ഇമ്രാന്റെ 'ഇന്നിംഗ്‌സി'ല്‍ ലോകത്തിന് ആശയക്കുഴപ്പം

Thu,Aug 02,2018


പാക്കിസ്ഥാന്റെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരിക്കും ഇനി രാജ്യത്തിന്റെ ക്യാപ്റ്റനെന്നത് ഏതാണ്ട് തീരുമാനമായി. മന്ത്രിസഭ ഉണ്ടാക്കാനുള്ള ഭൂരിപക്ഷം അദ്ദേഹത്തിന്റെ പാക്കിസ്ഥാന്‍ തെഹ്രീക്ക്-ഇ-ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിക്കില്ല, പക്ഷേ, ചെറു പാര്‍ട്ടികളെയും സ്വതന്ത്രരെയും കൂടെക്കൂട്ടി ഭൂരിപക്ഷം ഒപ്പിക്കാനുള്ള ശ്രമം ധൃതഗതിയില്‍ നടക്കുന്നു. അതേ സമയം ഭരണകക്ഷിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ നാല് പ്രമുഖ പ്രതിപക്ഷ കക്ഷികള്‍ സഖ്യം രൂപീകരിച്ചിട്ടുമുണ്ട്. പിടിഐക്ക് 115 സീറ്റുകള്‍ ഉള്ളപ്പോള്‍, പാക്കിസ്ഥാന്‍ മസ്ലീം ലീഗ് - നവാസ് (പിഎംഎല്‍-എന്‍), പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി), മുത്തഹിദ് മജ്‌ലിസ്-ഇ-അമല്‍ (എംഎംഎ), അവാമി നാഷണല്‍ പാര്‍ട്ടി (എഎന്‍പി) എന്നിവ ചേര്‍ന്ന പ്രതിപക്ഷ സഖ്യത്തിന് 117 പേരുടെ പിന്തുണയുണ്ട്. ജൂലൈ 25ന് നടന്ന തെരഞ്ഞെടുപ്പില്‍ നടന്ന വ്യാപകമായ അഴിമതിക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രക്ഷോഭം സംഘടിക്കികയാണ് സഖ്യത്തിന്റെ ലക്ഷ്യം. 25 വര്‍ഷങ്ങള്‍ക്കുമുമ്പ് പാക്കിസ്ഥാന്‍ ക്രീക്കറ്റ് ടീം ആദ്യമായി ലോകകപ്പ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ താന്‍പൊരിമയാല്‍ പ്രസിദ്ധമായിരുന്നു. അന്ന് കളി ജയിക്കാന്‍ കാരണക്കാരായ സഹപ്രവര്‍ത്തകരോട് നന്ദി പറയാന്‍ അദ്ദേഹം മറന്നുപോയി. 2018ലെ തന്റെ വജിയത്തിനു കാരണക്കാരായ ബോയ്‌സ് (അങ്ങനെയാണ് അവര്‍ വിശേഷിപ്പിക്കപ്പെടുന്നത്) അദ്ദേഹം മറക്കുമോ? ഇതൊന്നും പക്ഷേ, പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയാകാന്‍ 20 വര്‍ഷമായി ഇമ്രാന്‍ ഖാന്‍ സൂക്ഷിക്കുന്ന മോഹങ്ങള്‍ക്ക് വലിയ മങ്ങല്‍ ഏല്പിക്കുന്നില്ല. അതിനാല്‍ത്തന്നെ പിടിഐ ഗവണ്മെന്റ് എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ ലോകം ശ്രമം തുടങ്ങി. പക്ഷേ, അത് ആഗോളതത്തില്‍ വലിയൊരു ചിന്താക്കുഴപ്പത്തിനു കാരണമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബാഹ്യലോകത്തിന്റെ പ്രതിസന്ധി
