മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ കുറ്റകരമായ മൗനം

Thu,Aug 02,2018


മഴ! മഴയോടു മഴ! ആഴ്ചകളായി നിറുത്താതെ പെയ്യുന്ന മഴ! ഇതാണ് കേരളത്തിലെ ഇന്നത്തെ അവസ്ഥ. വെള്ളപ്പൊക്കവും ഉരുള്‍പോട്ടലും മണ്ണിടിച്ചിലും മരംവീഴലും മൂലം അനേകം പേരുടെ ജീവനാണ് പൊലിഞ്ഞത്. പലയിടത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിട്ട് ആഴ്ചകളായി. പല സ്‌കൂളുകളും അഭയകേന്ദ്രങ്ങളാണ്. ജലനിരപ്പ് ഉയര്‍ന്ന ഇടുക്കി അണക്കെട്ട് തുറന്നുവിടുന്നത് ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചും സംഭവിച്ചേക്കാവുന്ന ജീവഹാനിയെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും മാദ്ധ്യമങ്ങള്‍ വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്നതാണ് കേരളത്തിലെ പ്രധാന വിശേഷം. ഇടുക്കി ഡാമിന്റെ ഷട്ടര്‍ വെറും 60 സെന്റീമീറ്റര്‍ (60 മീറ്ററല്ല എന്നോര്‍ക്കണം) ഉയര്‍ത്തിയാല്‍ താഴേക്കു പതിക്കുന്ന ജലം പതിനായിരക്കണക്കിന് പേരുടെ ജീവന് ഭീഷണി ഉയര്‍ത്തുമെന്ന് പറയുന്ന ചില മാദ്ധ്യമങ്ങള്‍, വെള്ളം ഒഴുകി വരുന്ന റൂട്ടുകളും വെള്ളത്തിനടിയിലാകുന്ന പ്രദേശങ്ങളും വരെ മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചാണ് കേരളത്തില്‍ ഭീതിയുടെ പെരുമഴ പെയ്യിക്കുന്നത്.
ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണ് ഇടുക്കിയിലേത്. 1976 ഫെബ്രുവരി 12നാണ് കനേഡിയന്‍ സഹായത്തേടെ നിര്‍മ്മിച്ച ഈ ജലവൈദ്യുത പദ്ധതി അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കമ്മീഷന്‍ ചെയ്തത.് ഐ.എസ് 456-2000 അനുസരിച്ചുള്ള എം - 40 കോണ്‍ക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആര്‍ച്ച് ഡാം നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോള്‍ താപനില കുറയ്ക്കുന്നതിനായി വെള്ളത്തിനു പകരം ഐസ് ആണ് ഉപയോഗിച്ചിരുന്നത്. പിന്നീട് കൊണ്‍ക്രീറ്റ് കൂള്‍ ചെയ്യുകയും എന്തെങ്കിലും വിള്ളലുകള്‍ ഉണ്ടോ എന്നറിയാന്‍ എക്‌സ്‌റേ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്ക വിധത്തില്‍ പ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്. അതായത് കഷ്ടി 42 കൊല്ലത്തെ പഴക്കം മാത്രമുള്ളതും ഏഷ്യയിലെ ഏറ്റവും ബലവത്തായതുമായ അണക്കെട്ട് ഉയര്‍ത്തുന്ന 'സുരക്ഷാ ഭീഷണി'യെക്കുറിച്ചാണ് ഈ പച്ചക്കള്ളങ്ങള്‍ മലയാള മാദ്ധ്യമങ്ങള്‍ പടച്ചുവിടുന്നത് എന്നതാണ് രസകരം. അതേ സമയം 50 വര്‍ഷത്തെ ആയുസ് കണക്കാക്കി 123 കൊല്ലം മുമ്പ് നിര്‍മ്മിച്ചതും ഇടുക്കി ഡാമിനും മുകളില്‍ സ്ഥിതിചെയ്യുന്നതുമായ ലോകത്തിലെ ഏറ്റവും പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് ഇക്കുറി മാദ്ധ്യമങ്ങളും കേരള ജനതയും ഒന്നും മിണ്ടുന്നില്ല.
