അയോദ്ധ്യ തര്‍ക്കത്തിന് പുതിയ വഴിത്തിരിവ്

Sun,Aug 05,2018


ബുദ്ധമതക്കാരനായ ഒരാള്‍ ഹര്‍ജിയുമായി എത്തിയതോടെ രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് നിയമ യുദ്ധത്തിന് ജൂലൈ 23ന് പുതിയൊരു മാനം കൈവന്നു. അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട മറ്റു 13 അപ്പീലുകള്‍ക്കൊപ്പം അയോദ്ധ്യ നിവാസിയായ വിനീത് കുമാര്‍ മൗര്യ സമര്‍പ്പിച്ച റിട്ട്ഹര്‍ജിയും സുപ്രീം കോടതി ഫയലില്‍ സ്വീകരിക്കുകയും പരിഗണനയ്ക്കായി മാറ്റിവയ്ക്കുകയും ചെയ്തു. കേസില്‍ കക്ഷി ചേരുന്നതിനായുള്ള മറ്റെല്ലാ അപേക്ഷകളും മാര്‍ച്ചില്‍ കോടതി നിരാകരിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയിലെ മൂന്നംഗ ബെഞ്ച് തര്‍ക്കഭൂമിയായ 2.7 ഏക്കര്‍ സ്ഥലം നിര്‍മോഹി അഖാര, സുന്നി വഖ്ഫ് ബോര്‍ഡ്, ആരാധന മൂര്‍ത്തിയായ ശ്രി രാം ലല്ല വിരാജ്മാന്‍ എന്നീ മൂന്നു കക്ഷികള്‍ക്കായി വിഭജിച്ചു നല്‍കി. ഇതിനെതിരെ ഹിന്ദു, മുസ്ലിം സംഘടനകള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ സുപ്രീം കോടതിയുടെ മുമ്പാകെയുണ്ട്. 2017 ഡിസംബര്‍ മുതല്‍ അപ്പീല്‍ കേസില്‍ സുപ്രീം കോടതി അന്തിമവാദം കേട്ടുതുടങ്ങി. തര്‍ക്കഭൂമി 1958ലെ പുരാവസ്തു നിയമ പ്രകാരം (എന്‍ഷ്യന്റ് മോണുമെന്റ്‌സ് ആന്‍ഡ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌സ് ആന്‍ഡ് റിമൈന്‍സ് ആക്ട്) അയോദ്ധ്യ 'ബുദ്ധ വിഹാര്‍' ആയി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് മൗര്യയുടെ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്.
1862-63ലെ ആദ്യ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) റിപ്പോര്‍ട്ടില്‍ അയോദ്ധ്യയില്‍ ബുദ്ധിസ്റ്റ് സ്വാധീനം ഉണ്ടായിരുന്നതായി പറയുന്നുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. അയോദ്ധ്യ അറിയപ്പെട്ടിരുന്നത് സാകേത് എന്നാണ്. സാകേത് എന്നാല്‍ ബുദ്ധിസത്തിന്റെ വലിയ കേന്ദ്രമെന്നാണര്‍ത്ഥം. ഒട്ടേറെ വര്‍ഷങ്ങള്‍ ബുദ്ധന്‍ സാകേത്/അയോധ്യയില്‍ താമസിച്ചിരുന്നതായി ചരിത്രകാരന്മാരും പണ്ഡിതന്മാരും പറയുന്നുണ്ട്. അയോദ്ധ്യയുമായി