ആള്‍ക്കൂട്ടകൊലയുടെ കാണാപ്പുറങ്ങള്‍

Thu,Jul 26,2018


ഭൂരിപക്ഷ മത മൗലികവാദം, ഭരിക്കുന്ന കക്ഷിയില്‍നിന്നും ഭരണസംവിധാനങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ അപകടമാണ് രാജസ്ഥാനിലെ അല്‍വറില്‍ കണ്ടതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അവിടെ രഖ്ബര്‍ എന്ന അക്ബര്‍ ഖാനെ ഗോരക്ഷകരുടെ ആക്രമണത്തില്‍നിന്നു 'രക്ഷിച്ച' പോലീസ്, അയാളെ പിന്നീട് മര്‍ദ്ദിച്ചുകൊന്നു എന്ന ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, ഒരു കാര്യം വ്യക്തമാണ്: ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് അവശനായ ഖാനെ നാലു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ എത്തിക്കുന്നതിലും പ്രധാനമായി പോലീസിനു തോന്നിയത് അയാളുടെ പക്കല്‍നിന്നും പിടിച്ചെടുത്ത രണ്ടു പശുക്കളെ 13 കിലോമീറ്റര്‍ അകലെയുള്ള ഗോശാലയില്‍ സുരക്ഷിതമായി എത്തിക്കുക എന്നതായിരുന്നു. രഖ്ബര്‍ പോലീസ് കസ്റ്റഡിയിലാണ് മരിച്ചതെന്ന് രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗൂലാബ് ചന്ദ് കട്ടാരിയ പറഞ്ഞു: ''ഞങ്ങള്‍ ശേഖരിച്ച തെളിവനുസരിച്ച് അത് ഒരു കസ്റ്റഡി മരണമായി തോന്നിക്കുന്നു. കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്. അന്വേഷണം ആരംഭിക്കാന്‍ ഞങ്ങള്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്''. കഴിഞ്ഞ വെള്ളിയാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കും ഇടയ്ക്കുള്ള രാത്രി രഖ്ബറും സ്‌നേഹിതന്‍ അസ്ലാമും രണ്ടു പശുക്കളുമായി വരുമ്പോള്‍ അല്‍വറിലെ ലാല്‍വണ്ടി ഗ്രാമത്തിലാണ് ഗോരക്ഷകര്‍ പിടികൂടിയത്. അസ്ലാം ഓടി രക്ഷപ്പെട്ടു. നീതി നിര്‍വ്വഹണത്തില്‍ കോടതികളോടൊപ്പം, ഒരുപക്ഷേ അതില്‍ കൂടുതല്‍, പങ്കാണ് പോലീസിനുള്ളത്. പോലീസ് കൃത്യമായി കേസ് അന്വേഷിക്കുകയും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുംവിധം കുറ്റപത്രം തയ്യാറാക്കുകയും തെളിവുകല്‍ നിരത്തുകയും സാക്ഷികളെ ഹാജരാക്കുകയും ചെയ്താല്‍ മാത്രമേ നീതിയുക്തനായ ജഡ്ജിക്കുപോലും പ്രതികളെ ശിക്ഷിക്കാനാവൂ. അല്ലെങ്കില്‍, പ്രതി കുറ്റക്കാരനാണെന്ന് വ്യക്തിപരമായി അറിയാമെങ്കില്‍പോലും, വെറുതേ വിടേണ്ടിവരും. അതിനാല്‍ പോലീസ് സംവിധാനത്തിന്റെ പേരായ്മകള്‍ - കഴിവുകേട്, പക്ഷപാതിത്വം, അഴിമതി തുടങ്ങിയവ - നീതിനിര്‍വ്വഹണത്തിന് തടസ്സമാണ്. അതുകൊണ്ടുതന്നെ പശുക്കളെ കശാപ്പുചെയ്യുന്നതിനായി കടത്തിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ആളുകളെ തല്ലിക്കൊല്ലുന്നതിനേക്കാള്‍ അപകടകരമായ അവസ്ഥയാണ്, മൗലികവാദം തലയ്ക്കുപിടിച്ച പോലീസ് അധികാരികള്‍ അതു ചെയ്യുന്നതെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. രാജസ്ഥാനിലെ അല്‍വറില്‍ രഖ്ബാര്‍ എന്ന അക്ബര്‍ ഖാനെ ഗോരക്ഷകരില്‍നിന്ന് രക്ഷിച്ച പോലീസ്തന്നെ അയാളെ മര്‍ദ്ദിച്ചുകൊന്നു എന്ന ആരോപണത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത് അതാണ്.
