പ്രധാനമന്ത്രി കസേരയില്‍ ഇമ്രാന്‍ ഖാന്‍; ഡ്രൈവര്‍ സീറ്റില്‍ സൈന്യം

Thu,Jul 26,2018


പാക്കിസ്ഥാന്‍ സൈന്യം ലക്ഷ്യം വച്ചത് നേടി. വന്‍ കൃത്രിമങ്ങളും തട്ടിപ്പുകളും സൈന്യത്തിന്റെ അഭൂതപൂര്‍വ്വമായ ഇടപടലുകളും അരോപിക്കപ്പെട്ടതും, ചാവേര്‍ ആക്രമണങ്ങളാല്‍ കലുഷിതമായതുമായ പാക് തെരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍ നയിക്കുന്ന തെഹ്രീക്ക്-ഇ-ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി കേവല ഭൂരിപക്ഷത്തിന് അടുത്തെത്തി. അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷറീഫിന്റെ പാക്കിസ്ഥാന്‍ മുസ്ലീം ലീഗിന്റെ (നവാസ്), ഭരണത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷ അസ്ഥാനത്തായി. കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയുടെ മകന്‍ ബിലാവല്‍ ഭുട്ടോ നയിക്കുന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) വളരെ പിന്നില്‍ മൂന്നാം സ്ഥാനത്താണ്. സ്വതന്ത്ര പാക്കിസ്ഥാന്റെ 71 വര്‍ഷത്തെ ചരിത്രത്തില്‍ പകുതിയിലേറെക്കാലം നേരിട്ടും, തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ നിലനിന്ന ബാക്കി കാലത്ത് പരോക്ഷമായും അധികാരം കയ്യാളിയ പാക് സൈന്യത്തെ സിവിലിയന്‍ ഭരണകുടത്തന്റെ കീഴില്‍ കൊണ്ടുവരാനുള്ള നവാസ് ഷെറീഫിന്റെ ശ്രമമാണ് യഥാര്‍ത്ഥത്തില്‍ പരാജയപ്പെട്ടത്. പാക്കിസ്ഥാന്റെ സൈനിക ബജറ്റ് എത്രയെന്ന് നിശ്ചയിക്കുന്നത് സൈന്യമാണ്. അതുവഴി രാജ്യത്തിന്റെ സമ്പദ്ഘടനയെ സൈന്യം ഒരു പരിധിവരെ നിയന്ത്രിക്കുന്നു.
രാജ്യത്തിന്റെ വിദേശനയം ഏതാണ്ട് പൂര്‍ണ്ണമായും സൈന്യത്തിന്റെ കുത്തകയാണ്. അതിനാല്‍ സൈന്യം വിചാരിച്ചാലല്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റുകള്‍ക്ക് ഇന്ത്യയുമായോ അഫ്ഗാനിസ്ഥാനുമായോ യുഎസുമായോ ഉള്ള ബന്ധങ്ങള്‍ മെച്ചമാക്കാന്‍ കഴിയില്ല. ആഭ്യന്തര നയത്തിലും നിയന്ത്രണം സൈന്യത്തിനുണ്ട്. ആരെയൊക്കെ വളര്‍ത്തണം ആരെയൊക്കെ നിയന്ത്രിക്കണം എന്ന് തീരുമാനിക്കുന്നത് സൈന്യമാണ്. ഭീകര സംഘടനയായി ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുള്ള ജമാ ഉത് ദവ പോലുള്ള സംഘടനകളെയും നേതാക്കളെയും നിയന്ത്രിക്കാന്‍ സിവിലിയന്‍ ഭരണകൂടത്തിന് കഴിയാതെ വരുന്നത് അതുകൊണ്ടാണ്. ശക്തരായ സൈന്യവുമായി ഏറ്റുമുട്ടിയതാണ് നവാസിന് വിനയായത്. സൈന്യത്തിന്റെ മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍ ഷെറീഫ് ശ്രമിച്ചിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. അതിനാല്‍ സൈന്യം