ബുദ്ധിസത്തിനുള്ള ബന്ധം എഎസ്‌ഐ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും അയോദ്ധ്യ അതേ ബുദ്ധിസ്റ്റ് സാകേതം തന്നെയാണോ എന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല. പുരാതന ഇന്ത്യാ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ മൗര്യ പറയുന്നത് പ്രശ്‌നത്തില്‍ മുമ്പും ബുദ്ധിസ്റ്റുകളായ ഹര്‍ജിക്കാര്‍ ഇടപെട്ടിട്ടുണ്ടെന്നാണ്. 1992ല്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നതിന് മുമ്പ് ബുദ്ധിസ്റ്റുകളായ മറ്റു രണ്ടുപേര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളിക്കളയുകയായിരുന്നു. ഒരു ബുദ്ധിസ്റ്റ് കേന്ദ്രം തകര്‍ത്തതിനുശേഷമാണ് ബാബ്‌റി മസ്ജിദ് പണിതതെന്നോ അല്ലെങ്കില്‍ അവിടം ബുദ്ധമത സമൂഹത്തിന്റേതായിരുന്നു എന്നോ ഉള്ള വാദത്തിന് കഴമ്പൊന്നുമില്ലെന്നു പറഞ്ഞാണ് ഹര്‍ജികള്‍ തള്ളിയത്. ഇപ്പോള്‍ മൗര്യ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിക്കു അടിസ്ഥാനം 2010ലെ അലഹബാദ് ഹൈക്കോടതി വിധിയാണ്. തര്‍ക്കഭൂമിയില്‍ മോസ്‌ക് പണിയുമ്പോള്‍ ബുദ്ധിസ്റ്റ് കാലഘട്ടത്തിലെ സ്തൂപങ്ങളും തൂണുകളും പോലുള്ള അവശിഷ്ടങ്ങള്‍ കാണപ്പെട്ടിരുന്നതായി അലഹബാദ് ഹൈക്കോടതിയുടെ വിധിയില്‍ പറയുന്നതായി മൗര്യയുടെ അഭിഭാഷകനായ കെ കെ എല്‍ ഗൗതം പറയുന്നു.
അയോദ്ധ്യയില്‍ ഇന്നുവരെയായി 5 എഎസ്‌ഐ സര്‍വേകള്‍ നടത്തിയിട്ടുണ്ട്. എഎസ്‌ഐയുടെ സ്ഥാപകനായ അലക്‌സാണ്ടര്‍ കണ്ണിങ്ഹാം 1862-63ല്‍ നടത്തിയതായിരുന്നു ആദ്യ സര്‍വേ. ഹിന്ദു ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നതിന്റെ തെളിവൊന്നും അദ്ദേഹത്തിന് കിട്ടിയിരുന്നില്ലെന്നു മാത്രമല്ല ബുദ്ധിസ്റ്റ് കേന്ദ്രങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു. 1889-91ല്‍ ആ പ്രദേശത്തു സര്‍വേ നടത്തിയ അലോയ്‌സ് ആന്റണ്‍ ഫ്യുറര്‍, കണ്ണിങ്ഹാമിന്റെ കണ്ടെത്തലുകള്‍ ആവര്‍ത്തിച്ചുറപ്പിക്കുകയാണുണ്ടായത്. സ്വാതന്ത്ര്യാനന്തരമുള്ള ആദ്യസര്‍വേ 1969-70ല്‍ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ എ കെ നാരായണാണ് നടത്തിയത്. ബാബ്‌റി മസ്ജിദിന്റെ തൊട്ടടുത്തല്ലാതെയുള്ള മൂന്നു സ്ഥലങ്ങളില്‍ കുഴിയെടുത്തു നടത്തിയ പഠനങ്ങളില്‍ പ്രദേശത്ത് 'ശക്തമായ ബുദ്ധിസ്റ്റ് സാന്നിധ്യം' ഉണ്ടായിരുന്നതായാണ് അദ്ദേഹവും കണ്ടെത്തിയത്. ബിസി 5 നൂറ്റാണ്ടില്‍ത്തന്നെ അയോദ്ധ്യയില്‍ ജനവാസമുണ്ടായിരുന്നതായും അതില്‍ പറഞ്ഞിരുന്നു. അടുത്ത പഠനത്തില്‍ കണ്ടത് അയോദ്ധ്യയില്‍ ബി സി 7-ാം നൂറ്റാണ്ടു മുതല്‍തന്നെ ജനവാസമുണ്ടായിരുന്നതായിട്ടാണ്. അലഹബാദ് ഹൈക്കോടതി വിധിപ്രകാരം 2002-2003ലാണ് സര്‍വ്വേ നടന്നത്. തര്‍ക്കഭൂമിയില്‍ ബാബ്‌റി മസ്ജിദ് പണിയുന്നതിനുമുന്‍പ് അവിടെ വലിയൊരു നിര്‍മ്മാണം നിലനിന്നിരുന്നതായി അതില്‍ പറഞ്ഞു. പക്ഷേ ആ റിപ്പോര്‍ട്ട് വളരെ പക്ഷപാതിത്വം നിറഞ്ഞ ഒന്നായും തര്‍ക്കഭൂമിയില്‍ ഹിന്ദു പൂര്‍വ സാന്നിധ്യമുണ്ടായിരുന്നതായി സ്ഥാപിക്കുന്നതിനുള്ള ശ്രമമാണ് അതില്‍ നടത്തിയതെന്നുമുള്ള രൂക്ഷമായ വിമര്‍ശനമുയര്‍ന്നിരുന്നു. പക്ഷേ, ആ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് തര്‍ക്കഭൂമി മൂന്നു തുല്യ ഭാഗങ്ങളായി വിഭജിക്കാന്‍ 2010ല്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ആ വിധിയെ അടിസ്ഥാനമാക്കിത്തന്നെയാണ് ബാബ്‌റി മസ്ജിദിനു അടിയിലുണ്ടായിരുന്ന കൂറ്റന്‍ നിര്‍മ്മാണം ബുദ്ധിസ്റ്റുകളുടേതായിരുന്നു എന്ന് മൗര്യയുടെ ഹര്‍ജിയില്‍ പറയുന്നത്. അയോദ്ധ്യ തര്‍ക്കത്തിലുള്‍പ്പെട്ടതെന്തും രാഷ്ട്രീയ വിവാദമാകുന്നതുപോലെതന്നെ മൗര്യയുടെ ഹര്‍ജിയും വിവാദമായി. ഹര്‍ജിയെ അധിക്ഷേപിച്ച് വിശ്വ ഹിന്ദു പരിഷദ് ഉടന്‍തന്നെ രംഗത്തുവന്നു. മൗര്യയുടെ ഹര്‍ജി ഗൂഢലക്ഷ്യത്തോടെ ഉള്ളതാണെന്നും സുപ്രീം കോടതി അത് തള്ളിക്കളയുകയാണ് വേണ്ടതെന്നുമായിരുന്നു വി എച്ച് പിയുടെ അയോദ്ധ്യ വക്താവായ ശരദ് ശര്‍മ്മ പറഞ്ഞത്. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന ഹര്‍ജി, ആറ് ദശകങ്ങള്‍ പിന്നിട്ട കേസ് വീണ്ടും നീണ്ടുപോകുന്നതിന് ഇടയാക്കുമെന്നും, അയോദ്ധ്യയില്‍ ബുദ്ധന്‍ താമസിച്ചിട്ടുണ്ടെങ്കില്‍പ്പോലും അത് രാമന്റെ പട്ടണമാണെന്നും രാമന്റെ ജന്മസ്ഥലമാണെന്നും ശര്‍മ്മ പറയുന്നു.
