യുഎസിന് ഏറ്റവും അപകടകാരി ചൈനയെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍

Sun,Jul 29,2018


ലോകത്തിലെ വന്‍ശക്തിയെന്നുള്ള സ്ഥാനത്തേക്ക് യുഎസിന് പകരം കടന്നുവരുക എന്ന ലക്ഷ്യത്തോടെയാണ് ലോകത്ത് സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ചൈന ഏര്‍പ്പെട്ടിട്ടുള്ളതെന്ന് സിഐഎ. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഭരണകൂടവും യുഎസിനെതിരെ 'ശീതയുദ്ധത്തില്‍' ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ആസ്‌പെന്‍ സുരക്ഷാ ഫോറത്തില്‍ ചൈനയുടെ വളര്‍ച്ചയെ സംബന്ധിച്ച സെഷനില്‍ സിഐഎയുടെ കിഴക്കന്‍ ഏഷ്യാ മിഷന്‍ ഡയറക്ടര്‍ മൈക്കല്‍ കോളിന്‍സ് പറഞ്ഞു. മുമ്പുണ്ടായിരുന്ന ശീതയുദ്ധത്തില്‍നിന്നും വ്യത്യസ്തമാണിതെങ്കിലും ശീതയുദ്ധത്തിന് നല്‍കിയിട്ടുള്ള നിര്‍വചനമനുസരിച്ചുതന്നെ ഉള്ളതാണ് ഇതെന്നും കോളിന്‍സ് പറയുന്നു. സംഘര്‍ഷത്തിന് മുതിരാതെ സ്വന്തം ശക്തിക്കൊപ്പം വളരാന്‍ അനുവദിക്കാതെ എതിരാളിയെ തകര്‍ക്കുന്നതിനായി, അധികൃതമായും അനധികൃതമായും, പരസ്യമായും രഹസ്യമായും, സാമ്പത്തികമായും സൈനികമായും എല്ലാ ശക്തിയും പ്രയോഗിക്കുക എന്നതാണ് ആ നിര്‍വചനം. ചൈനയും സംഘര്‍ഷം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു. ലോകത്തിലെ ഓരോ രാജ്യവും നയപരമായ കാര്യങ്ങളില്‍ യുഎസിനൊപ്പമല്ലാതെ തങ്ങള്‍ക്കൊപ്പം നിലകൊള്ളാന്‍ ചൈന ആഗ്രഹിക്കുന്നു. യുഎസുമായുള്ള സംഘര്‍ഷത്തെ വ്യവസ്ഥിതികള്‍ തമ്മിലുള്ള സംഘര്‍ഷമായി നിര്‍വചിച്ച് അതില്‍ നിങ്ങള്‍ക്കൊപ്പം ഞങ്ങളുമുണ്ടെന്നു മറ്റു രാജ്യങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് ചൈന ശ്രമിക്കുന്നത്. ഷിയുടെ ചിന്തകള്‍ അല്ലെങ്കില്‍ ലോക വീക്ഷണം ചൈനീസ് ഭരണഘടനയുടെ ഭാഗമാക്കിയിട്ടുണ്ട്. ഷിയുടെ രചനകള്‍ വായിക്കുമ്പോള്‍ യുഎസ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ ആഗോള വെല്ലുവിളി ചൈന ഉയര്‍ത്തുന്ന ഭീഷണിയാണെന്ന് കോളിന്‍സ് പറഞ്ഞു. റഷ്യക്കാര്‍ ഉയര്‍ത്തിയതിനേക്കാള്‍ കടുത്ത വെല്ലുവിളിയാണത്. ഫോറത്തിന്റെ മൂന്നാം ദിവസത്തെ സമ്മേളനത്തിലാണ് കോളിന്‍സ് സംസാരിച്ചത്. നേരത്തെ സംസാരിച്ച എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേയും നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്‌സും യുഎസ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ അപകടം ചൈനയാണെന്ന് പറഞ്ഞിരുന്നു.
