റേറ്റിംഗില്‍ ഉയര്‍ച്ച; രാഷ്ട്രീയ ധ്രുവീകരണം ട്രമ്പിന് സഹായമാകുന്നു

Tue,Jul 31,2018


റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള ഉച്ചകോടിക്കുശേഷം കടുത്ത വിമര്‍ശനങ്ങള്‍ക്കിരയായിട്ടും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ ജനകീയ അംഗീകാരത്തില്‍ വര്‍ദ്ധനവ്. തന്റെ അസാധാരണമായ രാഷ്ട്രീയ ശൈലിയിലൂടെ ഏറ്റവും ഒടുവിലുണ്ടായ പ്രതിസന്ധിയെയും ട്രമ്പ് മറികടക്കുമെന്നതിന്റെ സൂചനയാണിത്. വാള്‍സ്ട്രീറ്റ് ജേണല്‍/എന്‍ബിസി സര്‍വേയില്‍ ട്രമ്പിന്റെ അംഗീകാരം 45%മായി ഉയര്‍ന്നതായി കണ്ടെത്തി. ജൂണിലെ അപേക്ഷിച്ച് ഒരു ശതമാനം കൂടിയിട്ടുണ്ട്. നാലു ദിവസം നീണ്ടുനിന്ന സര്‍വേ പുടിനുമായി സംയുക്ത വാര്‍ത്താ സമ്മേളനം നടത്തുന്നതിന് ഒരു ദിവസം മുമ്പ് ജൂലൈ 15നാണ് തുടങ്ങിയത്. യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തലുകളെ ട്രമ്പ് ചോദ്യംചെയ്തത് ആ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു.
റിപ്പബ്ലിക്കന്മാരില്‍ 88% പേര്‍ ട്രമ്പിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നു. ഇതിനു മുമ്പ് വൈറ്റ് ഹൗസിലുണ്ടായിരുന്ന നാല് പേരില്‍ സ്വന്തം പാര്‍ട്ടിയില്‍നിന്നും ഉയര്‍ന്ന അംഗീകാരം നേടാന്‍ കഴിഞ്ഞത് ജോര്‍ജ് ബുഷിന് മാത്രമായിരുന്നു. 2001 സെപ്റ്റംബര്‍ 11 നുശേഷം ട്രമ്പിന്റെ അതേ നിലവാരത്തിലുള്ള പിന്തുണതന്നെയാണ് ബുഷിനും കിട്ടിയിരുന്നത്. എന്നാല്‍ ആദ്യ ഊഴക്കാരനായ ഒരു പ്രസിഡന്റിന് ലഭിക്കുന്ന അംഗീകാരത്തിന്റെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ട്രമ്പ്. ഇത് ട്രമ്പിനുള്ള ഒരു മുന്നറിയിപ്പാണ്. കോണ്‍ഗ്രസിന്റെ അടുത്ത നിയന്ത്രണം സംബന്ധിച്ച ചോദ്യത്തിന് 6 പോയിന്റുകളുടെ ലീഡ് ഡെമോക്രറ്റുകള്‍ക്കുണ്ട്. ജൂണില്‍ 10 പോയിന്റുകളുടെ ലീഡുണ്ടായിരുന്നത് കുറയുകയാണ് ചെയ്തിട്ടുള്ളത്. ഏപ്രിലില്‍ 7 പോയിന്റുകളുടെ ലീഡും ഡെമോക്രറ്റുകള്‍ക്കുണ്ടായിരുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 49% അടുത്ത കോണ്‍ഗ്രസിനെ ഡെമോക്രറ്റുകള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 43% റിപ്പബ്ലിക്കന്മാര്‍ വേണമെന്ന് പറഞ്ഞു. റഷ്യയുമായുള്ള ബന്ധം രജിസ്റ്റര്‍ ചെയ്യിട്ടുള്ള വോട്ടര്‍മാരില്‍ 51% വാഷിങ്ങ്ടണും മോസ്‌കൊയും തമ്മിലുള്ള ബന്ധങ്ങളെ അംഗീകരിക്കുന്നില്ല. പുടിനുമായുള്ള ട്രമ്പിന്റെ ചങ്ങാത്തം വളരെ കൂടിപ്പോയെന്ന് അതിലും കൂടുതല്‍ വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. 2016ലെ തെരെഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ ഉണ്ടായെന്ന് 65% വോട്ടര്‍മാരും വിശ്വസിക്കുന്നു. 2017 ജൂണില്‍ അങ്ങനെ വിശ്വസിച്ചിരുന്നവരേക്കാള്‍ 8% കൂടുതലാണിത്.
തെരെഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതായുള്ള യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തലിനോട് യോജിക്കുന്നവരില്‍ 30%വും അത് ട്രമ്പിന് അനുകൂലമായെന്നു കരുതുന്നവരാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അങ്ങനെ കരുതിയിരുന്നവര്‍ 24% ആയിരുന്നു. ഈ വിഷയത്തില്‍ 50നു മുകളില്‍ പ്രായമുള്ള സ്ത്രീ വോട്ടര്‍മാര്‍ക്കിടയിലാണ് ഏറ്റവും വലിയ മാറ്റം സംഭവിച്ചതായി കാണുന്നത്. റഷ്യയുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ട്രമ്പ് തോല്‍ക്കുമായിരുന്നു എന്ന് പറഞ്ഞവര്‍ 45%മാണ്. ഒരു വര്‍ഷം മുമ്പ് അങ്ങനെ അഭിപ്രായപ്പെട്ടവര്‍ 22% മാത്രമായിരുന്നു. ട്രമ്പിന്റെ കുടിയേറ്റ നയമാണ് വളരെ ആശങ്ക പരത്തിയിട്ടുള്ള മറ്റൊരു പ്രശ്‌നം. അതിര്‍ത്തി സുരക്ഷ ട്രമ്പ് കൈകാര്യം ചെയ്യുന്ന രീതിയെ 51% അനുകൂലിക്കുന്നില്ല. രാജ്യത്ത് അനധികൃതമായി പ്രവേശിച്ച ആള്‍ക്കാരില്‍ മാതാപിതാക്കളില്‍നിന്നും മക്കളെ വേര്‍പെടുത്തിയ നടപടി 68% പേരും ഇഷ്ടപ്പെടുന്നില്ല. സമ്പദ്ഘടന കൈകാര്യം ചെയ്യുന്ന ട്രമ്പിന്റെ നടപടികളെ പകുതി പേരും പിന്തുണയ്ക്കുന്നു. ട്രമ്പിന് ഏറ്റവും കൂടുതല്‍ പിന്തുണ കിട്ടിയതും ആ ചോദ്യത്തിനാണ്. എന്നാല്‍ വ്യാപാര പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയെ ഭൂരിപക്ഷവും അംഗീകരിക്കുന്നില്ല. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവകള്‍ സാധാരണക്കാരായ അമേരിക്കക്കാര്‍ക്ക് ദോഷകരമാകുമെന്നാണ് 53%വും കരുതുന്നത്.
ഹെല്‍സിങ്കിയില്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തുന്നതിന് ഒരു ദിവസം മുമ്പാണ് സര്‍വേ വോട്ടെടുപ്പ് ആരംഭിച്ചതെന്നതിനാല്‍ സംഭവങ്ങളോടുള്ള വോട്ടര്‍മാരുടെ പ്രതികരണം പൂര്‍ണ്ണമായും അത് പ്രതിഫലിപ്പിക്കില്ല എന്നാണ് കരുതിയിരുന്നത്. എന്നാല്‍ പ്രസിഡന്റ് ട്രമ്പിന് സംഭവിച്ച ഏറ്റവും വലിയ തെറ്റെന്ന് അദ്ദേഹത്തിന്റെ ഉപദേശകനും മുന്‍ ഹൗസ് സ്പീക്കറുമായ ന്യൂട് ഗിങ്‌റിച്ച് വിശേഷിപ്പിച്ച സംഭവത്തിനുശേഷമുള്ള രണ്ടു ദിവസങ്ങളില്‍ നടന്ന വോട്ടെടുപ്പ് ഫലം അതിനു മുമ്പുള്ള രണ്ടു ദിവസങ്ങളുടേതില്‍നിന്നും വലിയ തോതില്‍ വ്യത്യസ്തമായിരുന്നില്ലെന്നാണ് കാണുന്നത്. യുഎസ് തെരെഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്നു വിശ്വസിക്കാന്‍ കാരണമൊന്നും കാണുന്നില്ലെന്ന് ട്രമ്പ് പറഞ്ഞത് നാവിന്റെ പിഴയായിരുന്നുവെന്നും പുടിനോട് വളരെ സൗഹൃദ ഭാവം കാട്ടിയത് നയതന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്നും പിന്നീട് ട്രമ്പ് പറഞ്ഞിരുന്നു. തന്റെ രാഷ്ട്രീയ ചരമത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍ പലതവണ കേട്ട ട്രമ്പിന് ഇരു കക്ഷികളില്‍നിന്നും ഉയരുന്ന വിമര്‍ശനങ്ങളെ നേരിടാന്‍ ധൈര്യം പകരുന്നതാണ് സര്‍വേ ഫലം. വിദേശനയ രംഗത്ത് ഹെല്‍സിങ്കിയില്‍ പുടിനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും നാറ്റോ സഖ്യത്തിലെ അംഗങ്ങള്‍ക്കെതിരെ പ്രസിഡന്റ് നടത്തിയ പരസ്യമായ വിമര്‍ശനങ്ങളെക്കുറിച്ചും അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള അവസരം നല്‍കിയിരുന്നു. പരസ്പര സുരക്ഷയ്ക്ക് നാറ്റോ അംഗരാഷ്ട്രങ്ങള്‍ കൂടുതല്‍ വിഹിതം നല്‍കണമെന്ന ട്രമ്പിന്റെ അഭിപ്രായത്തെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് അതില്‍ പങ്കെടുത്തവര്‍ ചെയ്തത്. അതുപോലെതന്നെ പുടിനുമായുള്ള കൂടിക്കാഴ്ചയെ നിഷേധാത്മകമായി ചിത്രീകരിക്കുന്നതിനു മാദ്ധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തു. മാദ്ധ്യമങ്ങള്‍ പ്രസിഡന്റിനെ മാത്രം കേന്ദ്രീകരിച്ചിരുന്ന ഒരാഴ്ചക്കുശേഷമുള്ള അഭിപ്രായ വോട്ടെടുപ്പ് ഫലം ട്രമ്പിന്റെ അംഗീകാരം 'സ്ഥിരത'യോടെ തുടരുന്നു എന്നാണ് കാണിക്കുന്നത്. യുഎസ് തെരെഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്നു റഷ്യ നിഷേധിച്ചതുപോലെ തന്റെ പ്രചാരണസംഘം റഷ്യയുമായി സഹകരിച്ചിരുന്നു എന്നത് ട്രമ്പും നിഷേധിച്ചിരുന്നു.
മോണിക്ക ലെവിന്‍സ്‌കിയുമായുമുള്ള ലൈംഗിക ബന്ധം സംബന്ധിച്ച ആരോപണത്തിന്റെ നാളുകളിലും മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ രാഷ്ട്രീയ സ്ഥിരത കൈവരിച്ചിരുന്നതുമായിട്ടാണ് ട്രമ്പിന്റെ രാഷ്ട്രീയ സ്ഥിരതയെ താരതമ്യപ്പെടുത്തുന്നത്. താരതമ്യേന സമാധാന അന്തരീക്ഷം പുലര്‍ന്നിരുന്നതും സാമ്പത്തിക വളര്‍ച്ച അനുഭവപ്പെട്ടിരുന്നതുമായ സമയത്താണ് ഇരുവരും വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നതെന്നതാണ് രാഷ്ട്രീയ ആക്രമണങ്ങളില്‍നിന്നും ഇരുവരെയും രക്ഷിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജ്യത്തെ രാഷ്ട്രീയ ധ്രുവീകരണം ട്രമ്പിനെ കൂടുതല്‍ സഹായിക്കുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പത്തെ ഏതു കാലഘട്ടത്തെക്കാളും ഉയര്‍ന്ന നിലയിലാണ് യുഎസില്‍ ഇപ്പോഴുള്ള രാഷ്ട്രീയ ധ്രുവീകരണം. മുഖ്യധാരയില്‍നിന്നും ആകലാനുള്ള സമീപനമാണ് പ്രശ്‌നങ്ങളോട് ഡെമോക്രറ്റുകള്‍ സ്വീകരിക്കുന്നതെന്ന് റിപ്പബ്ലിക്കന്മാരില്‍ മൂന്നില്‍ രണ്ടു പേരും അഭിപ്രായപ്പെടുമ്പോള്‍ അതെ തോതില്‍ത്തന്നെ റിപ്പബ്ലിക്കന്മാരെക്കുറിച്ച് ഡെമോക്രറ്റുകളും പറയുന്നു. പ്രസിഡന്റ് എന്ന നിലയില്‍ ട്രമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ ഡെമോക്രറ്റുകള്‍ 9% മാത്രമാണ്. ഏറ്റവും ഒടുവിലായുള്ള നാല് പ്രസിഡന്റുമാരെ താരതമ്യം ചെയ്താല്‍ എതിര്‍ പാര്‍ട്ടിക്കാരുടെ അംഗീകാരം ഏറ്റവും കുറഞ്ഞ പ്രസിഡന്റാണ് ട്രമ്പ്. ബാരാക് ഒബാമയ്ക്ക് റിപ്പബ്ലിക്കന്മാരില്‍ 12%വും ബില്‍ ക്ലിന്റണ് 19%വും അംഗീകാരം അവര്‍ പ്രസിഡന്റുമാരായിരുന്ന കാലത്ത് നല്‍കിയപ്പോള്‍ ബുഷിന് ഡെമോക്രാറ്റുകള്‍ക്കിടയിലുള്ള അംഗീകാരം 44% ആയിരുന്നു.

Other News

 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
 • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
 • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
 • വാട്ട്‌സാപ്പിലൂടെ ദമ്പതികളെ എന്‍ഐഎ ചോദ്യം ചെയ്തു
 • റഷ്യ - യുഎസ് ആണവായുധ ഉടമ്പടി ഇല്ലാതാകുന്നു
 • മൂന്ന് ലോക മഹാമാരികളില്‍ പൊണ്ണത്തടിയും പട്ടിണിയും
 • അമേരിക്കയുടെ പടിവാതില്‍ക്കല്‍ പുതിയ ശീതയുദ്ധഭീഷണിയുമായി പുടിന്‍
 • യുഎസ്‌ - ചൈന വ്യാപാര ചര്‍ച്ചകള്‍ ബെയ്ജിങ്ങില്‍ തുടരും
 • വരുമാന ഉറപ്പ് പദ്ധതിയുമായി കോണ്‍ഗ്രസ്
 • Write A Comment

   
  Reload Image
  Add code here