ഇന്ത്യ ആഗോള വാഹന കമ്പനികളുടെ ഗവേഷണ കേന്ദ്രമാകുന്നു

Sun,Jul 29,2018


'ലോകത്തെവിടെയും ഓടുന്ന ഓരോ മെഴ്‌സിഡസ് ബെന്‍സിന്റെയും പിന്നില്‍ ഒരു ഇന്ത്യന്‍ കരമുണ്ട്', വലിയ ലക്ഷ്വറി കാര്‍ നിര്‍മ്മാണ കമ്പനിയുടെ ആഗോള റിസര്‍ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗത്തിന്റെ മേധാവിയായ ഒല കലേനിയസ് പറഞ്ഞു. ഈ ജര്‍മന്‍ കമ്പനി മാത്രമല്ല, ഭാവിയിലെ വാഹന സാങ്കേതികവിദ്യക്കായി നിക്ഷേപങ്ങള്‍ നടത്തുന്ന ലോകത്തിലെ എല്ലാ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളും ഈ വസ്തുത അംഗീകരിക്കുന്നുണ്ട്. ഫോര്‍ഡ് മോട്ടോര്‍ കമ്പനിയും ഒരു സ്മാര്‍ട്ട് മൊബിലിറ്റി സൊല്യൂഷന്‍ ഡിവിഷന്‍ ആരംഭിച്ചിട്ടുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രായോഗികമാക്കാന്‍ കഴിയുംവിധം ഗതാഗതം സ്മാര്‍ട്ട് ആക്കുന്നതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ നഗരഭരണാധികൃതരുടെ സഹകരണത്തോടെയാണത് സ്ഥാപിച്ചിട്ടുള്ളത്.
വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ ബോസ്‌കിന്റെ ആര്‍ & ഡി ഡിവിഷന്‍ ഇന്ത്യയില്‍ സ്ഥാപിച്ചിട്ടുണ്ട്. ജര്‍മന്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം ശക്തി പ്രാപിക്കുന്ന വിപണികള്‍ക്കായി ഇന്ത്യ ചിലവുകുറഞ്ഞ പരിഹാര മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നുവെന്നതിനു പുറമെ ബിഗ് ഡേറ്റ, ഐ ഒ ടി എന്നീ മേഖലകളില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നു. ഇന്ത്യയില്‍ കാറുകള്‍ വില്‍ക്കുന്നത് ജനറല്‍ മോട്ടോഴ്‌സ് അവസാനിപ്പിച്ചുവെങ്കിലും വെഹിക്കിള്‍ ഇന്റഗ്രേഷന്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റംസ്, പവര്‍ ട്രെയിനുകള്‍ തുടങ്ങിയ പ്രധാന മേഖലകളില്‍ ടെക്‌നിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം തുടരുകയാണ്. ജനറല്‍ മോട്ടോഴ്‌സിന്റെ ഭാവി ഉല്‍പ്പന്നങ്ങള്‍ക്കായുള്ള മുന്തിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് ബംഗളുരുവിലാണ്. ഏതാനും ദശകങ്ങള്‍ക്കു മുമ്പാണ് ഇന്ത്യയുടെ ഐ ടി തലസ്ഥാനമായ ബംഗളുരുവില്‍ മെഴ്‌സിഡസ്‌ബെന്‍സ് ഇന്ത്യയിലെ റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം തുടങ്ങിയത്. 20 ജീവനക്കാരുമായി തുടങ്ങിയ ആ സ്ഥാപനമിന്ന് 5,000 എഞ്ചിനീയര്‍മാര്‍ പ്രവര്‍ത്തിക്കുന്ന ശക്തികേന്ദ്രമായി മാറുകയും പുതിയ കാലഘട്ടത്തിനു അനുയോജ്യമായ വാഹന സാങ്കേതികവിദ്യയില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നു. ആ സ്ഥാപനത്തിന്റെ ശേഷിയും വലുപ്പവും ഇരട്ടിയാക്കുന്നതിനുള്ള നീക്കത്തിലാണ് കമ്പനി. മെഴ്‌സിഡസ് ബെന്‍സിനായി ഭാവിയിലേക്ക് സ്വയം പ്രവര്‍ത്തിക്കുന്നതും കണക്ടഡുമായ കാറുകള്‍ക്കായുള്ള സോഫ്റ്റ്‌വെയര്‍ കോഡുകള്‍ രൂപപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയിലെ കേന്ദ്രത്തില്‍ നടക്കുന്നത്. ഇങ്ങനെയുള്ള ഇലക്ട്രിക്ക് കാറുകള്‍ റോഡിലിറങ്ങാന്‍ ഇനിയും വര്‍ഷങ്ങളെടുക്കുമെങ്കിലും ഇന്ത്യയിലെ ആയിരക്കണക്കിനുള്ള എഞ്ചിനീയര്‍മാരാണ് ആ സംരംഭത്തിലെ പങ്കാളികളാകുന്നത്. ഭാവിയെ ലക്ഷ്യമിട്ടുള്ള വാഹന സാങ്കേതിക വിദ്യയിലുള്ള ശ്രദ്ധകേന്ദ്രീകരണം മറ്റു വാഹന നിര്‍മ്മാതാക്കളെയും ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയാണ്. ഇന്ത്യയിലെ വിദഗ്ധരുടെ ഗുണ നിലവാരവും കുറഞ്ഞ ചിലവുമാണ് കാരണം. കണക്ടഡ്, ഓട്ടോണോമസ് സാങ്കേതികവിദ്യകളില്‍ ഇന്ത്യക്ക് വലിയ കഴിവുകളുണ്ടെന്നാണ് കലേനിയസ് പറയുന്നത്. പവര്‍ ട്രെയിനുകള്‍, ഇന്റീരിയര്‍, ബോഡി, ഓട്ടോണോമസ് ഡ്രൈവിംഗ്, കണക്ടഡ് വെഹിക്കിള്‍സ് എന്നീ എല്ലാ മേഖലകളിലും ഇന്ത്യ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജര്‍മനിയിലെ എഞ്ചിനീയര്‍മാരെ അപേക്ഷിച്ച് ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യക്കു ഡിജിറ്റല്‍ സാങ്കേതികവിദ്യ നന്നായി അറിയാമെന്നും അത് ഒരു മേഖലയില്‍ മാത്രമായി പരിമിതപ്പെട്ടതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെര്‍ഡ്‌സ് ബെന്‍സ് വാഹനങ്ങള്‍ റോഡില്‍ ഇറക്കാതെ ഡിജിറ്റല്‍ ആയി പരീക്ഷിക്കുന്ന സമ്പ്രദായം ഇന്ത്യയില്‍ ആവിഷ്‌കകരിച്ചിട്ടുണ്ട്. അനുകരണരൂപത്തിലുള്ള ഈ പരീക്ഷണത്തിലൂടെ മില്യണ്‍ കണക്കിന് ഡോളറാണ് കമ്പനിക്കു ലാഭമുണ്ടാകുന്നത്. മെഴ്‌സിഡസ് ബെന്‍സ് 17 ഇനം വാഹനങ്ങളും അവയുടെ ഡസന്‍ കണക്കിന് മോഡലുകളും പുറത്തിറക്കുന്ന കമ്പനിയാണ്. ഇന്ത്യക്കായി ഇലക്ട്രിക്ക് ഇലക്ട്രിക്ക് വാഹന പരിഹാരങ്ങള്‍ വികസിപ്പിക്കുന്ന ജോലിയിലാണ് ബോസ്‌ക്. കണക്ടഡ് മൊബിലിറ്റി സൊല്യൂഷന്‍സിനായി ഒരു പ്രത്യേക ഡിവിഷനും രൂപീകരിച്ചിട്ടുണ്ട്. കണക്ടഡ് സര്‍വീസസ് ടീം ബോസ്‌ക്കിന്റെതന്നെ സ്മാര്‍ട്ട് സിറ്റി സൊല്യൂഷന്‍സ് ടീംപോലുള്ളവയുമായി സഹകരിക്കുന്നുണ്ട്. ഇന്ത്യയുടെ ഗതാഗത സംവിധാനത്തിനുള്ള സമഗ്രമായ പരിഹാരമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഗതാഗത സമ്പ്രദായങ്ങള്‍ കൂടുതലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനത്തില്‍ ഉള്‍പ്പെടുകയാണ്.
സമീപഭാവിയില്‍ത്തന്നെ മിക്ക വാഹനങ്ങള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമുണ്ടാകും. ശക്തിപ്രാപിക്കുന്ന മറ്റു വിപണികള്‍ക്കുള്ള പരീക്ഷണങ്ങള്‍ ഇന്ത്യയിലാണ് ബോസ്‌ക് നടത്തുന്നത്. റെനാള്‍ട്ട് നിസ്സാന്റെ ഇന്ത്യയിലെ ആര്‍ & ഡി ടീം ചെറിയ ഇലക്ട്രിക്ക് കാറുകളുടെ നിര്‍മ്മാണത്തിനായി ചൈനയിലെ ആര്‍ & ഡി ടീമിനെ സഹായിക്കുന്നതുപോലെയാണിത്. പുതിയ കണ്ടുപിടുത്തങ്ങളുടെ കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിന് ചെന്നൈയില്‍ ഒരു ആഗോള ടെക്‌നോളജി, ബിസിനസ് കേന്ദ്രം സ്ഥാപിക്കുന്നതിനായി 195 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നു ഫോര്‍ഡ് ഇന്ത്യ 2016ല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ പുതിയ വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനു പുറമെ ആഗോള പ്രവര്‍ത്തനങ്ങളെയും സഹായിക്കുക എന്ന ലക്ഷ്യം അതിനുണ്ട്. ഇപ്പോള്‍ കാര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട 800-1000 എഞ്ചിനീയര്‍മാര്‍ക്ക് പുറമെ ഭാവി സാങ്കേതികവിദ്യകള്‍ മുന്‍നിര്‍ത്തി കൂടുതല്‍ എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, വിദഗ്ധ തൊഴിലാളികള്‍ എന്നിവരെ നിയമിക്കും. ജനറല്‍ മോട്ടോഴ്‌സിന് ബംഗളുരുവിലെ കേന്ദ്രം കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി വാഹനങ്ങള്‍ വികസിപ്പിക്കുന്നതില്‍ പ്രധാന കേന്ദ്രമായി മാറിയിട്ടുണ്ട്. ജനറല്‍ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ടെക്‌നിക്കല്‍ സെന്ററില്‍ ഒരു ഡിസൈന്‍ സ്റ്റുഡിയോവും ഒരു എഞ്ചിനീയറിംഗ് സെന്ററും പ്രവര്‍ത്തിക്കുന്നു. 2,000 ത്തിലധികം എഞ്ചിനീയര്‍മാര്‍ അവിടെ ജോലിനോക്കുന്നുണ്ട്.

Write A Comment

 
Reload Image
Add code here