ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു കടിഞ്ഞാണോ?

Thu,Jul 26,2018


എസ്. ഹരീഷ് എന്ന യുവ നോവലിസ്റ്റ് മാതൃഭൂമി വാരികയില്‍ എഴുതിത്തുടങ്ങിയ 'മീശ' എന്ന നോവല്‍ മൂന്നാം അദ്ധ്യായത്തോടെതന്നെ തീവ്ര ഹിന്ദുത്വ വാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രസിദ്ധീകരണം നിറുത്തിവയ്‌ക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചാണ് സാംസ്‌കാരിക കേരളം ഇപ്പോള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നത്. 'അര നൂറ്റാണ്ട് പിന്നിലുള്ള സാമൂഹിക പശ്ചാത്തലത്തില്‍ ദളിത് ജീവിതവും രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ചചെയ്യുന്നത്' എന്നാണ് നോവലിനെക്കുറിച്ച് എഴുത്തുകാരന്‍ അവകാശപ്പെട്ടത്. മൂന്നാം അധ്യായത്തില്‍ നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ ക്ഷേത്ര ദര്‍ശനം നടത്തുന്ന സ്ത്രീകളെക്കുറിച്ച് പറയുന്ന ചില വാക്കുകളാണ് പ്രതിഷേധത്തിനും പ്രകോപനത്തിനും കാരണം. അതിങ്ങനെ: ''പെണ്‍കുട്ടികള്‍ എന്തിനാണിങ്ങനെ കുളിച്ച് സുന്ദരികളായി അമ്പലത്തില്‍ പോകുന്നത്?'' ആറുമാസം മുന്‍പുവരെ കൂടെ നടക്കാന്‍ ഉണ്ടായിരുന്ന സുഹൃത്ത് ഒരിക്കല്‍ ചോദിച്ചു. ''പ്രാര്‍ത്ഥിക്കാന്‍,'' ഞാന്‍ പറഞ്ഞു. ''അല്ല, നീ ഒന്നുകൂടി സൂക്ഷിച്ചു നോക്ക്. ഏറ്റവും നല്ല വസ്ത്രങ്ങള്‍ ഏറ്റവും ഭംഗിയായണിഞ്ഞ് ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്? തങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറാണെന്ന് അബോധപൂര്‍വമായി പ്രഖ്യാപിക്കുകയാണവര്‍''. ഞാന്‍ ചിരിച്ചു. ''അല്ലെങ്കില്‍ അവരെന്താണ് മാസത്തില്‍ നാലോ അഞ്ചോ ദിവസം അമ്പലത്തില്‍ വരാത്തത്? തങ്ങള്‍ അതിന് തയ്യാറല്ലെന്ന് അറിയിക്കുകയാണ്. പ്രത്യേകിച്ചും അമ്പലത്തിലെ തിരുമേനിമാരെ, അവരായിരുന്നല്ലൊ പണ്ട് ഈ കാര്യത്തിന്റെ ആശാന്മാര്‍'...' ഇതിന്റെ പേരില്‍ നേരിട്ടും സൈബര്‍ ഇടങ്ങളിലൂടെയും എഴുത്തുകാരനെ ആക്രമിക്കാനും അദ്ദേഹത്തിന്റെ സ്വകാര്യജീവിതവും കുടുംബജീവിതവുംവരെ താറുമാറാക്കാനും കഴിയുന്ന തരത്തിലുള്ള ഭീഷണിയും അപവാദ പ്രചരണങ്ങളുമാണ് നടന്നത്. നോവല്‍ പ്രസിദ്ധീകരിച്ച വാരികയും ഒട്ടേറെ ഭീഷണികള്‍ നേരിടേണ്ടിവന്നതോടെ നോവല്‍ പിന്‍വലിക്കുന്നതായി വാരികയും എസ് ഹരീഷും പ്രഖ്യാപിക്കുകയായിരുന്നു. കേരളീയ സമൂഹം തന്റെ സ്വതന്ത്രമായ വായനയ്ക്കുള്ള മാനസികാവസ്ഥ കൈവരിക്കുന്നതുവരെ 'മീശ' പ്രസിദ്ധീകരിക്കുന്നതല്ല എന്നും ഇതേക്കുറിച്ച് ഹരീഷ് പറഞ്ഞു.
