അലറിസ് വാങ്ങാന്‍ ബിര്‍ളയെ ട്രമ്പ് അനുവദിക്കുമോ?

Sun,Aug 05,2018


ഒഹായോ ആസ്ഥാനമായുള്ള അലറിസ് എന്ന അലുമിനിയം കമ്പനി ഏറ്റെടുക്കുന്നതിന് ഒരു ചൈനീസ് കമ്പനി നടത്തിയ ശ്രമം ട്രമ്പ് ഭരണകൂടം മുമ്പ് തടഞ്ഞിരുന്നു. ദേശസുരക്ഷയാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. അലറിസ് ഏറ്റെടുക്കുന്നതിനായി ഇന്ത്യന്‍ കമ്പനിയായ ഹിന്‍ഡാല്‍കോ നടത്തുന്ന ശ്രമങ്ങള്‍ പ്രസിഡന്റ് ട്രമ്പിനും ഉപദേഷ്ടാക്കള്‍ക്കും വ്യത്യസ്തമായി അനുഭവപ്പെടുമോ? നിലവിലുള്ള കടങ്ങള്‍ ഉള്‍പ്പടെ, 2.6 ബില്യണ്‍ ഡോളറിന് അലറിസ് കമ്പനി വാങ്ങുന്നതിനുള്ള കരാറില്‍ എത്തിച്ചേര്‍ന്നതായി ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അലുമിനിയം-കോപ്പര്‍ സബ്‌സിഡിയറിയായ നൊവേലിസ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത് നടന്നാല്‍ ബിര്‍ള കമ്പനിയായ ഹിന്‍ഡാല്‍കോ അലുമിനിയം ഉല്‍പ്പാദനത്തില്‍ ചൈനയിലെ ഹോങ്ക്വിലായോ ഗ്രൂപ്പ് കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ കമ്പനിയാകും. യുഎസ് ഫെഡറല്‍ ചട്ടങ്ങളനുസരിച്ച് ഹിന്‍ഡാല്‍കോ ഏര്‍പ്പെട്ടിട്ടുള്ള കരാര്‍ വിദേശ നിക്ഷേപങ്ങള്‍ക്കായുള്ള യുഎസ് സമിതി (സിഎഫ്‌ഐയുഎസ്) അംഗീകരിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥ പ്രമുഖരും പ്രസിഡന്റിന്റെ ഉപദേഷ്ടാക്കളും ഉള്‍പ്പെടുന്ന ഒരു രഹസ്യ പാനലാണത്. യുഎസ് കമ്പനികള്‍ വിദേശീയര്‍ ഏറ്റെടുക്കുന്നത് തടയണമോ എന്ന കാര്യത്തില്‍ പ്രസിഡന്റിനെ ഉപദേശിക്കുന്നത് ആ സമിതിയാണ്. സമീപ വര്‍ഷങ്ങളില്‍ യുഎസിലെ ബിസിനസുകള്‍ പ്രത്യേകിച്ചും കമ്പ്യൂട്ടര്‍ ചിപ്പുകളുടെയും ധനകാര്യ സേവനങ്ങളുടെയും ബിസിനസ് ചൈനീസ് കമ്പനികള്‍ വാങ്ങുന്നതിനെ സിഎഫ്‌ഐയുഎസ് വളരെ സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. ചൈനയിലെ വമ്പന്‍ ലോഹ വ്യവസായിയായ ലിയു ഴോങ്റ്റീന്‍ നിയന്ത്രിക്കുന്ന ഒരു കമ്പനി 2.3 ബില്യണ്‍ ഡോളറിനു അലറിസ് വാങ്ങുന്നതിനു നടത്തിയ ശ്രമം സിഎഫ്‌ഐയുഎസ് നിരാകരിച്ചത് കഴിഞ്ഞ വേനല്‍ക്കാലത്താണ്. കമ്പനി വാങ്ങുന്നതിന് മറ്റാരെയെങ്കിലും കണ്ടെത്താന്‍ പ്രധാന നിക്ഷേപകരായ ഓക്ട്രീ ക്യാപിറ്റല്‍ മാനേജ്‌െമന്റ്, അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ്, ബൈന്‍ ക്യാപിറ്റല്‍ എന്നിവയോട് ആവശ്യപ്പെടുകയും ചെയ്തു.
