ബിജെപി ശ്രമിക്കുന്നത് 'താലിബാനി ഹിന്ദുയിസ'ത്തിനെന്ന് മമത

Tue,Jul 31,2018


ഇന്ത്യയില്‍ 'താലിബാനി വര്‍ഗീയതക്കും' 'താലിബാനി ഹിന്ദുയിസ'ത്തിനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കാവി പാര്‍ട്ടിയെ പുറത്താക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു. പശുക്കളെ കള്ളക്കടത്തു നടത്തിയെന്ന് ആരോപിച്ച് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ 28 വയസ്സുള്ള അക്ബര്‍ ഖാന്‍ എന്ന യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന പശ്ചാത്തലത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മമത ഈ ആഹ്വാനം മുഴക്കിയത്. ആള്‍ക്കാരെ തല്ലികൊന്നും വിദ്വേഷം പ്രചരിപ്പിച്ചും കാവി പാര്‍ട്ടി താലിബാന്‍ വര്‍ഗീയതയുടെയും താലിബാന്‍ അക്രമത്തിന്റെയും അന്തരീക്ഷം രാജ്യത്തു സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപിയുടെ കടുത്ത വിമര്‍ശകയായ മമത പറഞ്ഞു. കൊല്‍ക്കത്ത നഗരത്തിന്റെ ഹൃദയഭാഗത്തുള്ള എസ്പ്ലനേഡില്‍ 25-ാമത് വാര്‍ഷിക രക്തസാക്ഷി റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ച മമത താലിബാനി ഹിന്ദുയിസത്തിലോ ആയുധവല്‍ക്കരിക്കപ്പെട്ട ഹിന്ദുയിസത്തിലോ തൃണമൂല്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ലെന്നു പറഞ്ഞു. 'ബിജെപി ഹഠാവോ, ദേശ് ബചാവോ' എന്ന മുദ്രാവാക്യം മുഴക്കി സംഘടിപ്പിച്ച റാലിയില്‍ പശ്ചിമ ബംഗാളിലെ 42 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയം നേടുമെന്ന് മമത പറഞ്ഞു. 'ഓരോ ദിവസവും ആളുകളെ ജനക്കൂട്ടം തല്ലിക്കൊല്ലുകയാണ്. ഇന്നും ഒരാളെ തല്ലിക്കൊന്നു. വര്‍ഗീയ ഭീകരത അഴിച്ചുവിട്ടിരിക്കുകയാണ് ബിജെപി. ജനക്കൂട്ടം തല്ലിക്കൊല്ലുന്നതു തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് പ്രഭാഷണം നടത്തുന്നതിനുമുമ്പ് സ്വന്തം നേതാക്കളെ എങ്ങനെ പെരുമാറണമെന്ന് ഉപദേശിക്കുകയാണ് ബിജെപി ചെയ്യേണ്ടത്'.
ബിജെപിയുടെയും ആര്‍എസ്എസിന്റെയും പഴയകാല നേതാക്കളെ താന്‍ ബഹുമാനിച്ചിരുന്നുവെന്നും ഇന്നത്തെ നേതാക്കളെപ്പോലെ ഇത്തരം 'വൃത്തികെട്ട കളികളൊന്നും' അവര്‍ നടത്തില്ലായിരുന്നുവെന്നും പറഞ്ഞ മമത, കേന്ദ്രത്തില്‍നിന്നും കാവി പാര്‍ട്ടിയെ തുരത്തുന്നതിനായി ഒരു ഫെഡറല്‍ മുന്നണിക്ക് രൂപം നല്‍കുമെന്നും പറഞ്ഞു. അടുത്ത പൊതു തെരെഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ അധികാരം പിടിക്കുന്നതിന്റെ മണിമുഴക്കമെന്നോണം അടുത്ത ജനുവരി 19ന് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ ഒരു കൂറ്റന്‍ റാലി നടത്തുമെന്നും രാജ്യത്തെ പ്രതിപക്ഷ നേതാക്കളെയെല്ലാം അതിലേക്കു ക്ഷണിക്കുമെന്നും മമത പ്രഖ്യാപിച്ചു.