കഴിഞ്ഞ നാലഞ്ചു വര്‍ഷത്തിനിടയില്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെയും കലാസാംസ്‌ക്കാരിക രംഗം നേരിടുന്ന ഭീഷണാവസ്ഥയുടേയും പ്രതിഫലനമാണ് സാക്ഷര പുരോഗമന സമൂഹം എന്നറിയപ്പെട്ടിരുന്ന കേരളത്തിലും ഇതാദ്യമായി കണ്ടുതുടങ്ങിയത്. തൊട്ടയല്‍പ്പക്കമായ തമിഴ്‌നാട്ടില്‍ 'മാതൊരു ഭഗന്‍' എന്ന കൃതി എഴുതിയതിന്റെ പേരില്‍ പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ എഴുത്തു നിര്‍ത്താന്‍ നിര്‍ബന്ധിതനായ സംഭവം രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്തതാണ്. മുരുകന്റെ കൈ വെട്ടിക്കളയുമെന്നും കുടുംബത്തെ കൊലപ്പെടുത്തുമെന്നുമുള്ള ഭീഷണികളാണ് ഹിന്ദുത്വ വാദികള്‍ ഉയര്‍ത്തിയത്. നോവല്‍ പിന്‍വലിക്കുക മാത്രമല്ല മേലില്‍ ഇത്തരം കൃതികള്‍ എഴുതുകയില്ല എന്ന് മാപ്പെഴുതി കൊടുത്തതിനുശേഷമാണ് പെരുമാള്‍ മുരുകനുനേര്‍ക്ക് ഉയര്‍ന്ന ഭീഷണിയുടെ വാളുകള്‍ ഉറയില്‍ വീണത്. മതതീവ്രതയ്ക്ക് എതിരെ അക്ഷരങ്ങള്‍ കൊണ്ടും പ്രസംഗങ്ങള്‍ കൊണ്ടും പോരാടിയ ഗൗരി ലങ്കേഷ് എന്ന മുതുര്‍ന്ന മാധ്യമ പ്രവര്‍ത്തക ബംഗളുരുവിലെ വീട്ടുമുറ്റത്ത് വെടിയേറ്റുമരിച്ചിട്ട് അധിക നാളായില്ല. ഈ കൊലക്കേസില്‍ പോലീസ് കണ്ടെത്തിയ ഘാതകരും തീവ്ര ഹിന്ദുത്വവാദികളായിരുന്നു എന്നത് യാദൃച്ഛികവുമല്ല. ഇതേ തോക്കില്‍നിന്ന് ഉതിര്‍ന്ന വെടിയുണ്ടകള്‍തന്നെയാണ് കര്‍ണാടകയിലെ എഴുത്തുകാരനും ചിന്തകനുമായ കല്‍ബുറുഗിയുടേയും ജീവനെടുത്തത്.
മഹാരാഷ്ട്ര സ്വദേശിയായ രാഷ്ട്രീയ പ്രവര്‍ത്തകനും ഗ്രന്ഥകാരനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന നേതാവും ബുദ്ധിജീവിയുമായിരുന്ന ഗോവിന്ദ് പന്‍സാരെയുടെയും ജീവന്‍ കവര്‍ന്നതെന്നും വ്യക്തമാണ്. ഇപ്രകാരം രാജ്യവ്യാപകമായി എഴുത്തുകാര്‍ക്കും സാസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കും, സിനിമാ പ്രവര്‍ത്തകര്‍ക്കും നേരെ തോക്കുകളും വാളുകളും വാക്കുകളും ഉയര്‍ന്നുവരുകയാണ്. ഭീഷണമായ ഈ സാഹചര്യം കേരളത്തിലേക്കും പടര്‍ന്നു എന്നുതന്നെയാണ് 'മീശ' എന്ന നോവലിന്റെ പേരില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുകൂടിയായ എഴുത്തുകാരന്‍ എസ്. ഹരീഷിനു നേരെയുണ്ടായ ആക്രമണവും ഭീഷണികളും വ്യക്തമാക്കുന്നത്. പല ഭാഗത്തുനിന്നും പിന്തുണ അതേ സമയംതന്നെ ഹിന്ദുത്വവാദികളുടെ ഭീഷണി നേരിടുന്ന എഴുത്തുകാര്‍ക്ക് സംസ്ഥാനത്തിന്റെ നാനാ തുറകളില്‍നിന്നും വലിയ പിന്തുണയും ഐക്യദാര്‍ഢ്യവും ലഭിക്കുന്നു എന്നത് പ്രതീക്ഷയുളവാക്കുന്നു. രാഷ്ടീയ സാമൂഹിക രംഗങ്ങളിലുള്ള