തൊഴിലാളിവര്‍ഗ പാര്‍ട്ടിയായി മാറുന്ന ജിഒപി

Sat,Jul 28,2018


അമേരിക്കയിലെ ബ്ലൂ കോളര്‍ തൊഴിലാളികളുടെ പാര്‍ട്ടിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി മാറിയിരിക്കുന്നതായി വിദഗ്ദ്ധര്‍. 1992ലെ തെരെഞ്ഞെടുപ്പിനുശേഷം അമേരിക്കയിലെ ഉല്‍പ്പാദന വ്യവസായങ്ങള്‍ കേന്ദ്രീകരിച്ചിരുന്ന 20 കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടുകളില്‍ 15നെയും പ്രതിനിധീകരിച്ചിരുന്നത് ഡെമോക്രറ്റുകളായിരുന്നു. ഇന്നാകട്ടെ 20ലും റിപ്പബ്ലിക്കന്മാരാണ്. ഒരിക്കല്‍ ഡെമോക്രറ്റുകളുടെ ശക്തികേന്ദ്രങ്ങളായിരുന്ന വ്യവസായ തൊഴിലാളികള്‍ റിപ്പബ്ലിക്കന്മാര്‍ക്കൊപ്പം ചേര്‍ന്നത് രണ്ടു പാര്‍ട്ടികളെയും പുനര്‍നിര്‍മ്മിതിക്ക് വിധേയമാക്കിയിട്ടുണ്ട്. ഡോണള്‍ഡ് ട്രമ്പിന്റെ രാഷ്ട്രീയ വിജയം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ സംരക്ഷണ നയത്തിന്റെ വക്താക്കള്‍ ഉദയം ചെയ്യുന്നത്, രാജ്യത്തിന്റെ രാഷ്ട്രീയ ധ്രുവീകരണം എന്നിവയെല്ലാം അത് വ്യക്തമാക്കുന്നുണ്ട്. 1992ലെ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍നിന്നും വ്യത്യസ്തമായി 2016ല്‍ സംഭവിച്ചതിന്റെ മകുടോദാഹരണമാണ് സൗത്ത് കരോലിനയിലെ ബ്ലൂ റിഡ്ജ് മൗണ്ടന്‍സിനു സമീപമുള്ള മൂന്നാമത്തെ കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ട്. 1992ല്‍ ടെക്‌സ്‌റ്റൈല്‍ മില്ലുകളുടെ കേന്ദ്രമായിരുന്ന ഡിസ്ട്രിക്ടിനെ പ്രതിനിധീകരിച്ചത് ബട്‌ളര്‍ ഡെറിക് എന്ന ഡെമോക്രാറ്റ് ആയിരുന്നു. അതിനു മുമ്പുള്ള 17 വര്‍ഷങ്ങളിലും അതായിരുന്നു സ്ഥിതി. അദ്ദേഹം തോക്കുനിയന്ത്രണത്തെ പിന്താങ്ങുകയും ട്രേഡ് യുണിയനുകള്‍ക്കൊപ്പം നിലയുറപ്പിക്കുകയും മില്യണ്‍ കണക്കിന് അനധികൃത കുടിയേറ്റക്കാരായ തൊഴിലാളികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള 1986ലെ നിയമത്തിനു അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്തു.
