'ഇന്ത്യ ഇനിയും 'ഹിന്ദു പാകിസ്ഥാന്‍' ആയിട്ടില്ല'

Tue,Aug 14,2018


നരേന്ദ്ര മോദിയുടെ ഭരണത്തിന്‍കീഴില്‍ ഹിന്ദുമത തീവ്രവാദം വളര്‍ന്നിട്ടുണ്ട്; പക്ഷേ, അതിന് ഇനിയും, പാക്കിസ്ഥാനിലേതുപോലെ, ഭരണഘടനയുടെയോ ശിക്ഷാനിയമത്തിന്റെയോ പവിത്രീകരണം ലഭിച്ചിട്ടില്ലെന്ന് ന്യൂസ്‌വീക്ക് പാക്കിസ്ഥാന്റെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ഖലീദ് അഹ്മെദ്. 2019ലെ തെരെഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുന്ന പക്ഷം ഇന്ത്യ ഒരു 'ഹിന്ദു പാകിസ്ഥാന്‍' ആയി മാറുമെന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രസ്താവനയെ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ പിന്തുടരാന്‍ ആഗ്രഹിക്കുന്ന മാതൃകയല്ല പാകിസ്ഥാന്‍ എന്നതിനാലാണ് തരൂരിന്റെ പ്രസ്താവന ബിജെപിയെ വല്ലാതെ ചൊടിപ്പിച്ചതെന്നും അഹ്മെദ് പറയുന്നു. സ്വന്തം പാര്‍ട്ടിക്കാരന്റെ പ്രസ്താവനക്ക് മാപ്പു പറയാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയോട് ബിജെപി ആവശ്യപ്പെട്ടു. പരിഭ്രാന്തരായ കോണ്‍ഗ്രസ് നേതൃത്വം തരൂരില്‍നിന്നും അകലം പാലിച്ചു. എന്നാല്‍ മോദിയുടെ ഇന്ത്യയ്ക്ക് പാക്കിസ്ഥാനുമായി പ്രത്യക്ഷത്തില്‍ കാണുന്ന സമാനതകള്‍ അവഗണിക്കാന്‍ കഴിയില്ല. ഇന്ന് ജീവിച്ചിരിപ്പുള്ള പ്രമുഖ പാകിസ്ഥാനി കവയത്രിയായ ഫഹ്മിദ റിയാസ് ജനറല്‍ സിയാ ഉള്‍ ഹഖിന്റെ മതഭീകരവാഴ്ചയില്‍നിന്നും രക്ഷപ്പെട്ട് ഇന്ത്യയില്‍ അഭയംതേടിയ വ്യക്തിയാണ്. 'മതനിരപേക്ഷതയുടെ പറുദീസ'യിലാണ് താന്‍ എത്തിയതെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ അവര്‍ക്കു തെറ്റിപ്പോയി. തന്റെ നൈരാശ്യം പ്രകടിപ്പിച്ച് 'തും തോ ഹം ജൈസേ ഹി നികലെ' (നിങ്ങളും ഞങ്ങളെപ്പോലെയായി) എന്നൊരു കവിത അവരെഴുതി. ബിജെപിയുടെ ഭരണത്തില്‍ ഹിന്ദു മതഭ്രാന്ത് പടരുന്നത് ലോകത്തെയാകെ ഞെട്ടിക്കുകയാണ്. എങ്കിലും അതിപ്പോഴും, ഭരണഘടനയിലൂടെയും ശിക്ഷാനിയമത്തിലൂടെയും മതഭ്രാന്തിനു പ്രാബല്യം നല്‍കിയ, പാകിസ്ഥാനെപ്പോലെ ആയിട്ടില്ല. അതേസമയം ഇന്ത്യയില്‍ മതഭ്രാന്ത് ബി ആര്‍ അംബേദ്ക്കറുടെ ഭരണഘടനയെ തെരുവുകളില്‍ അപ്രസക്തമാക്കിക്കൊണ്ട് കൂടുതല്‍ അപകടകരമായി വളരുകയാണ്.
