കൂടുതല്‍ ഭീഷണമായി 'മീശവിവാദ'ത്തിന് രണ്ടാം ജന്മം

Fri,Aug 10,2018


'മീശവിവാദം' കെട്ടടങ്ങുന്നില്ല. എസ് ഹരീഷ് എഴുതി മാതൃഭൂമി വീക്കിലി പ്രസിദ്ധീകരിച്ചിരുന്ന 'മീശ' എന്ന നോവല്‍ സംബന്ധിച്ച വിവാദം മറ്റൊരു തരത്തില്‍ തലപൊക്കുകയാണ്. വിവാദം ആദ്യം പോട്ടിപ്പുറപ്പെട്ടപ്പോള്‍ അത് ഹരീഷ് എന്ന എഴുത്തുകാരനെതിരായ ആക്രമണം ആയിരുന്നെങ്കില്‍, ഇപ്പോള്‍ അത് മാതൃഭൂമിയെ ഒറ്റപ്പെടുത്താനുള്ള വിവാദമായി മാറ്റിയിരിക്കുന്നു. അണിഞ്ഞൊരുങ്ങി അമ്പലത്തില്‍ പോകുന്ന സ്ത്രീകള്‍ ''ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറാണെന്ന് അബോധപൂര്‍വമായി പ്രഖ്യാപിക്കുകയാണ്'' എന്ന് നോവിലെ ഒരു കഥാപാത്രം പറയുന്നത് ഹിന്ദുമതത്തിനെതിരായ കടന്നാക്രമണമാണെന്നായിരുന്നു ആരോപണം. ഇതിന്റെ പേരില്‍ നേരിട്ടും സൈബര്‍ ഇടങ്ങളിലൂടെയും എഴുത്തുകാരനെ ആക്രമിക്കാനും അദ്ദേഹത്തിന്റെ സ്വകാര്യജീവിതവും കുടുംബജീവിതവുംവരെ താറുമാറാക്കാനും കഴിയുന്ന തരത്തിലുള്ള ഭീഷണിയും അപവാദ പ്രചരണങ്ങളുമാണ് നടന്നത്. നോവല്‍ പ്രസിദ്ധീകരിച്ച വാരികയും ഒട്ടേറെ ഭീഷണികള്‍ നേരിടേണ്ടിവന്നതോടെ നോവല്‍ പിന്‍വലിക്കുന്നതായി വാരികയും എസ് ഹരീഷും പ്രഖ്യാപിക്കുകയായിരുന്നു. കേരളീയ സമൂഹം തന്റെ സ്വതന്ത്രമായ വായനയ്ക്കുള്ള മാനസികാവസ്ഥ കൈവരിക്കുന്നതുവരെ മീശ പ്രസിദ്ധീകരിക്കുന്നതല്ല എന്നും ഇതേക്കുറിച്ച് ഹരീഷ് പറഞ്ഞു.
പിന്നീട് പക്ഷേ, കാര്യങ്ങള്‍ മറ്റൊരു വഴിക്കാണ് നീങ്ങിയത് വാരികയില്‍നിന്ന് പിന്‍വലിച്ച നോവല്‍ മുഴുവനായി പ്രസിദ്ധികരിക്കാന്‍ കോട്ടയത്തെ ഡിസി ബുക്‌സ് തയ്യാറായി. പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ കോപ്പികളും വിറ്റുതീര്‍ന്നു. ഇപ്പോള്‍ രണ്ടാംപതിപ്പിലേക്ക് പോവുകയാണ്. പക്ഷേ, വിവാദം വീണ്ടും മാതൃഭൂമിയെ ചുറ്റിപ്പറ്റിയാണ്. മാതൃഭൂമി ബഹിഷ്‌കരിക്കാനുള്ള ആഹ്വാനമായിട്ടാണ് വിവാദത്തിന്റെ രണ്ടാം എഡിഷന്‍ പുറത്തുവന്നത്. അതാകട്ടെ ഭീമ ജ്വല്ലേഴ്‌സ് എന്ന് കേരളത്തിലെ പ്രശസ്തമായ സ്വര്‍ണ്ണവ്യാപാര സ്ഥാപനം അവരുടെ ഫേസ്ബുക്ക് പേജില്‍ ഇട്ട ഒരു പോസ്റ്റിനെ ചുറ്റിപ്പറ്റിയാണുതാനും. നോവല്‍ പിന്‍വലിച്ചതോടെ കെട്ടടങ്ങിയ വിവാദം വീണ്ടും കുത്തിപ്പൊക്കാന്‍ ചിലര്‍ കരുതിക്കൂട്ടി ചെയ്തതാണ് ഇതെന്ന് വിശ്വസിക്കുന്ന ആളുകളുമുണ്ട്. ഭീമയുടെ പോസ്റ്റ് ഇങ്ങനെയാണ്: ''ഒരു മലയാളം ദിന പത്രത്തില്‍ ഞങ്ങള്‍ പരസ്യം നല്‍കിയത് ശരിയായില്ല എന്ന് ഞങ്ങളുടെ ഫേസ്ബുക് പേജില്‍ കുറെ അധികം പേര്‍ പരാമര്‍ശിക്കുകയുണ്ടായി. ആ അഭിപ്രായങ്ങളെ ഞങ്ങള്‍ വളരെ ഗൗരവ പൂര്‍വം കാണുന്നു. ഞങ്ങളുടെ പരസ്യങ്ങള്‍ എവിടെ ഏതു പത്രത്തില്‍ എപ്പോള്‍ കൊടുക്കണം എന്ന് നിര്‍ദ്ദേശിക്കുന്നത് ഞങ്ങളുടെ പരസ്യ ഏജന്‍സിയാണ്. അവര്‍ ആ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് വായനക്കാരുടെ എണ്ണത്തെയും പത്രത്തിന്റെ വിതരണ മേഖലകളെയും എല്ലാം ആസ്പദമാക്കി കണക്കുകള്‍ ഉദ്ധരിച്ചാണ്. പരസ്യങ്ങള്‍ എല്ലാം തന്നെ വളരെ നേരത്തെ നിശ്ചയിച്ചു ആസൂത്രണം ചെയ്ത്, പ്രത്യേകിച്ചും ഓണത്തെ മുന്‍കൂട്ടിക്കണ്ട് പരസ്യ ഏജന്‍സി പത്രങ്ങള്‍ക്കു മുന്‍കൂര്‍ നല്കിയിട്ടുള്ളതാണ്.
ഭീമ 94 വര്‍ഷത്തെ പാരമ്പര്യമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്. ബഹുജന മനോവികാരത്തിനു ഞങ്ങള്‍ ഏറെ പ്രാധാന്യം നല്‍കി, സാമൂഹിക നന്മ ലക്ഷ്യമാക്കി പൊതു വിവാദങ്ങളില്‍ നിന്ന് എന്നും ഒഴിഞ്ഞു നിന്നുകൊണ്ടുള്ള ഒരു പ്രവര്‍ത്തന ശൈലിയാണ് ഭീമ പിന്തുടരുന്നത്. നിങ്ങളുടെ ഉത്കണ്ഠയും നിങ്ങള്‍ ഞങ്ങളുടെ ഫേസ്ബുക് പേജില്‍ പ്രതിപാദിച്ച വിഷയങ്ങളും വളരെ ഗൗരവപൂര്‍വം ഞങ്ങള്‍ ഞങ്ങളുടെ പരസ്യ ഏജന്‍സിയെ ഉടനടി അറിയിക്കുകയും. താല്‍കാലികമായി ഈ പത്രത്തിലേക്കുള്ള പരസ്യങ്ങള്‍ നിര്‍ത്തിവെക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്ന് ഭീമ ജ്വല്ലേഴ്‌സ്'' ഇതോടെ ഭീമ ജ്വല്ലേഴ്‌സിന്റെ സാമൂഹ്യ പ്രതിബദ്ധതയെയും അവരുടെ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയെ പ്രശംസിച്ചും അവിടെനിന്നു മാത്രമേ ഇനി സ്വര്‍ണ്ണം വാങ്ങുകയുള്ളു എന്ന് പ്രഖ്യാപിച്ചും ഒരു സംഘം രംഗത്തെത്തി. അതോടൊപ്പംതന്നെ മാതൃഭൂമി പത്രം ഹിന്ദുവിരുദ്ധമാണെന്ന പ്രചാരണവും അത് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും തകൃതിയായി നടക്കുന്നു. നോവല്‍ പ്രസിദ്ധീകരിച്ചത് മാതൃഭൂമി പത്രമല്ല, വാരികയാണ്. രണ്ടിന്റെയും എഡിറ്റര്‍മാരും സ്റ്റാഫും വേറെവേറെ ആളുകളാണ്. നോവലിലെ പരാമര്‍ശം അനുചിതമാണെന്ന ആരോപണം ഉണ്ടായപ്പോള്‍ത്തന്നെ വീക്കിലി പ്രസിദ്ധീകരണം അവസാനിപ്പിക്കുകയും ചെയ്തു. പക്ഷേ, ഇപ്പാള്‍ ആക്രമണം പത്രത്തിനെതിരെയാണെന്നതാണ് ശ്രദ്ധേയം. പത്രത്തെയും അതിന്റെ പ്രസാധകരെയും പേരെപേരെടുത്തു പറഞ്ഞ് തെറിയഭിഷേകം നടത്തുന്നു.
