സില്‍ക്ക് പാതയിലൂടെ പുതിയ സാമ്രാജ്യം നിര്‍മ്മിക്കുന്ന ചൈന (ഒന്നാം ഭാഗം)

Tue,Aug 14,2018


ചൈന 21-ാം നൂറ്റാണ്ടിലെ സാമ്രാജ്യം കെട്ടിപ്പടുക്കുകയാണ്. അതിനായി കരയിലും കടലിലും ആകാശത്തും യുദ്ധമൊന്നും ചെയ്യുന്നില്ല; വ്യാപാരവും കടവുമാണ് മാര്‍ഗം. പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ മോഹങ്ങള്‍ യാഥാര്‍ഥ്യമാകുമെങ്കില്‍, ലോകത്തിന്റെ പകുതിയിലധികം ഭാഗത്തെയും ഉള്‍ക്കൊള്ളുന്ന പുതിയൊരു ലോക സാമ്പത്തിക ക്രമത്തിന്റെ കേന്ദ്രമായി ബെയ്ജിങ് അതിന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കും. ഇപ്പോള്‍ത്തന്നെ ഒരു സഹസ്രാബ്ദം മുമ്പ് ടാങ് രാജവംശത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ സ്വാധീനം ചൈന നേടിയിട്ടുണ്ട്. 2013ലാണ് സില്‍ക്ക് പാത ആദ്യമായി നിര്‍ദ്ദേശ രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടത്. അത് പിന്നീട് 'ബെല്‍റ്റ്, റോഡ്' പദ്ധതിയായി മാറി. വിദേശനയവും, സാമ്പത്തികതന്ത്രവും, പണവും സംയോജിപ്പിച്ച് ആഗോള രാഷ്ട്രീയ, സാമ്പത്തിക സഖ്യങ്ങളെ പുനരാവിഷ്‌ക്കരിക്കുന്നതിനുള്ള ലക്ഷ്യത്തോടെയാണ് ചൈന നീങ്ങിയത്. 'സമാധാനത്തിലേക്കുള്ള പാതയുടെ മഹത്തായ പദ്ധതി' എന്നാണ് ഷി അതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ജപ്പാന്‍, യുഎസ് തുടങ്ങിയ മറ്റു ലോക ശക്തികള്‍ ആശങ്കാകുലരാണ്. സൈനിക സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ അപ്രഖ്യാപിതമായ ലക്ഷ്യമെന്നാണ് അവര്‍ കരുതുന്നത്. ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിയെക്കുറിച്ചു വിലയിരുത്താന്‍, പദ്ധതിയുടെ ഏറ്റവും പ്രധാന കേന്ദ്രങ്ങളായി മാറിയിട്ടുള്ള മൂന്നു ഭൂഖണ്ഡങ്ങളിലായി സ്ഥിതി ചെയ്യുന്ന 5 നഗരങ്ങളില്‍ ബ്ലൂംബെര്‍ഗ് മാര്‍ക്കറ്റ്‌സ് പഠനം നടത്തി.