എന്നാല്‍ അടുത്ത പ്രധാനമന്ത്രിയാകാമെന്ന മമതയുടെ സ്വപ്നം ഒരിക്കലും യാഥാര്‍ഥ്യമാകില്ലെന്നു പറഞ്ഞാണ് ബിജെപി തിരിച്ചടിച്ചത്. ഡല്‍ഹിയില്‍ അധികാരം സ്വപ്നം കാണുന്ന മമതയ്ക്ക് പശ്ചിമ ബംഗാളിലെ ലോക്‌സഭാ സീറ്റുകള്‍ നിലനിര്‍ത്താന്‍പോലും കഴിയില്ലെന്ന് ബിജെപിയുടെ ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ മാധ്യമ ലേഖകരോട് പറഞ്ഞു. ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ പരാമര്‍ശിച്ച് പ്രതിപക്ഷ ഐക്യത്തിന്റെ സ്ഥിതി എന്തായെന്ന് കണ്ടെന്നും രാജ്യത്തെ ജനങ്ങള്‍ മോദിക്കും അദ്ദേഹത്തിന്റെ നയങ്ങള്‍ക്കുമൊപ്പം നിലകൊള്ളുകയാണെന്നും ബിജെപി നേതാവ് അവകാശപ്പെട്ടു. എന്നാല്‍ 2019നുശേഷം ഇന്ത്യക്കു വഴികാട്ടുക പശ്ചിമ ബംഗാള്‍ ആയിരിക്കുമെന്ന് പറഞ്ഞ മമത സംസ്ഥാനത്തെ 42 സീറ്റുകളിലും വിജയിക്കുമെന്നും അത് തങ്ങളെടുത്തിട്ടുള്ള ശപഥമാണെന്നും പറഞ്ഞു. ബിജെപിയെ പുറത്താക്കി രാജ്യത്തെ രക്ഷിക്കും. കസേരകളെച്ചൊല്ലിയുള്ള ആധിയൊന്നും ഇല്ലെന്നും രാജ്യത്തെയും ജനങ്ങളെയും കുറിച്ചാണ് ആശങ്കപ്പെടുന്നതെന്നും മമത പറഞ്ഞു. കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയത്തിന്മേല്‍ നടന്ന വോട്ടെടുപ്പില്‍ എന്‍ഡിഎക്ക് എഐഎഡിഎംകെയുടെ വോട്ടും ലഭിച്ചു. ജയലളിത ജീവിച്ചിരുന്നുവെങ്കില്‍ അതു സംഭവിക്കില്ലായിരുന്നു.
ബിജെപിക്ക് സഖ്യശക്തികളെ നഷ്ടപ്പെടുകയാണ്. അവരുടെ സുഹൃത്തായിരുന്ന ചന്ദ്രബാബു നായിഡുവാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. ശിവസേനയും വോട്ടു ചെയ്തില്ല. ബിജെഡിയും അവര്‍ക്കൊപ്പമില്ല. ബിജെപിയും എന്‍ഡിഎയും ശിഥിലീകരിക്കാന്‍ തുടങ്ങി. അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ 150 സീറ്റുകളില്‍ കൂടുതല്‍ ബിജെപിക്ക് ലഭിക്കില്ല. യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ബീഹാര്‍, ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് സീറ്റുകള്‍ കുറയും. ബിജെപി ഇപ്പോള്‍ 2024നെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് പരിഹസിച്ച മമത ആദ്യം 2019 കടക്കാന്‍ ശ്രമിക്കൂ എന്നു പറഞ്ഞു. 2024ല്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിക്കൂ എന്ന് രാഹുല്‍ ഗാന്ധിയോട് അവിശ്വാസ പ്രമേയചര്‍ച്ചക്ക് മറുപടി പറയവേ മോദി ആവശ്യപ്പെട്ടതിനെക്കുറിച്ചാണ് മമത പരാമര്‍ശിച്ചത്. ഓരോ വര്‍ഷവും ഏറ്റുമുട്ടലുകളുടെ പേരില്‍ നൂറുകണക്കിന് ആള്‍ക്കാര്‍ കൊല്ലപ്പെടുകയും 12,000ത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയുമാണ്. രാജ്യത്തുണ്ടായ ഏറ്റവും വലിയ അഴിമതിയായിരുന്നു 'നോട്ടു നിരോധനം'. സിബിഐയെയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയോ ഭയക്കുന്നില്ല. രാഷ്ട്രീയ പ്രതികാരം തീര്‍ക്കുന്നതിനായി അവയെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പന്തല്‍പോലും നിര്‍മ്മിക്കാനറിയാത്തവര്‍ എങ്ങനെയാണ് ഒരു രാജ്യം കെട്ടിപ്പടുക്കുന്നതെന്ന് മമത പരിഹസിച്ചു. മോദി പ്രസംഗിച്ച റാലിയില്‍ തയ്യാറാക്കിയിരുന്ന പന്തല്‍ തകര്‍ന്ന സംഭവം പരാമര്‍ശിക്കുകയായിരുന്നു മമത. ബിജെപിക്കെതിരായ രാഷ്ട്രീയ പോരാട്ടം തുടരുമെന്ന് പറഞ്ഞായിരുന്നു മമത പ്രസംഗം അവസാനിപ്പിച്ചത്. ബിജെപിയുടെ മുന്‍ രാജ്യസഭാംഗമായിരുന്ന ചന്ദന്‍ മിത്ര, കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാര്‍, സിപിഐ(എം) മുന്‍ എംപി മൊയ്‌നുല്‍ ഹസ്സന്‍ എന്നിവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ചന്ദന്‍ മിത്ര ബിജെപിയില്‍നിന്നും രാജിവച്ചത്. സമര്‍ മുഖര്‍ജീ, അബു താഹിര്‍, സബീന യാസ്മിന്‍, അഖ്‌റ്‌സ്മാന്‍ എന്നിവരാണ് തൃണമൂലില്‍ ചേര്‍ന്ന എംഎല്‍എമാര്‍.
പശ്ചിമ ബംഗാളില്‍ തന്റെ പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസ്സും, സിപിഎമ്മും ബിജെപിയും കൈകോര്‍ത്തിരിക്കുന്നതായി കുറ്റപ്പെടുത്തിയ മമത കോണ്‍ഗ്രസിനോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ബിജെപിയെ എതിര്‍ക്കാന്‍ പിന്തുണ തേടുന്ന കോണ്‍ഗ്രസ് സംസ്ഥാനത്ത് തങ്ങളെ എതിര്‍ക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. മെയില്‍ നടന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരമില്ലാതെ നിരവധി സീറ്റുകളില്‍ വിജയിച്ചതിന്റെ കുറ്റപ്പെടുത്തുന്നവര്‍ യുപിയിലും ബിഹാറിലും സിക്കിമിലും മത്സരമില്ലാതെ നിരവധി പേര്‍ വിജയിച്ചപ്പോള്‍ എന്തുകൊണ്ടാണ് ശബ്ദമുയര്‍ത്താതിരുന്നതെന്ന് മമത ചോദിച്ചു. മത്സരിച്ച 90 ശതമാനം സീറ്റുകളിലും വിജയിച്ചിട്ടും പാര്‍ട്ടിയെ കുറ്റപ്പെടുത്തുകയാണെന്ന് അവര്‍ പറഞ്ഞു.

Other News

 • മള്ളര്‍ റിപ്പോര്‍ട്ട് ; പ്രസിഡന്റും കോണ്‍ഗ്രസും ഏറ്റുമുട്ടലിലേക്ക്
 • ലോക് സഭാ തെരഞ്ഞെടുപ്പ് ; ഫലം നിര്‍ണ്ണയിക്കുക ന്യൂനപക്ഷ വോട്ടുകള്‍
 • ശ്രീലങ്കയ്ക്ക് പുതിയ ഭീഷണിയായി ഭീകരാക്രമണം
 • ചൈന കനിഞ്ഞാല്‍ അസര്‍ കരിമ്പട്ടികയില്‍
 • ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നത് റെക്കോഡ് വേഗതയില്‍
 • പത്തനംതിട്ട ഇന്ത്യയിലെ മികച്ച മണ്ഡലം
 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • Write A Comment

   
  Reload Image
  Add code here