ക് പുതിയ ഭീഷണിയായി ഭീകരാക്രമണം
 • ചൈന കനിഞ്ഞാല്‍ അസര്‍ കരിമ്പട്ടികയില്‍
 • ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നത് റെക്കോഡ് വേഗതയില്‍
 • പത്തനംതിട്ട ഇന്ത്യയിലെ മികച്ച മണ്ഡലം
 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • Write A Comment

   
  Reload Image
  Add code here