പുറത്തു പറഞ്ഞത് ഗോരക്ഷകന്‍
കസ്റ്റഡിയില്‍ എടുത്ത ഖാനെ വഴിയില്‍വച്ചും പോലീസ് സ്റ്റേഷനില്‍ വച്ചും മര്‍ദ്ദിച്ചു എന്ന കാര്യം പുറത്തുപറഞ്ഞത് ബന്ധുക്കളോ കൂട്ടാളികളോ അല്ല, ദൃക്‌സാക്ഷിയായ ഒരു ഗോരക്ഷകന്‍തന്നെയാണ്. മറ്റു ചില ദൃക്‌സാക്ഷികളും അതു ശരിവയ്ക്കുന്നുണ്ട്. മൂന്നു മണിക്കൂര്‍ കഴിഞ്ഞ് മരിച്ച ശേഷമാണ് ഖാനെ ആശുപത്രിയില്‍ എത്തിച്ചതെന്ന് രാംഗഡ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. രാജസ്ഥാന്‍ പോലീസ് അധികാരികളാകട്ടെ ഖാനെ ആശുപത്രിയില്‍ എത്തിക്കാന്‍ മൂന്നുമണിക്കൂര്‍ വൈകി എന്നതിന്റെ പേരില്‍ മാത്രമാണ് അല്‍വര്‍ പോലീസ് സ്റ്റേഷനിലെ ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറെയും മൂന്നു കൊണ്‍സ്റ്റബിള്‍ മാരെയും സസ്‌പെന്‍ഡ് ചെയ്തത്. കാരണം അത് അവര്‍ക്ക് നിഷേധിക്കാവുന്നതില്‍ അധികമായിരുന്നു. മര്‍ദ്ദിച്ചു എന്ന ആരോപണത്തെപ്പറ്റി അന്വേഷിക്കാം എന്ന നിലപാടിലാണ് പോലീസ്. ''പശുക്കടത്ത് സംബന്ധിച്ച് രാംഗാറിലെ വിശ്വഹിന്ദു പരിഷത്തിന്റെ ഗോരക്ഷക് സെല്ലിന്റെ തലവന്‍ നവല്‍ കിഷോര്‍ ശര്‍മ്മയില്‍നിന്ന് 12.41 ഒരു ഫോണ്‍ സന്ദേശം ലഭിച്ചു; അയാളോടൊപ്പം അവിടെ എത്തിയപ്പോള്‍ മര്‍ദ്ദനമേറ്റ് അവശനായി ചെളിയില്‍ കുളിച്ചുകിടക്കുന്ന രഖ്ബറിനെയാണ് കണ്ടത്. അയാളെ ചെറുതായി ചോദ്യംചെയ്തശേഷം ആശുപത്രിയിലെത്തിച്ചു'' എന്നുമാത്രമാണ് പോലീസ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ ശര്‍മ്മ പറയുന്നത് മറ്റൊരു കഥയാണ്: 'അര്‍ധരാത്രിയോടെ ചില യുവാക്കള്‍ എന്നെ വിളിച്ചു. എന്റെ ഫോണ്‍ സൈലന്റ് മോഡിലായിരുന്നു. അതിനാല്‍ അവര്‍ എന്റെ അനന്തരവനെ വിളിച്ചു. അയാള്‍ എന്നെ വിളിച്ചെഴുന്നേല്പിച്ച്, ഗ്രാമീണര്‍ ഒരു പശുകള്ളക്കടത്തുകാരനെ പിടിച്ചിട്ടുണ്ടെന്നും ഉടനെ പോലീസിനെ വിളിച്ചറിയിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു എന്നും പറഞ്ഞു. അതനുസരിച്ച് രാത്രി 12.41ന് ഞാന്‍ പോലീസിനെ വിളിച്ചു. പോലീസ് സ്‌റ്റേഷന്റെ അടുത്തുതന്നെയാണ് ഞാന്‍ താമസിക്കുന്നത്. അതിനാല്‍ അഞ്ചു മിനിട്ടിനുള്ളില്‍ത്തന്നെ ഞാന്‍ അവിടെയെത്തി. പോലീസ് ജീപ്പ് വരാന്‍വേണ്ടി ഞാന്‍ അവിടെ അഞ്ചുപത്ത് മിനിട്ട് നേരം കാത്തുനിന്നു. 