അരനൂറ്റാണ്ടു കാലത്തെ ആഗോള വളര്‍ച്ചയില്‍ പിന്നോക്കം പോയ ദരിദ്ര രാഷ്ട്രങ്ങളാണ് മറ്റുള്ളവര്‍ക്കൊപ്പം എത്താമെന്ന പ്രതീക്ഷയില്‍ ചൈനീസ് ധനസഹായത്തോടെയുള്ള പദ്ധതികള്‍ക്കായി എടുത്തു ചാടിയത്. ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട മുതല്‍ ഗ്രീസിലെ പിറെയ്‌സ് വരെയുള്ള പ്രശസ്തമായ നഗരങ്ങളിലും ചൈനീസ് ധനസഹായത്തോടെയുള്ള പദ്ധതികള്‍ നടക്കുന്നു. എന്നാല്‍ അതിനു ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്‍കേണ്ടിവരുന്ന വില എന്തായിരിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. ദക്ഷിണപൂര്‍വേഷ്യയില്‍ ചൈനയുടെ പദ്ധതികളുടെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒന്നായ മലേഷ്യയില്‍ പുതിയ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് ബില്യണ്‍ കണക്കിന് ഡോളര്‍ മുടക്കിയുള്ള പദ്ധതികള്‍ തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. വായ്പാ വ്യവസ്ഥകളെ ചോദ്യംചെയ്യുന്ന അദ്ദേഹം രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് പ്രയോജനമില്ലാത്ത വിധത്തില്‍ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ചൈനീസ് തൊഴിലാളികളെക്കൊണ്ട് നടത്തിക്കുന്നതിനെയും ചോദ്യംചെയ്യുന്നു. ഡോളറിന്റെ ഇപ്പോഴത്തെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍, രണ്ടാം ലോക യുദ്ധാനന്തരം മാര്‍ഷല്‍ പദ്ധതിക്കായി യുഎസ് ചിലവഴിച്ചതിനേക്കാള്‍ കൂടുതല്‍ തുക ഇതിനകംതന്നെ ചൈന ചിലവഴിച്ചിട്ടുണ്ട്. റെയില്‍. റോഡ്, തുറമുഖ, വൈദ്യുതി പദ്ധതികള്‍ക്കായി ചൈനയും പങ്കാളികളും ചേര്‍ന്ന് 1.3 ട്രില്യണ്‍ ഡോളര്‍ ചിലവഴിച്ചതായാണ് മോര്‍ഗന്‍ സ്റ്റാന്‍ലി കണക്കാക്കിയിട്ടുള്ളത്. ചൈനയുടെ ആഭ്യന്തര രാഷ്ട്രീയവുമായും ബെല്‍റ്റ് റോഡ് പദ്ധതി ബന്ധപ്പെട്ടിരിക്കുന്നു. വിദേശ രാജ്യങ്ങളിലെ പദ്ധതികള്‍ക്കായി ചൈനീസ് ഗവണ്മെന്റും പൊതുമേഖലാ സ്ഥാപനങ്ങളും ഭീമമായ തുക ചെലവഴിക്കുമ്പോള്‍ രാജ്യത്തിനുള്ളില്‍ വിവിധ പദ്ധതികള്‍ക്കായി പണം ചിലവഴിക്കുന്നതിനാണ് ചൈനീസ് കമ്പനികളോട് ഷി ആവശ്യപ്പെടുന്നത്. അതിലൂടെ തന്റെ ഭരണത്തിന്റെ ജനപ്രീതി ഉയര്‍ത്താമെന്ന് അദ്ദേഹം കരുതുന്നു. കഴിഞ്ഞ വര്‍ഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയിലും ബെല്‍റ്റ് റോഡ് പദ്ധതി സ്ഥാനംപിടിച്ച സാഹചര്യത്തില്‍ ചൈനയിലെ കമ്പനികളും ഗവണ്‍മെന്റിനോട് സഹകരിക്കുന്നുണ്ട്. ഗവണ്മെന്റിന്റെ അനുഗ്രഹാശിസുകളോടെത്തന്നെ വിദേശങ്ങളിലുള്ള പല പദ്ധതികളും ചൈനീസ് കമ്പനികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ആദ്യം ഏഷ്യയിലെയും ആഫ്രിക്കയിലെയും വികസ്വര രാഷ്ട്രങ്ങളെ ലക്ഷ്യമിട്ടു നീങ്ങിയ ആധുനിക സില്‍ക്ക് റോഡ് പദ്ധതി പിന്നീട് യൂറോപ്പിലേക്കും നീളുകയും ഈ വര്‍ഷം തെക്കേ അമേരിക്കയിലും കരീബിയനിലും ആര്‍ട്ടിക്കിലെക്കുംവരെ എത്തിച്ചേര്‍ന്നിരിക്കുകയുമാണ്. ജൂണില്‍ അത് ബഹിരാകാശത്തേക്കും കുതിച്ചുയര്‍ന്നു. ബെല്‍റ്റ് റോഡ് പദ്ധതിയില്‍ പങ്കാളികളായ രാഷ്ട്രങ്ങള്‍ക്ക് ചൈനയുടെ പുതിയ ഉപഗ്രഹ വിക്ഷേപണ പരിപാടിയില്‍ മുന്‍ഗണന നല്‍കുമെന്നാണ് വാഗ്ദാനം.
