യുഎസ്-ഇന്ത്യ ബന്ധങ്ങള്‍ പരീക്ഷിക്കപ്പെടുന്നു

Sat,Jul 28,2018


ഇറാനും റഷ്യക്കുമെതിരെയുള്ള ഉപരോധങ്ങള്‍ വരുംമാസങ്ങളില്‍ യുഎസ് കര്‍ക്കശമാക്കുന്നതോടെ യുഎസ്-ഇന്ത്യ ബന്ധങ്ങള്‍ പരീക്ഷണങ്ങള്‍ക്കു വിധേയമാകുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധങ്ങള്‍ ശക്തമാകുകയായിരുന്നു. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ചേരിചേരാ നയത്തില്‍ അധിഷ്ഠിതമായ വിദേശ നയം ഉപേക്ഷിച്ച് ലോകത്തിലെ ഏക വന്‍ശക്തി രാജ്യവുമായി അടുത്ത വാണിജ്യ, സുരക്ഷാ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനാണ് ഇന്ത്യ ശ്രമിച്ചത്. ലോകത്ത് അതിവേഗം വളരുന്ന വലിയ സമ്പദ്ഘടനയായ ഇന്ത്യ അടുത്ത 6 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രവുമാകും. സൈനിക സഹകരണം ശക്തമാക്കുന്നതിനുള്ള കരാറുകള്‍ രൂപപ്പെടുത്തിയും പ്രതിരോധ, വിദേശകാര്യ മേഖലകളിലെ ഉന്നതര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ക്ക് തുടക്കമിട്ടും ബന്ധങ്ങളില്‍ ഇന്ത്യയും യുഎസും ഈ വര്‍ഷം പ്രധാന നാഴികക്കല്ലുകള്‍ പിന്നിടുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. അടുത്ത വര്‍ഷമാദ്യം നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളോട് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് അനുകൂലമായി പ്രതികരിക്കുമെന്നാണ് ഇന്ത്യ കരുതുന്നത്. കഴിഞ്ഞ വര്‍ഷം കൂടിക്കണ്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ സന്ദര്‍ശിക്കുന്നതിനായി ട്രമ്പിനെ ക്ഷണിച്ചിരുന്നു.
എന്നാല്‍, ഇരു രാജ്യങ്ങളുടെയും പ്രതിരോധ, വിദേശ മന്ത്രിമാര്‍ തമ്മില്‍ നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ച കഴിഞ്ഞ മാസം യുഎസ് രണ്ടാമതും നീട്ടിവച്ചു. സെപ്റ്റംബര്‍ ആദ്യം നടത്തുന്നതിനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ അതിനുമേല്‍ കരിനിഴല്‍ വീഴ്ത്തി ഉപരോധങ്ങളുടെയും വ്യാപാരത്തിന്റെയും പേരില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വളരുകയാണ്. യുഎസിന് ജപ്പാനുമായോ അല്ലെങ്കില്‍ നാറ്റോ രാഷ്ട്രങ്ങളുമായോ ഉള്ളതുപോലെയുള്ള ഒരു ഔപചാരിക സഖ്യത്തില്‍നിന്നും വേറിട്ട ഒന്നായിരിക്കണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെന്നതില്‍ ഇന്ത്യയും യുഎസും ശ്രദ്ധിച്ചിരുന്നു. സാമ്പത്തികമായും സൈനികമായും കടന്നാക്രമണ സ്വഭാവം കാട്ടുന്ന ചൈനക്കെതിരെ ഏഷ്യയില്‍ ആധിപത്യം പുലര്‍ത്തുന്നതിന്റെ കേന്ദ്ര ബിന്ദുവായി ഇന്ത്യയെ മാറ്റിയെടുക്കാനാണ് യുഎസ് ആഗ്രഹിക്കുന്നത്. കൂടാതെ, ഉടന്‍തന്നെ ബ്രിട്ടനേയും