അദ്ദേഹത്തിന് എതിരായി. തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പിടിഐക്ക് അനുകൂലമായി സൈനികനേതൃത്വം ചരടുകള്‍ വലിച്ചു. അതിലവര്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ പിടിഐയെ സഹായിച്ചു എന്ന ആരോപണം സൈന്യവും ഇമ്രാന്‍ ഖാനും ഒരുപോലെ നിഷേധിച്ചിരുന്നു. ഒരു സിവിലയന്‍ ഭരണകൂടത്തില്‍നിന്ന് മറ്റൊരു സിവിലിയന്‍ ഭരണകുടത്തിലേക്ക് അധികാരം കൈമാറുന്നത് പാക്കിസ്ഥാനില്‍ ഇത് രണ്ടാംതവണ മാത്രമാണ്. പക്ഷേ, തെരഞ്ഞെടുപ്പില്‍ സൈന്യത്തിന്റെ ഇടപടല്‍ സംബന്ധിച്ച ആരോണം വ്യാപകമായിരുന്നു. ജനാധിപത്യത്തിനുവേണ്ടിയുള്ള ജനഹിത പരിശോധനയാക്കി തെരഞ്ഞെടുപ്പിനെ ചിത്രീകരിക്കാന്‍ പിഎംഎല്‍-എന്‍ ഏറെ ശ്രദ്ധിച്ചിരുന്നു. സൈന്യത്തിന്റെ രാഷ്ട്രീയ ഇടപടലിനെ പരാമര്‍ശിച്ച് 'വോട്ടിന്റെ പവിത്രതക്കുവേണ്ടി' വോട്ടുചെയ്യണം എന്നാണ് പാര്‍ട്ടി ആഹ്വനം ചെയ്തിരുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഏതാണ്ട് പൂര്‍ണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. 371,000 സൈനികരെയരാണ് പോളിംഗ് ബൂത്തുകളില്‍ വിന്യസിപ്പിച്ചിരുന്നത്. 2013ലെ തെരഞ്ഞെടുപ്പില്‍ വിന്യസിച്ചതിന്റെ അഞ്ചിരട്ടിയാണിത്. സൈനികര്‍ ഉള്‍പ്പെടെ മൊത്തം എട്ടുലക്ഷം പോലീസ്, സുരക്ഷാ സൈനികരെ വിന്യസിപ്പിച്ചിരുന്നു.
അഴിമതി ആരോപണവും വിനയായി
അഴിമതി ആരോപണങ്ങളും പിഎംഎല്‍-എന്നിന് വിനയായി. അത് ഉന്നയിച്ചത് പ്രധാനമായും ഇമ്രാന്‍ ഖാനാണ്. അതില്‍ ജൂഡിഷ്യറിയും പ്രധാന പങ്കു വഹിച്ചു നവാസ് ഷെറീഫിന് പ്രധാനമന്ത്രി സ്ഥാനം മാത്രമല്ല, പാര്‍ട്ടിയുടെ അദ്ധ്യക്ഷസ്ഥാനം പോലും നിഷേധിച്ചത്, മകന്റെ ലണ്ടനിലുള്ള കമ്പനിയില്‍നിന്ന് ഷെറീഫിന്‍ കിട്ടാന്‍ അര്‍ഹതയുള്ള ശമ്പളം (അത് വാങ്ങിയിട്ടില്ല) നാമനിര്‍ദ്ദേശ പത്രികയില്‍ വരുമാനത്തിന്റെ കോളത്തില്‍ കാണിച്ചില്ലെന്ന നിസ്സാര കാര്യം പറഞ്ഞാണ്. അദ്ദേഹത്തെയും മകള്‍ മറിയത്തെയും 10 വര്‍ഷത്തേക്ക് ജയിലില്‍ അടച്ചതാകട്ടെ, 1990കളില്‍ ലണ്ടനിനല്‍ ലക്ഷ്വറി ഭവനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ്. പാക്കിസ്ഥാനില്‍നിന്നു കടത്തിയ കള്ളപ്പണമാണ് ഉപയോഗിച്ചതെന്ന് തെളിയിക്കാന്‍ പ്രോസക്യൂഷന് കഴിഞ്ഞില്ലെങ്കിലും നിരപരാധിത്വം തെളിയിക്കാന്‍ ഷെറീഫിനു കഴിഞ്ഞില്ലെന്ന കാരണത്താലാണ് ശിക്ഷ. ഷെറീഫിന്റെയും കുടുംബത്തിന്റെയും രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ ജുഡീഷ്യറിയും സൈന്യവും ഒത്തുകളിച്ചു എന്ന ആരോപണത്തിന്റെ നിദാനം ഇതാണ്. ഇതിന് ചുക്കാന്‍ പിടിച്ചത് ഇമ്രാന്‍ ഖാനായിരുന്നു. അദ്ദേഹത്തിന്റെ ഹര്‍ജിയിലാണ് വിധിയുണ്ടായത്.
