'ഡേറ്റ്‌ലൈനില്‍' പ്രവീണ്‍ നിറഞ്ഞു നിന്നപ്പോള്‍..

Thu,Jul 26,2018


അമേരിക്കയിലെ പ്രമുഖ ടെലിവിഷന്‍ ചാനലുകളിലൊന്നായ എന്‍.ബി.സി യുടെ ഏറെ പ്രശസ്തമായ 'ഡേറ്റ്‌ലൈന്‍' പ്രോഗ്രാമില്‍, ജൂലൈ 27 തിങ്കളാഴ്ച പ്രവീണ്‍ വര്‍ഗീസിനെപ്പറ്റിയുള്ള ഓര്‍മകള്‍ പെയ്തിറങ്ങുകയായിരുന്നു. മൂന്നു പതിറ്റാണ്ടോളമായി എല്ലാ തിങ്കളാഴ്ചയും രാത്രി ഒമ്പതു മണിക്ക് സംപ്രേഷണം ചെയ്യുന്ന ഈ പ്രോഗ്രാമില്‍ ഇതാദ്യമായാണ് ഒരു മലയാളിയെപ്പറ്റി വാര്‍ത്താ വിശകലനം വരുന്നത്. ഒരു മണിക്കൂര്‍ സമയം പ്രവീണ്‍ വര്‍ഗീസ് കേസിന്റെ അണിയറക്കഥയ്ക്കു വേണ്ടി ഒരു പ്രമുഖ ചാനല്‍ മാറ്റിവച്ചു എന്നത് ഏറെ ശ്രദ്ധ നേടുന്നു. ' എ ഗുഡ് സണ്‍' എന്നു പേരിട്ടിരുന്ന ഈ പ്രോഗ്രാമില്‍, കേസിന്റെ തുടക്കം മുതല്‍ പ്രതി ഗേജ് ബഥൂണിനെ കുറ്റക്കാരനായി ജൂറി വിധിക്കുന്നതു വരെയുള്ള സംഭവങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള അവതരണമാണ് നടന്നത്. 2014 ജൂണിലാണ് 'ഡേറ്റ്‌ലൈനി' ല്‍ നിന്ന് പ്രവീണിന്റെ അമ്മ ലവ്‌ലി വര്‍ഗീസിന് ആദ്യ കോള്‍ ലഭിക്കുന്നത്. കേസ് അന്നു മുതല്‍ അവരുടെ ശ്രദ്ധയില്‍ ഉണ്ടായിരുന്നുവെങ്കിലും അറസ്റ്റ് നടക്കാത്ത സാഹചര്യത്തില്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ അവര്‍ മടിച്ചു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കേസില്‍ അറസ്റ്റ് നടന്നതോടെ റിപ്പോര്‍ട്ട് തയാറാക്കുന്ന നടപടികള്‍ തുടങ്ങുകയായിരുന്നു.
ഏറെ പ്രമാദമായ കേസുകള്‍, പ്രചോദനാത്മകമായ വാര്‍ത്തകള്‍ എന്നിവയ്ക്കാണ് 'ഡേറ്റ്‌ലൈന്‍' പ്രധാനമായും പ്രാമുഖ്യം നല്‍കുന്നത്. ഒരു സംഭവത്തിന്റെ എല്ലാ വശങ്ങളും ഉള്‍പ്പെടുത്തി അതിസൂക്ഷ്മതയോടെയും, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലും റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു എന്നതാണ് ഈ പ്രോഗ്രാമിന്റെ സവിശേഷത.
കാര്‍ബണ്‍ഡെയ്‌ലില്‍ വിചാരണ നടന്ന സ്ഥലത്തു മാത്രമല്ല, പ്രവീണുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൊക്കെ കാമറ കണ്ണുകള്‍ എത്തിയിരുന്നു. പ്രവീണ്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ്, ദുരൂഹ സാഹചര്യത്തില്‍ കാണാതാതയ ദിവസം പാര്‍ട്ടിക്കു പോയ സ്ഥലം, പ്രതി ഗേജ് ബഥൂണ്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത സ്ഥലം, മൃതദേഹം കണ്ടെത്തിയ വനമേഖല, ഷിക്കാഗോയിലുള്ള പ്രവീണിന്റെ വീട്, പ്രവീണിന്റെ മുറി, പ്രവീണിനെ അടക്കം ചെയ്ത സ്ഥലം തുടങ്ങി പ്രവീണിന്റെ ഓര്‍മകള്‍ ഉണര്‍ത്തിയുള്ള സഞ്ചാരമായിരുന്നു അത്.