ഫ്രാന്‍സിനെയും പിന്തള്ളി ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുമെന്നതും തന്ത്രപ്രധാനമായ മേഖലയിലാണ് ഇന്ത്യ സ്ഥിതിചെയ്യുന്നതെന്നതും ജനാധിപത്യ മൂല്യങ്ങള്‍ പരസ്പരം പങ്കിടുന്നതാണെന്നതും ഇന്ത്യക്ക് യുഎസ് പ്രാധാന്യം നല്‍കുന്നതിന് കാരണമാണ്. ഇന്ത്യക്കു നല്‍കുന്ന പ്രാധാന്യത്തിന്റെ സൂചന എന്നോണം യുഎസ് സൈന്യം അതിന്റെ ഏഷ്യ പസിഫിക് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് 'ഇന്‍ഡോപസിഫിക് കമാന്‍ഡ്' എന്ന് പുനര്‍നാമകരണം ചെയ്തു. ഇരു രാജ്യങ്ങളും സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്തുകയും ഇന്ത്യ കൂടുതലായി യുഎസ് നിര്‍മ്മിത യുദ്ധോപകരണങ്ങള്‍ വാങ്ങുകയും ചെയ്യുന്നു. ചില ആയുധ സമ്പ്രദായങ്ങള്‍ സംയോജിപ്പിക്കുന്നത് ഉള്‍പ്പടെ സൈനിക സഹകരണം വിപുലമാക്കുന്നതിനുള്ള ചര്‍ച്ചകളിലാണ് ഇരു രാജ്യങ്ങളും ഏര്‍പ്പെട്ടിട്ടുള്ളത്. ഇത്തരത്തില്‍ ബന്ധങ്ങള്‍ വിപുലമാക്കാന്‍ ഇന്ത്യയും യുഎസും ഉന്നതതലത്തില്‍ നീങ്ങവെയാണ് ബന്ധങ്ങളില്‍ വലിയ അസ്വാസ്ഥ്യമുണ്ടാക്കുന്ന ഘടകമായി റഷ്യയ്ക്കും ഇറാനുമെതിരെ യുഎസ് ഉപരോധങ്ങള്‍ കര്‍ക്കശമാക്കുന്നത്. ഈ രണ്ടു രാജ്യങ്ങളുമായും ഇന്ത്യക്ക് വിപുലമായ ബന്ധങ്ങളാണുള്ളത്. അത് ഇല്ലാതെയാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുമില്ല.
ഈ രണ്ടു രാജ്യങ്ങളുമായും ബിസിനസ് ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളെ ശിക്ഷിക്കുംവിധം അമേരിക്ക നിയമം പാസാക്കിയിട്ടുണ്ട് - കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്‌സറീസ് ത്രൂ സാങ്ക്ഷന്‍സ് ആക്ട്. എന്നാല്‍ യുഎന്‍ മുഖേന അന്താരാഷ്ട്ര സമൂഹം ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ മാത്രമേ അംഗീകരിക്കുകയുള്ളുവെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഇതുപോലുണ്ടായ സ്ഥിതിഗതികളെ ഇന്ത്യയും യുഎസും മറികടന്നു പോയിട്ടുണ്ട്. ഇറാനെതിരെ ഒബാമ ഭരണസകൂടം ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഉദാഹരണമാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ക്ക് അന്ന് യുഎസ് ഇളവുകള്‍ നല്‍കുകയുണ്ടായി. അത്തരം ഇളവുകള്‍ ഇക്കുറിയും ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. എന്നാല്‍ ഇളവുകളൊന്നും നല്‍കില്ലെന്ന് ട്രമ്പ് ഭരണകൂടം കഴിഞ്ഞമാസം വ്യക്തമാക്കി. ഇന്ത്യയുടെ രാജ്യരക്ഷ ഏറെയും ആശ്രയിച്ചിരിക്കുന്നത് റഷ്യന്‍ ആയുധങ്ങളെയും അവയുടെ ആധുനിക രൂപങ്ങളെയുമാണ്. റഷ്യയില്‍നിന്നും വ്യോമപ്രതിരോധ മിസൈല്‍ സമ്പ്രദായം സ്വന്തമാക്കുന്നതിനായി 5.8 ബില്യണ്‍ ഡോളറിന്റെ ഇടപാട് നടക്കാനിരിക്കുകയാണ്. ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്ന രാജ്യങ്ങളില്‍ സൗദി അറേബ്യയെ പിന്തള്ളി ഇറാന്‍ രണ്ടാം സ്ഥാനത്തെത്തി. നേരത്തെ മൂന്നാം സ്ഥാനത്തായിരുന്നു. യുഎസിന്റെ നിലപാട് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തില്‍ കൂടുതല്‍ പങ്ക് വഹിക്കണമെന്ന് ട്രമ്പ് ഭരണകൂടം ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ചെയ്യണമെങ്കില്‍ ഇറാനുമായുള്ള ഉറ്റ സഹകരണം ആവശ്യമാണ്. ഇറാന്റെ തീരദേശ നഗരമായ ചബഹാറില്‍നിന്നുള്ള ഒരു ഇടനാഴിയിലൂടെ മാത്രമേ അഫ്ഗാനിസ്ഥാനിലേക്കു സാധനങ്ങള്‍ എത്തിക്കാന്‍ കഴിയുകയുള്ളു. ഇന്ത്യയുടേയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തികള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്നത് ഇന്ത്യയുടെ ബദ്ധശത്രുവായ പാകിസ്ഥന്‍ ആയതിനാല്‍ സാധനങ്ങള്‍ നേരിട്ടെത്തിക്കാന്‍ മാര്‍ഗമില്ല. വ്യാപാര മേഖലയിലും യുഎസും ഇന്ത്യയും തമ്മില്‍ സംഘര്‍ഷമുണ്ട്. അടുത്ത കാലത്ത് സ്റ്റീലിനും അലുമിനിയത്തിനും ട്രമ്പ് ഭരണകൂടം പ്രഖ്യാപിച്ച തീരുവകള്‍ ഇന്ത്യക്കും ബാധകമാണ്. അതിനുള്ള തിരിച്ചടിയെന്നോണം യുഎസില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ചില കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയും തീരുവകള്‍ പ്രഖ്യാപിച്ചു. അവ അടുത്ത മാസം പ്രാബല്യത്തില്‍ വരും.
അടുത്ത വര്‍ഷമാദ്യം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇറാനില്‍നിന്നുമുള്ള എണ്ണ ഇറക്കുമതി കുറച്ച് സമ്പദ്ഘടനയെ ശിഥിലമാക്കുന്നതുപോലുള്ള നടപടികള്‍ക്കോ അല്ലെങ്കില്‍ യുഎസിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നതായി കാണപ്പെടുന്ന പ്രവൃത്തികള്‍ക്കോ മോദി തയ്യാറായെന്നുവരില്ല. ബന്ധങ്ങള്‍ വഷളാകുകയോ അല്ലെങ്കില്‍ തകരുകയോ ചെയ്‌തേക്കാമെന്ന ആശങ്കകള്‍ ദൂരീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇരുപക്ഷത്തുമുണ്ട്. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധങ്ങള്‍ ശക്തമാകുന്നതോടെ ഇറാനോടുള്ള ആശ്രിതത്വം കുറയ്ക്കാനും മറ്റു ദിശകളിലേക്ക് പോകുന്നതിനും ഇന്ത്യക്ക് കഴിയുമെന്നാണ് അടുത്തിടെ നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം യുഎസിന്റെ യുഎന്‍ അംബാസിഡര്‍ നിക്കി ഹാലി പറഞ്ഞത്. അത് ചെയ്യുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇരുഭാഗത്തും പ്രകടമാകുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

Write A Comment

 
Reload Image
Add code here