ബുദ്ധിസ്റ്റുകളുടെ ഹര്‍ജി സമര്‍പ്പിച്ച സമയത്തെയാണ് കേസിലെ ഏറ്റവും പ്രായംചെന്ന ഹിന്ദു കക്ഷിയായ നിര്‍മോഹി അഖാരയിലെ മഹന്ത് റാം ദാസ് ചോദ്യം ചെയ്യുന്നത്. ഇത്രനാളും ഇവര്‍ എവിടെയായിരുന്നുവെന്ന് ചോദിച്ച മഹന്ത് സ്വത്ത് തര്‍ക്കത്തില്‍ അവര്‍ കക്ഷിയാകേണ്ടിയിരുന്നത് ഫൈസലാബാദ് സിവില്‍ കോടതിയിലായിരുന്നുവെന്നും പ്രശ്‌നപരിഹാരത്തെ തുരങ്കം വയ്ക്കുന്നതിനും വിലകുറഞ്ഞ പബ്ലിസിറ്റി നേടുന്നതിനുമുള്ള ശ്രമം മാത്രമാണതെന്നും പറഞ്ഞു. എന്നാല്‍ ആ വിമര്‍ശനങ്ങളെയൊക്കെ തള്ളിക്കളയുകയാണ് മൗര്യ. പ്രശ്‌നത്തില്‍ ഇടപെടാന്‍ ബുദ്ധിസ്റ്റുകള്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അതിനു കഴിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ കീഴ്‌ക്കോടതികളിലേക്കു പോകാന്‍ കഴിയില്ല. ബുദ്ധിസ്റ്റ് സാംസ്‌കാരിക കേന്ദ്രങ്ങള്‍ സംരക്ഷിക്കണമെന്നും നിലനിര്‍ത്തണമെന്നും ആവശ്യപ്പെടാനുള്ള അവകാശം ഭരണഘടനയുടെ 25, 26, 29, 32 അനുച്ഛേദങ്ങള്‍ പ്രകാരം തനിക്കുണ്ടെന്നും മൗര്യ ചൂണ്ടിക്കാട്ടുന്നു. അതേസമയം മൗര്യക്കൊപ്പംതന്നെ, അദ്ദേഹത്തിന്റെ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചതില്‍ മുസ്ലിം കക്ഷികള്‍ ആശ്വസിക്കുന്നുണ്ട്. ബാബറി മസ്ജിദ് പണിയുന്നതിനായി ഒരു ഹിന്ദു ക്ഷേത്രം തകര്‍ത്തുവെന്ന് പറഞ്ഞ് മുസ്ലിങ്ങളെ ആക്രമിക്കുന്ന ബിജെപിയും വിഎച്ച്പിയും അതിനുള്ള തെളിവൊന്നുംതന്നെ ഹാജരാക്കുന്നില്ലെന്ന് കേസിലെ കക്ഷിയായ മൗലാനാ മെഹ്ഫൂസ് ഉര്‍ റഹ്മാന്റെ വക്താവായ ഖാലിഖ് ഖാന്‍ പറഞ്ഞു. മോസ്‌ക് പണിതത് ഒരു ബുദ്ധിസ്റ്റ് കേന്ദ്രം നിന്ന സ്ഥലത്താണെന്നും അതിനായി ബുദ്ധിസ്റ്റ് സ്തൂപങ്ങളും കരകൗശല പണികളും ഉപയോഗിച്ചതായുള്ള മൗര്യയുടെ വാദം കേസിന്റെ വ്യാപ്തി കൂട്ടിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Other News

 • ക്രൈസ്റ്റ്ചര്‍ച്ച് തെളിയിക്കുന്നു: ഭീകരതയുടെ ഭാഷ ഒന്നുതന്നെ
 • പാക് ഭീകരതാ വിരുദ്ധ നടപടികള്‍ പരിശോധിക്കപ്പെടണം: ഇന്ത്യ
 • ജെഎല്‍ആര്‍ ടാറ്റയുടെ കൈകളിലെത്തിച്ച മാന്ത്രികന്‍ ഇനി ഓര്‍മ്മ
 • നരാധമന്റെ വെടിയൊച്ചകൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്നതല്ല ന്യൂസിലാന്‍ഡിന്റെ സ്വസ്ഥത
 • ബിജെപിക്ക് 6 സംസ്ഥാനങ്ങള്‍ നിര്‍ണ്ണായകം
 • ജനപ്രീതിയില്‍ മോഡി മുന്നിലെന്ന് ഇന്ത്യടുഡേ സര്‍വേ
 • 'പുല്‍വാമ ഭീകരാക്രമണം മോഡിയുടെ റേറ്റിംഗ് 7% ഉയര്‍ത്തി'
 • ചര്‍ച്ചയില്‍ തീരുമോ ബാബ്‌രി തര്‍ക്കം?
 • ബോയിംഗ് പ്രതിസന്ധി വിമാന യാത്രയെ ബാധിക്കും
 • ചൈന നമ്മളെയെല്ലാം പറ്റിക്കുകയായിരുന്നു?
 • മാണി തള്ളിയ ജോസഫിനെ യുഡിഎഫ് കൂടെ നിർത്തുമോ?
 • Write A Comment

   
  Reload Image
  Add code here