തകര്‍ച്ചയുടെ പടുകുഴിയില്‍നിന്നും ട്രില്യണ്‍ ഡോളറിന്റെ ഉയരത്തിലേക്ക് ആപ്പിള്‍

Tue,Aug 14,2018


പൊതു ഓഹരികള്‍ വില്‍ക്കുന്ന ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ലോകത്തിലെ ആദ്യ കമ്പനിയായി ആപ്പിള്‍ മാറിയത്, അത്യാധുനികമായ സാങ്കേതിക വിദ്യകളിലൂടെ ഉപകരണങ്ങളുടെ ഉപയോഗം പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് ഉയര്‍ത്തിയതിന് ലഭിച്ച ധനപരമായ പ്രചിഫലമായി വിശേഷിപ്പിക്കപ്പെടുന്നു. പുതിയ പ്രവണതകള്‍ തേടി അലഞ്ഞ, സ്റ്റീവ് എന്ന് പേരുള്ള രണ്ടു പേര്‍ 42 വര്‍ഷങ്ങള്‍ക്കു മുമ്പ് സിലിക്കണ്‍വാലിയില്‍ ആരംഭിച്ച കമ്പനി കഴിഞ്ഞ വ്യാഴാഴ്ചയാണ് അപൂര്‍വമായ ഈ ബഹുമതി സ്വന്തമാക്കിയത്. ഒരു ദിവസംകൊണ്ട് ഓഹരിവിലയില്‍ 5.89 ഡോളര്‍ വര്‍ദ്ധനവുണ്ടാകുകയും 207.39 ഡോളര്‍ ആയി ഉയരുകയും ചെയ്തു. അതോടെ കമ്പനിയുടെ വിപണിമൂല്യം ഒരു ട്രില്യണ്‍ ഡോളറില്‍ (1,001,679,220,000 ഡോളര്‍) കവിഞ്ഞു. ഐ ഫോണിന്റെ അടുത്ത തലമുറ സെപ്റ്റംബറില്‍ പുറത്തിറക്കുമെന്ന് അറിയിച്ചതാണ് ഓഹരി വില കുതിച്ചുയരുന്നതിനു കാരണമായത്.
ടെക് കമ്പനികളുടെ കൂട്ടത്തില്‍ യുഎസിലെ ഓഹരി വിപണിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുകയാണ് ആപ്പിള്‍. ആമസോണ്‍, ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ട മറ്റ് ടെക് കമ്പനികള്‍. 1997ല്‍ തകര്‍ച്ചയുടെ വക്കിലെത്തിയ ആപ്പിളാണ് അമ്പരപ്പിക്കുംവിധമുള്ള ഈ നേട്ടം കൈവരിച്ചത്. അന്ന് ഓഹരിവില ഒരു ഡോളറില്‍ താഴേക്കു പോകുകയും കമ്പനിയുടെ മൂല്യം രണ്ടു ബില്യണ്‍ ഡോളറില്‍ കുറയുകയും ചെയ്തിരുന്നു. അക്കാലത്താണ് നിലനില്‍പ്പിനായി കമ്പനിയുടെ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിനെ തിരിച്ചുകൊണ്ടുവരുകയും ഇടക്കാല സിഇഒ ആയി നിയമിക്കുകയും ചെയ്തത്. കടം കൊടുത്തുതീര്‍ക്കുന്നതിനായി ബിസിനസിലെ ബദ്ധവൈരിയായ മൈക്രോസോഫ്റ്റിനോട് 150 മില്യണ്‍ ഡോളര്‍ സഹായം തേടുകയും ചെയ്തു. അന്നത്തെ കഷ്ടകാലത്ത് 10,000 ഡോളര്‍ മുടക്കി ആരെങ്കിലും ആപ്പിളിന്റെ ഓഹരികള്‍ വാങ്ങിയിരുന്നുവെങ്കില്‍ അതിപ്പോള്‍ 2.6 മില്യണ്‍ ഡോളറായി വര്‍ദ്ധിക്കുമായിരുന്നു. തുടര്‍ന്നുള്ള ഒരു ദശകത്തിലേറെ ഐഫോണ്‍ പോലുള്ള ഉപകരണങ്ങളിലൂടെ സ്റ്റീവ് ജോബ്‌സ് ആപ്പിളിനെ സാങ്കേതികവിദ്യാ ഉപകരണങ്ങളുടെ കമ്പനി എന്നതിലുപരി ഒരു സാംസ്‌കാരിക പ്രതിഭാസമായും പണമുണ്ടാക്കുന്ന യന്ത്രമായും മാറ്റുകയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്നതുപോലെ ഐ ഫോണുകള്‍ ഇപ്പോള്‍ വില്‍ക്കപ്പെടുന്നില്ല. തങ്ങളുടെ മുന്തിയ ഉല്‍പ്പന്നങ്ങള്‍ ഉയര്‍ന്ന വില നല്‍കി വാങ്ങാന്‍ ആള്‍ക്കാരെ പ്രേരിപ്പിക്കുംവിധം പുതിയ പല സവിശേഷതകളും അതിലുള്‍പ്പെടുത്തുകയാണ് ആപ്പിള്‍. ഏറ്റവും ഒടുവിലായുള്ള ക്വാര്‍ട്ടറില്‍ ആപ്പിളിന്റെ ഐ ഫോണിന്റെ ശരാശരി വില 724 ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 606 ഡോളറായിരുന്നു.
