ഇതാ ഒരു മിടുമിടുക്കന്‍ മലയാളി; പതിനഞ്ചാം വയസില്‍ ബയോ മെഡിക്കല്‍ എന്‍ജിനിയര്‍

Thu,Aug 02,2018


ചെറുപ്പം മുതല്‍ക്കേ പഠന കാര്യത്തില്‍ മുമ്പേ പറന്ന സാക്രമെന്റോയില്‍ നിന്നുള്ള തനിഷ്‌ക് ഏബ്രഹാം എന്ന അമേരിക്കന്‍ മലയാളി മിടുക്കന്‍ വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു. പതിനഞ്ചാം വയസില്‍ യു.സി ഡേവിസില്‍ നിന്ന് ബയോ മെഡിക്കല്‍ എന്‍ജനിയറിംഗ് ബിരുദം തനിഷ്‌ക് സ്വന്തമാക്കിയിരിക്കുന്നു. സമപ്രായത്തിലുള്ള സമര്‍ഥര്‍ ഹൈസ്‌കൂളിലേക്ക് എത്തുമ്പോഴേക്കും തനിഷ്‌ക് ഡോക്ടറേറ്റ് പഠനത്തിന്റെ തിരക്കുകളില്‍ എത്തിക്കഴിഞ്ഞു. സാക്രമെന്റോയിലെ കമ്യൂണിറ്റി കോളജായ അമേരിക്കന്‍ റിവര്‍ കോളജില്‍ നിന്ന് പതിനൊന്നാം വയസില്‍ ഈ മിടുക്കന്‍ ഗ്രാജ്വേറ്റ് ചെയ്ത ശേഷമാണ് യു.സി ഡേവിസിലെത്തിയത്. പഠന കാര്യത്തില്‍ വിസ്മയകരമായ നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറുന്ന തനിഷ്‌കിന്റെ ദീര്‍ഘകാല സ്വപ്നം പൊതുജീവിതമാണ്. അതില്‍ സ്വപ്നം കാണുന്നത് അമേരിക്കന്‍ പ്രസിഡന്റ് പദവിയാണ്. അക്കാഡമിക് മേഖലയില്‍ തിളക്കങ്ങളുടെ കഥ മാത്രം റിക്കാര്‍ഡിലുള്ള തനിഷ്‌ക് തിരുവല്ല വടക്കേടത്ത് ബിജു ഏബ്രാഹം - ടാജി ദമ്പതികളുടെ മകനാണ്. ഒരു റോബോട്ടിക് കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജനിയറാണ് ബിജു. വെറ്ററിനറി സയന്‍സ് ഡോക്ടറാണ് ടാജി.
പതിനഞ്ചു വയസ് തികഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കു ശേഷം പിതൃദിനത്തിലാണ് തനിഷ്‌ക് എന്‍ജിനിയറിംഗ് ഡിഗ്രി ഏറ്റുവാങ്ങിയത്. ഗ്രാജ്വേഷന്‍ ക്യാപ്പില്‍ ഇങ്ങനെ കുറിച്ചിരുന്നു - ''12 ല്‍ തുടങ്ങി, 14 ല്‍ പൂര്‍ത്തിയാക്കി. വിശ്വസീക്കൂ ഞാന്‍ ഒരു എന്‍ജനിയറാണ്''. എന്റെ ഭര്‍ത്താവിനും ഡാഡിക്കും ലഭിച്ച ഏറ്റവും മികച്ച പിതൃദിന സമ്മാനമായിരുന്നു ഇതെന്ന് ടാജി പറഞ്ഞു. ടാജിയുടെ മാതാപിതാക്കളായ ഡോ.സക്കറിയ മാത്യുവും, ഡോ.തങ്കം മാത്യുവും വെറ്ററിനറി മെഡിക്കല്‍ ഡോക്ടര്‍മാരാണ്. ഇവര്‍ക്ക് തനിഷ്‌കിന്റെ ഗ്രാജ്വേഷന്‍ കാണാന്‍ കഴിഞ്ഞു എന്നത് ഏറെ ആഹ്ലാദം പകരുന്നുവെന്നും ടാജി കൂട്ടിച്ചര്‍ത്തു.