ആ ഡിസ്ട്രിക്ട് പിന്നീട് വാഹനങ്ങളുടെ പാര്‍ട്‌സുകളും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്ന കേന്ദ്രമായി മാറി. അന്നും ഇന്നും യുഎസില്‍ ഉല്‍പ്പാദന മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ ഏറ്റവും കേന്ദ്രീകരിച്ചിട്ടുള്ള 20 ഡിസ്ട്രിക്ടുകളിലൊന്നായി അത് നിലകൊള്ളുന്നു. ഇന്നിപ്പോള്‍ ജഫ് ഡങ്കന്‍ എന്ന റിപ്പബ്ലിക്കാനാണ് അവിടെനിന്നുള്ള പ്രതിനിധി. അനധികൃത കുടിയേറ്റക്കാരെ അദ്ദേഹം ഉപമിക്കുന്നത് തെമ്മാടികളോടോ അല്ലെങ്കില്‍ മൃഗങ്ങളോടോ ആണ്. ലോക വ്യാപാര സംഘടനയെ വളരെയധികം അധികാരങ്ങളുള്ള ഒരു 'ആഗോള സംഘടന' ആയും ചിത്രീകരിക്കുന്നു. ബോണ്ടുകള്‍ വാങ്ങുന്ന ചൈനക്കാരുടെയും മറ്റു വായ്പക്കാരുടെയും അടിമകളായി മാറിയിരിക്കുന്നു എന്നുവരെ അദ്ദേഹം വോട്ടര്‍മാരുടെ മെയില്‍ നടത്തിയ ടെലി കോണ്‍ഫറന്‍സില്‍ പറഞ്ഞു. വ്യവസായ തൊഴിലാളികളെ ആകര്‍ഷിക്കാനായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രത്യേകിച്ച് എന്തെങ്കിലും ശ്രമങ്ങളൊന്നും നടത്തിയിരുന്നില്ല. കാലക്രമത്തില്‍ സമ്പദ്ഘടനയും പാര്‍ട്ടിയും മാറിയപ്പോള്‍ അങ്ങനെ സംഭവിച്ചതാണ്. ഡെമോക്രറ്റുകളോട് ചായ്‌വ് കാണിച്ചിരുന്ന പല കൗണ്ടികളിലും കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ ഫാക്ടറി തൊഴിലുകള്‍ നഷ്ടപ്പെടുകയും അവ ഉല്‍പ്പാദന കേന്ദ്രങ്ങളല്ലാതാവുകയും ചെയ്തു. 1992ല്‍ യുഎസില്‍ ആകെ പണിയെടുക്കുന്നവരുടെ 15.4% ആയിരുന്നു ഫാക്ടറി തൊഴിലാളികള്‍. അതിപ്പോള്‍ 8.5%മായി കുറഞ്ഞിരിക്കുകയാണ്. യൂണിയന്റെ ശക്തികേന്ദ്രങ്ങളായിരുന്ന വന്‍ നഗരങ്ങളില്‍നിന്നും അവര്‍ നാഗരപ്രാന്ത പ്രദേശങ്ങളിലേക്ക് പോകുകയാണ്. ഉല്‍പ്പാദന വ്യവസായ കേന്ദ്രങ്ങളുടെ ഭൂപടത്തില്‍നിന്നും ഡെമോക്രറ്റുകളുടെ ശക്തികേന്ദ്രങ്ങളായ നോര്‍ത്ത് ഈസ്റ്റും ന്യൂ ഇംഗ്‌ളണ്ടും അപ്രത്യക്ഷമായിക്കഴിഞ്ഞു. മസാച്യുസെറ്റ്‌സിലോ കണക്റ്റികട്ടിലോ ഉല്‍പ്പാദന വ്യവസായങ്ങള്‍ കേന്ദ്രീകരിച്ചിട്ടുളള കൗണ്ടികള്‍ ഇല്ലാതായിരിക്കുന്നു.