1.15ന് അല്ലെങ്കില്‍ 1 20ന് ഞങ്ങള്‍ ലാലാവണ്ടി എന്ന സ്ഥലത്തെത്തിയപ്പോള്‍ രഖ്ബര്‍ ചെളിയില്‍ കുളിച്ച് കിടപ്പുണ്ടായിരുന്നു; അടുത്തുള്ള മരത്തില്‍ രണ്ടു പശുക്കളെ കെട്ടിയിരുന്നു. പൊലീസിനെ കണ്ടമാത്രയില്‍ ചില ഗ്രാമീണര്‍ ഓടിരക്ഷപ്പെട്ടു. മറ്റുള്ളവര്‍ അവിടെത്തന്നെ നിന്നു. അവരുടെ സഹായത്തോടെ പോലീസ് വയലില്‍ കിടന്നിരുന്ന രഖ്ബറെ ജിപ്പിനടുത്തേക്കു കൊണ്ടുവന്നു. അയാളെയുംകൊണ്ട് പോലീസ് 2.2 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്കാണ് പോയത്. അവിടെ എത്തിയ പോലീസ് പശുക്കളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാന്‍ ഒരു മുച്ചക്രവാഹനം സംഘടിപ്പിച്ചു.'' ശര്‍മയുടെ സഹോദരന്‍ ദേവ് കിരണ്‍ പറഞ്ഞതിങ്ങനെ: 'രാത്രിയില്‍ ബഹളം കേട്ടാണ് ഞാനുണര്‍ന്നത്. ചെളിയില്‍ കുളിച്ച നിലയില്‍ ഒരു മനുഷ്യനെ പോലീസ് കൊണ്ടുവന്നിരുന്നു. അയാളെ കഴുകാന്‍ ഞങ്ങളില്‍ ചിലര്‍ വെള്ളം കൊണ്ടുവന്നു.' കിരണിന്റെ ബന്ധുവായ മായ (61) പറഞ്ഞത് 'ഒരു പോലീസുകാരന്‍ അലറുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്; അയാള്‍ ഒരു മനുഷ്യനെ തൊഴിക്കുകയും ചീത്ത വിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.' കിരണിന്റെ ഭാര്യ ഗുഡി പറയുന്നതിങ്ങനെ: 'സമയം എത്രയായി എന്ന് എനിക്കു തിട്ടമില്ലായിരുന്നു. പക്ഷേ ആ മനുഷ്യന് ഞാന്‍ അല്പം വെള്ളം കൊടുത്തു'. പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത ധര്‍മേന്ദ്ര, രഖ്ബറിന്റെ ഏതാണ്ട് അതേ വലിപ്പമുള്ള ആളായതിനാല്‍ അയാളുടെ ഒരു ജോഡി വസ്ത്രങ്ങള്‍ കൊണ്ടുവരാന്‍ പോലീസ് ആവശ്യപ്പെട്ടു. രഖ്ബര്‍ ആകെ നനഞ്ഞ അവസ്ഥയിലായിരുന്നു
ശര്‍മ തുടര്‍ന്നു: 'പിന്നീട് ഞാന്‍ പോലീസ് ടീമിനോടൊപ്പം രാംഗഡ് പോലീസ് സ്‌റ്റേഷനിലേക്ക് പോയി. പശുക്കളെ കയറ്റിയ ത്രീവീലര്‍ അവിടെയാണ് എത്തേണ്ടിയിരുന്നത്. വഴിക്ക് ഗോവിന്ദഗാറില്‍ ഒരു ചായക്കടയുടെ മുന്‍പില്‍ ജീപ്പ് നിര്‍ത്തി ചായ കുടിച്ചു. ചായക്കടക്കാരന്‍ ലാല്‍ ചന്ദ് (47) ഇത് സ്ഥിരീകരിക്കുന്നു. 'ഒരു പോലീസ് ജീപ്പ് കടയ്ക്കു സമീപം നിര്‍ത്തി, ഡ്രൈവര്‍ നാലു കപ്പ് ചായ വാങ്ങി. മറ്റുള്ളവര്‍ ജീപ്പില്‍ നിന്ന് പുറത്തേക്ക് വന്നില്ല; ആരൊക്കെയാണ് അതില്‍ ഉള്ളതെന്ന് ഞാന്‍ കണ്ടില്ല. ചായ കുടിച്ച ശേഷം അവര്‍ പോയി.' ശര്‍മ്മ പറയുന്നത് രഖ്ബര്‍ ചായ കുടിച്ചില്ല എന്നാണ്. '1.45നോ രണ്ടുമണിക്കോ സംഘം പോലീസ് സ്‌റ്റേഷനിലെത്തി. വേഷം മാറ്റാന്‍ രഖ്ബരെ പോലീസ് സഹായിച്ചു. പിന്നീട് അയാളെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടു. പശുകടത്തിന്റെ കാര്യത്തില്‍ സംശയമുള്ള ചിലരെപ്പറ്റി ഞാന്‍ പോലീസിനോട് പറഞ്ഞു. ഒരു ഗോരക്ഷകന്‍ എന്ന നിലയില്‍ രാംഗഡ് എനിക്ക് നന്നായി അറിയാമായിരുന്നു.' 