ചൈനയില്‍ ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാതാക്കളുടെ വേലിയേറ്റം

Sat,Jul 28,2018


മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ് പ്രസിഡന്റ് ഷി ജിന്‍പിങ് 'ടമേഡ് ഇന്‍ ചൈന 2025' പദ്ധതി ആവിഷ്‌ക്കരിച്ചത്. ഇലക്ട്രിക്ക് വാഹനങ്ങളുള്‍പ്പടെയുളള 10 മേഖലകളില്‍ ആഗോള ആധിപത്യം കൈവരിക്കുക എന്ന ലക്ഷ്യമാണ് അതിനുള്ളത്. ഏറ്റവും ഒടുവിലായി പ്രസിദ്ധീകരിച്ച ഔദ്യോഗിക കണക്കുകള്‍പ്രകാരം ചൈനയിലിപ്പോള്‍ 487 ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളാണുള്ളത്. അവയില്‍ ഭൂരിപക്ഷവും പുതിയ കമ്പനികളുമാണ്. ഖനി തൊഴിലാളികള്‍ പാര്‍ക്കുന്ന ചൈനയിലെ പഴയൊരു പട്ടണമാണ് ടോന്‍ഗ്ലിങ്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒരു ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള ഭൂമിക്കും മൂലധനവുമായി 535 മില്യണ്‍ ഡോളര്‍ അധികൃതര്‍ ഒരു സ്റ്റാര്‍ട്ടപ്പിനായി നല്‍കിയത്. അപ്പോഴും ഇലക്ട്രിക്ക് കാറുകളെക്കുറിച്ചു തദ്ദേശവാസികള്‍ക്ക് ഒന്നുംതന്നെ അറിയില്ലായിരുന്നു. മുമ്പ് ഇന്റര്‍നെറ്റ് സെക്യൂരിറ്റി എക്‌സിക്യൂട്ടീവ് ആയി ജോലി നോക്കിയിരുന്ന ഒരാളിന്റെ നേതൃത്വത്തില്‍ ഒരു സംഘം ടെക് പ്രൊഫഷനലുകളാണ് അത് സ്ഥാപിച്ചത്. അവരാരും മുമ്പ് ഒരു കാര്‍ നിര്‍മ്മാണ ഫാക്ടറിയിലും പ്രവര്‍ത്തിച്ചു പരിചയമുള്ളവര്‍ ആയിരുന്നില്ല. സിംഗുലാറ്റോ മോട്ടോഴ്‌സ് എന്നാണു സ്റ്റാര്‍ട്ടപ്പ് അറിയപ്പെടുന്നത്. ചൈനയിലെങ്ങും അത്തരം പങ്കാളിത്ത സംരംഭങ്ങള്‍ ഉയര്‍ന്നുവരുകയാണ്. ഇലക്ട്രിക്ക് വാഹന സാങ്കേതികവിദ്യയില്‍ ലോകശക്തിയായി മാറുന്നതിനുള്ള ബെയ്ജിങിന്റെ ആഹ്വാനംതന്നെയാണ് അതിനുകാരണം. ഇത്തരം സംരംഭങ്ങളിലേക്ക് എടുത്തുചാടുന്നതിനുള്ള ആവേശം തദ്ദേശീയ ഗവണ്മെന്റുകളും കാണിക്കുന്നു. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കും മറ്റ് ഉയര്‍ന്ന സാങ്കേതികവിദ്യ ആവശ്യമുള്ള വ്യവസായങ്ങള്‍ക്കുമായി ജൂണില്‍ 47 ബില്യണ്‍ ഡോളറിന്റെ ഫണ്ട് നാഷണല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റീഫോം കമ്മീഷനും ചൈന കണ്‍സ്ട്രക്ഷന്‍ ബാങ്കും ചേര്‍ന്ന് പ്രഖ്യാപിച്ചു. പ്രാദേശിക ഗവണ്മെന്റുകളും സമാനമായ ഫണ്ടുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പനക്കായി ഗവണ്മെന്റ് നല്‍കിയ സബ്‌സിഡി 15 ബില്യണ്‍ ഡോളറില്‍ അധികമാണ്. അടുത്ത 5 വര്‍ഷങ്ങളാകുമ്പോള്‍ ഇപ്പോഴുള്ള ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളില്‍ 10% മാത്രമേ അവശേഷിക്കുകയുള്ളുവെന്ന് സിംഗുലാറ്റോ മോട്ടോഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് പറയുമ്പോള്‍ മറ്റു പല വാഹന വിപണി വിദഗ്ധരും പറയുന്നത് ഒരു ശതമാനത്തോളം മാത്രമെന്നാണ്. ഇപ്പോള്‍ ഈ വ്യവസായത്തില്‍ നിക്ഷേപിക്കപ്പെടുന്ന മൂലധനത്തിലെ ഏറെയും പാഴായിപോകുമെന്ന മുന്നറിയിപ്പും ചിലര്‍ നല്‍കുന്നു. എന്നാല്‍ വാഹന വ്യവസായത്തെ നിയന്ത്രിക്കുന്ന വ്യവസായത്തിനും വിവര സാങ്കേതികവിദ്യക്കുമായുള്ള മന്ത്രാലയം ഒന്നും പറയുന്നില്ല.