കടലിലും കരയിലുമായുള്ള സില്‍ക്ക് റോഡ് പദ്ധതിയുമായി 76 രാഷ്ട്രങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഏഷ്യ, ആഫ്രിക്ക. ലാറ്റിന്‍ അമേരിക്ക എന്നിവടങ്ങളിലെ വികസ്വര രാഷ്ട്രങ്ങളാണ് അവയിലേറെയും. കിഴക്കന്‍ യൂറോപ്പിലെ ഏതാനും രാഷ്ട്രങ്ങളുമുണ്ട്. ആഗോള വ്യാപാരത്തിന്റെ ഏറിയ പങ്കും നടക്കുന്നത് കടല്‍ മാര്‍ഗമാണെന്നതിനാല്‍ ചൈനയുടെ നിക്ഷേപങ്ങള്‍ പ്രധാനമായും തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതിനും അവയെ വിപണിയുമായി ബന്ധപ്പെടുത്തുന്ന പൈപ്പ് ലൈനുകളും മറ്റു ഗതാഗത മാര്‍ഗങ്ങളും വികസിപ്പിക്കുന്നതിനുമാണ് മുന്‍ഗണന നല്‍കുന്നത്. ഇന്ത്യാ സമുദ്രത്തിനു ചുറ്റിനുമുള്ള ഡസന്‍ കണക്കിന് തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ചൈനയുടെ നീക്കം വാഷിംഗ്ടണും ന്യൂഡല്‍ഹിക്കും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അവയില്‍ എത്ര എണ്ണത്തിലായിരിക്കും ചൈനീസ് യുദ്ധക്കപ്പലുകള്‍ നങ്കൂരമിടുക? സൈനിക താവളങ്ങളുടെ ഒരു ശൃംഖലയായിരുന്നു 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടനേയും 20-ാം നൂറ്റാണ്ടില്‍ യുഎസിനെയും വ്യാപാര സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാന്‍ സഹായിച്ചത്. യുഎസിനെ വെല്ലുന്ന വിധത്തിലാണ് ചൈന മുങ്ങിക്കപ്പലുകളുടെയും യുദ്ധവിമാന വാഹിനികളുടെയും യുദ്ധക്കപ്പലുകളുടെയും വ്യൂഹങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. ബെല്‍റ്റ് റോഡ് പദ്ധതിയുടെ ലക്ഷ്യം വികസനവും വിവിധ രാജ്യങ്ങളുടെ സാമ്പത്തിക ശേഷിയെ വളര്‍ത്തലും രാഷ്ട്രങ്ങളുടെ സാമ്പത്തികമായ ഏകീകരണവും മാത്രമാണെന്നും രാഷ്ട്രീയമോ സൈനികമോ ആയ സ്വാധീനം വ്യാപിപ്പിക്കുകയല്ലെന്നും 2015ല്‍ ഷി പറഞ്ഞിരുന്നതാണ്. അതാണ് കാര്യമെങ്കിലും ആധുനിക സില്‍ക്ക്പാതയുടെ തലങ്ങും വിലങ്ങും താമസിക്കുന്ന ജനങ്ങളുടെ ധാരണയില്‍ ഷിക്ക് മാറ്റങ്ങള്‍ വരുത്തേണ്ടതായിവരും. ഴെജിയാങ് പ്രവിശ്യയിലെ പര്‍വത നിരകളോടുചേര്‍ന്ന യിവു 'മേഡ് ഇന്‍ ചൈന'യുടെ പ്രതീകമാണ്. 650 ഫുട്‌ബോള്‍ കോര്‍ട്ടുകള്‍ ചേര്‍ന്നാലുള്ള വലുപ്പമുള്ള സ്ഥലത്ത് 75,000 ബൂത്തുകളിലായി വിലകുറഞ്ഞ ആഭരണങ്ങള്‍ മുതല്‍ മോട്ടോര്‍ സൈക്കിളുകള്‍ വരെയുള്ള 1.8 മില്യണ്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന വലിയൊരു വിപണി. ഒരു പ്രത്യേക ഇനം മാത്രം വില്‍ക്കുന്ന ആയിരക്കണക്കിന് സ്റ്റാളുകളുമുണ്ട്. ഷാങ്ഹായിക്ക് 180 മൈല്‍ തെക്കുപടിഞ്ഞാറുള്ള പുരാതനമായ ഈ വിപണി ഇപ്പോള്‍ 1.2 മില്യണ്‍ ആള്‍ക്കാര്‍ പാര്‍ക്കുന്ന ഒരു നഗരമായി വളര്‍ന്നിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 13,000 ത്തോളം വ്യാപാരികള്‍ ഇവിടെ പാര്‍ക്കുന്നു. കൂടുതല്‍ പേര്‍ എത്തിക്കൊണ്ടിരിക്കുന്നു. ബെല്‍റ്റ് റോഡ് പദ്ധതിയില്‍നിന്നും വലിയ നേട്ടമുണ്ടാക്കുന്ന നഗരമാണിത്.