വില ഉയര്‍ന്നതോടെ ആപ്പിളിന്റെ ലാഭം വര്‍ദ്ധിച്ചു. അത് നിക്ഷേപകരെ വളരെ സന്തുഷ്ടരാക്കി. അവരാണ് ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിനു മുമ്പുതന്നെ ഒറ്റയടിക്ക് ആപ്പിള്‍ കമ്പനിയുടെ മൂല്യത്തില്‍ 83 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവുണ്ടാക്കിയത്. അമേരിക്കന്‍ എക്‌സ്പ്രസ്സ് എന്ന കമ്പനിയുടെ ആകെയുള്ള മൂല്യത്തിന് തുല്യമാണ് ഒരു ക്വാര്‍ട്ടറില്‍ ആപ്പിളിന് വര്‍ദ്ധിച്ച മൂല്യം. രണ്ടു ദിവസംകൊണ്ട് ഉണ്ടാക്കിയ 9% നേട്ടം ഒരു ദശകത്തിനിടയിലുണ്ടാക്കിയ ഏറ്റവും വലിയ നേട്ടമാണ്. ഈ വര്‍ഷം ഇതുവരെയായി ആപ്പിളിന്റെ ഓഹരി വിലയില്‍ ഉണ്ടായ വര്‍ദ്ധന 23%മാണ്. അതേസമയം ഐ ഫോണുകളിലും മറ്റു മൊബൈല്‍ ഫോണുകളിലും ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ ചില ആപ്പുകള്‍ വാഗ്ദാനം ചെയ്യുന്ന സോഷ്യല്‍ മീഡിയ കമ്പനികളായ ഫേസ് ബുക്കിന്റെയും ട്വിറ്ററിന്റെയും മൂല്യത്തില്‍ കുത്തനെ ഇടിവാണ് സംഭവിച്ചത്. ഫേസ് ബുക്കും ട്വിറ്ററും ഉപയോഗിക്കുന്നവരുടെ എണ്ണം ഇടിയുകയാണ്. വ്യക്തിഗതമായ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും അവ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും ഈ കമ്പനികള്‍ക്കുള്ള കഴിവില്‍ ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍തന്നെയാണ് കാരണം. ആപ്പിള്‍ ഇപ്പോള്‍ വളരെ ശക്തമായി കാണപ്പെടുന്നുണ്ടാകാം. എന്നാല്‍ സാമ്പത്തിക സാംസ്‌കാരിക ശക്തികള്‍ക്ക് ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ ഭാഗധേയം പെട്ടെന്ന് മാറ്റിമറിക്കാന്‍ കഴിയും. എക്‌സോണ്‍ മൊബിലിന്റെ കാര്യതന്നെ എടുക്കുക. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎസിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായിരുന്നു. ഇപ്പോള്‍ ആപ്പിള്‍ ആധിപത്യം വഹിക്കുന്ന മൂല്യമേറിയ കമ്പനികളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തു മാത്രമാണ് അവരുള്ളത്. പുതിയ വിപണികളിലേക്കു കടന്നുചെല്ലാന്‍ തയ്യാറെടുക്കുന്ന ആമസോണ്‍ അടുത്ത ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ആപ്പിളിനെ മറികടക്കുമെന്നാണ് കരുതപ്പെടുന്നത്. സൗദി ആരാംകോ എന്നറിയപ്പെടുന്ന സൗദി അറേബ്യന്‍ എണ്ണക്കമ്പനി ഇതാദ്യമായി പൊതു ഓഹരി വിപണിയിലേക്ക് കടക്കാനൊരുങ്ങുന്നു. അതോടെ കമ്പനിയുടെ മൂല്യം രണ്ടു ട്രില്യണ്‍ ഡോളര്‍ കവിയുമെന്നാണ് സൗദി അറേബ്യന്‍ അധികൃതര്‍ പറയുന്നത്.