ഇലക്ട്രിക്ക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സ്റ്റാര്‍ട്ടപ്പുകളുമായി രംഗത്തുവന്നിട്ടുള്ളവര്‍ക്ക് മത്സരിക്കാനുള്ളത് വലിയ തോതില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ചൈനയിലും വിദേശത്തുമുള്ള വലിയ കമ്പനികളുമായിട്ടാണ്. ചൈനയിലിപ്പോള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വാഹന നിര്‍മ്മാതാക്കളും 2019 ആകുമ്പോഴേക്കും ഇലക്ട്രിക്ക് വാഹനങ്ങള്‍ നിര്‍മ്മിച്ചുതുടങ്ങണമെന്ന് ഗവണ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ആഡംബര ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാണ കമ്പനിയായ ടെസ്‌ല വിദേശത്തെ ആദ്യ പ്ലാന്റ് ചൈനയില്‍ സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചുകഴിഞ്ഞു. ഷാങ്ഹ്വയിയിലാകും അത് സ്ഥാപിക്കുക. വര്‍ഷം 500,000 കാറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ശേഷി അതിനുണ്ടാകും. സാങ്കേതികവിദ്യാ രംഗത്തെ ആധിപത്യത്തിനായുള്ള ചൈനയുടെ ശ്രമത്തിന്റെ കാരണം യുഎസുമായുമുള്ള വ്യാപാര സംഘര്‍ഷം രൂക്ഷമാകുന്നതാണ്. മേഡ് ഇന്‍ ചൈന 2025 പദ്ധതിയെക്കുറിച്ചു പഠനം നടത്തിയ യുഎസ് ട്രേഡ് റെപ്രെസന്ററ്റീവ് റോബര്‍ട്ട് ലൈറ്റൈസര്‍ പറഞ്ഞത് അതിനായി വലിയ തോതില്‍ സ്‌റ്റേറ്റ് മൂലധനം മുടക്കുന്നതും സാങ്കേതികവിദ്യ കൈമാറ്റത്തിന് നിര്‍ബ്ബന്ധിക്കുന്നതും വിദേശ കമ്പനികള്‍ക്ക് ഭീഷണിയാകുന്നു എന്നാണ്. ചൈനയില്‍ കഴിഞ്ഞ വര്‍ഷം 777,000 ഇലക്ട്രിക്ക് വാഹനങ്ങളാണ് വിറ്റത്. ആഗോളതലത്തില്‍ ആകെ വിറ്റതിന്റെ പകുതിയോളംവരുമത്. എന്നാല്‍ ഇലക്ട്രിക്ക് വാഹന നിര്‍മ്മാണ കമ്പനികളുടെ എണ്ണം കൂടുന്നതോടെ ആവശ്യത്തേക്കാള്‍ കൂടുതല്‍ വിതരണം ഉണ്ടാകുന്ന സ്ഥിതിയുണ്ടാകും.
ഹൈടെക് ശക്തി ആകുന്നതിനും സാങ്കേതികവിദ്യരംഗത്തെ മുന്നണിയിലെത്തുന്നതിനും ചൈനയ്ക്ക് നല്‌കേണ്ടിവരുന്ന വിലയാകും അമിത ശേഷിയെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മുമ്പ് സ്റ്റീല്‍, കപ്പല്‍ നിര്‍മ്മാണ വ്യവസായങ്ങളില്‍ അനുഭവപ്പെട്ടിരുന്ന അമിതശേഷിയുടെ പ്രശ്‌നത്തിന്റെ പുതിയ തരംഗമായിരിക്കും മേഡ് ഇന്‍ ചൈന 2025 പദ്ധതി ചൈനയില്‍ സൃഷ്ടിക്കുക. അതിന്റെ നഷ്ടം സഹിക്കാന്‍ ബെയ്ജിങ് തയ്യാറുമാണ്. സിംഗുലാറ്റോ സ്റ്റാര്‍ട്ടപ്പ് സ്വകാര്യ നിക്ഷേപകരില്‍ നിന്നുമായി 1.2 ബില്യണ്‍ ഡോളര്‍ കൂടി സമാഹരിച്ചിട്ടുണ്ട്. അതിനാല്‍ മറ്റു സ്റ്റാര്‍ട്ടപ്പുകളെ അപേക്ഷിച്ച് സാമ്പത്തിക സ്ഥിതി മെച്ചമാണ്. അതിനാല്‍ നിലനില്‍പ്പിനുള്ള സാധ്യതയും കൂടുമെന്നു ചീഫ് എക്‌സിക്യൂട്ടീവ് പറയുന്നു. സിംഗുലാറ്റോയുടെ ഫാക്ടറി തങ്ങളുടെ പ്രദേശത്തു സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് 20 നഗരങ്ങളും പ്രവിശ്യകളും രംഗത്തുവന്നിരുന്നു. ഇപ്പോള്‍ ഫാക്ടറി തുടങ്ങുന്ന ടോങ്ഗ്ലിങ്ങിലെ ജനസംഖ്യ 750,000 ആണ്. ഷാങ്വായിക്കു 230 മൈല്‍ അകലെയുള്ള ഈ പട്ടണം ചൈനയിലെ മറ്റു പല നഗരങ്ങളെയുംപോലെ ആണെന്നും പരമ്പരാഗത ഘനവ്യവസായത്തില്‍നിന്നും ആധുനിക വ്യവസായത്തിലേക്കു മാറുന്നതിന് അവിടുത്തെ ജനം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടോന്‍ഗ്ലിങ് എന്ന വാക്കിന്റെ അര്‍ഥം 'ചെമ്പ് കുന്ന്' എന്നാണ്. സഹായം തേടി തദ്ദേശ ഗവണ്മെന്റുകളെ സമീപിച്ചിട്ടില്ലെന്നും അവര്‍ തങ്ങളെയാണ് സമീപിച്ചതെന്നും അദ്ദേഹം പറയുന്നു. കാര്‍ നിര്‍മ്മാണം ഒരു നഗരത്തിന്റെ കരുത്തിനെയാണ് കാണിക്കുന്നതെന്ന് ടോംഗ്ലിങ്ങിലെ ഇന്‍വെസ്റ്റ്‌മെന്റ് ബ്യുറോ ഡയറക്ടര്‍ പറയുന്നു. അമിതശേഷിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. ചൈനയില്‍ നൂറിലേറെ വാഹന നിര്‍മ്മാതാക്കളുണ്ട്. അവയില്‍ മിക്കതും ലാഭത്തിലല്ല. പ്രാദേശിക ഗവണ്മെന്റുകളുടെ സഹായത്തോടെയാണ് അവ നിലനില്‍ക്കുന്നത്. നിര്‍മ്മാതാക്കള്‍ ഏറെയുള്ള ഒരേ വിപണിയില്‍ മത്സരിക്കേണ്ടിവരുന്നതിന്റെ അപകട സാധ്യതകള്‍ സിംഗുലേറ്റര്‍ ടീം മനസ്സിലാക്കുന്നുണ്ട്. അവരുടെ ആദ്യ കാറായ ഐഎസ് 6 എന്ന എസ്‌യുവി ഈ വര്‍ഷാവസാനത്തോടെ ഷോറൂമുകളിലെത്തും. 43,000 ഡോളറായിരിക്കും വില. 2020 ആകുമ്പോഴേക്കും 60,000 കാറുകള്‍ വില്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Write A Comment

 
Reload Image
Add code here