ഡെമോക്രറ്റുകളുടെ മറ്റൊരു ശക്തികേന്ദ്രമായിരുന്ന പിറ്റ്‌സ്ബര്‍ഗ് സ്റ്റീല്‍ വ്യവസായത്തിന്റെ പൈതൃകം ഉപേക്ഷിക്കുകയും ഒരു യുണിവേഴ്‌സിറ്റിയുടെയും ആരോഗ്യ സംരക്ഷണ കേന്ദ്രത്തിന്റെയും സ്ഥലമായി മാറുകയും ചെയ്തിരിക്കുന്നു. 1992നു ശേഷം ഉല്‍പ്പാദന മേഖലയില്‍ 37,000 തൊഴിലുകളാണ് നഷ്ടപ്പെട്ടത്. അതേസമയം സേവന മേഖലയുമായില്‍ തൊഴിലാളികള്‍ 168,000 ആയി വര്‍ദ്ധിച്ചു. മിഷിഗണ്‍, മിനസോട്ട, വിസ്‌കോണ്‍സിന്‍ എന്നിവയില്‍നിന്നും തെക്കോട്ടു ഒഹായോയിലൂടെ കരോളിനയിലേക്കും അതിന്റെയും തെക്കേ അറ്റത്തേക്കുമുള്ള ഇന്റര്‍ സ്‌റ്റേറ്റ് ഹൈവേകളുടെ പ്രാന്ത പ്രദേശങ്ങളിലാണ് ഉല്‍പ്പാദന വ്യവസായങ്ങള്‍ പുതുതായി കേന്ദ്രീകരിച്ചിട്ടുള്ളത്. കോളജ് വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത വെള്ളക്കാരാണ് ഫാക്ടറി തൊഴിലാളികളില്‍ ഏറെയും. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഏറ്റെടുത്തിട്ടുള്ള സാമൂഹ്യ പ്രശ്‌നങ്ങളോടും ഗര്‍ഭഛിദ്രം തടയുക തുടങ്ങിയ പ്രശ്‌നങ്ങളോടും അവര്‍ താദാത്മ്യം പ്രാപിക്കുകയാണ്. വ്യാപാര കാര്യത്തില്‍ ട്രമ്പ് ഭരണകൂടം സ്വീകരിച്ചിട്ടുള്ള കര്‍ക്കശ നിലപാടുകള്‍ സ്വതന്ത്ര വ്യാപാര കരാറുകളാണ് തങ്ങള്‍ക്കു ഹാനികരമാകുന്നതെന്ന് വിശ്വസിക്കുന്ന തൊഴിലാളികളുമായുമുള്ള ബന്ധം ഊട്ടിയയുറപ്പിക്കുന്നതിന് സഹായകമായി. ഉല്‍പ്പാദന വ്യവസായങ്ങള്‍ കേന്ദ്രീകരിക്കുന്നിടത്താണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി കരുത്ത് നേടുന്നതെന്ന് രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചു പഠിക്കുന്ന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഉല്‍പ്പാദന വ്യവസായങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ള മറ്റെല്ലാ മേഖലകളും റിപ്പബ്ലിക്കന്മാര്‍ക്ക് അനുകൂലമാകുകയാണ്. 1992ല്‍ ആകെ വോട്ടര്‍മാരുടെ 25%മെങ്കിലും തൊഴിലാളികളായിരുന്ന 860 കൗണ്ടികളാണ് ഉണ്ടായിരുന്നത്. ആ കൗണ്ടികളിലെ 49% വോട്ടുകളും ഡെമോക്രാറ്റ് ബില്‍ ക്ലിന്റനാണ് നേടിയത്. 