'മൂന്നു മണിയോടെ പശുക്കളെയുംകൊണ്ട് അല്‍വര്‍ റോഡിലുള്ള സുധാ സാഗര്‍ ഗോശാലയിലേക്ക് ഞാന്‍ പോയി. (എഫ്‌ഐആറില്‍ പറയുന്നത് രണ്ടു പോലീസുകാര്‍ പോയി എന്നാണ്.) ഗോശാല സൂക്ഷിപ്പുകാരന്‍ കപൂര്‍ ജയിന്‍ പറയുന്നത് 'പശുക്കളെ പറ്റിയുള്ള വിവരം സംബന്ധിച്ച് 3.12ന് സന്ദേശം ലഭിച്ചിരുന്നു. 3.26ന് ഒരു പോലീസ് ജീപ്പും, രണ്ട് പശുക്കളെയുംകൊണ്ട് ഒരു മുച്ചക്ര വാഹനവും, ചില യുവാക്കളും നവല്‍ ശര്‍മ്മയും എത്തി.' ശര്‍മ്മ തുടരുന്നത് ഇങ്ങനെ: 'പിന്നീട് നാലുമണിയോടുകൂടി ഞാന്‍ പോലീസ് സ്‌റ്റേഷനില്‍ തിരിച്ചെത്തി. ഗോശാലയിലേക്ക് പോകുമ്പോള്‍ രഖ്ബറിന് ജീവനുണ്ടായിരുന്നു. അയാള്‍ ശ്വസിക്കുന്നുണ്ടായിരുന്നു. പക്ഷേ തിരിച്ചെത്തിയപ്പോഴേക്കും തളര്‍ന്നുവീണിരുന്നു. അതിനു ശേഷമാണ് പോലീസ് അയാളെ മെഡിക്കല്‍ സെന്ററിര്‍ എത്തിച്ചത്.'
8049-ാം നമ്പറായി ആശുപത്രി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ളത് എങ്ങനെ: 'അജ്ഞാതനായ ഒരാളുടെ മൃതദേഹം നാലുമണിക്ക് എത്തിച്ചു.' മെഡിക്കല്‍ സെന്ററിന്റെ ചുമതലയുള്ള ഡോക്ടര്‍ ഹസന്‍ അലി ഖാന്‍ പറഞ്ഞു: 'പുലര്‍ച്ചെ നാലുമണിക്ക് സ്റ്റാഫ് എന്നെ വിളിച്ചു, മനുഷ്യനെ കൊണ്ടുവന്നിട്ടുണ്ട്, അയാള്‍ മരിച്ചതുപോലെ കാണപ്പെടുന്നു. ഞാന്‍ ഉടന്‍തന്നെ ക്വാട്ടേഴ്‌സില്‍നിനിന്ന് നടയിറങ്ങി സ്ഥലത്തെത്തി. ആ മനുഷ്യന്‍ അപ്പോള്‍ മരിച്ചിരുന്നു. നാലഞ്ചു പോലീസുകാരും രണ്ടു ചെറുപ്പക്കാരും അവിടെയുണ്ടായിരുന്നു.' 'ഞങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യണമോ എന്ന് ഞാന്‍ പൊലീസിനോടു ചോദിച്ചു. പോലീസ് പറഞ്ഞത് ഇതൊരു സെന്‍സിറ്റീവ് കേസ് ആണ്; പോസ്റ്റുമോര്‍ട്ടം അല്‍വാറില്‍ത്തന്നെ നടത്തണമെന്നാണ് രഖ്ബറിന്റെ വസ്ത്രങ്ങള്‍ പിന്‍ഭാഗത്തു ഒഴിച്ച് ബാക്കി ഉണങ്ങിയ അവസ്ഥയിലായിരുന്നു.' രഖ്ബറിന്റെ 'രണ്ടു വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു എന്നും ആന്തരിക രക്തസ്രാവം മൂലമാണ് മരിച്ചതെന്നും' പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ അറിയിച്ചതായി അഡീഷണല്‍ എസ്പി അനി ബെനിവാള്‍ പറഞ്ഞു പോലീസിന്റെ പങ്കിനെചോദ്യം ചെയ്ത രാംഗാര്‍ എംഎല്‍എ ഗ്യാന്‍ ദേവ് അഹുജ രഖ്ബറെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നതിനേക്കുറിച്ച് ജുഡീഷ്ല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
എന്തുകൊണ്ട് ഇങ്ങനെ?