ഇന്ത്യയും യുഎസുമായുള്ള ബന്ധം ഖാന്റെ തെരഞ്ഞെടുപ്പ് യുഎസുമായും ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ മോശമാക്കാനാണ് സാദ്ധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയോട് എന്നും ശത്രുതാ മനോഭാവം പുലര്‍ത്തിയിരുന്ന ഖാന്റെ തെരഞ്ഞെടുപ്പ് ഇന്ത്യയ്ക്കും നല്ലതതായിരിക്കില്ല. പാക് സൈന്യം ഇന്ത്യയുമായി സമാധാനം കാംക്ഷിക്കുന്നില്ലെന്നതാണ് മറ്റൊരു കാര്യം. പാക് സൈന്യത്തിന് രാജ്യത്തുള്ള സ്വാധീനത്തിനു കാരണം ഇന്ത്യയോടുള്ള നിതാന്ത ശത്രുതയാണ്. അതിനാല്‍ ഇന്ത്യയുമായി സമാധാനത്തിലായാല്‍ പാക് സൈന്യത്തിന്റെ നിലനില്‍പ്പിനും ഭരണത്തിലുള്ള കൈകടത്തലിനും ന്യായീകരണം ഇല്ലാതാകും. സൈന്യത്തെ ആശ്രയിക്കുന്ന ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി കസേരയില്‍ എത്തിയാല്‍ സൈന്യത്തിന്റെ ലൈന്‍ തന്നെയാകും അദ്ദേഹവും സ്വീകരിക്കുക എന്നാണ് വിലയിരുത്തല്‍. എന്നാല്‍, തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിച്ചതിനുശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ''ഇന്ത്യന്‍ നേതൃത്വത്തിന് താല്പര്യമുണ്ടെങ്കില്‍ ഇന്ത്യയുമായുളള ബന്ധം മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു'' എന്നു പറഞ്ഞു. ഏറ്റവും വലിയ പ്രശ്‌നം കാശ്മീരാണ്. അവിടെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി എല്ലാ അന്തര്‍ദ്ദേശിയ സംഘടനകളും പറയുന്നു. പാക്കിസ്ഥാനില്‍ എന്തു പ്രശ്‌നമുണ്ടായാലും അത് ഇന്ത്യ മൂലമാണെന്നും തിരിച്ചുമുള്ള കുറ്റാരോപണങ്ങള്‍ നമ്മെ എവിടെയും ഏത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ''അങ്ങനെ നമുക്കു വളരാനാവില്ല. അത് ഉപഭൂഖണ്ഡത്തിന് മൊത്തം ഹാനികരമാണ്. അവര്‍ (ഇന്ത്യ) ഒരു കാല്‍വയ്പു നടത്തിയാല്‍ നാം രണ്ടെണ്ണം നടത്തും. പക്ഷെ നമുക്ക് ഒരു തുടക്കം വേണം''. തെരഞ്ഞെടുപ്പുകാലത്ത് ബോളിവുഡ് വില്ലനെപ്പോലെ ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ തന്നെ ചിത്രീകരിച്ചതില്‍ താന്‍ നിരാശനാണെന്ന് അദ്ദേഹം പറഞ്ഞു. എന്റെ ക്രിക്കറ്റ് കാലഘട്ടം മൂലം ഇന്ത്യയിലെ ജനങ്ങളെ ഏറ്റവും കൂടുതല്‍ അടുത്തറിയുന്ന ആളാണ് ഞാന്‍. ദക്ഷിണേഷ്യയിലെ ദാരിദ്ര്യപ്രശ്‌നം നമുക്കു പരിഹകിക്കാനാകും.
മുന്‍ഗണ ചൈനാ ബന്ധത്തിന്
രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് വിദേശനയരംഗത്താണെന്ന് പറഞ്ഞ ഖാന്‍, ആദ്യമായി ചൈനയുമായുള്ള ബന്ധം ശക്തമാക്കുമെന്ന് പ്രസ്താവിച്ചു. അവര്‍ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയിലൂടെ രാജ്യത്ത് നിക്ഷേപങ്ങള്‍ നടത്തി. അത് എങ്ങനെ ആളുകളുടെ ജീവിതം മെച്ചമാക്കാമെന്ന് പഠിക്കേണ്ടതുണ്ട്. അടുത്തത് അഫ്ഗാനിസ്ഥാനാണ്. 'ഭീകരതയ്‌ക്കെതിരായ യുദ്ധം' മൂലം അവര്‍ക്ക് വളരെയേറെ സഹിക്കേണ്ടിവന്നിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ സമാധാനം എന്നാല്‍ പാക്കിസ്ഥാനില്‍ സമാധാനം എന്നാണ് അര്‍ത്ഥം. യൂറോപ്യന്‍ യൂണിയനിലേതുപോലെ, അഫ്ഗാനിസ്ഥാനുമായി തുറന്ന അതിരുകളാണ് തന്റെ സ്വപ്നമെന്ന് ഖാന്‍ പറഞ്ഞു. യുഎസുമായി പരസ്പരം ഗുണകരമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. ഏകപക്ഷീയമായതല്ല. ഇറാനുമായും ശക്തമായ ബന്ധം ആഗ്രഹിക്കുന്നു. എല്ലാക്കാലത്തും പാക്കിസ്ഥാനോടൊപ്പം നിന്ന സൗദി അറേബ്യമയുമായി അനുരഞ്ജനത്തില്‍ കഴിയാനും അവരുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാന്‍ സഹായിക്കാനുമാണ് ആഗ്രഹിക്കുന്നത്.