സിഎഫ്‌ഐയുഎസിന്റെ അധികാര പരിധി വിപുലീകരിക്കുന്നതിനുള്ള ഒരു നിയമം ഉടന്‍തന്നെ കോണ്‍ഗ്രസ് അംഗീകരിക്കും. പുതിയ നിയമമനുസരിച്ച് ആദ്യം വിലയിരുത്തുന്ന ഒന്നായിരിക്കും അലറിസ് വാങ്ങുന്നതിനുള്ള ഇന്ത്യന്‍ കമ്പനിയുടെ കരാറെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ചൈനീസ് കമ്പനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ തങ്ങള്‍ക്ക് ഉണ്ടാകില്ലെന്നാണ് ഹിന്‍ഡാല്‍കോ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ട്രമ്പിന്റെ കാര്യം ഒന്നും പ്രവചിക്കാന്‍ കഴിയില്ലെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പിനെ നയിക്കുന്ന കുമാര്‍ മംഗളം ബിര്‍ള പറഞ്ഞു. ചൈനക്കെതിരെ ഒരു ശക്തിയായി ഇന്ത്യയെ ഉയര്‍ത്തിക്കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയുമായി ശക്തമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ ട്രമ്പ് ഭരണകൂടം ശ്രമിക്കുന്നുണ്ട്. അതേ സമയം വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തുന്നതിനെ ട്രമ്പ് വിമര്‍ശിച്ചിരുന്നു. സ്റ്റീലിനും അലുമിനിയത്തിനും പ്രഖ്യാപിച്ച ഇറക്കുമതി തീരുവ ഇന്ത്യന്‍ ഉല്‍പ്പാദകരെയും ദോഷകരമായി ബാധിച്ചു. യുഎസിലെനിന്നും ഇറക്കുമതി ചെയ്യുന്ന ബദാം, ആപ്പിള്‍, ചെമ്മീന്‍, ഇരുമ്പ്, സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവകള്‍ പ്രഖ്യാപിച്ച് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു.
അറ്റ്‌ലാന്റ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നോവേലിസ് അലറിസുമായി ലയിപ്പിക്കാനാണ് ബിര്‍ള ഗ്രൂപ്പിന്റെ പദ്ധതി. അലുമിനിയം കാനുകള്‍ നിര്‍മ്മിക്കുന്ന വ്യവസായത്തിലാണ് നോവലിസ് ആധിപത്യം പുലര്‍ത്തുന്നത്. വാഹന വ്യവസായത്തിന് ആവശ്യമായ ഘടകങ്ങള്‍ വിതരണം ചെയ്യുന്ന വലിയ കമ്പനിയാണത്. ക്‌ളീവ്‌ലാന്‍ഡ് കേന്ദ്രമായ അലറിസ് കെട്ടിടങ്ങള്‍ക്കും വിമാനങ്ങള്‍ക്കും ആവശ്യമായ അലുമിയം വിതരണം ചെയ്യുന്ന വമ്പന്‍ കമ്പനിയാണ്. കെന്റുക്കിയിലെ ലെവിസ് സ്‌പോര്‍ട്ടില്‍ തുടങ്ങിയ പുതിയ ഫാക്ടറി വാഹന നിര്‍മ്മാണ വ്യവസായത്തിനും സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. യുഎസിലെ നിക്ഷേപം നടത്തുകയും യുഎസ് ഭരണകൂടം ആഗ്രഹിക്കുന്നതുപോലെ അവിടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് നോവേലിസ് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ദേവീന്ദര്‍ അഹൂജ പറഞ്ഞു. അലറിസിന്റെ ചില മുന്തിയ സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനും ഉദ്ദേശിക്കുന്നുണ്ട്. അതിലൂടെ വാഹന വ്യവസായത്തിനും നിര്‍മ്മാണ വ്യവസായത്തിനും കൂടുതല്‍ സഹായം നല്‍കാന്‍ കഴിയും. അലറിസ് പോലെ യുഎസിലെ ഒരു അലുമിനിയം കമ്പനി ഏറ്റെടുക്കുന്നതിലൂടെ അലുമിനിയത്തിനു ട്രമ്പ് പ്രഖ്യാപിച്ചിട്ടുള്ള 10% തീരുവയുടെ നേട്ടം ഹിന്‍ഡാല്‍കോക്കും ലഭിക്കുമെന്നും അഹൂജ പറയുന്നു.

Write A Comment

 
Reload Image
Add code here