കിന്റര്‍ഗാര്‍ട്ടനില്‍ ചേര്‍ന്ന സമയത്താണ് തനിഷ്‌കിന്റെ അസാധാരണമായ പഠന മികവ് മാതാപിതാക്കള്‍ക്ക് ബോധ്യപ്പെട്ടത്. ഇംഗ്ലീഷും മാത്‌സും ആയിരുന്നു ഇഷ്ട വിഷയം. മറ്റു കുട്ടികള്‍ അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങുന്ന സമയത്ത് തനിഷ്‌കിന് പല ഗ്രേഡ് മുമ്പിലുള്ള കണക്കുകള്‍ അനായാസം വഴങ്ങിയിരുന്നു. പ്രീ സ്‌കൂള്‍, കിന്റര്‍ ഗാര്‍ട്ടന്‍, സെക്കന്‍ഡ് ഗ്രേഡ്, തേര്‍ഡ് ഗ്രേഡ് എന്നിവ കൊണ്ട് സ്‌കൂളില്‍ പോയുള്ള തനിഷ്‌കിന്റെ പഠനം അവസാനിച്ചു. സാക്രമെന്റോയില്‍ വീടിനു സമീപത്തുള്ള പബ്ലിക് സ്‌കൂളിലായിരുന്നു തനിഷ്‌കിന്റെ പഠനം. സ്‌കൂളില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രമാണ് തനിഷ്‌ക് പോയിരുന്നത്. സമപ്രായക്കാര്‍ ചെയ്യുന്ന പഠന കാര്യങ്ങള്‍ നിമിഷ നേരം കൊണ്ട് പൂര്‍ത്തിയാക്കുന്ന തനിഷ്‌കിന് ബാക്കി സമയം ബോറടിക്കുമായിരുന്നു. സ്‌കൂളില്‍ പോകാന്‍ തനിഷ്‌കിന് ഇഷ്ടമായിരുന്നുവെങ്കിലും പഠന കാര്യത്തില്‍ മുമ്പേ കുതിച്ചിരുന്ന മിടുക്കനെ കളിയാക്കാനാണ് പല സതീര്‍ഥ്യരും ശ്രമിച്ചത്. ചില അധ്യാപകര്‍കക്കും ഇതേ മനോഭാവമായിരുന്നുവെന്ന് ടാജി പറഞ്ഞു. തേര്‍ഡ് ഗ്രേഡിനു ശേഷം പൂര്‍ണമായും ഹോം സ്‌കൂളിംഗിലേക്ക് തനിഷ്‌കിനെ മാറ്റി. പത്താം വയസില്‍ ഈ മിടുക്കന്‍ ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ നടത്തി. കോളജിലേക്കു വേണ്ട പല ക്ലാസുകളും ഇതിനിടെ എടുത്തിരുന്നു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ എഡ്യൂക്കേഷന്‍ പ്രോഗ്രാം ഗിഫ്റ്റഡ് യൂത്തിന് നല്‍കുന്ന മാത്‌സ് കോഴ്‌സുകള്‍ ആറു മാസം കൊണ്ട് തനിഷ്‌ക് പൂര്‍ത്തിയാക്കി.