ഇസ്ലാമിക് വെല്‍ഫെയര്‍ സ്റ്റേറ്റ്
തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഇസ്ലാമിക് വെല്‍ഫെയര്‍ സ്റ്റേറ്റ് ആണ് ഖാന്‍ വാഗ്ദാനം ചെയ്തിരികുന്നത്. പക്ഷേ, പാക്കിസ്ഥാന്‍ ഇപ്പോള്‍ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലാണെന്നത് അദ്ദേഹത്തിന് വാഗ്ദാനം നിറവേറ്റാന്‍ തടസ്സമായേക്കും. ചൈനയുടെ ബല്‍റ്റ് ആന്റ് റോഡ് പദ്ധതിയനുസരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായി എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ രാജ്യം വിഷമിക്കുകയാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പ്രതിസന്ധി നേരിടാന്‍ രാജ്യം ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിനെ സമീപിച്ചിരിക്കുകയാണ്. 2013നു ശേഷം ഇത് രണ്ടാം തവണയാണ് ഐഎംഎഫിന്റെ സാമ്പത്തിക സഹായത്തിനായി പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. സഹായത്തിനായി ഇമ്രാന്‍ ഖാന്‍ ചൈനയെയും സമീപിച്ചുകൂടായ്കയില്ല. അമേരിക്കയെ തോല്പിക്കാന്‍ ചൈനയുമായി ചങ്ങാത്തം കൂടിയത് പാക്കിസ്ഥാന് കെണിയായി മാറുമെന്ന് വിശ്വസിക്കുന്ന വിദഗ്ദ്ധരുണ്ട്. ചൈനയുമായുള്ള ചങ്ങാത്തത്തെ പാക്കിസ്ഥാനിലെ മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഇമ്രാന്‍ ഖാന്റെ പിടിഐ പ്രത്യേകമായി അത് ഇഷ്ടപ്പെടുന്നു. തെരഞ്ഞെടുപ്പില്‍ ലീഡ് നേടിയതിനുശേഷം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം രാഷ്ട്രത്തെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചു. സാധാരണക്കാരുടെ താല്പര്യങ്ങല്‍ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. 22 വര്‍ഷമായി താന്‍ സ്വപ്നം കണ്ടിരുന്ന മാനിഫെസ്റ്റോ നടപ്പാക്കാന്‍ അവസരം നല്‍കിയതില്‍ അദ്ദേഹം വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. 31 പേരുടെ ജീവന്‍ അപഹരിച്ച ചാവേര്‍ ആക്രണത്തിനു ശേഷവും വോട്ടുചെയ്ത ബലൂചിസ്ഥാനിലെ ജനങ്ങള്‍ പ്രത്യേകം നന്ദി പറഞ്ഞു. പോളിംഗിന് സുരക്ഷിതത്വം ഉറപ്പുവരുത്തിയ സൈന്യത്തിനും നന്ദി അറിയിച്ചു. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റും നീതിയുക്തമായ തെരഞ്ഞെടുപ്പാണ് നടന്നതെന്ന് അവകാശപ്പെട്ട ഖാന്‍, പ്രതിപക്ഷം ഉന്നയിച്ച തെരഞ്ഞെടുപ്പ് അഴിമതികളെക്കുറിച്ച് അന്വേഷിക്കാന്‍ സഹകരണം വാഗ്ദാനം ചെയ്തു.
ഏറ്റവും വലിയ കക്ഷിയായി മാറിയെങ്കിലും പിടിഐക്ക് സ്വന്തമായ ഭൂരിപക്ഷത്തേടെ ഭരിക്കാനാകുമെന്ന പ്രതീക്ഷയില്ല. ഇതെഴുതുമ്പോഴും ഖാന്‍ ലഭിച്ചിട്ടുള്ളത് 120 സീറ്റുകളാണ്. കേവല ഭൂരിപക്ഷത്തിന് 137 സീറ്റുകള്‍ നേടണം. തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ട 272 സീറ്റുകളാണുള്ളത്. ബാക്കി നോമിനേഷനാണ്. ഷെറീഫിന്റെ പാര്‍ട്ടി 61 സീറ്റുകള്‍ നേടിയിട്ടുണ്ട്. പിപിപി 40 സീറ്റുകളും. എംഎംഎ, എംക്യൂഎം എന്നിവ ഏട്ടു സീറ്റുകള്‍ വീതവും നേടിയിട്ടുണ്ട്. 55 സീറ്റുകളിലെ ഫലം ഇനിയും അറിവായിട്ടില്ല.

Write A Comment

 
Reload Image
Add code here