രണ്ടു വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന രണ്ട് അമ്മമാര്‍ ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പ്രത്യേകത റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിരുന്നു. ലവ്‌ലി വര്‍ഗീസും, റേഡിയോ ഹോസ്റ്റ് മോനിക്ക സൂക്കസും തമ്മിലുണ്ടായ വലിയ മനപ്പൊരുത്തം കേസിന്റെ ഗതിയെ വലിയ തോതില്‍ സ്വാധീനിക്കുന്നതായി. പ്രവീണിന്റെ കൊലപാതകം നടന്ന കാര്‍ബണ്‍ഡെയില്‍ മേഖല ലവ്‌ലിയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപരിചിതമായിരുന്നു. ഇന്ത്യന്‍ സമൂഹത്തെപ്പറ്റി മോനിക്കയ്ക്കും ഒരറിവുമുണ്ടായിരുന്നില്ല. പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് രണ്ട് അമ്മമാരും കേസില്‍ നീതി നടപ്പാക്കി കിട്ടുന്നതിനു വേണ്ടി പരസ്പരം താങ്ങും തണലുമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞു. ലവ്‌ലി, മോനിക്ക എന്നിവര്‍ക്കു പുറമേ പ്രവീണിന്റെ സഹോദരി പ്രിയ, കസിന്‍ ആഷ്‌ലി, രണ്ടാമത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ.മര്‍ഗോളിസ്, ഗേജിന്റെ അറ്റോര്‍ണി, കാര്‍ബണ്‍ഡെയില്‍ പോലീസ് ചീഫ് സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട ഓഫീസര്‍ തുടങ്ങി നിരവധി പേരെ റിപ്പോര്‍ട്ടില്‍ ഇന്റര്‍വ്യു ചെയ്തിരുന്നു. നീതി തേടി ഒരു കുടുംബം നടത്തിയ പോരാട്ടത്തിന് കമ്യൂണിറ്റി നല്‍കിയ അകമഴിഞ്ഞ പിന്തുണ റിപ്പോര്‍ട്ടില്‍ എടുത്തു പറയുകയുണ്ടായി. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ഡെന്നിസ് മര്‍ഫിയാണ് പ്രോഗ്രാം റിപ്പോര്‍ട്ട് ചെയ്തത്. കാര്‍ബണ്‍ഡെയ്‌ലില്‍ പ്രവീണിന്റെ കുടുംബത്തോടൊപ്പ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയ അവസരത്തില്‍ ഡെന്നിസ് മര്‍ഫിയെ തിരിച്ചറിഞ്ഞ് അവിടെയുണ്ടായിരുന്ന പലരും ഫോട്ടോയെടുക്കാന്‍ എത്തിയ കാര്യം ലവ്‌ലി അനുസ്മരിച്ചു. എല്ലാവര്‍ക്കും വേണ്ടി നിന്നു കൊടുക്കാന്‍ അദ്ദേഹം മടി കാട്ടിയില്ലെന്നു മാത്രമല്ല, പ്രവീണിന്റെ കുടുംബത്തോടൊപ്പം ഏറെ സമയം ചെലവഴിക്കാനും അദ്ദേഹം തയാറായി. സാധാരണ ഒരു പ്രോഗ്രാം ചെയ്യാന്‍ പോയാല്‍ റിപ്പോര്‍ട്ടിംഗ് കഴിഞ്ഞാല്‍ ഉടന്‍ മടങ്ങുകയാണ് ഡെന്നിസ് മര്‍ഫിയുടെ പതിവെന്നും, പ്രവീണ്‍ കേസ് അദ്ദേഹത്തെയും ഏറെ സ്വാധീനിച്ചുവെന്നു കരുതുന്നുവെന്നും പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായ ഇംഗ്ലീഷ് വംശജ ലിസ് ബ്രൗണ്‍ സംഭാഷണ മധ്യേ ലവ്‌ലിയോട് പറഞ്ഞിരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ലെസ്റ്റര്‍ ഹോള്‍ട്ടാണ് 'ഡേറ്റ്‌ലൈന്‍' പ്രോഗ്രാമിന്റെ അവതാരകനായി എത്തിയത്. ഞായറാഴ്ച മുതല്‍ ഈ പ്രോഗ്രാമിനെപ്പറ്റിയുള്ള ക്ലിപ്പിംഗ് ചാനലില്‍ കൊടുത്തിരുന്നു. പ്രോഗ്രാമിനു ലഭിച്ച വലിയ സ്വീകാര്യതയെ തുടര്‍ന്ന് ലിസ് ബ്രൗണ്‍ ഉള്‍പ്പെടെ പ്രോഗ്രാമുമായി ബന്ധപ്പെട്ടവരൊക്കെ ലവ്‌ലിക്ക് നന്ദി സൂചകമായി സന്ദേശമയച്ചിരുന്നു.
പ്രോഗ്രാം വന്നതോടെ ലവ്‌ലിയുടെ ഫോണിനും, ഫേസ്ബുക്ക് അക്കൗണ്ടിനും വിശ്രമമില്ലാത്ത അവസ്ഥയാണ്. തദ്ദേശിയരും, ഇന്ത്യക്കാരും, മലയാളികളുമൊക്കെ പ്രോഗ്രാം അവരുടെ മനസുകളെ സ്വാധീനിക്കുന്നതായി എന്ന് പ്രതികരിച്ചു കൊണ്ടിരിക്കുകയാണ്. ഫിലഡല്‍ഫിയയില്‍ നിന്നുള്ള വെള്ളക്കാരിയായ ഒരു വനിത കുറിച്ചത് , അവരുടെ 19 വയസകാരനായ മകന്‍ 12 വര്‍ഷം മുമ്പ് കൊല്ലപ്പെട്ടുവെന്നും ഇതുവരെ പ്രതിയെപ്പറ്റി പോലീസിന് സൂചന നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ്. പോലീസും പ്രോസിക്യൂഷനും ചേര്‍ന്ന് കേസ് തട്ടിക്കളിക്കുകയാണെന്നും ഈ പ്രതിസന്ധ എങ്ങിനെ മറികടക്കുമെന്നുമാണ് അവര്‍ ചോദിക്കുന്നതെന്ന് ലവ്‌ലി പറഞ്ഞു. പോലീസിന്റെ അനാസ്ഥ പറയുന്ന നിരവധി കൊലപാതക കേസുകളെപ്പറ്റി പലരും പരാമര്‍ശിച്ചിട്ടുണ്ടെന്നും, സമാനമായ സാഹചര്യമാണ് പ്രവീണിന്റെ കാര്യത്തില്‍ മറികടക്കാന്‍ ദൈവസഹായത്താല്‍ മോനിക്കയുടെ ഇടപെടല്‍ വഴി കഴിഞ്ഞതെന്നും ലവ്‌ലി അനുസ്മരിച്ചു. അമേരിക്കയിലെ പ്രശസ്തമായ ഒരു നാഷണല്‍ ന്യൂസ് പേപ്പര്‍ അടുത്തു തന്നെ പ്രവീണ്‍ കേസിന്റെ അണിയറക്കഥ പ്രസിദ്ധീകരിക്കുന്നതാണ്. കാര്‍ബണ്‍ഡെയിലിലെ സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റി വിദ്യാര്‍തിയായിരുന്ന പ്രവീണ്‍ വര്‍ഗീസ് 2014 ഫെബ്രുവരിയിലാണ് കൊല്ലപ്പെട്ടത്. താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന് അടുത്തുള്ള ഒരു വീട്ടില്‍ പാര്‍ട്ടിക്കു പോയി മടങ്ങും വഴി പ്രവീണിനെ പ്രതി ഗേജ് ബഥൂണ്‍ അപായപ്പെടുത്തുകയായിരുന്നുവെന്ന പ്രോസിക്യൂഷന്റെ കണ്ടെത്തല്‍ ജൂറി ശരിവിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 15 ന് ബഥൂണിന്റെ ശിക്ഷ പ്രഖ്യാപിക്കും. പ്രതിക്ക് 20 മുതല്‍ 60 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.

Other News

 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
 • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
 • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
 • Write A Comment

   
  Reload Image
  Add code here