കൗമാരപ്രായത്തിലേക്ക് കടക്കും മുമ്പ് യു.സി ഡേവിസില്‍ പ്രവേശനം നേടിയ തനിഷ്‌കിന്റെ അക്കാഡമിക് മികവിനപ്പുറത്ത് പേരന്റിംഗ് വിഷയവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സാധാരണ കുട്ടിക്കാലം തനിഷ്‌കിന് നഷ്ടമാകുന്നുണ്ടോ എന്നും, പഠന സമ്മര്‍ദം നേരിടുന്നുണ്ടോ എന്നും പലരും സംശയങ്ങള്‍ ഉയര്‍ത്തി. തനിഷ്‌കിനും സഹോദരി ടിയാരയ്ക്കും സാധാരണ കുട്ടിക്കാലം നഷ്ടമായിട്ടില്ലെന്നാണ് ടാജി പറയുന്നത്. ഇരുവരും ക്വയര്‍ ഗ്രൂപ്പ് അംഗങ്ങളാണ്. നാലു വര്‍ഷം സ്വിമ്മിംഗ് സ്‌കൂളില്‍ പോയ ഇരുവരും ലെവല്‍ 10 സര്‍ട്ടിഫിക്കറ്റുകള്‍ നേടിയിരുന്നു. സോക്കര്‍, ടെന്നീസ്, പിംഗ് പോംഗ് എന്നിവയും ഇരുവരും ഇഷ്ടപ്പെടുന്നു. ബോളിവുഡ് - ഹോളിവുഡ് സിനിമകള്‍ കാണുന്നതിലും ഇരുവരും തല്‍പരരാണെന്ന് ടാജി പറഞ്ഞു. 12 വയസുള്ള ടിയരയും ഹോം സ്‌കൂളിംഗാണ് നടത്തുന്നത്. എട്ടാം ഗ്രോഡിലാണങ്കിലും ഹൈസ്‌കൂള്‍ - കോളജ് ക്ലാസുകളും ടിയാര എടുത്തു കൊണ്ടിരിക്കുന്നു.
ഗ്രാജ്വേഷനു ശേഷം തനിഷ്‌കിന് തിരക്കിന്റെ ദിനങ്ങളായിരുന്നു. യു.സി ഡേവിസ് മെഡിക്കല്‍ സെന്ററില്‍ തനിഷ്‌ക് ഉള്‍പ്പെട്ട ടീം തങ്ങളുടെ സീനിയര്‍ ഡിസൈന്‍ പ്രൊജക്ട് അവതരിപ്പിച്ചത് അതിനു ശേഷമാണ്. പിന്നീട് സതേണ്‍ കാലിഫോര്‍ണിയയില്‍ നടന്ന ബയോമെഡിക്കല്‍ എന്‍ജിനിയറിംഗ് കോണ്‍ഫറന്‍സില്‍ തന്റെ എന്‍ജിനിയറിംഗ് സീനിയര്‍ ഡിസൈന്‍ പ്രൊജക്ട് അവതരിപ്പിച്ചു. തുടര്‍ന്ന് യു.സി.ഡി എന്‍ട്രപ്ണര്‍ഷിപ് അക്കാഡമിയില്‍ നടന്ന ത്രിദിന ക്രാഷ് കോഴ്‌സില്‍ പങ്കെടുത്തു. പോസ്റ്റ് ഡോക്ടറല്‍, ഫാക്കല്‍റ്റി അംഗങ്ങള്‍ ഉള്‍പ്പെട്ട 45 ഗ്രൂപ്പിലെ 'ശിശു' ആയിരുന്നു തനിഷ്‌ക്.
ഫുള്‍ സ്‌കോളര്‍ഷിപ്പോടെ യു.സു ഡേവിസില്‍ ഡോക്ടററേറ്റിന് ജനുവരിയില്‍ തന്നെ തനിഷ്‌കിന് അഡ്മിഷന്‍ ലഭിച്ചിരുന്നു. നാലഞ്ചു വര്‍ഷ കൊണ്ട് ഡോക്ടറേറ്റ് പൂര്‍ത്തിയാക്കാനാണ് ഈ മിടുക്കന്‍ ലക്ഷ്യമിടുന്നത്. സിന്തറ്റിക് ബയോളജിയിലാണ് തനിഷ്‌കിന്റെ ഗവേഷണം നടത്തുക. കാന്‍സര്‍ രോഗബാധ കണ്ടെത്തുന്നതിനും, ചികിത്സിക്കുന്നതിനും സഹായകമാകുന്ന മേഖലയിലാണ് തനിഷ്‌ക് ഗവേഷണം നടത്താന്‍ പോകുന്നത്.
