2019ല്‍ സ്മാര്‍ട്ട്‌ഫോണുകും തെരഞ്ഞെടുപ്പ് ആയുധം

Sun,Jul 29,2018


ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളെ സാധാരണഗതിയില്‍ നാട്ടിന്‍പുറത്തെ ഗോദയില്‍ നടക്കുന്ന ഗുസ്തിമത്സരമെന്നതിനപ്പുറത്തേക്ക് ഒരു തികഞ്ഞ സൈബര്‍യുദ്ധമാക്കി വളര്‍ത്തിയതിന്റെ ഖ്യാതി ബിജെപി പ്രസിഡന്റ് അമിത് ഷായ്ക്ക് അവകാശപ്പെട്ടതാണ്. അപ്പോള്‍, 'തടവുകാരെ പിടികൂടാത്ത യുദ്ധത്തിനായി പോകുന്ന പടയാളികളാണ് നിങ്ങള്‍' എന്ന് പൂനെയില്‍ ബിജെപിയുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരോടായി ഷാ പറഞ്ഞതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. തന്റെ അനുയായി വൃന്ദത്തെ ആവേശംകൊള്ളിക്കാന്‍ വേണ്ടി ഷാ പറഞ്ഞ വാക്കുകള്‍ എന്നതിനുപരി അത് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വാചകംകൂടിയാണ്. ഒരു ട്വീറ്റ്, ഒരു ഫേസ്ബുക്ക് പോസ്റ്റ് അല്ലെങ്കില്‍ ഒരു വാട്ട്‌സ്ആപ്പ് ഫോര്‍വേഡ് എന്നിവയെല്ലാം ആധുനിക കാലഘട്ടത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കുന്ന അമ്പുകളും വെടിയുണ്ടകളുമാണ്. 2014ലെ തെരെഞ്ഞെടുപ്പ് പോരാട്ടം മൈതാനങ്ങളില്‍നിന്നും നിങ്ങളുടെ മുന്നിലെ ടെലിവിഷന്‍സ്‌ക്രീനുകളിലേക്കു മാറിയെങ്കില്‍ 2019ലെ തെരെഞ്ഞെടുപ്പ്‌പോരാട്ടം നടക്കുക നിങ്ങളുടെ കൈകളിലുള്ള സ്മാര്‍ട്ട് ഫോണുകളിലായിരിക്കും. ഇന്ത്യയില്‍ 300 മില്യണിലധികം സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളും 200 മില്യണിലധികം വാട്ട്‌സ്ആപ്പ് കണക്ഷനുകളും 270 മില്യണിലധികം ഫേസ് ബുക്ക് അക്കൗണ്ടുകളും ഉണ്ട്. രാജ്യത്ത് വിപുലമായിക്കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയ വിപ്ലവത്തെയാണ് അതു പ്രതിഫലിപ്പിക്കുന്നത്. ഫലത്തില്‍ ഇന്ത്യയിലെ മൂന്നിലൊരുഭാഗം വോട്ടര്‍മാരുമായി സോഷ്യല്‍ മീഡിയ ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ തെരെഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഘടകമായി അതു മാറുന്നു. ഇവിടെ നരേന്ദ്ര മോദി മുന്നിലാണ്. ലോകത്ത് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പിന്തുടരുന്ന മൂന്നാമത്തെ വ്യക്തിയാണദ്ദേഹം. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ലൈക് ചെയ്യുകയോ പിന്തുടരുകയോ ചെയ്യുന്നതും മോദിയെത്തന്നെ. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് 43 മില്യണിലധികം ആള്‍ക്കാര്‍ ഇഷ്ടപ്പെടുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനുള്ളതിനേക്കാള്‍ ഇരട്ടിയോളമാണിത്. അതില്‍നിന്നും ഭിന്നനായി സോഷ്യല്‍ മീഡിയയുടെ പ്രപഞ്ചത്തിലേക്കു വൈകിയും വിമുഖനായും എത്തിയ നേതാവാണ് രാഹുല്‍ഗാന്ധി. ഉദാഹരണത്തിന് 2015ല്‍ മാത്രമാണ് അദ്ദേഹം ട്വിറ്റര്‍ ഉപയോഗിച്ചുതുടങ്ങിയത്. ആ രംഗത്തേക്ക് വരാന്‍ അദ്ദേഹം നിര്‍ബ്ബന്ധിതനാകുകയായിരുന്നു. സമീപ കാലത്ത് ഗുജറാത്തിലും കര്‍ണാടകത്തിലും നടന്ന