സൈന്യത്തിന്റെ നഗ്നമായ ഇടപെടലും വ്യാപകമായ തെരഞ്ഞെടുപ്പ് അഴിമതിയും മുതലാക്കി അധികാരത്തില്‍ വരുന്ന ഒരു ഗവണ്മെന്റ് പാക് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയല്ല, പിന്നോട്ടുതള്ളുകയാണ് ചെയ്യുന്നതെന്നതാണ് ഒന്നാമത്തെ കാര്യം. പാക് ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ജനാധിപത്യലോകത്തിന് സൈനിക സഹായത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്മെന്റിനെ എങ്ങനെ പിന്തുണയ്ക്കാനാകും? ഇമ്രാന്‍ ഏതു തരത്തിലുള്ള പ്രധാനമന്ത്രി ആയിരിക്കും എന്ന് അറിയുന്നതുവരെ കാത്തിരിക്കണമെന്ന് വാദിക്കുന്നവരുണ്ട്. ഇമ്രാന്‍ വാക്കുകള്‍ അദ്ദേഹം അതേപടി പ്രയോഗത്തില്‍ വരുത്തുമെങ്കില്‍ ഏറെയൊന്നും കാത്തിരുന്നിട്ടും പ്രതീക്ഷിച്ചിട്ടും കാര്യമില്ല. സമൂഹ പുരോഗതിയെ തടയുന്ന മതമൗലികവാദികളോടുള്ള ഖാന്റെ ചങ്ങാത്തമാണ് മറ്റൊന്ന്. ബലാല്‍സംഗ കേസുകള്‍ പ്രോസിക്യൂട്ട് ചെയ്യുന്നതിന് തടസ്സം നല്‍ക്കുന്ന മതനിയമങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്ന തുറന്ന പിന്തുണ ഉദാഹരണമാണ്. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പാക്കിസ്ഥാനിലെ അയവില്ലാത്തതും ദൂരുപയോഗം ചെയ്യപ്പടുന്നതുമായ ദൈവ/മതനിന്ദാ നിയമത്തിന്റെ വക്താവായിട്ടാണ് അദ്ദേഹം സ്വയം അവതരിപ്പിച്ചത്. സൈന്യം ആഗ്രഹിക്കുന്നതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിയാത്ത ഗവണ്മെന്റായിരിക്കും അദ്ദേഹം നയിക്കുക എന്നതാണ് മറ്റൊരു പ്രശ്‌നം. അതിനര്‍ത്ഥം അഫ്ഗാനിസ്ഥാനിലും ഇന്ത്യയിലും ഭീകരാക്രമണങ്ങള്‍ നടത്തുന്ന സായുധ സംഘങ്ങളെ അദ്ദേഹം സംരക്ഷിക്കും, സൈന്യത്തിന്റെ സാമ്പത്തിക താല്പര്യങ്ങള്‍ പരിരക്ഷിക്കും അമേരിക്കാവിരുദ്ധ, ഇന്ത്യാവിരുദ്ധ വികാരങ്ങള്‍ ആളിക്കത്തിക്കും. പാക്കിസ്ഥാന്‍ അകപ്പെട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അദ്ദേഹത്തിനാവില്ല എന്നതാണ് വേറൊരു കാര്യം. പാക്കിസ്ഥാന്‍ സമ്പദ് രംഗം ഇപ്പോള്‍ ബാലന്‍സ് ഓഫ് പേമെന്റിന്റ് പ്രതിസന്ധിയുടെ വക്കിലാണ്. വൈകാതെ അന്തര്‍ദ്ദേശീയ നാണയനിധിയെ സമീപിക്കേണ്ട അവസ്ഥ സംജാതമാകും. ഇതൊന്നും സാധാരണ പാക്കിസ്ഥാനിക്കെന്നതുപോലെ ലോകത്തിനും നല്ലതല്ല. ഒരു പക്ഷേ, കടുത്ത യാഥാര്‍ത്ഥ്യങ്ങളുമായി ഏറ്റുമുട്ടുമ്പോള്‍ അദ്ദേഹം മാറുമായിരിക്കും. ഉദാഹരണത്തിന്, ഐഎംഎഫിന്റെ സഹായം യുഎസിന്റെ പിന്തുണയെ ആശ്രയിച്ചാണിരിക്കുന്നത്. ഇക്കാര്യത്തില്‍ ഐഎംഎഫിന്റെ നടപടികള്‍ നിരീക്ഷിച്ചുവരുകയാണെന്ന് യുഎസ് ഗവണ്മെന്റ് വൃത്തങ്ങള്‍ ഈയിടെ പ്രസ്താവിച്ചിരുന്നു. അമേരിക്കയോടുളള ശത്രുത നിലനിറുത്തുകയും ഐഎംഎഫിന്‍നിന്ന് ഒരു ബെയിലൗട്ട് പ്രതീക്ഷിക്കുകയും ചെയ്യാന്‍ ഇമ്രാന് കഴിയില്ല. അമേരിക്കയും ഐഎംഎഫും കയ്യൊഴിയുമ്പോള്‍ ഒരു പക്ഷേ, ചൈന സഹയഹസ്തവുമായി രംഗത്തു വന്നേക്കാം. ഇന്ത്യക്കെതിരെ ഒരു ശത്രുവിനെ നിതാന്തമായി നിലനിറുത്താനും യുഎസിനെ മത്സരത്തില്‍ വെല്ലാനുമായി ചൈന അതിന് തയ്യാറാകുമെന്ന് ചില വിദഗ്ധര്‍ വിശ്വസിക്കുമ്പോള്‍, ചൈനയ്ക്ക് അതിനു കഴിയില്ല എന്ന കുരുതുന്നവരുമുണ്ട്. അഥവാ അങ്ങനെ ചെയ്താല്‍ പാക്കിസ്ഥാന്റെ കഴുത്തില്‍ കുടുക്കു മുറുക്കിക്കൊണ്ടായിരിക്കും അതിനവര്‍ തയ്യാറാകുക.
ഗവണ്മെന്റ് സൈന്യത്തിന്റെ നിയന്ത്രണത്തിലമരും
തെരെഞ്ഞെടുപ്പില്‍ കൃത്രിമം നടത്തി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയെ അധികാരത്തിലേറ്റിയതിലൂടെ സൈന്യം നടത്തിയത് മറ്റൊരു അട്ടിമറിയാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. പിടിഐക്ക് അനുകൂലമായി കാര്യങ്ങള്‍ മാറിമറിയുംവിധമുള്ള എല്ലാ കാര്യങ്ങളും പാക്കിസ്ഥാന്റെ ഭരണം നിയന്ത്രിക്കുന്ന ശക്തികള്‍ ഒരുക്കി. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ സമ്മര്‍ദ്ദങ്ങളിലൂടെ കൂറുമാറ്റി ഇമ്രാന്റെ പാര്‍ട്ടിയില്‍ എത്തിച്ചു. എതിരാളികളെ ദുര്‍ബ്ബലമാക്കുന്നതിനുള്ള കാര്യങ്ങളെല്ലാം സൈന്യം ചെയ്തു. തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക് തുല്യമായ അവസരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഫലങ്ങളെല്ലാം മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ അഴിമതിക്കെതിരായ യുദ്ധത്തിന്റെ പേരില്‍ പിടിഐയുടെ മുഖ്യ എതിരാളിയായ നവാസ് ഷരീഫും മകള്‍ മറിയവും ജയിലില്‍ അടക്കപ്പെട്ടു. പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്(നവാസ്)നോട് മൃദുസമീപനം പുലര്‍ത്തിയ മാദ്ധ്യമ സ്ഥാപനങ്ങളെയും പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തി. അങ്ങനെ നിശബ്ദമാക്കപ്പെട്ട മാദ്ധ്യമ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ പാക്കിസ്ഥാന്റെ സ്ഥാപക നേതാവായ മുഹമ്മദ് അലി ജിന്ന സ്ഥാപിച്ച ഡാണ്‍ പത്രവും ഉള്‍പ്പെടുന്നു. ഭീകര സംഘടനകള്‍ക്കെതിരായ യുദ്ധത്തില്‍ നവാസ് ഷെരീഫിന്റെ ഗവണ്‍മെന്റും സൈന്യവും തമ്മിലുള്ള ഭിന്നതകള്‍ ആ പത്രം