എന്തൊക്കെയായാലും ഒരു കാര്യം തീര്‍ച്ചയാണ്: 2011 ഒക്ടോബറില്‍ അന്തരിച്ച സ്റ്റീവ് ജോബ്‌സ് ഇല്ലായിരുന്നുവെങ്കില്‍ കോര്‍പ്പറേറ്റ് ലോകത്തിന്റെ ഉന്നത സ്ഥാനത്തേക്ക് ആപ്പിള്‍ എത്തുകയില്ല. ആപ്പിളിന് തിരിച്ചുവരവ് സാധ്യമാക്കിയത് അദ്ദേഹത്തിന്റെ ഭാവനാസമ്പന്നമായ നേതൃത്വമായിരുന്നു. 1985ല്‍ കമ്പനിയില്‍നിന്നും പുറത്തുപോയ ജോബ്‌സ് കൂടുതല്‍ പക്വത ആര്‍ജ്ജിച്ച നേതാവായി മാറിയില്ലായിരുന്നുവെങ്കിലും ആപ്പിളിന്റെ തിരിച്ചുവരവ് സാധ്യമാകില്ലായിരുന്നു. 1983ല്‍ ആപ്പിളിന്റെ സിഇഒ ആയി സ്റ്റീവ് ജോബ്‌സ്തന്നെ റിക്രൂട്ടുചെയ്ത പെപ്‌സിക്കോയുടെ മുന്‍ എക്‌സിക്യൂട്ടീവ് ജോണ്‍ സ്‌കള്ളിയുമായുള്ള അധികാരപോരില്‍ പരാജിതനായി, താനും സാങ്കേതികവിദ്യാതല്‍പ്പരനായിരുന്ന സുഹൃത്ത് സ്റ്റീവ് വാസ്‌നിയാക്കും ചേര്‍ന്ന് റോണള്‍ഡ് വെയ്‌നിന്റെ ഭരണപരമായ സഹകരണത്തോടെ രൂപം നല്‍കിയ കമ്പനിയില്‍നിന്നും 7 വര്‍ഷങ്ങള്‍ക്കുശേഷം അപമാനിതനായി അദ്ദേഹം പടിയിറങ്ങുകയായിരുന്നു. ആപ്പിളില്‍ മടങ്ങിയെത്തിയ ജോബ്‌സ് ഫാക്ടറിയില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ വരുത്താന്‍ ശേഷിയുള്ള പ്രതിഭകളെ കൊണ്ടുവരുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 1998ല്‍ കോംപാക് കമ്പ്യൂട്ടറില്‍നിന്നും മൃദുഭാഷിയായ ടിം കുക്കിനെ കൊണ്ടുവരാന്‍ കഴിഞ്ഞത് വലിയൊരു അട്ടിമറി ആയിരുന്നു. ആപ്പിളിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലായിരുന്ന സന്ദര്‍ഭത്തിലായിരുന്നു അത്. ആപ്പിളിനുവേണ്ടി ജോബ്‌സ് ചെയ്ത ഏറ്റവും നല്ല കാര്യവും കുക്കിന്റെ നിയമനമായിരുന്നു. ഇരുവരും ചേര്‍ന്ന് ആപ്പിളിന്റെ ഉപകരണങ്ങള്‍ക്കായുള്ള ഉപഭോക്താക്കളുടെ താല്‍പ്പര്യം വര്‍ദ്ധിപ്പിച്ചു. 2004 വരെയും അവരുടെ യോജിച്ചുള്ള പ്രവര്‍ത്തനം തുടര്‍ന്നു. അപ്പോഴേക്കും കാന്‍സര്‍ രോഗ ബാധിതനായ ജോബ്‌സ് പിന്നീട് പലപ്പോഴും ജോലിയില്‍നിന്നും അവധിയില്‍ പ്രവേശിക്കുകയോ വിട്ടുനില്‍ക്കുകയോ ഉണ്ടായി. 2011 ഓഗസ്റ്റില്‍ മരണത്തിനു ഏതാനും മാസങ്ങള്‍ക്കുമുമ്പ് സിഇഒയുടെ ചുമതല ഔദ്യോഗികമായിത്തന്നെ കുക്കിനെ ജോബ്‌സ് ഏല്‍പ്പിച്ചു. ജോബ്‌സ് ഭരമേല്‍പ്പിച്ച ജോലികള്‍ കുക്ക് ഔന്നത്യങ്ങളിലേക്കെത്തിച്ചു. കുക്ക് സിഇഒ ആയതിനുശേഷം ആപ്പിളിന്റെ വാര്‍ഷിക വരുമാനം ഇരട്ടിയിലധികമായി വര്‍ദ്ധിച്ച് 229 ബില്യണ്‍ ഡോളറായി. ഓഹരിവില നാലിരട്ടിയായി ഉയര്‍ന്നു. ആപ്പിളിന്റെ മൂല്യത്തില്‍ ഇന്നുള്ള മൂല്യത്തിന്റെ 600 ബില്യണ്‍ ഡോളറില്‍ കൂടുതലും അക്കാലത്താണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ കുക്കും വിമര്‍ശനങ്ങളില്‍നിന്നും രക്ഷപ്പെട്ടില്ല. വിപണിയില്‍ വലിയ കോളിളക്കം ഉണ്ടാക്കുമെന്നു കരുതി കുക്കിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ ഉല്പന്നമായിരുന്നു ആപ്പിള്‍ വാച്ച്. ഐ ഫോണോ ഐ പാഡോ പോലുള്ള സാംസ്‌കാരിക തരംഗമാകാന്‍ അതിനായില്ല.