പരമ്പരാഗത രീതിയിലുള്ള ചാരവൃത്തിക്കൊപ്പം സാമ്പത്തിക ചാരവൃത്തിയും മനുഷ്യര്‍ നേരിട്ടു നടത്തുന്ന ചാരവൃത്തിക്കൊപ്പംതന്നെ സൈബര്‍ ചാരവൃത്തിയും നടത്തുന്നതായി എഫ്ബിഐ ഡയറക്ടര്‍ പറഞ്ഞു. ചൈന ഒരു യഥാര്‍ത്ഥ എതിരാളിയാണോ അതോ നിയമാനുസൃതം മത്സരിക്കുന്ന ശക്തിയാണോ എന്ന് യുഎസ് തീരുമാനിക്കേണ്ടതുണ്ടെന്ന് കൊട്ട്‌സ് പറഞ്ഞു. സ്റ്റീല്‍ ബിസിനസിന്റെ രഹസ്യങ്ങളും അക്കാഡമിക് ഗവേഷണങ്ങളും മോഷ്ടിക്കുന്നതിനുള്ള ചൈനയുടെ ശ്രമങ്ങളെ അദ്ദേഹം അപലപിക്കുകയും ചെയ്തു. സ്വന്തം മേഖലയിലും അതിനുമപ്പുറത്തും സാന്നിധ്യം സ്ഥാപിക്കുന്നതിനും ശക്തമാക്കുന്നതിനും ചൈന ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഒന്നുമാത്രമാണ് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആവിഷ്‌ക്കരിച്ചിട്ടുള്ള സൈനികവും സാമ്പത്തികവുമായ പരിപാടികളെന്ന് ഡിഫന്‍സ് ഇന്റലിജന്‍സ് മുന്‍ അണ്ടര്‍ സെക്രട്ടറി മാര്‍സെല്‍ ലേത്തര്‍ പറഞ്ഞു.
ആഗോളതലത്തില്‍ സൈനിക ചെലവുകളില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ചൈന. ഏറ്റവും വലിയ കരസേന ചൈനയ്ക്കാണുള്ളത്. ലോകത്തിലെ മൂന്നാമത്തെ വ്യോമസേനാ ശക്തിയാണ്. 60 മുങ്ങിക്കപ്പലുകളുള്‍പ്പടെ 300 യുദ്ധക്കപ്പലുകളുള്ള ചൈനീസ് നാവികസേന, അവയെയെല്ലാം ആധുനീകരിക്കുകയും ശേഷി ഉയര്‍ത്തുകയുമാണ്. തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ 50,000 ടണ്‍ ശേഷിയുള്ള വിമാനവാഹിനി കപ്പല്‍ മേയ് മാസത്തില്‍ പുറത്തിറക്കി. തദവസരത്തില്‍ ഷി ചെയ്ത പ്രസംഗത്തില്‍ ലോകത്തിലെ ഏറ്റവും വലിയ നാവിക സേനയ്ക്ക് രൂപംനല്‍കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചു. അമേരിക്കന്‍ യുദ്ധവിമാന വാഹിനികളെക്കാള്‍ നിലവാരത്തില്‍ വളരെ പിന്നോക്കം നില്‍ക്കുന്നതാണെങ്കിലും ആ മേഖലയില്‍ ചൈനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്ന ഒന്നാണത്. ഇതേ സമയംതന്നെ ഇന്ത്യാ സമുദ്ര മേഖലയിലെ തുറമുഖങ്ങളിലുടനീളം സാന്നിധ്യം സ്ഥാപിക്കുന്നതിന് ചൈനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജിബൗട്ടിയിലേക്ക് രണ്ടു യുദ്ധക്കപ്പലുകളാണ് ചൈന അയച്ചത്. അവയിലുള്ള സൈനികരുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം ഭൂപ്രദേശത്തിനു പുറത്ത് ചൈന സ്ഥാപിക്കുന്ന ആദ്യ സൈനിക താവളമാണത്. ഭൂപ്രദേശത്തിന്റെയും ജലാതിര്‍ത്തിയുടെയും കാര്യത്തില്‍ മറ്റു രാജ്യങ്ങളുമായി തര്‍ക്കമുള്ള ദക്ഷിണ ചൈനാ സമുദ്രത്തില്‍ യുഎസ് സൈനിക സാന്നിധ്യം മറ്റു രാജ്യങ്ങളുമായുള്ള കൂടിയാലോചനകള്‍ക്ക് ചൈനയെ പ്രേരിപ്പിക്കുന്നതായി കിഴക്കന്‍ ഏഷ്യന്‍ പസിഫിക് കാര്യങ്ങള്‍ക്കായുള്ള ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി സൂസന്‍ തൊണ്‍റ്റണ്‍ പറഞ്ഞു. സമീപവര്‍ഷങ്ങളില്‍ ദക്ഷിണ ചൈനാ സമുദ്രത്തില്‍ ഒട്ടേറെ കൃത്രിമ ദ്വീപുകള്‍ സൃഷ്ടിക്കുകയും അവിടങ്ങളില്‍ റഡാറുകളും യുദ്ധവിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള സൗകര്യങ്ങളും ഉള്‍പ്പടെയുള്ള സൈനിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദക്ഷിണ ചൈനാ സമുദ്രത്തിന്റെ ഏറിയ ഭാഗവും സ്വന്തം പരമാധികാരത്തില്‍പ്പെട്ടതാണെന്ന് സ്ഥാപിക്കാനാണ് ചൈനയുടെ ശ്രമം. എന്നാല്‍ അന്താരാഷ്ട്ര സമൂഹം അതിനെ നിരാകരിക്കുന്നു. ആസിയാന്‍ (അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്) സംഘടനയുമായി കൂട്ടായി കൂടിയാലോചിക്കുമോ അതോ അതിലെ ഓരോ രാഷ്ട്രവുമായും പ്രത്യേകമായി കൂടിയാലോചിച്ച് സ്വാധീനം വളര്‍ത്താനാകുമോ ചൈന ശ്രമിക്കുക എന്നതാണ് അറിയാനുള്ളതെന്ന് തൊണ്‍റ്റണ്‍ പറയുന്നു. (മുമ്പ് അസിസ്റ്റന്റ് സെക്രട്ടറി ആയി നിയമിക്കാന്‍ ട്രമ്പ് ഭരണകൂടം പരിഗണിച്ച തൊണ്‍റ്റണ്‍ പിന്നീട് ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന് സ്ഥാനം രാജിവച്ചുപോയി. ഈ ചര്‍ച്ചയില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു രാജി). ചൈനക്കെതിരെ സാങ്കേതികവിദ്യാ രംഗത്തും സൈബര്‍ രംഗത്തും പോരാടുന്നതിനൊപ്പം ചൈനയുടെ നടപടികളെ എതിര്‍ക്കുന്നതിനും അന്താരാഷ്ട്ര ചട്ടങ്ങളും മാനദണ്ഡങ്ങളും അനുസരിക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നതിനും ലോകത്തിലെ മറ്റു പങ്കാളികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനുമുള്ള ദേശസുരക്ഷാ തന്ത്രമാണ് കഴിഞ്ഞ ഡിസംബറില്‍ ട്രമ്പ് ഭരണകൂടം രൂപം നല്‍കിയത്. 9/11ലെ ഭീകര ആക്രമണങ്ങള്‍ ഉള്‍പ്പടെയുള്ള പ്രതിസന്ധികളില്‍ ലോകത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നപ്പോള്‍ ഈ കാലമത്രയും ചൈനയുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് സ്വാധീനം വിപുലമാക്കുക എന്ന ഒരൊറ്റ വിഷയത്തില്‍ മാത്രമായിരുന്നുവെന്ന് കോളിന്‍സ് പറഞ്ഞു.
ചൈന അതിവേഗം വളര്‍ന്നതിന്റെയും സ്വാധീനം വിപുലമാക്കിയതിന്റെയും സമീപകാല സംഭവങ്ങള്‍ കോളിന്‍സും തൊണ്‍റ്റണും ചൂണ്ടിക്കാട്ടി. ചൈന അവസരങ്ങള്‍ മുതലെടുക്കുകയായിരുന്നുവെന്ന് തൊണ്‍റ്റണ്‍ പറഞ്ഞു. 2000 ദശകത്തിന്റെ ആദ്യ പകുതിയില്‍ യുഎസിന്റെ ശ്രദ്ധ മദ്ധ്യപൂര്‍വദേശത്തും രണ്ടാം പകുതിയില്‍ ധനപ്രതിസന്ധിയിലുമാണ് കേന്ദ്രീകരിച്ചത്. യുഎസിന്റെ സോഫ്റ്റ് പവര്‍ ചൈനയുടെ സോഫ്റ്റ് പവറിനേക്കാള്‍ ശക്തമാണെന്നും യുഎസിന്റെ വ്യവസ്ഥിതിക്കുള്ള ആകര്‍ഷണം ചൈനയുടെ വ്യവസ്ഥിതിക്കില്ലെന്നും അതിനാല്‍ ലോകത്തിലെ മറ്റു പങ്കാളികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയാണ് യുഎസ് ചെയ്യേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ചൈനയുടെ പങ്കാളികള്‍ക്കുപോലും അവരുടെ വ്യവസ്ഥിതി സ്വന്തം രാജ്യത്തേക്ക് പകര്‍ത്താന്‍ ഇഷ്ടമില്ലെന്ന് പറഞ്ഞ കോളിന്‍സ് പെരുമാറ്റ രീതികള്‍ക്കായുള്ള മാനദണ്ഡങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ ചൈനയുടെ അടിച്ചമര്‍ത്തല്‍ വ്യവസ്ഥിതിയെക്കാള്‍ കരുത്ത് ലിബറല്‍ ലോക ക്രമത്തിനുണ്ടാകുമെന്നും പറഞ്ഞു.

Write A Comment

 
Reload Image
Add code here