ശബരിമലയിലെ സ്ത്രീ പ്രവേശനം കുഴഞ്ഞ പ്രശ്‌നം

Thu,Aug 02,2018


ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമോ വേണ്ടയോ എന്ന വിഷയത്തില്‍ സുപ്രീം കോടതി വാദം കേട്ട് ഉത്തരവ് പറയാന്‍ വച്ചിരിക്കുമ്പോള്‍, അവസാനിക്കാത്ത തര്‍ക്കങ്ങളും വാഗ്വാദങ്ങളുമാണ് ഈ വിഷയത്തില്‍ കേരളത്തിലും അഖിലേന്ത്യാതലത്തില്‍ത്തന്നെയും നടക്കുന്നത്. അത് തര്‍ക്കിച്ച് ജയിക്കാന്‍ പറ്റാത്ത വിഷയമായി അവശേഷിക്കുന്നു. കാരണം ഒരോരുത്തരുടെയും വിശ്വാസമാണ് അവരുടെ വാദത്തിന്റ ആണിക്കല്ല്. കൂടാതെ, പലരും വളരെ വൈകാരികമായി വിഷയത്തെ സമീപിക്കുകയും ചെയ്യുന്നു. ഇതിലെ രസകരമായ കാര്യം ആര്‍എസ്എസ് സ്ത്രീകളുടെ പ്രവേശനത്തെ അനുകൂലിക്കുന്നു എന്നതാണ്. എന്നാല്‍ ചില സംഘ്പരിവാര്‍ സംഘടനകളും വ്യക്തികളും എതിര്‍ചേരിയിലാണ്. ഈ വിഷയത്തിന് നിയമപരവും തത്വചിന്താപരവും സാമൂഹ്യവുമായ മാനങ്ങളുണ്ട്.
നിയമവശം
ആചാരത്തിന്റെ പേരില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നത് ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയ്ക്കുള്ള മൗലികാവകാശങ്ങളുടെ ലംഘനമാകും എന്ന് ഒരു വിഭാഗം വാദിക്കുന്നു. ''മതം, വംശം, ജാതി, ലിംഗം, ജന്മനാട്, ഏന്നിവയില്‍ ഏതിന്റെയെങ്കിലും പേരില്‍ ഒരു പൗരനോടും സ്റ്റേറ്റ് വിവേചനം കാട്ടാന്‍ പാടില്ല എന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഭരണഘടനയുടെ ഈ സത്ത ലംഘിച്ച് സ്ത്രീകളോട് പ്രത്യക്ഷമായോ പരോക്ഷമായോ കാട്ടുന്ന വിവേചനമായി പ്രവേശന നിരോധത്തെ അവര്‍ ചൂണ്ടിക്കാട്ടുന്നു. അതായത് ലിംഗപരമായ അസമത്വം. അതിന്റെ പേരിലുള്ള വിവേചനം. 'ശബരിമല അയ്യപ്പനില്‍ സ്ത്രീകള്‍ വിശ്വസിക്കുന്നു എങ്കില്‍ അവര്‍ക്ക് അവിടെ ദര്‍ശനവുമാകാം' എന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിരീക്ഷണം ഇതിന്റെ അടിസ്ഥാനത്തിലാണ്. ഒരോ മതവിഭാഗത്തിനും വ്യക്തിഗതനിയമം (പേഴ്‌സണല്‍ ലോ) സൂക്ഷിക്കാനുള്ള അവകാശമുണ്ടെന്ന് മറുഭാഗം വാദിക്കുന്നു. അതനുസരിച്ച് നൂറ്റാണ്ടുകളായി അനുവര്‍ത്തിച്ചുപോരുന്ന ആചാരങ്ങള്‍ മാറ്റാന്‍ സ്റ്റേറ്റിന് അധികാരമില്ലെന്ന് അവര്‍ വാദിക്കുന്നു. അതിനുള്ള മറുപടി ഇങ്ങനെ: ഭരണഘടനയുടെ അനുച്ഛേദം 13 അനുസരിച്ച് ഭരണഘടന നിലവില്‍ വരുന്നതിനുമുമ്പ് നിലവിലുള്ള നിയമങ്ങള്‍, മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെങ്കില്‍ അവ ഇല്ലാതാകും. മൗലികാവകാശങ്ങള്‍ ലംഘിച്ച് ഏതെങ്കിലും നിയമം നിലനില്‍ക്കുന്നുണ്ടെങ്കില്‍ (ഉദാഹരണം അയിത്താചാരം) അതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് നിവൃത്തി തേടുന്നതിനുള്ള അവകാശം ഭരണഘടനയുടെ 32-ാം അനുച്ഛേദം ഗ്യാരന്റി ചെയ്യുന്നതാണ്. സ്ത്രീ പ്രവേശനത്തിനെതിരെ സുപ്രീം കോടതിയുടെ മുമ്പാകെ ഉന്നയിച്ച മറ്റൊരു വാദം ഇങ്ങനെ: ഹിന്ദു നിയമം അനുസരിച്ച് ശബരിമല ശ്രീ അയ്യപ്പന്‍ ഒരു 'നയ്യാമിക വ്യക്തി' (ഷൗൃശേെശര ുലൃീെി) ആണ്. അതുകൊണ്ട് ഭരണഘടനയുടെ അനുച്ഛേദങ്ങള്‍ 21 (ജീവിക്കാനും വ്യക്തിപരമായ സ്വാതന്ത്ര്യത്തിനുമുളള സ്വാതന്ത്ര്യം), 25 (1) (മനസാക്ഷി അനുസരിച്ച് ജീവിക്കാനും ഒരു മതത്തിന്‍ വിശ്വസിക്കാനും അതനുസരിച്ച് ജിവീക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്യം), 26 (മതപരമായ കാര്യങ്ങള്‍ മാനേജ് ചെയ്യാനുള്ള സ്വാതന്ത്ര്യം) എന്നിവ അനുസരിച്ച് അയ്യപ്പന് ചില അവകാശങ്ങളുണ്ട്. അനുച്ഛേദം 21 അനുസരിച്ച് സ്വകാര്യതയ്ക്കുള്ള അവകാശമുണ്ട്. നൈതിക ബ്രഹ്മചാരി ആയിരിക്കുമെന്ന വ്രതം അനുസരിച്ച് നൈതിക ബ്രഹ്മചാരി ആയി തുടരാനുള്ള അവകാശം അതില്‍ പെടുന്നതാണ്. നൈതിക ബ്രഹ്മചാരി ആയി നിലനില്‍ക്കാനുള്ള അവകാശം 25-ാം അനുച്ഛേദവും നല്‍കുന്നുണ്ട്. എന്നാല്‍ ഭരണഘടന അനുസരിച്ചുള്ള ഈ അവകാശങ്ങള്‍ സ്വാഭാവിക വ്യക്തിക്ക് (നാച്വറല്‍ പേഴ്‌സണ്‍സ്) അല്ലാതെ നയ്യാമിക വ്യകിതികള്‍ക്ക് അവകാശപ്പെടാനാവില്ലെന്ന് മറുവശം വാദിച്ചു.
താത്വിക നിലപാട്
ചീഫ് ജസ്റ്റീസിന്റെ പ്രസ്താവന, കോടതിക്കുള്ള അജ്ഞത വെളിവാക്കുന്നു എന്ന് ചിലര്‍ വാദിക്കുന്നു. ഈ അജ്ഞത നീക്കുന്നതിന് എതിര്‍ഭാഗത്ത് ഹാജരായ അഭിഭാഷകര്‍ക്കും കഴിഞ്ഞില്ലത്രെ. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആര്‍.പി ഗുപ്ത സുപ്രീം കോടതിയില്‍ വാദിച്ചത് ശബരിമല ഇന്ത്യയിലെ മറ്റെല്ലാ ക്ഷേത്രങ്ങള്‍ പോലെയാണെന്നാണ്. അത് തെറ്റായ ധാരണയാണ്. ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളില്‍നിന്നും വ്യത്യസ്തമായ ഏക ക്ഷേത്രമാണ് ശബരിമല. ശബരിമലയൊഴികെ മറ്റെല്ലാ ക്ഷേത്രങ്ങളിലും ആളുകള്‍ പോകുന്നത് ആ ക്ഷേത്രത്തിലെ ദേവതയെ ആരാധിക്കാനാണ്. ഭാരതീയ സംസ്‌കാരത്തെക്കുറിച്ചുള്ള അടിസ്ഥാന ജ്ഞാനത്തിന്റെ അഭാവമാണ് 'ദേവതയില്‍ വിശ്വസിക്കുക' എന്നത്. ആരാധനയിലൂടെ അല്ലെങ്കില്‍ ഭക്തിയിലൂടെ ഈശ്വരനെ തേടലാണ് ക്ഷേത്രങ്ങളിലൂടെയും മറ്റ് ആചാരങ്ങളിലൂടെയും വിവക്ഷിക്കപ്പെട്ടിട്ടുള്ളത്. വ്യത്യാസം ഇങ്ങനെ: ശബരിമലയില്‍ പോകുന്ന വ്യക്തി, ശബരിമല അയ്യപ്പനെ ആരാധിക്കാനല്ല മല ചവിട്ടുന്നതും പതിനെട്ടാംപടി കയറി ദര്‍ശനം നടത്തുന്നതും. ശാസ്ത്രീയമായ രീതിയില്‍ ശബരിമല ദര്‍ശനം നടത്തേണ്ടത് 41 ദിവസത്തെ വ്രതമെടുത്തിട്ടാണ്. ശബരിമലയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി മാലയിടുമ്പോള്‍ മുതല്‍ ആ വ്യക്തി ശബരിമലയിലെ ദേവതയായ അയ്യപ്പനായി മാറുകയാണ്. വ്യക്തിയിലുള്ള ഈശ്വരനെ അഥവാ പ്രപഞ്ച ശക്തിയെ അനുഭൂതിയോടെ അനുഭവിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് 41 ദിവസം അനുഷ്ഠാനങ്ങളിലൂടെ നിര്‍വഹിക്കപ്പെടുന്നത്. 41 ദിവസം ഒരു വ്യക്തി ജീവിക്കുന്ന ഭൗതിക ലോകത്തുനിന്നും ഏതാണ്ട് പൂര്‍ണമായും പിന്‍വാങ്ങി ആന്തരിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. അതായത് പൂര്‍ണമായും നോട്ടം പുറത്ത് നിന്ന് അകത്തേക്കാക്കുന്നു. സമ്പൂര്‍ണമായ ധ്യാനാവസ്ഥ. ധ്യാനം ശീലമില്ലാത്തവര്‍ക്ക്, ആ ഫലപ്രാപ്തിയിലേക്ക് അനായാസമായി എത്തുന്നതിന് വേണ്ടിയാണ് വ്രതനിഷ്ഠകള്‍. ആ വ്രതനിഷ്ഠയിലൂടെ ശരീരവും മനസ്സും ബുദ്ധിയും ഒരേ തരംഗഗതിയില്‍ എത്തുന്നു. ആ ലയാവസ്ഥയില്‍ വ്യക്തി പ്രപഞ്ചശക്തിയുമായി താതാത്മ്യം പ്രാപിക്കുന്നു. ആ യോഗാവസ്ഥയിലാണ് ശബരിമലയില്‍ ശ്രീകോവിലിലെ അയ്യപ്പന്റെ വിഗ്രഹ പ്രതിഷ്ഠയും. ടാവോയിസത്തിലെ ഇന്നും യാങ്ങും പോലെയാണ് ഇരുമുടിക്കെട്ട്. പ്രപഞ്ചരഹസ്യത്തിന്റെ ഗണിതശാസ്ത്ര പ്രതീകമാണ് 18 വിദ്യകളെ ഉദ്‌ഘോഷിക്കുന്ന 18 പടികള്‍. വ്രതാനുഷ്ഠാനങ്ങളിലൂടെ ഈ പടി കയറിച്ചെല്ലുന്ന അയ്യപ്പന്‍ കാണുന്നത് തത്ത്വമസി അധവാ അത് നീയാകുന്നു എന്ന ലിഘിതമാണ്. ഒരര്‍ത്ഥത്തില്‍ ശ്രീകോവിലിലെ വിഗ്രഹ ദര്‍ശനം പോലും അപ്രസക്തമെന്ന് ഉച്ചത്തില്‍ പ്രഖ്യാപിക്കുക കൂടിയാണ് അവിടെ. ഭാരത സംസ്‌കൃതിയുടെ ഉപനിഷത് രഹസ്യമാണ് ഇതിലൂടെ വെളിവാക്കുന്നത്. ആ ഉപനിഷത് രഹസ്യാനുഭൂതി ശരാശരി മനുഷ്യനിലേക്ക് പകരുകയാണ് ശബരിമലയുടെ ദൗത്യം. അതാണ് ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളില്‍നിന്നും ശബരിമലയെ വേറിട്ടു നിര്‍ത്തുന്നത്. ആമ ഇന്ദ്രീയങ്ങളെ ഉള്‍വലിക്കുന്നതുപോലെ വ്രതമനുഷ്ഠിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് ഉപനിഷത് യുക്തി രഹസ്യാനുഭൂതിയായ തത്ത്വമസി അനുഭവവേദ്യമാകുകയുള്ള. 28 ദിവസം കൂടുമ്പോള്‍ ആര്‍ത്തവ ചക്രമുണ്ടാകുന്ന രജസ്വലയായ സ്ത്രീയ്ക്ക് ഇന്ദ്രീയങ്ങളെ സാധാരണ ഗതിയില്‍ ഉള്‍വലിക്കാന്‍ കഴിയില്ല. ഏത് പ്രകൃതിയില്‍ നിന്നാണോ ഉള്‍വലിയേണ്ടത് ആ പ്രകൃതി തന്നെ സ്ത്രീയില്‍ സക്രിയമായി ആര്‍ത്തവ ചക്രം സൃഷ്ടിച്ച് ഇന്ദ്രീയങ്ങളെ പുറത്തേക്ക് തുറക്കുമ്പോള്‍, അതിനെ ഉള്‍വലിക്കാന്‍ ശ്രമിച്ചാല്‍ മനസ്സും ശരീരവും സംഘട്ടനത്തിലേര്‍പ്പെടും. മനസ്സും ശരീരവും ബുദ്ധിയും തമ്മിലുള്ള സംഘട്ടനങ്ങളെ സൂക്ഷ്മ തലത്തില്‍ ഒഴിവാക്കുക തന്നെയാണ് വ്രതലക്ഷ്യം. അത് സ്ത്രീയ്ക്ക് ബുദ്ധിമുട്ടാകും എന്നതിനാലാണ് രജസ്വലകള്‍ ശബരിമല ദര്‍ശനം ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. അത് ക്രമേണ ആചാരമായും പിന്നെ വിലക്കായും മാറിയെന്നതാണ് വസ്തുത. രജസ്വലയായ സ്ത്രീകള്‍ ആര്‍ത്തവ സമയത്തുതന്നെ ശബരിമല ക്ഷേത്രത്തില്‍ കയറിയതുകൊണ്ടോ വിഗ്രഹത്തില്‍ സ്പര്‍ശിച്ചതുകൊണ്ടോ ശബരിമല ക്ഷേത്രത്തിനും അയ്യപ്പനും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.
വ്യക്തിയെന്ന നിലയില്‍ മനുഷ്യന് അവന്റെയും അവളുടെയും പൂര്‍ണ സാധ്യതകളിലേക്ക് ഉയരുവാനുള്ള സങ്കേതങ്ങളായിട്ടാണ് ഇന്ത്യയില്‍ ക്ഷേത്രങ്ങള്‍ രൂപം കൊണ്ടിട്ടുള്ളത്. അല്ലാതെ ആരാധനാലയങ്ങളായിട്ടല്ല. ക്ഷേത്രങ്ങള്‍ അതുകൊണ്ടുതന്നെ പ്രാര്‍ത്ഥന ചൊല്ലാനുള്ള സ്ഥലവുമല്ല. വ്യക്തിക്ക് ഉന്നമനത്തിലേക്കുള്ള പ്രയാണത്തില്‍ ശാരീരികവും മാനസികവുമായ ആഘാതങ്ങള്‍ ഒഴിവാകുന്നതിന് വേണ്ടിയാണ് രജസ്വലകളായ സ്ത്രീകള്‍ ശബരിമലദര്‍ശനം ഒഴിവാക്കണമെന്നതിലെ താല്‍പ്പര്യം. ചുരുക്കത്തില്‍ ആര്‍ത്തവ കാലഘട്ടത്തില്‍ സ്ത്രീകള്‍ അശുദ്ധരാകുമെന്ന വിശ്വാസം, 41 ദിവസം വ്രതം നോക്കാന്‍ അവര്‍ക്കു കഴിയില്ലെന്ന നിലപാട് എന്നിവയാണ് സ്ത്രീ പ്രവേശനത്തിന് തടസ്സം. സുപ്രീം കോടതിയെ ഹര്‍ജിയുമായി സമീപിച്ചവര്‍ ക്ഷേത്ര സംസ്‌കാരത്തിലോ ഭാരതീയ സംസ്‌കാരത്തിലോ തല്‍പ്പരരല്ലെന്ന ആരോപണമുണ്ട്. പടിഞ്ഞാറുനിന്ന് ഇറക്കുമതി ചെയ്യപ്പെട്ട സ്ഥാപിത താല്‍പ്പര്യങ്ങള്‍ ഗുപ്തമായിട്ടുള്ള ആശയങ്ങളുടെ പ്രയോഗത്തിലൂടെ അസ്വസ്ഥതകള്‍ സൃഷ്ടിക്കുക എന്നതാണ് ഇത്തരം ശക്തികളുടെ താല്‍പ്പര്യമെന്ന് അന്വേഷിച്ചാല്‍ അറിയാന്‍ കഴിയുമത്രെ. ശബരിമലയില്‍ വരുന്ന യുവതികള്‍ ദര്‍ശനത്തിനായി വരുന്നവരാണോ വിനോദത്തിനായി വരുന്നവരാണോ എന്ന് തിരിച്ചറിയുക ബുദ്ധിമുട്ടാകും. (പുരുഷന്മാരുടെ കാര്യവും അങ്ങനെതന്നെ; 41 ദിവസത്തെ വ്രതം അനുഷ്ഠിക്കാത്തവരും ശബരിമല കയറുന്നുണ്ടെന്ന് മറുഭാഗം വാദിക്കുന്നു.) നിലവിലെ സ്ഥിതിയില്‍ പോലും നിന്നുതിരിയാന്‍ ഇടമില്ലാതെ തിരക്കനുഭവപ്പെടുന്ന ശബരിമലയില്‍ യുവതികളുടെ സാന്നിധ്യം പല പ്രായോഗിക പ്രശ്‌നങ്ങളും ഉയര്‍ത്താനിടയുണ്ട്; നിലവിലുള്ള നിയമമനുസരിച്ച് ശക്തമായ കേസുകള്‍ക്കിടയാക്കുന്ന സാഹചര്യങ്ങള്‍ ധാരാളം ഉണ്ടാകാനും സാധ്യതയേറെയാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സൂമൂഹ്യ മാനം ഒരാളുടെ ജനനം മുതല്‍ മരണം വരെയും, അതിനു ശേഷവുമുള്ള, സാമൂഹ്യ ജീവിതത്തെ മതങ്ങള്‍ നിയന്ത്രിക്കുന്ന സമൂഹമാണ് ഇന്ത്യയുടേത്. മതങ്ങള്‍ പൊതുവേ യാഥാസ്ഥിതികമാണ്. ബാഹ്യപ്രേരണയില്ലാതെ അവ വിശ്വാസങ്ങളും ആചാരങ്ങളും മാറ്റാന്‍ കൂട്ടാക്കാറില്ല. മാറ്റാനുള്ള ബാഹ്യ പ്രേരണകള്‍ക്ക് ശക്തമായി എതിരുനില്‍ക്കുകയും ചെയ്യും.
അയിത്താചാരം, സ്വര്‍ഗ്ഗസ്‌നേഹം തുടങ്ങിയവ ഉദാഹരണങ്ങളാണ്. സ്വവര്‍ഗ്ഗസ്‌നേഹത്തെയും രതിയെയും ക്രൈസ്തവ സഭകള്‍ അടുത്തകാലം വരെ അംഗീകരിച്ചിരുന്നില്ല. ചില സഭകള്‍ ഇപ്പോഴും അംഗീകരിക്കുന്നില്ല. ഭൂമി ഉരുണ്ടതാണെന്നും സുര്യനു ചുറ്റും വലംവയ്ക്കുന്ന ഗ്രഹമാണെന്നുമുളള ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ക്കുപോലും സഭ എതിരുനിന്നു. ചാതുര്‍വര്‍ണ്യവും അയിത്താചാരവും ഹിന്ദുമതവിശ്വാസത്തിന്റെ ഭാഗമാണ്. നൂറ്റാണ്ടുകള്‍ നിലനിന്ന ഈ ആചാരങ്ങള്‍ കുറെയൊക്കെ മാറിയത് സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനഫലമായും, ഭരണഘടന നല്‍കിയ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ ഫലമായുമാണ്. അതായത് ഇന്ത്യന്‍ ഭരണഘടന സാമൂഹ്യപരിഷകരണോന്മുഖമായ ഒന്നാണ്. ഭരണഘടന അസംബ്ലിയില്‍ മതനിരപേക്ഷതയെ സംബന്ധിച്ച ചര്‍ച്ചയില്‍ ബി ആര്‍ അംബേദ്കര്‍ പറഞ്ഞു: 'നമ്മുടെ മൗലികാവകാശങ്ങളുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്ന അസമത്വങ്ങളും വിവേചനങ്ങളും മറ്റും നിറഞ്ഞ സാമൂഹ്യ വ്യവസ്ഥിതിയെ പരിഷ്‌ക്കരിക്കുന്നതിനായിരിക്കണം ഈ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തേണ്ടത്'. 