പുറത്തുകൊണ്ടുവന്നതാണ് പ്രശ്‌നമായത്. നവാസ് ഷെരീഫിന്റെ പാര്‍ട്ടിയെ തളയ്ക്കാന്‍ ഭീകരവാദികളുടെയും മതമൗലികവാദികളുടെയും രംഗത്തുകൊണ്ടുവന്നു. ആഗോള ഭീകരരന്‍ ഹാഫിസ് സായിദ് നയിച്ച സംഘടന, മതനിന്ദ നടത്തുന്നവന്റെ തല വെട്ടണമെന്നാവശ്യപ്പെടുന്ന ഖാദിം ഹുസൈന്‍ റസ്വിയുടെ തെഹ്രീക്ക്-ഇ-ലബ്ബൈക്ക് പാര്‍ട്ടി തുടങ്ങിയവയ്ക്ക് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അനുമതി നല്‍കി. അവരുടെ സാന്നിധ്യം ഇസ്‌ലാമിക ജിഹാദികളുടെകൂടി പിന്തുണയുണ്ടായിരുന്ന പിഎംഎല്‍-എന്‍ന്റെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കി. പഞ്ചാബില്‍ പല സീറ്റുകളിലും ഇമ്രാന്റെ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ അത് സഹായിച്ചു. പാക്കിസ്ഥാനിലെ ദുര്‍ബ്ബലമായ ജനാധിപത്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റുകളെ എല്ലായ്‌പ്പോഴും നിയന്ത്രിച്ചിരുന്നത് സൈന്യമായിരുന്നു. സ്വാതന്ത്ര്യാനന്തരമുള്ള നാളുകളില്‍ ഏറെക്കാലവും സൈന്യം ഭരണം നിയന്ത്രിച്ച രാജ്യത്ത് പിടിഐ ഭരണത്തില്‍ സൈന്യം പിടിമുറുക്കും. ഇമ്രാന്‍ ഖാന് ശക്തമായ ജനപിന്തുണയുണ്ടെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അഴിമതി കുറയ്ക്കുന്നതില്‍ വലിയ സംഭാവന ആ പാര്‍ട്ടി നല്‍കിയിട്ടുണ്ട്. ഖൈബര്‍പക്തുണ്‍ പ്രവിശ്യയില്‍ നല്ല ഭരണമാണ് പാര്‍ട്ടി കാഴ്ചവച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പുകള്‍ ഒരു നേതാവിന്റെ ജനപ്രീതിയും പാര്‍ട്ടിയുടെ സ്വാധീനവും അളക്കുന്നതിനുള്ള ഉപകരണം മാത്രമാണ്. 1992ലെ ലോക കപ്പ് ക്രിക്കറ്റ് പാക്കിസ്ഥാന് നേടിക്കൊടുത്ത ടീമിന്റെ ക്യാപ്റ്റന്റെ പാര്‍ട്ടിക്ക് അത്ര സാധ്യതയൊന്നും കാണപ്പെട്ടിരുന്നില്ല. അവിടെയാണ് ഷെരീഫിന്റെ പിഎംഎല്‍-എന്‍ പാര്‍ട്ടിയെയും ബിലാവല്‍ ഭൂട്ടോയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി(പിപിപി)യെയും പരാജയപ്പെടുത്തി പിടിഐയുടെ വിജയം സുനിശ്ചിതമാക്കാന്‍ തെരഞ്ഞെടുപ്പില്‍ കൃതൃമങ്ങള്‍ കാട്ടിയത്. എങ്കിലും 272 അംഗ ദേശീയ അസംബ്ലിയില്‍ ഇമ്രാന്റെ പാര്‍ട്ടിയുടെ എതിരാളികള്‍ കരുത്തരായി തുടരും. അതല്ലെങ്കില്‍ അവരെ ഒതുക്കാന്‍ ഇമ്രാന്റെ പാര്‍ട്ടിയെ സഹായിച്ച ശക്തികള്‍ രംഗത്തുവരണം. പ്രിയങ്കരനായ ഇമ്രാന് പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം ഉറപ്പാക്കാന്‍ സൈന്യം എന്തും ചെയ്യും.