കുറ്റകരമായ ഈ മൗനം എന്തുകൊണ്ടാണ്? മുല്ലപ്പെരിയാറിനെ തൊട്ടുകളിച്ചാല്‍ തമിഴ്മക്കളുടെ പ്രതികരണം ഭയന്നാകാം. അതുമല്ലെങ്കില്‍, പറഞ്ഞിട്ടു കാര്യമില്ല എന്ന ചിന്തകൊണ്ടാകാം. കേരളത്തിലെ അഞ്ചു ജില്ലകളെയും അവിടെയുള്ള 40 ലക്ഷത്തോളം ജനങ്ങളെയും എണ്ണമറ്റ ജീവജാലങ്ങളെയും പ്രകൃതി സമ്പത്തും നശിപ്പിക്കാന്‍ കഴിയുന്നത്ര മാരക ശേഷിയുള്ള ജലബോംബാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്നാണ് മുന്‍കാലങ്ങളില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. ഇടുക്കി ഡാമില്‍ ഇപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്ന മഴയുടെയും, നീരൊഴുക്കിന്റെയും തോതിനു ഏതാണ്ട് തുല്യമായിത്തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കും വെള്ളം എത്തുന്നുണ്ട്. ആ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേയ്ക്ക് അടുക്കുന്നു എന്നാണ് ഇപ്പോഴത്തെ വിവരം. എന്നാല്‍ അണക്കെട്ട് എപ്പോള്‍ തുറക്കുമെന്നത് സംബന്ധിച്ച് കേരളത്തിന് ഇതുവരെയും വ്യക്തതയില്ല. കേരള സംസ്ഥാനത്ത് തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള അണക്കെട്ടിന്റെ ഷട്ടര്‍ ഓപ്പറേറ്റിങ് മാനുവല്‍ സംസ്ഥാനത്തിന് കൈമാറാന്‍ തമിഴ്‌നാട് ഇതുവരെയും തയാറായിട്ടില്ല. ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142 ന് മുകളിലേയ്ക്ക് എത്താതെ നിയന്ത്രിച്ച് നിര്‍ത്താന്‍ തമിഴ്‌നാട് എന്ത് നടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതും കേരളത്തിന് തിരിച്ചടിയാകുന്നു. 2015-ല്‍ സമാന സ്ഥിതിയുണ്ടായപ്പോള്‍ അപ്രതീക്ഷിതമായി തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നത് പെരിയാര്‍ തീരദേശവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇടുക്കി കളക്ടര്‍, തേനി കളക്ടറുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധം അറിയിക്കുന്ന സാഹചര്യവും അന്നുണ്ടായി. അന്നുമുതല്‍ ഷട്ടര്‍ ഓപ്പറേറ്റിങ് മാനുവല്‍ കേരളം ആവശ്യപ്പെടുന്നതാണ്. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമതിയിലും ഉപസമിതിയിലും കേരളം ഈ ആവശ്യം ആവര്‍ത്തിച്ചു. എന്നാല്‍ നാളിതുവരെ ഇത് നല്‍കാന്‍ തമിഴ്‌നാട് കൂട്ടാക്കിയിട്ടില്ല. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മേല്‍നോട്ട, ഉപസമിതികളില്‍ കേരള നിലപാടുകള്‍ക്ക് വേണ്ടി ശക്തമായി വാദിച്ചിരുന്ന ഉദ്യോഗസ്ഥരും ഇപ്പോഴില്ല. പുതിയ ആളുകള്‍ വിഷയം പഠിച്ചുവേണം അവതരിപ്പിക്കാന്‍. എന്നാല്‍ തമിഴ്നാട് മുല്ലപ്പെരിയാര്‍ വിഷയം കൈകാര്യം ചെയ്യാന്‍ വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം പോലും പ്രയോജനപ്പെടുത്തുന്നുണ്ട്. ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം നിലനില്‍ക്കുകയാണ്. മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നാല്‍ ഇവിടെനിന്നുള്ള വെള്ളവും പെരിയാര്‍ നദിയിലൂടെ ഇടുക്കിയിലാണ് എത്തുന്നത്.