മാതൃഭൂമിയെ അനുകൂലിച്ച് ആരെങ്കിലും അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ടെങ്കില്‍ അവരെയും വിട്ടുകളയുന്നില്ല. ''ആരൊക്കെ ബഹിഷ്‌കരിച്ചാലും ഞാന്‍ മാതൃഭൂമി പത്രം വാങ്ങും'' എന്ന പോസ്റ്റിട്ട ഒരു യുവ പത്രപ്രവര്‍ത്തകന്റെ അനുഭവംതന്നെ ഉദാഹരണം. 'നീ ഒരു കിലോ പത്രം വാങ്ങിക്കെടാ,' 'എന്തിനാടാ പത്തെണ്ണം ആക്കുന്നത്, അച്ചടിക്കുന്നത് മുഴുവന്‍ വാങ്ങിക്കോടാ,' 'പത്ര മുതലാളിയെ പിന്തുണക്കുന്ന മൂരാച്ചി,' 'പേനാ ഉന്തുകാരന്‍, കൂലി എഴുത്തുകാരന്‍' എന്നിങ്ങനെ അച്ചടിക്കാവുന്നതും അല്ലാത്തതുമായതും സംസ്‌കാരസമ്പന്നമായ സുന്ദര സുരഭില പദാവലികളാല്‍ അദ്ദേഹത്തെ തെറിയഭിഷേകം ചെയ്തു. തീര്‍ന്നില്ല, പിറ്റേന്ന് ഏജന്റ് മനോരമ പത്രത്തിനു പകരം രണ്ടു മാതൃഭൂമി പത്രം ഇട്ടുപോയി. അതു പക്ഷേ, യാദൃശ്ചികമാകാം. പക്ഷേ, മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തി സ്വന്തം വഴിക്കു കൊണ്ടുവരാനുള്ള ഒരു ഗൂഢ ശ്രമം ഇതിനു പിന്നില്‍ കാണുന്നവരുണ്ട്. ആ തന്ത്രം വിലപ്പോയിട്ടില്ല എന്നും പറയാനാവില്ല. മലയാളത്തിലെ മിക്കവാറും എല്ലാ പ്രസിദ്ധീകരണങ്ങളും എങ്ങും തൊടാതെ നില്‍ക്കുകയാണ്. വിമര്‍ശിച്ച് ഒരു എഡിറ്റോറിയല്‍ പലും ആരും എഴുതുന്നില്ല. എല്ലാവര്‍ക്കും പേടിയാണ്. കേരളത്തിലെന്നല്ലാ, അഖിലേന്ത്യാ തലത്തില്‍ത്തന്ന പല പ്രസിദ്ധീകരണങ്ങളും ഭരണ കക്ഷിക്ക് അനുകൂലമായി എഴുതുമ്പോള്‍ സ്വതന്ത്രമായി നില്‍ക്കാന്‍ ശ്രമിക്കുന്ന പ്രമുഖ പ്രസിദ്ധീകരണങ്ങള്‍ വിമര്‍ശനങ്ങള്‍ ഒഴിവാക്കി കഴിയുന്നു. തെക്കേ ഇന്ത്യയിലെ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം (നിഷ്പക്ഷമായ വാര്‍ത്തകള്‍ക്കും അഭിപ്രായങ്ങള്‍ക്കും പേരുകേട്ട പത്രമാണ്) ഗൂരുതരമായ ഭീഷണി നേരിട്ടു. തങ്ങള്‍ക്ക് അനുകൂലമായി എഴുതണമെന്ന് മാനേജ്‌മെന്റിനെ സമീപിച്ച് ചിലര്‍ ആവശ്യപ്പെട്ടു. ആദ്യമൊക്കെ അവര്‍ അത് അവഗണിച്ചെങ്കിലും, പിന്നീട് ഭീഷണിയുടെ സ്വരം കേട്ടുതുടങ്ങിയപ്പോള്‍, വിമര്‍ശനങ്ങള്‍ ഒഴിവാക്കി നല്ലപിള്ളയായി നിലകൊള്ളുന്നു. ഇത്തരം ഒരു അവസ്ഥ