2016ല്‍ നാലിലൊരു ഭാഗമെങ്കിലും തൊഴിലാളികളുള്ള 320 കൗണ്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ 95% വോട്ടുകളും ഡോണള്‍ഡ് ട്രമ്പ് നേടി. വളരെക്കാലമായി ഡെമോക്രറ്റുകള്‍ക്കൊപ്പം നിലകൊണ്ടിരുന്ന ലേബര്‍ യൂണിയനുകളില്‍ ഇപ്പോള്‍ ഉല്‍പ്പാദന വ്യവസായത്തിലെ 9% തൊഴിലാളികള്‍ മാത്രമാണുള്ളത്. 1992ല്‍ 20% ഉണ്ടായിരുന്നു. 1990കളുടെ അവസാനം ലോക വ്യാപാര സംഘടനയില്‍ (ഡബ്‌ള്യുടിഒ) ചൈനയുടെ പ്രവേശനം ബില്‍ ക്ലിന്റണ്‍ അനായാസമാക്കിയതോടെ ഒട്ടേറെ വോട്ടര്‍മാര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നും അകലാന്‍ തുടങ്ങി. ടെക്സ്റ്റയില്‍ ബിസിനസിനെയാണ് അത് വലുതായി തകര്‍ത്തത്. ജെ സെല്‍ഫ് ഉദാഹരണമാണ്. ടെക്സ്റ്റയില്‍ വ്യവസായം നടത്തുന്ന കുടുംബത്തിലെ അംഗമാണദ്ദേഹം. 2,000ത്തില്‍ ജെ സെല്‍ഫിന്റെ ഫാക്ടറിയില്‍ 3,000 ത്തോളം തൊഴിലാളികളുണ്ടായിരുന്നു. ഇപ്പോഴത് 320 പേര്‍ മാത്രം. വ്യവസായ തൊഴിലാളികളുടെ കേന്ദ്രങ്ങളില്‍ സ്വതന്ത്ര വ്യാപാര കരാറുകള്‍ക്ക് അല്‍പ്പവും പിന്തുണ ലഭിച്ചില്ല. മെഡിക്കല്‍ രംഗത്തും നിയമ രംഗത്തും മറ്റുമുള്ള പ്രൊഫഷണലുകളുടെ പ്രശ്‌നങ്ങളിലേക്ക് ഡെമോക്രറ്റുകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഫാക്ടറി തൊഴിലാളികള്‍ ട്രമ്പിനെ സ്‌നേഹിച്ചു. ഫാക്ടറികള്‍ നിലവിലുള്ള പട്ടണങ്ങളില്‍ സംഭവിച്ച ഈ മാറ്റം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും രാഷ്ട്രീയത്തെയും ഇളക്കിമറിച്ചു. കൂടുതല്‍ വിദ്യാഭ്യാസമുള്ളവരും നഗരവാസികളും ഇന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വോട്ടു ചെയ്യുന്നതിനാണ് താല്‍പ്പര്യം കാട്ടുന്നത്. ബ്ലൂ കോളര്‍ തൊഴിലാളികളുമായി റിപ്പബ്ലിക്കന്മാരെപ്പോലെയോ സ്വതന്ത്രന്മാരെപ്പോലെയോ അവര്‍ കൂടുതല്‍ ഇടപഴകുന്നതുമില്ല.
മെട്രോ നഗരങ്ങളുടെ സാമ്പത്തിക ഘടന ഉല്‍പ്പാദന വ്യവസായങ്ങളില്‍നിന്നും സേവന, ധനകാര്യ, സാങ്കേതികവിദ്യാ വ്യവസായങ്ങളിലേക്കു മാറിയപ്പോള്‍ പല ബ്ലൂ കോളര്‍ തൊഴിലാളികളും പുലര്‍ത്തിയിരുന്ന യാഥാസ്ഥിതിക സാംസ്‌കാരിക വീക്ഷണങ്ങളെ നിരാകരിച്ച ഡെമോക്രറ്റുകള്‍ സ്വവര്‍ഗരതിക്കാരുടെയും കുടിയേറ്റക്കാരുടെയും അവകാശങ്ങള്‍ക്കായി കൂടുതല്‍ വാദിക്കുകയും ചെയ്തു. 2016ലെ തെരെഞ്ഞെടുപ്പ് വേളയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പരിപാടിയില്‍ 19 തവണ സ്ത്രീകളും പുരുഷന്മാരുമായ സ്വവര്‍ഗ രതിക്കാരുടെ അവകാശങ്ങള്‍ പരാമര്‍ശിക്കപ്പെട്ടു. 