രാജ്യത്തിന്റെ പലഭാഗങ്ങളിലും ആളുകളെ ജനക്കൂട്ടം തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ മന്ത്രിമാരും സെക്രട്ടറിമാരും ഉള്‍പ്പെട്ട ഒരു സമിതിയെ ഗവണ്മെന്റ് നിയോഗിച്ചപ്പോള്‍, പ്രശ്‌നപരിഹാരത്തിനുള്ള ഒറ്റമൂലിയുമായി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ രംഗത്തുവന്നു: 'പശുക്കളെ കൊല്ലുന്നത് അവസാനിപ്പിക്കുക. അപ്പോള്‍ ആള്‍ക്കൂട്ടക്കൊലപാതകങ്ങളും ഇല്ലാതാകും'. പശുക്കളെ കൊല്ലുന്നതുകൊണ്ടാണ് ആള്‍ക്കാരെ തല്ലിക്കൊല്ലുന്നതെന്ന് അദ്ദേഹം നേരിട്ട് പറഞ്ഞില്ല; അവ തമ്മിലുള്ള പരസ്പര ബന്ധമാണ് സൂചിപ്പിച്ചത്. ഗോസംരക്ഷണത്തിന്റെ പേരിലുള്ള ഹിന്ദുത്വ അക്രമങ്ങള്‍ ബിജെപി ഉള്‍പ്പെടുന്ന ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടനകളെല്ലാം ചേരുന്ന സംഘപരിവാര്‍ നേതാക്കള്‍ ആഘോഷമാക്കാറുണ്ട്. ഗോസംരക്ഷണത്തിന്റെ പേരില്‍ ആള്‍ക്കാരെ തല്ലിക്കൊന്ന കേസുകളിലെ പ്രതികളെ ആദരിക്കാന്‍ തയാറായ രണ്ടു മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍തന്നെയുണ്ട്. അതിലൊരാള്‍ ഒരു ആള്‍ക്കുട്ടകൊലകേസിലെ പ്രതികളിലൊരാളിന്റെ മൃതദേഹത്തില്‍ ദേശീയ പതാകപുതപ്പിച്ചു. മറ്റൊരാള്‍ മറ്റൊരു കേസിലെ പ്രതികളെ ഹാരമണിയിച്ചു സ്വീകരിച്ചു. രണ്ടുപേരും, പശുക്കളെ സംരക്ഷിക്കുക എന്നതാണ് പരമമായ ലക്ഷ്യമെന്ന് പറയുകയും അതിനു വേണ്ടി സഹപൗരന്മാരെ കൊല്ലുന്ന കുറ്റകൃത്യങ്ങളെ നിസ്സാരവല്‍ക്കരിക്കുകയും ചെയ്തു. പശു സംരക്ഷണത്തിന്റെ പേരില്‍ ജനക്കൂട്ടം ആള്‍ക്കാരെ തല്ലിക്കൊല്ലുന്നത് വാട്ടസ്ആപ് സന്ദേശങ്ങള്‍ കാരണമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രചാരണം തന്നെയാണ് അതിനുള്ള പ്രകോപനം. ഹിന്ദുക്കള്‍ 'ഇര'കളായി മാറുന്നു എന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരും അവയവ മോഷ്ടാക്കളും ചുറ്റിത്തിരിയുന്നുവെന്നുള്ള വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത് ആള്‍ക്കൂട്ടം നടത്തുന്ന കൊലപാതകങ്ങളിലേക്കു നയിക്കുന്നുണ്ട്. നിയമസംവിധാനത്തിലൊന്നും വലിയ വിശ്വാസമില്ലാത്ത ഗ്രാമീണജനത നിയമം സ്വന്തം കൈകളിലേക്കെടുക്കുന്നു. അതേ സമയം, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബിജെപി ഗവണ്മെന്റുകള്‍ അവരോധിക്കപ്പെട്ടതിനുശേഷമാണ് തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ പതിവായി മാറിയിട്ടുള്ളതെന്നത് നിഷേധിക്കാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വന്തം രാജ്യത്ത് ഭൂരിപക്ഷമതം ഇരകളായി മാറുന്നു എന്ന ബിജെപിയുടെ രാഷ്ട്രീയ പ്രചാരണത്തിന്റെ ഫലമായി ഇത്തരം സംഭവങ്ങള്‍ പതിവായി മാറുകയാണ് ചെയ്യുന്നത്. ഭൂരിപക്ഷ മതത്തിന്റെ പ്രതീകമാണ് പശു. ആളുകളെ ജനക്കൂട്ടം തല്ലിക്കൊല്ലുന്നത് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കില്ലെന്നു ഗവണ്മെന്റിനു അകത്തും പുറത്തുമുള്ള സംഘ പരിവാര്‍ നേതാക്കള്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചാല്‍ അത് അവസാനിച്ചുകൊള്ളും എന്ന് പറയുന്ന വിദഗ്ദ്ധരുണ്ട്. എന്തു ചെയ്താലും തങ്ങളെ സംരക്ഷിക്കാന്‍ ആളുണ്ട് എന്ന തോന്നലാണ് ഇത്തരം പ്രവൃത്തികളിലേക്കു നയിക്കുന്നത്. വിശാല വീക്ഷണമുള്ളതും മതപരമായ കാര്‍ക്കശ്യങ്ങളൊന്നും ഇല്ലാത്തതും എല്ലാ രൂപങ്ങളിലുമുള്ള ആത്മീയതയെ ഉള്‍ക്കൊള്ളുന്നതുമായ ഹിന്ദുമതത്തെ സങ്കുചിതമായ ഒന്നാക്കുകയും, ഹൈന്ദവേതരരായ വിഭാഗങ്ങളെ ശത്രുക്കളെപ്പോലെ കാണണമെന്നും അവര്‍ക്കെതിരെ സംഘടിക്കുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയത്തെ എതിര്‍ക്കുന്നതുകൊണ്ടുമാത്രം കാര്യമില്ല.
ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ നിഷേധാത്മകമായ അജണ്ട പിന്തുടരുന്നവര്‍ എന്ന പേര് സമ്പാദിക്കാന്‍ ഇടയാക്കുംവിധമുള്ള കെണിയില്‍ എളുപ്പത്തില്‍ അകപ്പെട്ടുപോകും. എല്ലാവര്‍ക്കും അഭിവൃദ്ധി എന്ന വാഗ്ദാനത്തിന്റെ പാക്കേജുമായാണ് ഹിന്ദുത്വ രാഷ്ട്രീയം രംഗപ്രവേശം ചെയ്യുന്നത്. സമൂഹത്തിന്റെ പുരോഗതിയുടെ എതിരാളികള്‍ എന്ന തരത്തില്‍ ചിത്രീകരിക്കപ്പെടുന്നത് ഉള്‍ക്കൊള്ളാന്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ എതിരാളികള്‍ക്കാവില്ല. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ളവരെയും ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ അണിനിരത്താന്‍ കഴിയണം. ഹിന്ദുത്വ രാഷ്ട്രീയം പ്രത്യേകിച്ച് ലക്ഷ്യമിടുന്ന ന്യുനപക്ഷക്കാര്‍, ദളിതര്‍, ഗോത്രവര്‍ഗക്കാര്‍ തുടങ്ങിയവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുകയും അവ പ്രത്യേകമായി പരിഹരിക്കുകയും ചെയ്യണം. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ കൂട്ടായ മുന്നേറ്റത്തിന് വിഘാതമാകുന്ന വിധമാകരുത്. കൂട്ടായ മുന്നേറ്റത്തില്‍ വിഭാഗീയ താല്‍പ്പര്യങ്ങളുടെ സംഘര്‍ഷങ്ങള്‍ അനുഭവപ്പെടുന്നത് മുതലാക്കുക ഹിന്ദുത്വ ശക്തികള്‍തന്നെയായിരിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Write A Comment

 
Reload Image
Add code here