മണ്ണുത്തി വെറ്ററനറി കോളജില്‍ പഠിക്കുകയും, യു.സി ഡേവസില്‍ മാസ്റ്റേഴ്‌സ് ചെയ്ത ശേഷം അവിടെ തന്നെ പി.എച്ചഡി ക്ക് വേണ്ടി ഏതാനും വര്‍ഷം ചെലവഴിക്കുകയും ചെയത് ടാജി പിന്നീട് മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനു വേണ്ടി തന്റെ പ്രൊഫഷണല്‍ കാര്യങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. കൗമാരപ്രായത്തിലേക്ക് കടക്കും മുമ്പേ കോളജിലെത്തിയ തനിഷ്‌കിനെ കോളജില്‍ കൊണ്ടുപോവുക, തിരിച്ചു കൊണ്ടുവരിക, ടിയാരയുടെ ഹോം സ്‌കൂളിംഗ് നടത്തുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കുക തന്നെ ഏറെ സമയം വേണ്ടി വരുന്നുവെന്ന് ടാജി പറഞ്ഞു. വിശലാമായ യു.സി ഡേവിസ് കാമ്പസില്‍ തനിഷ്‌കിന് പല കേന്ദ്രങ്ങളിലായിരിക്കും ക്ലാസുകള്‍ ഉണ്ടാവുക. ജോലിയില്‍ നിന്ന് കുറച്ചു നേരത്തേക്ക് ബ്രേക്ക് എടുത്ത് ബിജുവും തനിഷ്‌കിനെ വിവിധ ക്ലാസുകളില്‍ എത്തിക്കാന്‍ വന്നിരുന്നുവെന്ന് ടാജി കൂട്ടിച്ചേര്‍ത്തു.
തിരുവല്ല വടക്കേടത്ത് കുടുംബാംഗമായ ഏബ്രഹാം - അന്നമ്മ ദമ്പതികളുടെ കൊച്ചുമകനാണ് തനിഷ്‌ക്. ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന ഈ ദമ്പതികള്‍ 1970 കളുടെ മധ്യത്തില്‍ അമേരിക്കയില്‍ എത്തി. ഇവര്‍ ഇപ്പോള്‍ പെന്‍സില്‍വേനയില്‍ താമസിക്കുന്നു. കുന്നംകുളം കൊട്ടിലില്‍ (ചെറുവത്തൂര്‍) കുടുംബാംഗമായ ഡോ.സക്കറിയ മാത്യു - ഡോ. തങ്കം മാത്യു ദമ്പതികളുടെ മകളാണ് ടാജി. കേന്ദ്ര സര്‍വീസ് ജീവനക്കാരായിരുന്ന ഇരുവരും ഡല്‍ഹി, ബോംബെ ഉള്‍പ്പെടെ ഇന്ത്യയുടെ പല ഭാഗത്തും ജോലി ചെയ്തിട്ടുണ്ട്. 25 വര്‍ഷം മുമ്പ് അമേരിക്കയില്‍ എത്തി. ന്യൂജേഴ്‌സിയിലായിരുന്ന ഇവര്‍ക്ക് പ്രായത്തിന്റെ അവശതകള്‍ വന്നതോടെ ഇപ്പോള്‍ ടാജിക്കൊപ്പമാണുള്ളത്.
എല്ലാവര്‍ക്കും ഉള്ളതുപോലെ 24 മണിക്കൂര്‍ മാത്രമേ ബിജു - ടാജി ദമ്പതികള്‍ക്കുമുള്ളു. പ്രായത്തിന്റെ അവശതകളുള്ള മാതാപിതാക്കളെ ശുശ്രൂഷിക്കാന്‍ സമയം കണ്ടെത്തുന്ന ദമ്പതികള്‍ മക്കള്‍ കുറഞ്ഞത് 9,10 മണിക്കൂര്‍ ഉറങ്ങണമെന്ന് ശഠിക്കാറുണ്ട്. സീനിയര്‍ ഇയറില്‍ ഏതാനും മാസമായി തനിഷ്‌ക് പഠന കാര്യത്തില്‍ കൂടുതല്‍ സമയം ചെലവഴിച്ചിരുന്നുവെന്നും 3,4 മണിക്കൂര്‍ മാത്രമാണ് ഉറക്കത്തിനു മാറ്റിവച്ചിരുന്നതെന്നും ടാജി പറഞ്ഞു.

Write A Comment

 
Reload Image
Add code here