1992ല്‍ ഒരു പരാമര്‍ശം മാത്രമാണുണ്ടായിരുന്നത്. ഹൗസിലെ ഡെമോക്രറ്റുകള്‍ സ്വതന്ത്ര വ്യാപാര കരാറുകളെ എതിര്‍ക്കുമ്പോള്‍ അവരുടെ വോട്ടര്‍മാര്‍ അങ്ങനെയല്ലെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍/എന്‍ബിസി സര്‍വേ ഫലങ്ങള്‍ കാണിക്കുന്നത്. 57% ഡെമോക്രറ്റുകളും സ്വതന്ത്ര വ്യാപാര കരാറുകള്‍ യുഎസിന് ഗുണം ചെയ്തുവെന്ന പക്ഷക്കാരാണ്. 16% മാത്രമാണ് മറിച്ചുചിന്തിക്കുന്നത്. അതേ സമയം റിപ്പബ്ലിക്കന്മാര്‍ ഉല്‍പ്പാദന മേഖലയിലെ വ്യവസായികളുടെയും തൊഴിലാളികളുടെയും ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കാന്‍ തുടങ്ങി. കുടിയേറ്റത്തെ എതിര്‍ത്ത അവര്‍ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങളില്‍നിന്നും പിന്‍വാങ്ങുകയും അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പൊതു പണം ചിലവഴിക്കുന്നതിനെ അനുകൂലിക്കുകയും ചെയ്തു. സ്വതന്ത്ര വ്യാപാരത്തില്‍നിന്നും പിന്‍വാങ്ങിയെന്നതാണ് ഏറ്റവും പ്രധാന മാറ്റം. 1992ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരിപാടിയില്‍ സ്വതന്ത്ര വ്യാപാരത്തെ ശക്തമായി അനുകൂലിച്ചിരുന്നു. എന്നാല്‍ 2016ല്‍ 'അമേരിക്ക ആദ്യം എന്നതിന് മുന്‍ഗണന നല്‍കി നന്നായി കൂടിയാലോചിച്ചുള്ള വ്യാപാര കരാറുകള്‍ മാത്രമേ പാടുള്ളു എന്നതായിരുന്നു ട്രമ്പ് ഉന്നയിച്ചത്. 'സ്വതന്ത്ര വ്യാപാരം' എന്നതിനൊപ്പം 'ന്യായമായ വ്യാപാരം' എന്നുകൂടി ചേര്‍ക്കപ്പെട്ടു. വ്യവസായങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്ന മേഖലകളിലെ ഡെമോക്രറ്റുകള്‍ മുമ്പ് ഇതുരണ്ടും കൂട്ടിച്ചേര്‍ത്താണ് പറഞ്ഞിരുന്നത്. വ്യാപാര നയങ്ങളെ സംബന്ധിച്ച വാള്‍സ്ട്രീറ്റ് ജേണലും എന്‍ബിസിയും ചേര്‍ന്ന് 1999ല്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത റിപ്പബ്ലിക്കന്മാരില്‍ 37%വും സ്വതന്ത്ര വ്യാപാരം യുഎസിന് ഗുണം ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ 2017 ഫെബ്രുവരിയില്‍ നടത്തിയ സര്‍വേയില്‍ 53% റിപ്പബ്ലിക്കന്മാരും പറഞ്ഞത് സ്വതന്ത്ര വ്യാപാരം യുഎസിന് ഹാനികരമായി എന്നാണ്.