20-ാം നൂറ്റാണ്ടില്‍ ദളിത് സമൂഹം പൗരാവകാശങ്ങള്‍ക്കായി നടത്തിയ പ്രസ്ഥാനങ്ങളില്‍ മുഖ്യ ആവശ്യമായി ഉയര്‍ന്നുവന്നത് ക്ഷേത്ര പ്രവേശനമായിരുന്നു. 'തൊട്ടുകൂടാത്തവര്‍ക്ക്' ക്ഷേത്രപ്രവേശനം നിഷേധിക്കുന്നത് അവര്‍ക്കു ആരാധനക്കുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതിന്റെ പ്രശ്‌നം മാത്രമായിരുന്നില്ല, സാമൂഹ്യമായ അടിമത്വത്തിനെതിരായ ശക്തമായ മുന്നേറ്റംകൂടി ആയിരുന്നു. അതായത്, സമൂഹത്തില്‍ തുല്യതയും ധാര്‍മ്മികമായി പൂര്‍ണ്ണ അംഗത്വവും നേടുന്നതിനുള്ള ആദ്യചുവടുവെപ്പായിരുന്നു ക്ഷേത്രപ്രവേശനം. 'പ്രവേശനമല്ല, തുല്യതയാണ് പ്രശ്‌നമെന്ന്' ബി ആര്‍ അംബേദ്ക്കര്‍ പറഞ്ഞത് അതുകൊണ്ടാണ്. 90 വര്‍ഷങ്ങള്‍ക്കു ശേഷവും അവശേഷിക്കുന്ന പ്രശ്‌നം തുല്യതയുടേതുതന്നെയാണ്. ചട്ടങ്ങളിലൂടെയും, ആചാരങ്ങളിലൂടെയും സാമൂഹ്യമായ നടപടികളിലൂടെയും സ്ത്രീകളോടുള്ള വിവേചനം തുടരുന്ന സമൂഹമാണ് നമ്മുടേത്. ഭൗതികമായ നിഷേധത്തിന്റെയും അക്രമത്തിന്റെയും രൂപത്തിലാണ് ഇത് കൂടുതലും കാണപ്പെടുന്നത്. അതിനാല്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനുള്ള പോരാട്ടം ഒരു മതവിശ്വാസത്തെ തകര്‍ക്കുന്നതിനുള്ളതോ അയ്യപ്പസ്വാമിയുടെ ബ്രഹ്മചര്യ ശപഥത്തെ തുരങ്കംവയ്ക്കുന്നതിനുള്ളതോ ഉള്ളതല്ല, മറിച്ച്, സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യ അവകാശങ്ങള്‍ നിഷേധിക്കുന്ന സമൂഹമായി നമ്മള്‍ തുടരില്ല എന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയുള്ളതാണ്. ക്ഷേത്രപ്രവേശന പ്രശ്‌നത്തില്‍ ഭരണഘടന പ്രസക്തമായി മാറിയത് അങ്ങനെയാണ്.
വിശ്വാസങ്ങളിലും ആചാരങ്ങളിലും സുപ്രീം കോടതിക്ക് ഇടപെടാമോ എന്നതാണ് മറ്റൊരു ചോദ്യം. അവര്‍ണ്ണര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ അശുദ്ധമാകുമെന്നത് വിശ്വാസമായിരുന്നു; അതിനാല്‍ ക്ഷേത്രത്തിന്റെ ചുറ്റുമതിലിനു പുറത്തുള്ള വഴിയിലൂടെപ്പോലും അവരെ തടയുന്നത് ആചാരവും. രണ്ടും ഒരു രാജശാസനംകൊണ്ട് ഇല്ലാതായി. അവര്‍ണ്ണര്‍ പ്രവേശിച്ചതുകൊണ്ട് ഒന്നും സംഭവിച്ചില്ല. ജാതിയുടെ പേരില്‍ പ്രവേശനം നിഷേധിക്കാനാവില്ലെങ്കില്‍ ലീംഗത്തിന്റെ പേരിലും നിഷേധിക്കാനാവില്ല എന്നവാദത്തിന് ആധാരം ഇതാണ്.

Write A Comment

 
Reload Image
Add code here