അതോടെ ഐ ഫോണുകളെ ഏറെ ആശ്രയിക്കുന്ന കമ്പനിയാണ് ആപ്പിളെന്ന പ്രതീതിയുണ്ടായി. ഐ പാഡിന്റെ വില്‍പ്പന വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ദുര്‍ബ്ബലമായിരുന്നു. ആപ്പിളിന്റെ വരുമാനത്തില്‍ ഇപ്പോള്‍ മൂന്നില്‍രണ്ടു ഭാഗവും ഐ ഫോണുകളുടെ വില്‍പ്പനയിലൂടെ നേടുന്നതാണ്. എന്നാല്‍ ജോബ്‌സിന്റെ കാലത്തു വികസിപ്പിച്ച ഐ ഫോണുകളുടെയും മറ്റുല്‍പ്പന്നങ്ങളുടെയും ജനപ്രീതി മുതലെടുത്ത് മുന്നോട്ടു പോകുകയായിരുന്നു കുക്ക്. 1.3 ബില്യണിലധികം ഉപകരണങ്ങള്‍ ഇപ്പോള്‍ ആപ്പിളിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ആപ്പിളിന്റെ സര്‍വീസിങ് ഡിവിഷന്‍ മാത്രം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 35 ബില്യണോളം ഡോളര്‍ വരുമാനമുണ്ടാക്കി. എന്നാല്‍ വിദേശ അക്കൗണ്ടുകളിലുള്ള 250 ബില്യണിലധികം ഡോളറിനു നികുതി നല്‍കേണ്ട പ്രശ്‌നം ആപ്പിളിനെ കുടുക്കിലാക്കി. നികുതി വെട്ടിക്കുകയാണെന്ന ആരോപണം ഉയര്‍ന്നു. കുക്ക് അതിനെ ധീരമായി നേരിട്ടു. ആപ്പിള്‍ നിയമാനുസൃതമായി മാത്രമാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും 35% നികുതി നല്‍കിയതിനു ശേഷമായാലും പണം യുഎസിലേക്ക് തിരിച്ചെത്തിക്കുകയാണ് ഓഹരിയുടമകളുടെ താല്‍പ്പര്യത്തിന് നല്ലതെന്നും കുക്ക് തീരുമാനിച്ചു. എന്നാല്‍ വിദേശങ്ങളില്‍നിന്നും നാട്ടിലേക്കെത്തിക്കുന്ന പണത്തിനു നല്‍കേണ്ട നികുതി 15.5%മായി കുറച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ഇറക്കിയ ഉത്തരവ് കമ്പനിക്ക് അനുഗ്രഹമായി. പണം നാട്ടിലേക്ക് തിരിച്ചെത്തിച്ചപ്പോള്‍ 38 ബില്യണ്‍ ഡോളര്‍ മാത്രമേ നികുതിയായി നല്‍കേണ്ടിവന്നുള്ളൂ. അതോടെ ഓഹരിയുടമകള്‍ക്ക് 16% ലാഭവിഹിതം നല്‍കുന്നതിന് കഴിഞ്ഞു. 100 ബില്യണ്‍ ഡോളറിന്റെ ഓഹരി കമ്പനി തിരിച്ചുവാങ്ങുകയും ചെയ്തു. അത് ഓഹരി വില വീണ്ടും ഉയരുന്നതിന് ഇടയാക്കി.

Other News

 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
 • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
 • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
 • Write A Comment

   
  Reload Image
  Add code here