തെരഞ്ഞെടുപ്പുകളിലാണ് ഇതാദ്യമായി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കുറച്ചൊക്കെ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതും വോട്ടര്‍മാരുമായി അവയിലൂടെ ബന്ധപ്പെട്ടതും എതിര്‍പക്ഷത്തുനിന്നും ഉണ്ടാകുന്ന ഏതൊരു ആക്രമണത്തിനും ഉടന്‍തന്നെ പ്രതികരിക്കുകയും ചെയ്ത് എതിരാളികളോട് പോരാടുകയും ചെയ്തത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയിലെ മുന്‍ എംപിയായ ദിവ്യസ്പന്ദനയുടെ നേതൃത്വത്തില്‍ ചടുലമായി പ്രവര്‍ത്തിച്ച സോഷ്യല്‍ മീഡിയ വിഭാഗം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് യുദ്ധമുറിയുടെ പ്രധാന ഭാഗമായിരുന്നു. എന്നാല്‍ സാങ്കേതികവിദ്യാരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന ബിജെപി നേതൃത്വം പ്രത്യേകിച്ചും 18-25 പ്രായവിഭാഗത്തിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടുനീങ്ങുകയാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ ഒരു വ്യത്യാസമുണ്ടാക്കാന്‍ അതിനു കഴിഞ്ഞേക്കും.
വാട്ട്‌സ്ആപ്പ് ഫോര്‍വേഡുകളിലൂടെ അല്ലെങ്കില്‍ ഫേസ് ബുക്ക് ലൈക്കുകളിലൂടെ അതുമല്ലെങ്കില്‍ ട്വിറ്റര്‍ പ്രവണതകളിലൂടെ ഡിജിറ്റല്‍ പ്രപഞ്ചം സൃഷ്ടിക്കുന്നതിലൂടെ ഒരു തെരെഞ്ഞെടുപ്പ് പോരാട്ടം നടത്തുക എന്നത് ഒരേ സമയം വിഷമയമായതും വെറിപിടിപ്പിക്കുന്നതുമാണ്. വാട്ട്‌സാപ്പിലൂടെ സൃഷ്ടിക്കപ്പെടുന്ന ഡിജിറ്റല്‍ വിദ്വേഷം എത്രത്തോളം അപകടകരമാണെന്ന് സമീപ ആഴ്ചകളില്‍ വെളിപ്പെട്ടു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന സന്ദേശം പ്രചരിപ്പിച്ച് ആള്‍ക്കാരെ തല്ലിക്കൊല്ലുന്ന സംഭവങ്ങളുണ്ടായി. അപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇലക്ടോണിക് മാര്‍ഗങ്ങള്‍ മുഖേന ഒരേ സമയം മില്യണ്‍ കണക്കിന് ആള്‍ക്കാരിലേക്ക് പരിശോധിക്കപ്പെടുന്നതിനുള്ള സംവിധാനങ്ങളോ ഉത്തരവാദിത്വമോ ഇല്ലാതെ എത്തിക്കുന്ന സന്ദേശങ്ങള്‍ മാരകമായ ആയുധമായി മാറും. ഒരു റാലിയില്‍ രാഷ്ട്രീയ പ്രസംഗങ്ങള്‍ നിരീക്ഷിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്യാമറകള്‍ക്ക് കഴിയും. വാര്‍ത്താ ചാനലുകളുടെമേല്‍ കഴുകന്‍ കണ്ണുകള്‍ പായിക്കുന്നതിനും കഴിയും. എന്നാല്‍ മില്യണ്‍ കണക്കിന് ട്വീറ്റുകള്‍ ആരാണ് നിരീക്ഷിക്കുക? വെള്ളം കലക്കി രാഷ്ട്രീയനേട്ടം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജവാര്‍ത്തകളും വിദ്വേഷജനകമായ കാര്യങ്ങളും കൂട്ടിക്കലര്‍ത്തി വാട്ടസ്ആപ് സന്ദേശങ്ങള്‍ അയക്കുന്നതും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതും. വലിയ രാഷ്ട്രീയ ധ്രുവീകരണം സംഭവിക്കുന്ന ചുറ്റുപാടില്‍ പ്രധാന സോഷ്യല്‍ മീഡിയ വേദികളില്‍ വരുന്ന കാര്യങ്ങളുടെ വസ്തുതകള്‍ ജനങ്ങള്‍തന്നെ പരിശോധിക്കണമെന്ന് പറയുന്നത് ഉത്തരവാദിത്വത്തില്‍നിന്നുമുള്ള ഒളിച്ചോട്ടമായിരിക്കും. ഒരു ഡിജിറ്റല്‍ വനത്തില്‍ ഒരു നിയന്ത്രണവുമില്ലാതെ ഒരു ഭീകരസത്വത്തെ കെട്ടഴിച്ചുവിടുകയായിരിക്കും ചെയ്യുക. നിയമപരമായ എല്ലാ പരിശോധനകളെയും മറികടക്കുന്നതിനുള്ള അപൂര്‍വമായ ശേഷി ടെക്‌നോളജി സൃഷ്ടിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ യോദ്ധാക്കളുടെ പിന്നാലെ എപ്പൊഴും നിയമ സംവിധാനങ്ങളൊക്കെയുണ്ട്. എന്നാല്‍ മറഞ്ഞിരുന്ന് തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ നമ്മുടെ പോലീസ് സംവിധാനങ്ങള്‍ക്ക് ചെന്നെത്താന്‍ കഴിയുന്നതിനും അപ്പുറത്താണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ നിരീക്ഷിക്കാന്‍ മദ്ധ്യപ്രദേശിലെ ഒരു പോലീസ് കോണ്‍സ്റ്റബിളിനോ അല്ലെങ്കില്‍ ഗ്രാമീണ മേഖലയിലെ ഒരു ജില്ലാ ഭരണാധികാരിക്കോ കഴിയുമെന്ന് ആരും കരുതില്ല. അര്‍ദ്ധനിരക്ഷരനായ ഒരു പോലീസ് കോണ്‍സ്റ്റബിളും സാങ്കേതികവിദ്യാപരമായി സുസജ്ജമായ ഒരു രാഷ്ട്രീയ ശക്തിയും തമ്മിലുള്ള പോരാട്ടത്തില്‍ ഒരു വിജയി മാത്രമേ ഉണ്ടാകുകയുള്ളൂ. 2014ല്‍ എല്ലാ അതിരുകളും ലംഘിച്ച് തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചട്ടങ്ങള്‍ ബിജെപി തിരുത്തിയെഴുതി. ഒരു സ്ഥലത്തു വോട്ടെടുപ്പ് നടക്കുമ്പോള്‍ത്തന്നെ മറ്റൊരിടത്ത് തെരെഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കുന്നതിന്റെയും തെരെഞ്ഞെടുപ്പ് റാലികളുടെയും റോഡ് ഷോകളുടെയും തത്സമയ സംപ്രേഷണം നടക്കുണ്ടായിരുന്നു. ഓരോ സംഭവത്തിലും തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ക്ക് കടലാസിന്റെ വിലപോലും കല്‍പ്പിച്ചില്ല. സ്വന്തം ചട്ടങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത നിസ്സഹായമായ തെരെഞ്ഞെടുപ്പ് കമ്മീഷനെയാണ് കണ്ടത്. 2019ലും ഇതൊക്കെത്തന്നെയാകും സംഭവിക്കുക. തത്വദീക്ഷയില്ലാതെ പെരുമാറുന്ന രാഷ്ട്രീയക്കാരെ നമുക്ക് കാണാന്‍ കഴിഞ്ഞെന്നിരിക്കും. എന്നാല്‍ എല്ലാ നിയമങ്ങളുടെയും പരിധിക്കപ്പുറത്തു നിന്നുകൊണ്ട് ഇപ്പോള്‍ വളരെ കരുത്തരായി മാറിയിട്ടുള്ള സോഷ്യല്‍ മീഡിയ സൈന്യം അദൃശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തും.
പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായി കര്‍ണാടക തെരെഞ്ഞെടുപ്പ് കാലത്ത് ഉണ്ടായ ഒരനുഭവം വിവരിച്ചിട്ടുണ്ട്. ഒരു ഗ്രാമത്തിലെ ചായക്കടയില്‍ അദ്ദേഹവുമായി സംസാരിച്ച ഒരു യുവാവ് പറഞ്ഞത് അയാള്‍ ഒരിക്കലും കോണ്‍ഗ്രസിന് വോട്ടുചെയ്യില്ലെന്നാണ്. രാഹുല്‍ ഗാന്ധിക്ക് മൂന്നു ഭാര്യമാര്‍ ഉണ്ടെന്നതാണ് അയാള്‍ കാരണമായി പറഞ്ഞത്. കോണ്‍ഗ്രസ് പ്രസിഡന്റ് ഒരു മോസ്‌ക്കിനുള്ളില്‍ ബുര്‍ഖ ധരിച്ച മൂന്നു സ്ത്രീകള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുന്ന ചിത്രത്തോടുകൂടിയ ഒരു വാട്ട്‌സ്ആപ്പ് സന്ദേശം അയാള്‍ അദ്ദേഹത്തെ കാണിച്ചു. കര്‍ണാടകത്തില്‍ ഇന്നലെ പ്രചരിപ്പിച്ച ഈ വ്യാജ വിഡിയോ നാളെ ഇന്ത്യ ഒട്ടാകെ വൈറലായിക്കൂടെന്നില്ലെന്ന് സര്‍ദേശായി പറയുന്നു.

Other News

 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
 • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
 • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
 • Write A Comment

   
  Reload Image
  Add code here