സൈന്യം ഇമ്രാന് പാരയാകും പക്ഷേ, സൈന്യത്തോട് വളരെ 'കടപ്പെട്ടിരിക്കുന്ന' ഇമ്രാന്‍ ഏറ്റെടുക്കുന്ന പുതിയ പദവി അദ്ദേഹത്തിന് ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നവാസ് ഷെറീഫും സൈന്യത്തിന്റെ 'ഉല്പന്ന'മായിരുന്നു. സൈനിക ഭരണാധികാരി സിയാവുള്‍ ഹഖിന്റെ സഹായി എന്ന നിലയിലാണ് ഷെറീഫ് അധികാരത്തിലെത്തുന്നത്. പക്ഷേ, പിന്നീട് ഭരണത്തിലും പാക്കിസ്ഥാന്റെ സമ്പദ്ഘടനയിലും ആഴത്തില്‍ കൈകടത്തുന്ന സൈന്യവുമായി ഒത്തുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. സൈന്യത്തെ സിവിലിയന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കാന്‍ അദ്ദേഹം ശ്രമിച്ചു. അതിന്റെ ഫലമായാണ് അദ്ദേഹം സ്ഥാനഭ്രഷ്ടനായതും ജയിലിലായതും. പാക്കിസ്ഥാന്റെ വിദേശനയം പരമ്പരാഗതമായി വളരെ വിഷമകരമായ മേഖലയാണ്. അതിന്റെ പേരില്‍ സിവിലിയന്‍ ഗവണ്മെന്റുകളും സൈനിക നേതൃത്വവും തമ്മില്‍ എല്ലായ്‌പ്പോഴും സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. തന്ത്രപ്രധാനമായ വിദേശനയത്തിന്റെ നിയന്ത്രണം സൈനിക നേതൃത്വത്തിന് വിട്ടുകൊടുത്താല്‍ത്തന്നെയും അന്താരാഷ്ട്ര നയതന്ത്ര സമ്മര്‍ദ്ദങ്ങളില്‍നിന്നും പാക്കിസ്ഥാനിലെ ഗവണ്മെന്റിനു ഒഴിഞ്ഞുനില്‍ക്കാനാകില്ല. മേഖലയിലെ വിവിധ പ്രശ്‌നങ്ങളില്‍ പാകിസ്ഥാന്റെ സങ്കീര്‍ണ്ണമായ നിലപാടുകളും സ്വന്തം മണ്ണില്‍ പ്രവര്‍ത്തിച്ച് അയല്‍ രാജ്യങ്ങളില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്ന സംഘങ്ങളുടെ സാന്നിധ്യവുമാണ് അതിനു കാരണം. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് സമ്പദ്ഘടനയും വിദേശനയവും സുരക്ഷാ നയങ്ങളും വേറിട്ടുനില്‍ക്കുന്നതല്ല, പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതും പലപ്പോഴും ഒന്ന് മറ്റൊന്നിലേക്കു കടന്നുകയറുന്ന സ്വഭാവമുള്ളതുമാണെന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. വിദേശനയ കാര്യങ്ങളില്‍ സൈനിക നേതൃത്വവുമായി ഒത്തുപോകുന്നതിനു 2008-13 കാലത്തെ പിപിപി ഗവണ്മെന്റിനും ഇപ്പോള്‍ അധികാരമൊഴിഞ്ഞ പിഎംഎല്‍-എന്‍ ഗവണ്‍മെന്റിനും വളരെ ക്ലേശിക്കേണ്ടിവന്നു. രാജ്യത്തിന്റെ സിവിലിയന്‍, സൈനിക നേതൃത്വങ്ങള്‍ തമ്മിലുള്ള സന്തുലനത്തിന്റെ കാര്യത്തില്‍ ഇപ്പോഴും അസ്വാരസ്യമുണ്ടാക്കുന്ന വലിയൊരു ഘടകമായി അത് തുടരുകയാണ്. പി ടി ഐക്കും വ്യത്യസ്തമായൊരു അനുഭവം ഉണ്ടാകില്ല. തുടക്കത്തില്‍ അത് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാക്കിയെന്നിരിക്കില്ല. കഴിഞ്ഞ 5 വര്‍ഷക്കാലത്ത് സൈനിക നേതൃത്വത്തിന്റെ വിശ്വാസ്യത