എല്ലാ വിഭാഗം ആളുകളും ഭീഷണിക്കെതിരെ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്. എഴുത്തുകാരന്‍ ഭീഷണിയുടെ മുന്നില്‍ അസ്വസ്ഥനാകേണ്ടതില്ലെന്നും എഴുത്തിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമല്ല, എഴുത്തിനൊപ്പമാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി തോമസ് ഐസക് തുടങ്ങിയവരും ഹരീഷിനു പിന്തുണ പ്രഖ്യാപിച്ചു. സൃഷ്ടികളുടെ പേരില്‍ എതിര്‍പ്പു പ്രകടിപ്പിക്കുമ്പോളും എഴുത്തുകാര്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും തങ്ങളുടെ രചനകള്‍ ആവിഷ്‌ക്കരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടരുതെന്ന് മുന്‍ സാംസ്‌ക്കാരിക മന്ത്രിയും സിപിഎം നേതാവുമായ എം.എ ബേബി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്റ് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേദിയിലാണ് സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പര്‍കൂടിയായ എംഎ ബേബി ഇത് പറഞ്ഞത്. പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ ആനന്ദ് പട്‌വര്‍ധന്‍, ചലച്ചിത്രകാരിയായ കവിത ലങ്കേഷ്, സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍, അക്കാദമി വൈസ് ചെയര്‍പേഴ്‌സന്‍ ബീന പോള്‍, ചലച്ചിത്ര സംവിധായകരായ ഡോ. ബിജു, സിബി മലയില്‍, അഭിനേത്രി സജിത മഠത്തില്‍, കവി അന്‍വര്‍ അലി എന്നിവരും വേദിയില്‍ ഉണ്ടായിരുന്നു. മഹാത്മജിയെ വെടിവച്ചുകൊന്ന ആ തോക്ക് ഇപ്പോളും ഘാതകരുടെ കൈകളില്‍ ഉണ്ട്. ഫാസിസ്റ്റായ മുസോളിനിയുടെ നാട്ടില്‍ നിന്നാണ് ആ തോക്ക് ഭാരതത്തിലെത്തിയതെന്നും എംഎ ബേബി പറയുകയുണ്ടായി. എഴുപതുകളില്‍ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം നേടിയ എം.ടി വാസുദേവന്‍ നായരുടെ നിര്‍മ്മാല്യം എന്ന സിനിമയില്‍ പ്രധാന കഥാപാത്രമായ വെളിച്ചപ്പാട് ദേവിയുടെ വിഗ്രഹത്തില്‍ കാറി തുപ്പുന്ന രംഗമുണ്ട്. ഇന്നായിരുന്നു എം.ടി അത്തരമൊരു രചനയും സിനിമയും നിര്‍വ്വഹിച്ചതെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നും ബേബി ചോദിച്ചു. അതേസമയം ഹൈന്ദവര്‍ക്കും അവരുടെ ദൈവങ്ങള്‍ക്കും നേരെ മാത്രമാണ് എഴുത്തുകാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും ആവിഷ്‌ക്കാര സ്വാതന്ത്ര്യം പ്രയോഗിക്കുന്നത് എന്ന രോഷമാണ് മറ്റൊരു ഭാഗത്തുനിന്ന് ഉയരുന്നത്. 'പര്‍ദ്ദ' എന്ന നാലഞ്ചുവരി കവിത എഴുതിയതിന്റെ പേരില്‍ ഭീഷണി നേരിട്ട പവിത്രന്‍ തിക്കുനിക്ക് തന്റെ കവിത പിന്‍വലിക്കേണ്ടി വന്നപ്പോളും, മുഹമ്മദ് എന്ന പേര് ഒരു പരീക്ഷാചോദ്യവുമായി ബന്ധപ്പെടുത്തിയതിന് ജോസഫ് എന്ന കോളജ് അധ്യാപകന്റെ കൈകള്‍ വെട്ടിമാറ്റിയപ്പോളും ആവിഷ്‌ക്കാര സ്വാതന്ത്ര്യ വാദികള്‍ മൗനം പാലിച്ചതെന്തേ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഒരു വിപത്തിന്റെ തുടക്കം