അടിയന്തരാവസ്ഥക്കാലത്തല്ലാതെ ഉണ്ടായിട്ടില്ലെന്ന് മാനേജ്‌മെന്റുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു. അത്രയും പ്രശസ്തമായ പത്രത്തിന്റെ സ്ഥിതി അതാണെങ്കില്‍ സാധാര പ്രസിദ്ധീകരണങ്ങളുടെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളു. ഗവണ്മെന്റിന്റെ വിവിധങ്ങളായ ഏജന്‍സകളെ ഉപയോഗിച്ച് ഒരു പ്രസിദ്ധീകരണത്തിനെതിരെ ഒരു കേസുണ്ടാക്കുകയും റെയ്ഡും മറ്റും നടത്തി അതിനെ നാറിക്കുകയും ചെയ്യുക എളുപ്പമാണ്. അത്തരം ഒരു അവസ്ഥ യഥാര്‍ത്ഥമായി അവ മുന്നില്‍കാണുന്നു. കൂടാതെ വിശ്വസ്ഥരായ അണികളെ ഉപയോഗിച്ച് ബഹിഷ്‌കരണ ഭീഷണിയും മുഴക്കുന്നുണ്ട്. അധികം പ്രസിദ്ധീകരണങ്ങളും ഭയപ്പെടുന്ന ഒന്നാണ്. ഇല്ലാത്ത വിവാദങ്ങളും കെട്ടടങ്ങിയ വിവാദങ്ങളും കുത്തിപ്പൊക്കി മാതൃഭൂമിയെ ഹിന്ദുവിരുദ്ധമാക്കി ചിത്രീകരിച്ച് ബഹിഷ്‌കരിക്കാനുള്ള നീക്കത്തിലെ കാണാപ്പുറങ്ങള്‍ വളരെയാണ്. പരസ്യം ചെയ്യുന്ന ബിസിനസ് സ്ഥാപനങ്ങള്‍ പത്രമാദ്ധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നു എന്ന പരാതി വളരെ കാലമായി നിലനില്‍ക്കുന്നുണ്ട്. അത് കഴമ്പില്ലാത്ത ആരോപണമല്ല. വന്‍തോതില്‍ പരസ്യംനല്‍കുന്നവര്‍ക്കതിരെയുള്ള വാര്‍ത്തകള്‍ മാദ്ധ്യമങ്ങള്‍ പൂര്‍ണ്ണമായും തമസ്‌കരിക്കുകയോ, നിവൃത്തി കെടുമ്പോള്‍ ലഘുവായി കൈകാര്യം ചെയ്ത് തള്ളിക്കളയുകയോ ചെയ്യുന്നു എന്നത് സത്യമാണ്. പത്ര മാദ്ധ്യമങ്ങള്‍ നിലനില്‍പ്പിന്റെ ഭീഷണി നേരിടുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെയും വിഷ്വല്‍ മിഡീയയുടെയും തള്ളക്കയറ്റത്തോടെ വരുമാനം കുറഞ്ഞ അവ, ചെലവുകള്‍ വളരെ വര്‍ദ്ധിക്കുന്ന അവസ്ഥ നേരിടുന്നുണ്ട്. അപ്പോള്‍ നിലവിലുള്ള പരസ്യക്കാരെ പിണക്കാതിരിക്കാന്‍ അവ ശ്രദ്ധിക്കും. ഒരു പ്രമുഖ ബ്രാന്‍ഡ് അരിയില്‍ മായം കണ്ടെത്തി, ഒരു പ്രമുഖ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചു എന്നൊക്കെയല്ലാതെ ഏതു ബ്രാന്‍ഡ്, ഏത് ഹോട്ടല്‍ എന്നൊക്കെ എഴുതാതിരിക്കന്നതിന്റെ ഗുട്ടന്‍സ് അതാണ്.