ആര്‍ജ്ജിക്കുന്നതിനു അവര്‍ക്കു കഴിഞ്ഞു എന്നൊരു പൊതു ധാരണയുണ്ട്. ഇമ്രാന്‍ ഖാന്റെ വിദേശനയ ഉപദേഷ്ടാക്കള്‍ സൈനിക നേതൃത്വത്തിന്റെ നിലപാടുകള്‍തന്നെയാണ് പ്രകടിപ്പിക്കുന്നത്. എന്നാല്‍ ഇമ്രാന്‍ ഖാന്‍ നേരിടുന്ന ആദ്യ വെല്ലുവിളി യുഎന്‍ ജനറല്‍ അസംബ്ലിയിലായിരിക്കും. അവിടെ വലിയ ശ്രദ്ധ ആകര്‍ഷിക്കുക പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങളായിരിക്കും. കാശ്മീര്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടുന്നതിനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങളില്‍നിന്നും അത് ശ്രദ്ധ തിരിച്ചുവിടും. കുറെ കാലത്തേക്ക് തന്റെ പതിവ് വാചോടോപങ്ങള്‍കൊണ്ട് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇമ്രാന് കഴിഞ്ഞെന്നിരിക്കും. എന്നാല്‍ 2018-19 ശൈത്യ കാലത്ത് ചേരുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ യോഗങ്ങള്‍ അദ്ദേഹത്തെ നിരാശനാക്കും.
ചൈനാ ബന്ധം
യുഎസുമായും ഒരു പരിധിവരെ അഫ്ഗാനിസ്ഥാനുമായും സൗദിയുമായുമുള്ള പാക്കിസ്ഥാന്റെ ബന്ധങ്ങളില്‍ സിവിലിയന്‍ ഗവണ്മെന്റിന്റെ പങ്ക് പരിമിതമായിരിക്കും. എന്നാല്‍ ചൈനയുമായുമുള്ള ബന്ധങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയും പാക്കിസ്ഥാന്റെ സാമൂഹ്യ സാമ്പത്തിക പരിവര്‍ത്തനത്തില്‍ ചൈനയുടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പങ്കുമാണ് കാരണം. പിടിഐക്കും ഇമ്രാന്‍ഖാനും ചൈനയില്‍ അത്രനല്ല പ്രതിഛായയൊന്നുമില്ല. അതിനു പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ഒന്നാമതായി, 2014ല്‍ പിടിഐ നടത്തിയ പ്രതിഷേധ ധര്‍ണ ഒരു ചൈനീസ് സംഘത്തിന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശനം വൈകിപ്പിക്കുന്നതിനിടയാക്കി. ചൈന,പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയോട് പാര്‍ട്ടിക്കുള്ള ചില എതിര്‍പ്പുകളും ബെയ്ജിങിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഇടനാഴിയോട് പി ടി ഐ നേതൃത്വത്തിലുള്ള ഖൈബര്‍പഖ്തുങ്കയിലെ പ്രവിശ്യ ഗവണ്മെന്റിന്റെ ആദ്യ പ്രതികരണം ബെയ്ജിങ്ങില്‍ സംശയങ്ങള്‍ ഉണര്‍ത്തുകയും ചെയ്തിരുന്നു. രണ്ടാമതായി, വടക്കേ അമേരിക്കയിലും യുറോപ്പിലുമുള്ള പാക്കിസ്ഥാനി പ്രവാസി സമൂഹത്തിനിടയില്‍ പിടിഐക്കുള്ള ജനപ്രീതി ബെയ്ജിങിന് പല തെറ്റിദ്ധാരണകളും സൃഷ്ടിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ കഴിയുന്ന പാക്കിസ്ഥാനികളായ വിദഗ്ധരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നു പിടിഐ പ്രഖ്യാപിച്ചിട്ടുണ്ട്. പിടിഐ നേതൃത്വത്തിനുമേലുള്ള പാശ്ചാത്യ സ്വാധീനത്തിന്റെ സൂചനയായിട്ടാണ് ബെയ്ജിങിലെ അക്കാഡമിക് വൃത്തങ്ങള്‍ ഇതിനെ കാണുന്നത്. ഭാവിയിലെ ഗവണ്‍മെന്റുമായി ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് ഇസ്ലാമാബാദിലെ ചൈനീസ് എംബസ്സി സന്നദ്ധത അറിയിച്ചുവെങ്കിലും ചൈനയുമായുള്ള ബന്ധങ്ങളില്‍ പിടിഐ അസ്വസ്ഥമായിട്ടാണ് കാണപ്പെടുന്നത്. ചൈനയുമായുള്ള ബന്ധങ്ങളില്‍ വിശ്വസ്തത കെട്ടിപ്പടുക്കുന്നതിനായി പൊതു തെരെഞ്ഞെടുപ്പിനു ഒരാഴ്ചമുമ്പുതന്നെ ഒരു പാക്കിസ്ഥാന്‍-ചൈന സഹകരണ യൂണിറ്റിന് പാര്‍ട്ടി രൂപം നല്‍കിയിരുന്നു. ചൈനയുമായുമുള്ള ബന്ധങ്ങള്‍ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന് തെരെഞ്ഞെടുപ്പ് പ്രകടനപത്രികയിലും പറഞ്ഞിരുന്നു. എന്നാല്‍ വരാന്‍പോകുന്ന ഗവണ്‍മെന്റിനോട് വളരെ പ്രായോഗികമായ സമീപനമാകും ചൈന സ്വീകരിക്കുക. ശ്രീലങ്കയിലെ പ്രധാന അടിസ്ഥാന സൗകര്യ നിര്‍മ്മാണ പദ്ധതികളില്‍ ചൈനയുടെ നിക്ഷേപങ്ങളില്‍ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരുന്ന യുണൈറ്റഡ് നാഷണല്‍ ഫ്രണ്ട് ഫോര്‍ ഗുഡ് ഗവേണന്‍സ് അധികാരത്തില്‍ വന്നപ്പോഴും സമാനമായ സ്ഥിതിവിശേഷം ചൈന നേരിട്ടിരുന്നു. പക്ഷേ, വൈകാതെ, ഇരു പക്ഷങ്ങളും പുതിയൊരു പ്രവര്‍ത്തന സംവിധാനത്തിന് വിജയകരമായി രൂപം നല്‍കി. ചൈനയുള്ള ബന്ധം സൈനിക നേതൃത്വവും നോക്കുക്കൊള്ളും. എന്നാല്‍ ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) ഇമ്രാന് പ്രയാസകരമായ ദൗത്യമായിരിക്കും. വലിയ വികസന പദ്ധതികളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍തന്നെയാകും ആദ്യ വെല്ലുവിളി. ഒരു സിപിഇസി അതോറിറ്റിക്ക് രൂപം നല്‍കണമെന്ന് സൈനിക നേതൃത്വം ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുന്‍ ഗവണ്മെന്റ് അതിനോട് വിമുഖത കാട്ടി. സിപിഇസി പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചൈനക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി ഒരു പ്രത്യേക സുരക്ഷാ വിഭാഗത്തിന് രൂപം നല്‍കിയപ്പോഴും സമാനമായ വിവാദം ഉണ്ടായിരുന്നു. സിവിലിയന്‍ നിയമ പരിപാലന ഏജന്‍സികളെ നിയന്ത്രിക്കുന്നതിനുള്ള ശ്രമമായിട്ടാണ് ഗവണ്മെന്റ് ആ നീക്കങ്ങളെ കണ്ടത്. അതിന്റെ പേരിലുള്ള ആശങ്കകള്‍ പിഎംഎല്‍-എന്‍ ഗവണ്മെന്റ് പ്രകടിപ്പിച്ചിരുന്ന സമയത്താണ് പാനമ രേഖകള്‍ പുറത്തായത്. അതിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദങ്ങളില്‍ പിന്നീട് വലിയ ചെറുത്തുനില്‍പ്പിനൊന്നും ഗവണ്മെന്റ് മുതിര്‍ന്നില്ല. മുന്‍ ഗവണ്മെന്റിന്റെ അനുഭവം ഖാന് പാഠമായിരിക്കും.
ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയിലെ പദ്ധതികള്‍ സാധാരണ പാക്കിസ്ഥാനികള്‍ക്ക് വലിയൊരു ഭാരമായി അനുഭവപ്പെടുകയാണ്. 15.56 ബില്യണ്‍ ഡോളര്‍ ചിലവഴിച്ചു നിര്‍മ്മിച്ച 19 വൈദ്യുത പദ്ധതികളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് അടുത്ത 20-30 വര്‍ഷക്കാലത്തേക്ക് നിരക്കിന്റെ ഒരു ശതമാനം പദ്ധതികളുടെ ചിലവിലേക്കായി തീരുവ ചുമത്തുന്നതിനു അനുവദിച്ചു. അതുപോലെ സിപിഇസി പദ്ധതികള്‍ക്കുള്ള സുരക്ഷാ ചിലവിലേക്കായി വൈദ്യുതി വിതരണ കമ്പനികള്‍ ഒരു യൂണിറ്റിന് 71 പൈസ തീരുവ ചുമത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇത് ബെയ്ജിങിന് ആശങ്ക സൃഷ്ടിക്കുന്നതാണ്. സിപിഇസിയെക്കുറിച്ചും ചൈനയെക്കുറിച്ചും പാക്കിസ്ഥാനി ജനതയില്‍ അവിശ്വാസം വളര്‍ത്തുന്നതിന് ഇതു കാരണമാകുമെന്നാണ് ബെയ്ജിങ് ഭയക്കുന്നത്. ചൈനയുമായുമുള്ള ബന്ധങ്ങളില്‍ ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങളും പാകിസ്ഥാനിലെ പുതിയ ഗവണ്മെന്റിനു അസ്വസ്ഥതയുണ്ടാക്കുന്ന ഘടകമാകും. ഖാന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും അതാകും. രാജ്യത്തെ ഭീകര സംഘടനകളുടെ സാന്നിധ്യത്തിന്റെ പേരില്‍ വാഷിങ്ടണില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും പാകിസ്ഥാന് കനത്ത സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടിവരും. വിദേശനയവുമായും സൈന്യവുമായും ബന്ധപ്പെട്ടതായ ചില പ്രശ്‌നങ്ങളില്‍ പുതിയ ഗവണ്മെന്റിനു ചില നിലപാടുകള്‍ സ്വീകരിക്കേണ്ടതായി വരുമെന്നാണ് ഇതിനര്‍ത്ഥം. ബാഹ്യമായ ഈ സമ്മര്‍ദ്ദങ്ങളെ രാജ്യത്തിനുള്ളില്‍ സൈനിക നേതൃത്വവുമായുള്ള ബന്ധങ്ങളുമായി എങ്ങനെ സമരസപ്പെടുത്തും എന്നതായിരിക്കും ഇമ്രാന്‍ നേരിടുന്ന വലിയ വെല്ലുവിളി. ഇന്ത്യയെയും പാശ്ചാത്യലോകത്തെയും സംബന്ധിച്ചിടത്തോളം ഖാനെ ഏറ്റെടുക്കുന്നത് വളരെ കരുതലോടെ ആയിരിക്കണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Other News

Write A Comment

 
Reload Image
Add code here