ചര്‍ച്ചകള്‍ ഇങ്ങനെ കാടുകയറുന്നതിനിടയില്‍, പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രകടമായ സ്ത്രീവിരുദ്ധ കഥാപാത്രങ്ങളുടെപേരില്‍ അതെല്ലാം രചിച്ച വ്യാസനേയും വാത്മീകിയേയും വിചാരണയ്ക്കു വിധേയമാക്കുമോ എന്ന മറു ചോദ്യവും ചിലര്‍ ഉയരുന്നുണ്ട്. പ്രാചീന കേരളത്തിലടക്കം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ദേവദാസീ സമ്പ്രദായം, കൊടുങ്ങല്ലൂരും ചേര്‍ത്തലയിലും ഉള്ള ദേവീ ക്ഷേത്രങ്ങളില്‍ തെറിവാക്കുകള്‍ ഉപയോഗിച്ച് നടത്തുന്ന ഭരണിപ്പാട്ടുകള്‍, കൊണാര്‍ക്കിലും ഖജുരാഹോയിലും അടക്കം നിരവധി ക്ഷേത്രങ്ങളില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സുരത ശില്‍പ്പങ്ങള്‍ എന്നിവയ്‌ക്കെതിരെ ആരും ഒന്നു മിണ്ടാത്തതെന്നതാണെന്നും ഇതുപോലയുള്ള പ്രയോഗമല്ലേ കഥയില്‍ ഹരീഷിന്റെ കഥാപാത്രം നടത്തുന്നതെന്നും ചോദിക്കുന്നവരുണ്ട്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഇതിനു മുമ്പും ചര്‍ച്ചയായിട്ടുണ്ടെങ്കിലും ആവിഷ്‌ക്കാരം സ്വാതന്ത്ര്യം ഏകപക്ഷീയമാണോ അതോ അതിരുകടക്കുന്നുണ്ടോ എന്ന ചോദ്യം കേരളത്തില്‍ പുതുമയാണ്. ഇതൊരു മാറ്റവുമാണ്. പക്ഷെ യഥാര്‍ത്ഥ വായനക്കാരാണോ കലാ ആസ്വാദകരാണോ ഈ ചോദ്യം ഉന്നയിക്കുന്നത് എന്നത് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. വായനക്കാരും സാംസ്‌ക്കാരിക ചിന്തകരുമാണ് ചോദ്യം ഉന്നയിക്കുന്നതെങ്കില്‍ അത് പുരോഗമനത്തിന്റെ മറ്റൊരു വാതില്‍ തുറക്കുന്നതിന്റെ നാന്ദിയാണ്. അതല്ല മതമൗലികവാദികളാണ് ഈ ഇടപെടല്‍ നടത്തുന്നതെങ്കില്‍ വരാനിരിക്കുന്ന വലിയ വിപത്തിന്റെ തുടക്കവുമാകും അത്.

Other News

 • മള്ളര്‍ റിപ്പോര്‍ട്ട് ; പ്രസിഡന്റും കോണ്‍ഗ്രസും ഏറ്റുമുട്ടലിലേക്ക്
 • ലോക് സഭാ തെരഞ്ഞെടുപ്പ് ; ഫലം നിര്‍ണ്ണയിക്കുക ന്യൂനപക്ഷ വോട്ടുകള്‍
 • ശ്രീലങ്കയ്ക്ക് പുതിയ ഭീഷണിയായി ഭീകരാക്രമണം
 • ചൈന കനിഞ്ഞാല്‍ അസര്‍ കരിമ്പട്ടികയില്‍
 • ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നത് റെക്കോഡ് വേഗതയില്‍
 • പത്തനംതിട്ട ഇന്ത്യയിലെ മികച്ച മണ്ഡലം
 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • Write A Comment

   
  Reload Image
  Add code here