കോണ്‍ഗ്രസിലുള്ള നിയന്ത്രണം നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്മാര്‍ക്കു ഉല്‍പ്പാദന വ്യവസായങ്ങളുള്ള മേഖലകളിലെ പിന്തുണ ആവശ്യമാണ്. ഹൗസില്‍ ഇപ്പോള്‍ 23 സീറ്റുകളാണ് റിപ്പബ്ലിക്കന്മാര്‍ക്കു കൂടുതലുള്ളത്. 50 കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടുകളില്‍ ഉല്‍പ്പാദന മേഖലയിലെ തൊഴിലാളികള്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലുണ്ട്. സെനറ്റില്‍ രണ്ടു സീറ്റുകള്‍ മാത്രമാണ് റിപ്പബ്ലിക്കന്മാര്‍ക്കു കൂടുതലുള്ളത്. വലിയ ഉല്‍പ്പാദന വ്യവസായങ്ങളുള്ള ചില സംസ്ഥാനങ്ങളില്‍ സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പും നവംബറില്‍ നടക്കും. അവിടങ്ങളിലൊക്കെയും ട്രമ്പ് ഭൂരിപക്ഷം നേടുകയും ചെയ്തിരുന്നു. മിഷിഗണ്‍, ഒഹായോ, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നീ സംസ്ഥാനങ്ങള്‍ അതിലുള്‍പ്പെടും. ചൈനക്കും യൂറോപ്യന്‍ യൂണിയനും മറ്റു രാജ്യങ്ങള്‍ക്കുമെതിരെ ട്രമ്പ് സ്വീകരിച്ചിട്ടുള്ള കര്‍ക്കശമായ വ്യാപാര നയം അതിന്റേതായ ചലനങ്ങള്‍ സൃഷ്ടിക്കുമെങ്കില്‍ ഈ സംസ്ഥാനങ്ങളിലെല്ലാം റിപ്പബ്ലിക്കന്മാര്‍ക്കു മുന്നില്‍വരാന്‍ കഴിയും. എന്നാല്‍ ട്രമ്പിന്റെ തീരുവകള്‍ക്കുള്ള തിരിച്ചടിയായി ഏര്‍പ്പെടുത്തിയ തീരുവകള്‍ പ്രാദേശിക സമ്പദ്ഘടനകള്‍ക്ക് ദോഷകരമാകുമെങ്കില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ബ്ലൂ കോളര്‍ അടിത്തറ വോട്ടിങ്ങിന്റെ കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തും. വ്യാപാരത്തെക്കുറിച്ചുള്ള സന്ദേഹങ്ങള്‍ ഇടതുപക്ഷത്തും വലതുപക്ഷത്തുമുണ്ട്. ഇറക്കുമതി വലിയ ആഘാതമുണ്ടാക്കുന്ന സംസ്ഥാനങ്ങള്‍ രാഷ്ട്രീയമായി ഏതു ദിശയിലേക്കും തിരിഞ്ഞേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒഹിയോവിലെ എട്ടാമത്തെ കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ട് ആയ സിന്‍സിനാറ്റി സംഭവിക്കുന്ന മാറ്റങ്ങളുടെ ഉദാഹരണമാണ്. വളരെകാലമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്നു. ഹൗസിന്റെ മുന്‍ സ്പീക്കര്‍ ആയ റിപ്പബ്ലിക്കന്‍ ജോണ്‍ ബെയ്‌നര്‍ ആയിരുന്നു 1992ല്‍ അവിടുത്തെ പ്രതിനിധി. നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റിന് അനുകൂലമായി വോട്ടു ചെയ്ത അദ്ദേഹം യുഎസ് മറ്റു 11 രാഷ്ട്രങ്ങളുമായി ഒപ്പിട്ട ട്രാന്‍സ് പസിഫിക് പാര്‍ട്ണര്‍ഷിപ് കരാറിനും വഴിയൊരുക്കി. ട്രമ്പ് അധികാരമേറ്റ ദിവസംതന്നെ ആ കരാര്‍ റദ്ദാക്കുകയാണുണ്ടായത്. 1990 മുതല്‍ 2015 വരെയും തെരെഞ്ഞെടുക്കപ്പെട്ട ബെയ്‌നര്‍ പിന്നീട് പാര്‍ട്ടിക്കുള്ളില്‍ ജനപ്രിയ നടപടികള്‍ക്കായി വാദിക്കുന്ന യാഥാസ്ഥിതിക വിഭാഗക്കാര്‍ കരുത്താര്‍ജ്ജിച്ചതോടെ പിന്‍വാങ്ങുകയായിരുന്നു. ബെയ്‌നറുടെ നിലപാടുകളെ പൈശാചികമായി ചിത്രീകരിക്കുന്ന റിപ്പബ്ലിക്കനായ വാറന്‍ ഡേവിഡ്‌സനാണ് പിന്‍ഗാമി.

Other News

 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
 • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
 • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
 • Write A Comment

   
  Reload Image
  Add code here