കസാക്കിസ്ഥാനും റഷ്യയും വഴി ആദ്യം കിഴക്കന്‍ യൂറോപ്പിലേക്കും പിന്നീട് മാഡ്രിഡിലേക്കുമുള്ള ആദ്യ ട്രെയിന്‍ 2014 നവംബറിലാണ് ഇവിടെനിന്നും പുറപ്പെട്ടത്. 8000 മൈല്‍ ദൈര്‍ഘ്യമുള്ള ലോകത്തിലെ ഏറ്റവും വലിയ റെയില്‍ പാതയാണിത്. അതിനു ശേഷം ലണ്ടന്‍, ആംസ്റ്റര്‍ഡാം, ടെഹ്‌റാന്‍ തുടങ്ങിയ പുതിയ സ്ഥലങ്ങളിലേക്കും പാത നീട്ടി. ട്രെയിനുകളില്‍ ചൈനയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ അത് കടന്നുപോകുന്ന രാജ്യങ്ങളിലെല്ലാം എത്തിക്കുന്നു. തിരികെ വരുമ്പോള്‍ അവിടെനിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുകയും ചെയ്യുന്നു. കപ്പലില്‍ എത്തിക്കുന്നതിന്റെ മൂന്നിലൊന്നു സമയം മതിയാകും ട്രെയിനുകള്‍ക്ക്. ചൈനയില്‍നിന്നും കയറ്റി അയക്കുന്ന ഉല്‍പ്പന്നങ്ങളുടെ വരുമാനം 2018ലെ ആദ്യത്തെ 4 മാസങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 79% വര്‍ദ്ധിക്കുകയും 268 മില്യണ്‍ ഡോളര്‍ (1.8 ബില്യണ്‍ യുവാന്‍) ആയപ്പോള്‍ ഇറക്കുമതി ചെയ്യപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ മൂല്യം നാലിരട്ടിയായി വര്‍ദ്ധിച്ച് 470 മില്യണ്‍ യുവാനായി. ചൈനയുടെ ആകെയുള്ള കയറ്റുമതിയുടെ ഒരു ശതമാനം മാത്രമാണ് ട്രെയിന്‍ മാര്‍ഗം നടക്കുന്നതെങ്കിലും യൂറോപ്പിലേക്കുള്ള യാത്രയുടെ സമയം അത് ലാഭിക്കുന്നു. കപ്പലില്‍ ചരക്ക് അയക്കുന്നതിനേക്കാള്‍ ചെലവേറിയതും വിമാനത്തില്‍ അയക്കുന്നതിനേക്കാള്‍ താമസം നേരിടുന്നതുമാണെങ്കിലും തുറമുഖങ്ങളില്‍നിന്നും വളരെ അകലെയുള്ള തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യിവു പോലുള്ള നഗരങ്ങള്‍ക്ക് റെയില്‍പാത വലിയ അനുഗ്രഹമാണ്. അവരുടെ സമ്പദ്ഘടനകള്‍ക്കു അത് പുതിയ ഊര്‍ജ്ജം പകരുന്നു.
അടുത്ത ലക്കത്തില്‍: ഹമ്പന്‍ടോട്ട, ഗ്വദര്‍, മോംബാസ, പിറെയ്‌സ്

Write A Comment

 
Reload Image
Add code here