മാതൃഭൂമിയുടെ കേസില്‍ ഒരു പ്രമുഖ പരസ്യദാതാവുതന്നെ പരസ്യമായി പത്രത്തിനെതിരെ രംഗത്തുവന്നത് അതീവ ഗൗരവമായി കാണേണ്ട വിഷയമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭീമയ്‌ക്കെതിരെ മാതൃഭൂമി എന്തെങ്കിലും എഴുതിയതിന്റെ പേരിലല്ല അവര്‍ക്ക് പരസ്യം നിഷേധിക്കുമെന്ന് പരസ്യമായി പറയുന്നത്. ഒരു ആശയഗതിക്ക് എതിരെയുള്ള ഒരു നോനല്‍ പ്രസിദ്ധീകരിച്ചു എന്നതിന്റെ പേരിലാണ്. ഇത് ഗൗരവമേറിയ ഒരു ഭീഷണിയാണ്. അതിനെ നിസ്സാരമായി കാണാനാവില്ല. ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ് ശ്രദ്ധിക്കുക: ''ഒരു മാദ്ധ്യമം എന്ന നിലയില്‍ മാതൃഭൂമിയുടെ ചില നിലപാടുകളോട് ജനാധിപത്യപരമായ വിയോജിപ്പുണ്ട്. എന്നുവച്ച് വിയോജിപ്പുള്ള സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും മുഴുവന്‍ കുഴിച്ചുമൂടപ്പെടണം എന്നൊക്കെ പറഞ്ഞാല്‍ സമ്മതിച്ചുകൊടുക്കാന്‍ ബുദ്ധിമുട്ടാണ്. നാട്ടുകാര്‍ എന്തൊക്കെ വായിക്കണം എന്തു വായിക്കരുത് എന്നൊക്കെ അവര്‍ തന്നെ തീരുമാനിച്ചു കൊള്ളും. അതിനിങ്ങനെ വീടുതോറും കയറിയിറങ്ങി ക്ലാസ്സെടുത്തു ബുദ്ധിമുട്ടണമെന്നില്ല. ഭീമാഭട്ടരുടെ പരസ്യം കിട്ടും എന്ന പ്രതീക്ഷയിലല്ല കേരളത്തിലെ ഒരു മാധ്യമസ്ഥാപനവും തുടങ്ങിയതും നിലനിന്നു പോകുന്നതും. കേരളത്തിന്റെ രാഷ്ട്രീയസാംസ്‌കാരിക മണ്ഡലത്തില്‍ മാതൃഭൂമിക്ക് ഒരു സ്‌പേസ് ഉണ്ട്. അത് ഭദ്രമായി അവിടെത്തന്നെ ഉണ്ടാവുകയും ചെയ്യും!''

Other News

 • ക്രൈസ്റ്റ്ചര്‍ച്ച് തെളിയിക്കുന്നു: ഭീകരതയുടെ ഭാഷ ഒന്നുതന്നെ
 • പാക് ഭീകരതാ വിരുദ്ധ നടപടികള്‍ പരിശോധിക്കപ്പെടണം: ഇന്ത്യ
 • ജെഎല്‍ആര്‍ ടാറ്റയുടെ കൈകളിലെത്തിച്ച മാന്ത്രികന്‍ ഇനി ഓര്‍മ്മ
 • നരാധമന്റെ വെടിയൊച്ചകൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്നതല്ല ന്യൂസിലാന്‍ഡിന്റെ സ്വസ്ഥത
 • ബിജെപിക്ക് 6 സംസ്ഥാനങ്ങള്‍ നിര്‍ണ്ണായകം
 • ജനപ്രീതിയില്‍ മോഡി മുന്നിലെന്ന് ഇന്ത്യടുഡേ സര്‍വേ
 • 'പുല്‍വാമ ഭീകരാക്രമണം മോഡിയുടെ റേറ്റിംഗ് 7% ഉയര്‍ത്തി'
 • ചര്‍ച്ചയില്‍ തീരുമോ ബാബ്‌രി തര്‍ക്കം?
 • ബോയിംഗ് പ്രതിസന്ധി വിമാന യാത്രയെ ബാധിക്കും
 • ചൈന നമ്മളെയെല്ലാം പറ്റിക്കുകയായിരുന്നു?
 • മാണി തള്ളിയ ജോസഫിനെ യുഡിഎഫ് കൂടെ നിർത്തുമോ?
 • Write A Comment

   
  Reload Image
  Add code here