ഇന്ത്യന്‍ ഭരണഘടനയില്‍ ഇന്ദിരാ ഗാന്ധി എഴുതി ചേര്‍ത്ത 'മതനിരപേക്ഷ' എന്ന വാക്ക് ഒരു ഭേദഗതിയിലൂടെ തുടച്ചുനീക്കപ്പെടുകയും അതിന്റെ സ്ഥാനത്ത് 'ഹിന്ദു താലിബാനിസം' സ്ഥാനംപിടിക്കുകയും ചെയ്യുമെന്നാണ് മമതാ ബാനര്‍ജി പറയുന്നത്. തെറ്റായ നടപടികളുടെ പേരില്‍ പാകിസ്ഥാനി സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന്റെ നടപടികള്‍ നേരിടുകയാണ് ഇസ്ലാമാബാദിലെ ഹൈക്കോടതി ജഡ്ജിയായ ഷൗക്കത് അസീസ് സിദ്ദിഖി. അഹമ്മദിയരെ ശുദ്ധീകിരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇപ്പോള്‍ത്തന്നെ ഭരണഘടന അവരെ മുസ്ലിങ്ങള്‍ അല്ലാത്തവരായി പ്രഖ്യാപിക്കുകയും മുസ്ലിങ്ങള്‍ക്കൊപ്പം വോട്ടുചെയ്യുന്നതില്‍നിന്നും വിലക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ തിരിച്ചറിയില്‍ കാര്‍ഡില്‍ മതം രേഖപ്പെടുത്തണമെന്ന് നിര്‍ബ്ബന്ധമാണ്. അഹമ്മദിയര്‍ക്കു മുസ്ലിം എന്ന് രേഖപ്പെടുത്താനാവില്ല. ഈ ജഡ്ജി എന്താണ് ആഗ്രഹിക്കുന്നതെന്ന് ഊഹിക്കാമല്ലോ. അവര്‍ ഒരു പ്രത്യേക വസ്ത്രം ധരിച്ചു മാത്രമേ നടക്കാവൂ എന്നാകും അദ്ദേഹം ആവശ്യപ്പെടുക. അപ്പോള്‍ മതഭക്തരായ മുസ്ലിങ്ങള്‍ക്ക് അവരെ എളുപ്പത്തില്‍ തിരിച്ചറിയുകയും കൊല്ലുകയും ചെയ്ത് പറുദീസ ഉറപ്പുവരുത്താം. മുസ്ലിങ്ങള്‍ അല്ലാത്തവരോടും സ്ത്രീകളോടും പാകിസ്ഥാന്‍ ഭരണഘടന ഒരു ദാക്ഷിണ്യവും കാണിക്കില്ല. ഇസ്‌ലാമിക തെളിവു നിയമം അവരെ സമന്മാരായി കാണാന്‍ അനുവദിക്കുന്നില്ല. ഇറാന്‍ ആര്‍ജ്ജിച്ച 'പരിശുദ്ധി' ഭരണഘടന ഭേദഗതികളിലൂടെ കൈവരിക്കാന്‍ ആഗ്രഹിക്കുന്ന ആശയപരമായ അവസ്ഥയാണത്. ഇറാനില്‍ ഔപചാരികമായ പ്രതിപക്ഷത്തെ അനുവദിക്കില്ല. അവിടെ സ്ത്രീകള്‍ ഹിജാബ് ധരിക്കാന്‍ നിര്‍ബ്ബന്ധിതരാണ്. ഒരു മുസ്ലിം ഏകാധിപത്യ രാഷ്ട്രമായി മാറുന്നതിലേക്കാണ് എല്ലാ മുസ്ലീം രാജ്യങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, ദേശീയ സമ്പദ്ഘടന ഭരിക്കുന്നതിനും മനുഷ്യത്വ ഹീനമായ ചുറ്റുപാടുകളില്‍ കഴിയുന്നവര്‍ക്ക് അഭിവൃദ്ധി ഉണ്ടാക്കുന്നതിനുമുള്ള ചുമതല പുരോഹിതരെ ഏല്‍പ്പിക്കുക എന്നതാണത്. പാകിസ്ഥാന്‍ പരാജയപ്പെട്ടിരിക്കുന്നു. എങ്കിലും ഹതാശരായി ആ പാതയെത്തന്നെ ആശ്രയിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടര്‍ക്കി പ്രസിഡന്റ് റെസിപ് തയ്യിപ് എര്‍ദോഗാനും തമ്മില്‍ പല വിധത്തിലും സാമ്യമുണ്ട്. ഭരണഘടന ഉറപ്പാക്കുന്ന ബഹുസ്വരതയില്‍നിന്നും മതത്തിന്റെ പേരില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന ഒരവസ്ഥയിലേക്ക് അവര്‍ ഇരുവരും രാഷ്ട്രത്തെ പിന്നോക്കം വലിക്കുകയാണ്. ഇന്ത്യയില്‍ മുസ്ലിങ്ങളാണ് ഇതിന്റെ ഇരകളാകുന്നതെങ്കില്‍ ടര്‍ക്കിയില്‍ അത് കുര്‍ദുകളാണെന്നു മാത്രം. ജനാധിപത്യം ചോര്‍ന്നുപോകുന്നതിനൊപ്പം ഉണ്ടാകുക ദാരിദ്ര്യമായിരിക്കില്ല, ഉയര്‍ന്ന വളര്‍ച്ചാനിരക്കുകളായിരിക്കും. സമ്പത്തിനൊപ്പം വിദ്വേഷവും പടര്‍ന്നുപിടിക്കും. ടര്‍ക്കിയുടെ 'മുസ്ലിം മാതൃക' ആയിരിക്കുമോ അതോ പാകിസ്ഥാനെപ്പോലെ കാണപ്പെടുന്ന 'ഹിന്ദു മാതൃക' ആയിരിക്കുമോ ഇന്ത്യ പിന്തുടരുക? 2019ലെ തെരെഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുകയും ഇന്ത്യയെ ദരിദ്രമാക്കി നിര്‍ത്തിയ നെഹ്രുവിയന്‍ മാതൃകയില്‍നിന്നും മോദി അകന്നു പൊയ്‌ക്കൊണ്ടിരിക്കുകയും ചെയ്യും. അദ്ദേഹം തീര്‍ച്ചയായും എര്‍ദോഗനെപ്പോലെയോ അല്ലെങ്കില്‍ ഒരു പാകിസ്ഥാനി ജനറലിനെപ്പോലെയോ അല്ല. മുസ്ലിം നേതാക്കളെ പ്രകോപിപ്പിക്കാത്തവിധം, ഇന്ത്യയെ ഒറ്റപ്പെടുത്തലിലേക്കു നയിക്കാത്ത പ്രായോഗിക സമീപനമായിരിക്കും അദ്ദേഹം സ്വീകരിക്കുക. എങ്കിലും പ്രതിഷേധിക്കുന്ന അപൂര്‍വം തരൂര്‍മാരുണ്ടാകും. പാകിസ്ഥാനിലും സ്വന്തം മനഃസാക്ഷിക്കനുസരിച്ചു സംസാരിക്കുന്ന കുറേപ്പേരെങ്കിലും ഉണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉയര്‍ന്നുവന്ന ഇന്ത്യന്‍ ദേശീയതയെ പുണര്‍ന്നാണ് തരൂര്‍ തുടങ്ങുന്നത്. അതില്‍നിന്നും ഹിന്ദുത്വ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നതിലേക്കു മടങ്ങിപ്പോകുന്നതിനുള്ള ശ്രമത്തെയാണ് തരൂര്‍ എതിര്‍ക്കുന്നത്. പാകിസ്ഥാനിലായിരുന്നുവെങ്കില്‍ തരൂരിന് സ്ഥിതി കൂടുതല്‍ കടുപ്പമാകുമായിരുന്നു.
1947ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 'മനുഷ്യന്റെ ഗുണനിലവാരം' അവിടെ വളരെ താഴ്ന്നുപോയിട്ടുണ്ട്. രാഷ്ട്രം സ്വീകരിച്ച മതതത്വസംഹിതയുടെ പരിണിതഫലമാണത്. സാക്ഷരത പാകിസ്ഥാനിയെ ദുഷിപ്പിക്കുകയാണ് ചെയ്തത്. പാഠപുസ്തകങ്ങളിലൂടെ അവന്‍ പഠിച്ചത് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള കാര്യങ്ങളായിരുന്നില്ല. ആണവ ശക്തിയായ പാകിസ്ഥാനില്‍ എഞ്ചിനീയറിംഗ് യൂണിവേഴ്‌സിറ്റിയില്‍ ശക്തമായ ഇസ്ലാമിക ഡിപ്പാര്‍ട്ടുമെന്റും ഉണ്ടാകും. അതുകൊണ്ടുതന്നെ ഇന്ത്യയെപ്പോലെ കാറുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ അവര്‍ക്കു കഴിയുന്നില്ല, അഹ്മെദ് ചൂണ്ടിക്കാട്ടുന്നു.

Write A Comment

 
Reload Image
Add code here