1895ല്‍ നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് 999 വര്‍ഷത്തേയ്ക്കാണ് തമിഴ്‌നാട് പാട്ടത്തിനെടുത്തിരിക്കുന്നത്. അണക്കെട്ട് നിലനില്‍ക്കുന്നത് കേരളത്തിന്റെ സ്ഥലത്താണെങ്കിലും, അതിന്റെ നിയന്ത്രണം തമിഴ്‌നാടിന്റെ കൈവശമാണ്. ലോകത്തില്‍ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. നിര്‍മ്മാണ കാലഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു ഇത്. ശര്‍ക്കരയും ചുണ്ണാമ്പും ചേര്‍ന്ന സുര്‍ക്കി മിശ്രിതം ഉപയോഗിച്ചു നിര്‍മ്മിച്ച അണക്കെട്ടുകളില്‍ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് കേരളത്തിലെ പശ്ചിമഘട്ടപ്രദേശത്തുനിന്നും മഴനിഴല്‍ പ്രദേശങ്ങളായ, മധുര, തേനി തുടങ്ങിയ മേഖലയില്‍ ജലസേചനം നടത്തുന്നതിനായി ബ്രിട്ടീഷുകാരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി തിരുവിതാംകൂര്‍ രാജഭരണകൂടം നിര്‍മ്മിച്ചതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. കേരളത്തില്‍ത്തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. 1961 ലെ വെള്ളപ്പൊക്കത്തോടുകൂടിയാണ് യഥാര്‍ത്ഥത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിര്‍വാദങ്ങളും ഉയര്‍ന്നുവന്നത്. സുര്‍ക്കി മിശ്രിതം ഉപയോഗിച്ചു പണിത കാലപ്പഴക്കം ചെന്ന ഈ അണക്കെട്ടിന് ശക്തമായ വെള്ളപ്പാച്ചിലിനെ തടയാന്‍ കഴിയില്ല; അതുകൊണ്ടുതന്നെ അണക്കെട്ടിന്റെ താഴ്വരയില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് സുരക്ഷാഭീഷണിയുണ്ടെന്ന് അക്കാലത്ത് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2014 മെയ് 7ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ വിധി തമിഴ്‌നാടിന് അനുകൂലമായി വന്നു. 136 അടിയില്‍ നിന്നും 142 അടിയായി ജലനിരപ്പ് ഉയര്‍ത്താമെന്നും, അണക്കെട്ടിന്റെ നിരീക്ഷണത്തിന് ഒരു മൂന്നംഗ സമിതിയെ നിയോഗിക്കാമെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു.
പെരിയാര്‍ പാട്ടക്കരാര്‍ ഇന്ത്യ സ്വതന്ത്രയാവുന്നതിനു മുമ്പ് നിലവില്‍ വന്നതാണെന്നും, ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയപ്പോള്‍ ബ്രിട്ടീഷുകാരും, ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും, കരാറുകളും സ്വയമേവ റദ്ദായി എന്ന് കേരളം സുപ്രീംകോടതിയില്‍ വാദിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. ഒരു അണക്കെട്ടിന്റെ കാലാവധി അമ്പതു വര്‍ഷമാണെന്നിരിക്കേ 123 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയെക്കുറിച്ചാണ് രാജ്യം മൗനം പാലിക്കുന്നത്. ദുര്‍ബലമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവര്‍ക്കും, കേരളത്തിലെ അഞ്ചു ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന വാദം കേരളമുയര്‍ത്തുമ്പോള്‍, ഇതിനെക്കുറിച്ചു നടന്നിട്ടുള്ള ശാസ്ത്രീയ പഠനങ്ങള്‍ ചൂണ്ടിക്കാണിച്ച് കേരളത്തിന്റെ വാദങ്ങള്‍ക്ക് കഴമ്പില്ലെന്നാണ് തമിഴ്‌നാട് പറയുന്നത്. കോടതി വിധിയുടെ ബലത്തില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ത്താനുള്ള അവരുടെ തീരുമാനത്തെ എതിര്‍ക്കുന്നതിനിടയിലാണ് ഇപ്പോള്‍ അതിവൃഷ്ടിമൂലം ജലനിരപ്പ് ഉയര്‍ന്ന് സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ ഭീതിയോടെ കാണുന്നത്. ജലനിരപ്പ് ഉയരുന്നതിന് ആനുപാതികമായി കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടണം എന്ന അഭ്യര്‍ഥന പോലും തമിഴ്‌നാട് നിഷ്‌കരുണം തള്ളിക്കളഞ്ഞിരിക്കുകയാണ്. മാത്രമല്ല മുല്ലപ്പെരിയാറിനും അതിന്റെ താഴ്‌വാരങ്ങളിലും ഉള്ളവര്‍ക്ക് സുരക്ഷാ ഭീഷണി ഉണ്ടെങ്കില്‍ അത് പരിഹരിക്കേണ്ട ബാധ്യതയും കേരളത്തിനാണ് എന്ന മറുവാദം യാതൊരു മന:സാക്ഷിക്കുത്തും കൂടാതെ തമിഴ്‌നാട് ഉന്നയിക്കുകയും ചെയ്തു. യാതൊരു യുക്തിയുമില്ലാതെ വളരെ നിരുത്തരവാദ പരമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടും അത് ദശലക്ഷക്കരണക്കിനു ജനങ്ങള്‍ക്കും ഒരു സംസ്ഥാനത്തിനൊട്ടാകെയും ഉയര്‍ത്തുന്ന വെല്ലുവിളികളും സുരക്ഷാ പ്രശ്‌നങ്ങളും കോടതികളും കേന്ദ്ര-തമിഴ്‌നാട് സര്‍ക്കാരുകളും കൈകാര്യം ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്‌നമായി ഈ വിഷയം പരിഗണിക്കപ്പെടേണ്ടിയിരിക്കുന്നു. കഴിഞ്ഞമാസം ഒടുവില്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ലാവോസില്‍ നിര്‍മാണത്തിലിരുന്ന അണക്കെട്ട് ശക്തമായ മഴയില്‍ തകര്‍ന്ന് നിരവധിപേര്‍ മരണപ്പെട്ടതും നൂറുകണക്കിനു ജനങ്ങളെ കാണാതായതമായ സംഭവം കൂടി ഇതിനോട് കൂട്ടിവായിക്കാം. പ്രധാനപ്പെട്ട അണക്കെട്ടല്ല, സപ്ലൈ ഡാം ആണ് അവിടെ തകര്‍ന്നത്. മുല്ലപ്പെരിയാറിനെപോലെയോ ഇടുക്കിയെ പോലെയോ പ്രധാന ഡാം ആയിരുന്നുവെങ്കില്‍ ജീവനാശം പതിന്മടങ്ങാകുമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ലാവോസ് അണക്കെട്ട് അപകടത്തിന്റെ ഭാഗമായുണ്ടായ പ്രളയത്തുടര്‍ന്ന് ആറു ഗ്രാമങ്ങളാണ് വെള്ളത്തിനടയിലായത്. ആറായിരത്തിലധികം പേര്‍ ഭവനരഹിതരാവുകയും ചെയ്തു.
ഇത്തരം സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാല്‍ ഡീകമ്മീഷന്‍ ചെയ്യാനുള്ള യഥാര്‍ത്ഥ കാലാവധിയുടെ ഇരട്ടിയിലേറെ പിന്നിട്ട മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണിയും ഉണ്ടാകാനിടയുള്ള നാശനഷ്ടങ്ങളും പ്രവചനാതീതമാണ്. തമിഴ് നാടിന് ജീവിക്കാന്‍ മുല്ലപ്പെരിയാറിലെ വെള്ളം കൂടിയേ കഴിയൂ എന്ന ആവശ്യം ന്യായമാണ്. എന്നാല്‍ ഏതുനിമിഷവും നിലം പതിച്ചേക്കാവുന്ന പഴയ ഡാമില്‍നിന്നു മാത്രമേ വെള്ളം സ്വീകരിക്കൂ എന്ന വാദം കടുത്ത അന്യായവും പിടിവാശിയും മനുഷ്യത്വ രഹിതവുമാണ്. ഏതു പ്രശ്‌നത്തിനും പരിഹാരം വേണ്ടതാണ്. എന്നാല്‍ നിയമ നടപടികളിലൂടെ ഈ വിഷയം അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് തമിഴ്‌നാട് ശ്രമിക്കുന്നത്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിനും അവര്‍ എതിരു നില്‍ക്കുന്നു. രാഷ്ട്രീയമായ ലാഭംനോക്കി മാത്രം പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരും കണ്ണ് മൂടിക്കെട്ടിയ നീതിദേവതയും പരസ്പരം കൈകോര്‍ത്ത് നില്‍ക്കുന്ന കാലത്തോളം മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന്റെ ഉറക്കം കെടുത്തുന്ന ജലബോംബ് ആയി തുടരുക തന്നെ ചെയ്യും.

Other News

 • ഐഎസിനെതിരായ യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്
 • പാക് സുപ്രീം കോടതി ചാട്ടവാര്‍ വീശുന്നു
 • യുഎസ് സൈനിക പിന്മാറ്റം താലിബാന് നേട്ടമാകും
 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • Write A Comment

   
  Reload Image
  Add code here