ജെറ്റ് എയര്‍ വേസ് പ്രതിസന്ധിയില്‍

Sun,Aug 12,2018


ചിലവുകള്‍ കുറക്കാതെ 60 ദിവസങ്ങള്‍ക്കപ്പുറം സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് ജെറ്റ് എയര്‍ വേസ് ജീവനക്കാരെ അറിയിച്ചു. ചെലവ് ചുരുക്കലിന്റെ ഭാഗമായി വേതനം 25 കുറയിക്കുന്നതിന് പരിപാടി ഉണ്ടായിരുന്നുവെങ്കിലും ജീവനക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മാനേജ്‌മെന്റ് പിന്‍വാങ്ങി. സമീപ ദിവസങ്ങളില്‍ മുംബൈ, ഡല്‍ഹി എന്നിവടങ്ങളിലായി ജീവനക്കാരുമായി കമ്പനി ചെയര്‍മാന്‍ നരേഷ് ഗോയല്‍ ഉള്‍പ്പടെയുള്ള മാനേജ്മന്റ് സംഘം നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ നടത്തുകയും കമ്പനിയുടെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും ചെലവ് ചുരുക്കലിനായി കടുത്ത നടപടികള്‍ വേണ്ടിവരുമെന്നും പറയുകയും ചെയ്തിരുന്നു.
വേതനം കുറയ്ക്കുമെന്ന മുന്നറിയിപ്പുകള്‍ ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന സ്വകാര്യ വ്യോമയാന കമ്പനിയിലെ ജീവനക്കാരെ പരിഭ്രാന്തരാക്കി. വേതനത്തില്‍ 25% വരെ കുറവ് വരുത്തുമെന്ന വാര്‍ത്ത പ്രതിഷേധത്തിനിടയാക്കി. ജീവനക്കാരില്‍ പലരും സ്വയം പിരിഞ്ഞുപോകുന്നതിനുവേണ്ടി കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അതിശയോക്തി കലര്‍ന്ന രീതിയില്‍ പ്രചാരണം നടത്തുകയാണെന്നാണ് ജീവനക്കാര്‍ കരുതുന്നത്. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഇക്കാലമത്രയും ഒന്നും പറയാതിരുന്ന മാനേജുമെന്റില്‍ ജീവനക്കാര്‍ക്കുള്ള വിശ്വാസത്തിനു കോട്ടം വന്നതായി മുതിര്‍ന്ന എക്‌സിക്യൂട്ടീവുമാര്‍പോലും പറയുന്നു. ചെലവ് ചുരുക്കുന്നതിനുള്ള കര്‍ശനമായ നടപടികള്‍ തുടങ്ങിയതായി മാനേജ്മന്റ് അറിയിച്ചു. എന്നാല്‍ 60 ദിവസത്തെ സമയപരിധിയെക്കുറിച്ച് പ്രത്യേകിച്ചൊന്നും വിശദീകരിക്കാന്‍ മാനേജ്മന്റ് മുതിര്‍ന്നില്ല. ബിസിനസ് കൂടുതല്‍ ആരോഗ്യം വീണ്ടെടുക്കുന്നതിനും പൂര്‍വസ്ഥിതി കൈവരിക്കുന്നതിനും സഹായകമായ വിധത്തില്‍ ചിലവുകള്‍ കുറയ്ക്കുകയും വരുമാനം കൂട്ടുകയും ചെയ്യുന്നതിലൂടെ ആഗ്രഹിച്ച ഫലങ്ങള്‍ കൈവരിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കമ്പനി പറയുന്നു.
വില്‍പ്പന, വിതരണം, വേതനം, മെയിന്റനന്‍സ് തുടങ്ങി വ്യോമയാന ബിസിനസിന്റെ എല്ലാ മേഖലകളിലും ചിലവുചുരുക്കലിനായി ബന്ധപ്പെട്ട എല്ലാവരുടെയും പിന്തുണയും സഹകരണവും തേടുന്നതിനായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും കമ്പനി അറിയിച്ചു. വളര്‍ച്ച കൈവരിക്കുന്നതിനും സുസ്ഥിരമായ ഭാവിക്കുമായി അടുത്ത ഒരു ദശകത്തിനുള്ളില്‍ ഇന്ധനക്ഷമതയുള്ള 225 ബി 737 മാക്‌സ് വിമാനങ്ങള്‍ സര്‍വീസിനിറക്കാന്‍ കമ്പനി ശ്രമിക്കുകയാണ്. അവയില്‍ 11 എണ്ണം ഈ സാമ്പത്തികവര്‍ഷത്തില്‍ത്തന്നെ സര്‍വീസ് തുടങ്ങും. പരിവര്‍ത്തനം ലക്ഷ്യമിട്ട് ജെറ്റ് എയര്‍വേസ് നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രചരിപ്പിക്കുന്ന കിംവദന്തികളെ കമ്പനി അപലപിച്ചു. എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങിയെന്ന് ചില എക്‌സിക്യൂട്ടീവുമാര്‍ പറയുന്നുണ്ട്. എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ പല ജീവനക്കാരോടും അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. ക്യാബിന്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും ജോലി നഷ്ടപ്പെട്ടേക്കും. ഒന്നാം നിര ഓഫീസര്‍മാര്‍ക്ക് 7 വര്‍ഷത്തെ ബോണ്ട് വ്യവസ്ഥ അല്ലെങ്കില്‍ ഒരു കോടി രൂപ, കമ്മാണ്ടര്‍മാര്‍ ഉള്‍പ്പടെയുള്ള പൈലറ്റുമാര്‍ക്ക് ഒരു വര്‍ഷത്തെ നോട്ടീസ് കാലാവധി, എന്നിവയെല്ലാം കമ്പനി ഉപേക്ഷിച്ചു.
വേതനം വെട്ടിക്കുറക്കുന്നത് 24 മാസത്തേക്കാണെന്നും ആ കാലഘട്ടത്തിലെ പണം തിരിച്ചു നല്‍കില്ലെന്നും മുംബൈയില്‍ ജീവനക്കാരോട് സംസാരിച്ച ചെയര്‍മാന്‍ നരേഷ് ഗോയലും മാനേജ്മന്റ് സംഘാംഗങ്ങളും പറഞ്ഞിരുന്നു. ഡല്‍ഹിയിലും ജീവനക്കാരുടെ യോഗം ഉണ്ടായിരുന്നുവെങ്കിലും ഗോയല്‍ പങ്കെടുത്തിരുന്നില്ല. ഇന്ധനവില ഉയര്‍ന്നതും വിപണിയില്‍ ഇന്‍ഡിഗോ വലിയ നേട്ടമുണ്ടാക്കിയതും കമ്പനിയുടെ സാമ്പത്തിക സ്ഥിതി മോശമാകുന്നതിനിടയാക്കിയെന്നാണ് വിശദീകരണം. 2016, 2017 എന്നീ തുടര്‍ച്ചയായ രണ്ടു സാമ്പത്തിക വര്‍ഷങ്ങളില്‍ ലാഭം നേടിയതിനുശേഷം 2018ല്‍ 767 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ത്തന്നെ 1000 കോടി രൂപയുടെ നഷ്ടം ഉണ്ടാകാനുള്ള സാധ്യതയാണ് വിപണി വിദഗ്ധര്‍ പറയുന്നത്. വ്യോമയാന വിപണിയില്‍ വര്‍ദ്ധിച്ചുവരുന്ന കഴുത്തറപ്പന്‍ മത്സരവും ഉയരുന്ന ഇന്ധനവിലയും കാരണം ജെറ്റ് എയര്‍വേസിന് മാത്രമല്ല സ്ഥിതി മോശമായിട്ടുള്ളത്. യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഇന്‍ഡിഗോയുടെ ലാഭത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ 91% ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ട്.

Other News

 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
 • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
 • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
 • വാട്ട്‌സാപ്പിലൂടെ ദമ്പതികളെ എന്‍ഐഎ ചോദ്യം ചെയ്തു
 • റഷ്യ - യുഎസ് ആണവായുധ ഉടമ്പടി ഇല്ലാതാകുന്നു
 • മൂന്ന് ലോക മഹാമാരികളില്‍ പൊണ്ണത്തടിയും പട്ടിണിയും
 • അമേരിക്കയുടെ പടിവാതില്‍ക്കല്‍ പുതിയ ശീതയുദ്ധഭീഷണിയുമായി പുടിന്‍
 • യുഎസ്‌ - ചൈന വ്യാപാര ചര്‍ച്ചകള്‍ ബെയ്ജിങ്ങില്‍ തുടരും
 • വരുമാന ഉറപ്പ് പദ്ധതിയുമായി കോണ്‍ഗ്രസ്
 • Write A Comment

   
  Reload Image
  Add code here